പഞ്ചാബിലെ തന്റെ ഗ്രാമത്തിലെ ആ ട്രാവൽ ഏജന്റിനെ സിംഗ് ഇപ്പോഴും പേടിസ്വപ്നം കാണാറുണ്ട്.
ഏജന്റിന് നൽകാൻവേണ്ടി, സിംഗ് (യഥാർത്ഥ നാമമല്ല) തന്റെ കുടുംബത്തിന്റെ ഒന്നരയേക്കർ കൃഷിസ്ഥലം വിറ്റു. അതിനുപകരമായി, സെർബിയ വഴി സുരക്ഷിതമായി പോർച്ചുഗലിലെത്താനുള്ള ‘നിയമാനുസൃത രേഖകൾ‘ നൽകാമെന്ന് ജതീന്ദർ എന്ന ഏജന്റ് വാക്കും കൊടുത്തു.
എന്നാൽ, ജതീന്ദർ തന്നെ സൂത്രത്തിൽ കുടുക്കി, അന്തരാഷ്ട്ര അതിർത്തികളിലൂടെ കടത്തുകയായിരുന്നുവെന്ന് വലിയ താമസമില്ലാതെ സിംഗിന് മനസ്സിലായി. തന്റെ അവസ്ഥയെക്കുറിച്ച് ഗ്രാമത്തിലെ കുടുംബത്തിനെ അറിയിക്കാൻ സിംഗിന് താത്പര്യമുണ്ടായിരുന്നില്ല.
കൊടും വനങ്ങൾ കടന്ന്, അഴുക്കുചാലുകളിലൂടെ നടന്ന്, പർവ്വതങ്ങൾ കയറിയിറങ്ങി യൂറോപ്പിലൂടെയുള്ള തന്റെ യാത്രയിൽ അയാൾക്കും മറ്റുള്ളവർക്കും, അഴുക്കുജലം കുടിച്ചും, ബ്രെഡ് മാത്രം കഴിച്ചും ജീവൻ നിലനിർത്തേണ്ടിവന്നു. ബ്രെഡ് എന്ന ഭക്ഷണത്തിനോടുപോലും അയാൾക്ക് വെറുപ്പായി.
“എന്റെ അച്ഛൻ ഒരു ഹൃദ്രോഗിയായിരുന്നു. അദ്ദേഹത്തിന് ഈ സമ്മർദ്ദമൊന്നും താങ്ങാനാവില്ല. എല്ലാം വിറ്റ് തുലച്ചതിനാൽ, എനിക്ക് വീട്ടിലേക്ക് തിരിച്ചുപോകാനും കഴിയുമായിരുന്നില്ല”, എന്ന് പറയുന്നു 25 വയസ്സുള്ള സിംഗ്. മറ്റ് അഞ്ചുപേരോടൊപ്പം പങ്കിടുന്ന പോർച്ചുഗലിലെ ഒരു ഇരുമുറിവീട്ടിലിരുന്നുകൊണ്ട് പഞ്ചാബിയിൽ സംസാരിക്കുകയായിരുന്നു സിംഗ്.
ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ പ്രിയപ്പെട്ട ലക്ഷ്യകേന്ദ്രമായി പോർച്ചുഗൽ മാറിയിട്ട് കുറച്ച് വർഷങ്ങളായി.

സെർബിയവഴി പോർച്ചുഗലിലേക്ക് സുരക്ഷിതമായി എത്താനുള്ള ‘നിയമാനുസൃത രേഖകൾ’ക്കായി, സിംഗ് തന്റെ കുടുംബത്തിന് സ്വന്തമായുണ്ടായിരുന്ന ഒന്നരയേക്കർ കൃഷിസ്ഥലം വിറ്റു
ഇന്ത്യൻ സൈന്യത്തിൽ ചേരാനായിരുന്നു സിംഗിന്റെ ആഗ്രഹമെങ്കിലും, വിജയത്തിലെത്താത്ത ചില പരിശ്രമങ്ങൾക്കുശേഷം, രാജ്യം വിട്ട്, പോർച്ചുഗലിൽ പോയി ജീവിതം കരുപ്പിടിപ്പിക്കാൻ സിംഗ് ആഗ്രഹിച്ചു. അവിടുത്തെ കുടിയേറ്റ നിയമങ്ങൾ പൊതുവെ എളുപ്പവുമായിരുന്നു. തന്റെ ഗ്രാമത്തിൽനിന്ന് ചില ആളുകൾ യൂറോപ്പിലെ ആ രാജ്യത്ത് പോയി ജീവിതവിജയം കൈവരിച്ച കഥകൾ അയാൾ കേട്ടിരുന്നു. അപ്പോഴാണ് അതേ ഗ്രാമത്തിലെ ജതീന്ദർ എന്ന ഏജന്റിനെക്കുറിച്ച് ആരോ പറഞ്ഞ് സിംഗ് അറിഞ്ഞത്. സഹായിക്കാമെന്ന് ജതീന്ദർ വാക്ക് കൊടുക്കുകയും ചെയ്തു.
“ജതീന്ദർ എന്നോട് പറഞ്ഞു, ‘12 ലക്ഷം രൂപ (13,000 യൂറോ) തന്നാൽ ഞാൻ നിങ്ങളെ നിയമാനുസൃതമായി പോർച്ചുഗലിലെത്തിക്കാം’ പൈസ കൊടുക്കാമെന്ന് ഞാൻ സമ്മതിച്ചു.
എല്ലാം നിയമാനുസൃതമായിരിക്കണമെന്ന് ഞാൻ നിർബന്ധം വെക്കുകയും ചെയ്തു,” സിംഗ് പറയുന്നു.
എന്നാൽ പൈസ കൊടുക്കുന്ന സമയത്ത്, ‘ബാങ്ക് വഴിയല്ലാതെ’ മറ്റൊരു രീതിയിലൂടെ പൈസ തരാൻ ഏജന്റ് ആവശ്യപെട്ടു. സിംഗ് അതിന് വിസമ്മതിച്ചപ്പോൾ, ജതീന്ദർ കൂട്ടാക്കിയില്ല. പോകണമെന്നുണ്ടെങ്കിൽ പൈസ ആ രീതിയിൽ തരണമെന്ന് നിർബന്ധം പിടിച്ചു. നിവൃത്തിയില്ലാതെ സിംഗ്, ആദ്യഗഡുവെന്ന നിലയ്ക്ക് 4 ലക്ഷം രൂപ (4,383 യൂറോ) പഞ്ചാബിലെ ജലന്ധറിലുള്ള ഒരു പെട്രോൾ സ്റ്റേഷനിൽവെച്ച് കൈമാറി. പിന്നീട് ഒരു കടയിൽവെച്ച് വീണ്ടും 1 ലക്ഷം രൂപയും (1,095 യൂറോ) ഏജന്റിന് കൊടുത്തു.
2021 ഒക്ടോബറിൽ സിംഗ് ദില്ലിയിലേക്ക് യാത്രയായി. ആദ്യം ബെൽഗ്രേഡിലേക്കും പിന്നീട് പോർച്ചുഗലിലേക്കും പോകാനായിരുന്നു പരിപാടി. സിംഗിന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു. എന്നാൽ കോവിഡ് 19-ന്റെ നിയന്ത്രണങ്ങൾമൂലം, ഇന്ത്യയിൽനിന്ന് സെർബിയയിലേക്കുള്ള ഫ്ലൈറ്റുകൾ നിരോധിച്ചതുമൂലം, വിമാനത്തിൽ അയാളെ കയറ്റാൻ എയർലൈൻ വിസമ്മതിച്ചു. ദുബായിൽ പോയി അവിടെനിന്ന് ബെൽഗ്രേഡിലേക്ക് പോകാൻ വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തു.
“ബെൽഗ്രേഡിൽ ഞങ്ങളെ സ്വീകരിച്ച ഏജന്റ് ഞങ്ങളുടെ പാസ്പോർട്ടുകൾ പിടിച്ചുവെച്ചു. സെർബിയൻ പൊലീസുകാർക്ക് ഇന്ത്യക്കാരെ സംശയമാണെന്നൊക്കെയാണ് അതിനുള്ള കാരണമായി അയാൾ പറഞ്ഞത്. ഞങ്ങൾ ഭയന്നുപോയി,” സിംഗ് പറയുന്നു. അയാൾ പാസ്പോർട്ട് അവരുടെ കൈയ്യിലേൽപ്പിച്ചു.
അനധികൃതമായ യാത്രയെ സൂചിപ്പിക്കാൻ ‘ ദോ നമ്പർ ’ എന്ന വാക്കാണ് സിഗ് ഇടയ്ക്കിടയ്ക്ക് ഉപയോഗിച്ചിരുന്നത്. സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽനിന്ന് ഗ്രീസിലെ തിവയിലേക്കുള്ള തന്റെ യാത്രയെ ആ വാക്കുകൊണ്ടാണ് സിംഗ് വിശേഷിപ്പിച്ചത്. ഗ്രീസിൽനിന്ന് പോർച്ചുഗലിലെത്തിക്കാമെന്ന്, യാത്രയിൽ ഇവരെ അനുഗമിച്ചിരുന്ന ഡോങ്കറു കൾ (മനുഷ്യക്കടത്തുകാർ) സിംഗിനും കൂട്ടർക്കും വാക്ക് കൊടുത്തു.
എന്നാൽ തിവയിലെത്തിയപ്പോൾ, ഏജന്റ് വാക്ക് മാറ്റി. വാഗ്ദാനം ചെയ്തപോലെ ഗ്രീസിൽനിന്ന് പോർച്ചുഗലിലേക്ക് കടക്കാൻ പറ്റില്ലെന്ന് അയാൾ പറഞ്ഞു.
“ജതീന്ദർ എന്നോട് പറഞ്ഞത്, ‘നിങ്ങളിൽനിന്ന് ഞാൻ ഏഴ് ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ട്. എന്റെ ജോലി തീർന്നു. ഗ്രീസിൽനിന്ന് നിങ്ങളെ പുറത്ത് കടത്താൻ എനിക്കാവില്ല,’ എന്നായിരുന്നു”, സിംഗ് ഓർമ്മിക്കുന്നു. ദേഷ്യവും സങ്കടവും സഹിക്കാതെ താൻ കരയാൻ തുടങ്ങിയെന്ന് സിംഗ് പറയുന്നു.

സുരക്ഷിതമായി കൊണ്ടുപോകാമെന്ന് ചെറുപ്പക്കാർക്കും ചെറുപ്പക്കാരികൾക്കും വാക്ക് കൊടുക്കുന്ന ഏജന്റുമാർ അവരെ ഡോങ്കർമാരെ (മനുഷ്യക്കടത്തുകാർ) ഏൽപ്പിക്കുകയാണ് ചെയ്യുന്നത്
ഗ്രീസിലെത്തി രണ്ടുമാസം കഴിഞ്ഞ്, 2022 മാർച്ചിൽ, സെർബിയൻ മനുഷ്യക്കടത്തുകാരനിൽനിന്ന് തന്റെ പാസ്പോർട്ട് തിരിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. ഉള്ളിപ്പാടത്ത് പണിയെടുക്കുന്ന സഹപ്രവർത്തകർ സിംഗിനെ ഉപദേശിച്ചത്, കഴിയുന്നതും വേഗം രാജ്യം വിടാനാണ്. അവിടെ യാതൊരു ഭാവിയുമില്ലെന്നും പിടിക്കപ്പെട്ടാൽ നാടുകടത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി.
അതിനാൽ, ഒരിക്കൽക്കൂടി മനുഷ്യക്കടത്തിന് വിധേയമാകാൻ, പഞ്ചാബിൽനിന്നുള്ള ആ ചെറുപ്പക്കാരൻ സ്വയം അനുവദിച്ചു. “ഗ്രീസിൽനിന്ന് പോകാൻ ഞാൻ മാനസികമായി തയ്യാറെടുത്തു. ഒരിക്കൽക്കൂടി, ഒരാപദ്ഘട്ടം തരണം ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നി.”
800 യൂറോ കൊടുത്ത്, ഗ്രീസിൽനിന്ന് സെർബിയയിലെത്തിക്കാൻ കഴിയുന്ന ഒരു പുതിയ ഏജന്റിനെ അയാൾ അന്വേഷിക്കാൻ തുടങ്ങി. മൂന്ന് മാസം ഉള്ളിപ്പാടത്ത് ജോലി ചെയ്ത് സമ്പാദിച്ച പൈസയാണ് ആകെ കൈയ്യിലുണ്ടായിരുന്നത്.
എന്നാൽ ഇത്തവണ, യാത്ര പുറപ്പെടുന്നതിന് മുമ്പ്, സ്വന്തം നിലയ്ക്ക് ഒരന്വേഷണം നടത്തി അയാൾ യാത്ര ചെയ്യാനുള്ള വഴി തിരഞ്ഞെടുത്തു. ഗ്രീസിൽനിന്ന് വീണ്ടും സെർബിയയിലെത്തി, അവിടെനിന്ന് ഹംഗറി വഴി ഓസ്ട്രിയയിലേക്കും അവിടെനിന്ന് പോർച്ചുഗലിലേക്കും പോകാമെന്നാണ് അയാൾ നിശ്ചയിച്ചത്. അത് ദുർഘടം പിടിച്ച യാത്രയാണെന്ന് അയാൾ കേട്ട് മനസ്സിലാക്കിയിരുന്നു. കാരണം, ഗ്രീസിൽനിന്ന് സെർബിയയിലേക്ക് പോകുമ്പോൾ “എന്തെങ്കിലും കാരണവശാൽ പിടിക്കപ്പെട്ടാൽ, അടിവസ്ത്രം മാത്രം ഇടീച്ച്, തുർക്കിയിലേക്ക് നടുകടത്തും’ എന്ന് അയാൾ പറഞ്ഞു.
*****
ആറ് പകലും രാത്രിയും നടന്ന്, 2022 ജൂണിൽ സിംഗ് സെർബിയയിൽ തിരിച്ചെത്തി. ബെൽഗ്രേഡിൽ അയാൾ ചില അഭയാർത്ഥി ക്യാമ്പുകൾ കണ്ടെത്തി. സെർബിയ-റൊമാനിയ അതിർത്തിയിലെ കികിൻഡ ക്യാമ്പും, സെർബിയ-ഹംഗറി അതിർത്തിയിലെ സുബോട്ടിക ക്യാമ്പും. ലാഭകരമായ മനുഷ്യക്കടത്ത് ജോലികൾ നടത്തുന്ന മനുഷ്യക്കടത്തുകാരുടെ കേന്ദ്രങ്ങളായിരുന്നു ഇവ രണ്ടും.
“അവിടെ (കികിൻഡ ക്യാമ്പിൽ) രണ്ടിലൊരാൾ മനുഷ്യക്കടത്തുകാരനാണ്. അവർ നിങ്ങളോട് പറയും, ‘ഞാൻ നിങ്ങളെ ഇന്ന സ്ഥലത്തെത്തിക്കാം. ഇത്ര ചിലവ് വരും,’” സിംഗ് കൂട്ടിച്ചേർത്തു. ഓസ്ട്രിയയിലെത്താൻ ഒരു കടത്തുകാരനെ സിംഗ് കണ്ടെത്തുകയും ചെയ്തു.
കികിൻഡ ക്യാമ്പിലെ (ഇന്ത്യൻ വംശജനായ) മനുഷ്യക്കടത്തുകാരൻ, സിംഗിനോട്, ജലന്ധറിൽ, ‘ഗ്യാരണ്ടി സൂക്ഷിക്കാൻ’ ആവശ്യപ്പെട്ടു. കുടിയേറ്റക്കാരനും, അയാളെ കടത്തുന്ന ആൾക്കും വേണ്ടി ഒരു മധ്യസ്ഥൻ പണം സൂക്ഷിക്കുന്നതിനെയാണ് ‘ഗ്യാരണ്ടി’ എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. കുടിയേറ്റക്കാരൻ അയാൾ ആഗ്രഹിക്കുന്ന സ്ഥലത്തെത്തിയാൽ, വിട്ടുകൊടുക്കാനുള്ളതാണ് ‘ഗ്യാരണ്ടി’യായി സൂക്ഷിക്കുന്ന ഈ പണം.

അനധികൃതമായ കുടിയേറ്റത്തിലെ അപകടങ്ങളെക്കുറിച്ച് പഞ്ചാബിലെ യുവജനങ്ങൾ അറിയാൻവേണ്ടി, തന്റെ കഥ പങ്കുവെക്കാൻ സിംഗ് തയ്യാറാണ്
3 ലക്ഷം രൂപയുടെ (3,302 യൂറോ) ഒരു ഗ്യാരണ്ടി ഒരു കുടുംബാംഗം മുഖേന ശരിയാക്കി, സിംഗ്, മനുഷ്യക്കടത്തുകാരന്റെ നിർദ്ദേശമനുസരിച്ച് ഹംഗറിയുടെ അതിർത്തിയിലേക്ക് തിരിച്ചു. അഫ്ഘാനിസ്ഥാനിൽനിന്നുള്ള ചില ഡോങ്കറുകൾ അയാളെ അവിടെ സ്വീകരിച്ചു. അർദ്ധരാത്രി അവർ 12 അടി ഉയരമുള്ള രണ്ട് കമ്പിവേലികൾ മറികടന്നു. സിംഗിന്റെ കൂടെ അതിർത്തി കടന്ന ഒരു ഡോങ്കർ അയാളെ ഒരു കാട്ടിലൂടെ നാലുമണിക്കൂർ നടത്തിച്ചു. അതിനുശേഷം അവരെ അതിർത്തി പൊലീസ് തടവിലാക്കി.
“അവർ (ഹംഗറി പൊലീസ്) ഞങ്ങളെ മുട്ടുകുത്തിച്ച് നിർത്തി, ഞങ്ങളുടെ പൌരത്വത്തെക്കുറിച്ച് അന്വേഷിച്ചു. ഡോങ്കറെ അവർ അടിച്ച് അവശനാക്കി. അതിനുശേഷം ഞങ്ങൾ കുടിയേറ്റക്കാരെ അവർ തിരിച്ച് സൈബീരയിലേക്ക് പറഞ്ഞുവിട്ടു,” സിംഗ് ഓർക്കുന്നു.
മനുഷ്യക്കടത്തുകാർ സുബോട്ടിക്ക ക്യാമ്പിനെക്കുറിച്ച് സിംഗിനോട് സൂചിപ്പിച്ചു. അവിടെ പുതിയൊരു ഡോങ്കർ കാത്തുനിൽക്കുന്നുണ്ടെന്നും. പിറ്റേ ദിവസം ഉച്ചയ്ക്ക് 2 മണിയോടെ അയാൾ തിരിച്ച് ഹംഗറി അതിർത്തിയിലെത്തി. അവിടെ അതിർത്തി കടക്കാൻ 22 ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, സിംഗടക്കം ഏഴുപേർക്ക് മാത്രമേ അതിർത്തി കടക്കാൻ കഴിഞ്ഞുള്ളു.
ഡോങ്കറിന്റെ കൂടെ, കാട്ടിലൂടെ മൂന്ന് മണിക്കൂർ നടത്തം ആരംഭിച്ചു ആ സംഘം. “5 മണിയോടെ, ഒരു വലിയ കുഴിയുടെ സമീപം ഞങ്ങളെത്തി. അതിനകത്ത് കിടന്ന്, ദേഹത്തൊക്കെ ഉണങ്ങിയ കരിയിലകൾ ഇടാൻ ഡോങ്കർ ആജ്ഞാപിച്ചു.” ഏതാനും മണിക്കൂറുകൾ അങ്ങിനെ കഴിഞ്ഞതിനുശേഷം, അവർ വീണ്ടും നടത്തം തുടങ്ങി. ഒടുവിൽ, ഒരു വാൻ വന്ന് അവരെ കൊണ്ടുപോയി, ഓസ്ട്രിയൻ അതിർത്തിക്കടുത്ത് ഇറക്കിവിട്ടു. “”ആ കാണുന്ന കാറ്റാടികളുടെ നേർക്ക് നടന്നോളൂ, നിങ്ങൾ ഓസ്ട്രിയയ്ക്കകത്ത് എത്തും” എന്ന് അവർ അറിയിച്ചു.
എവിടെയാണ് എത്തിപ്പെട്ടതെന്ന് അറിയാതെ, ഭക്ഷണവും വെള്ളവുമില്ലാതെ, സിംഗും കൂട്ടരും രാത്രി മുഴുവൻ നടന്നു. പിറ്റേന്ന് രാവിലെ അവർ ഓസ്ട്രിയൻ സൈനിക പോസ്റ്റ് കണ്ടു. ഓസ്ട്രിയൻ സൈന്യത്തെ കണ്ടതോടെ, അയാൾ കീഴടങ്ങാനായി അവർക്കുനേരെ ഓടിച്ചെന്നു. കാരണം, “ആ രാജ്യം അഭയാർത്ഥികളെ സ്വീകരിക്കാറുണ്ട്, ഡോങ്കറുകൾ അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു,” അയാൾ പറയുന്നു.
“അവർ ഞങ്ങളെ കോവിഡ്-19-നുള്ള പരിശോധനകൾ നടത്തി, ഓസ്ട്രിയൻ അഭയാർത്ഥി ക്യാമ്പിലെത്തിച്ചു. അവിടെ അവർ ഞങ്ങളുടെ പ്രസ്താവനകൾ എഴുതിവാങ്ങി, വിരലടയാളം രേഖപ്പെടുത്തി. അതിനുശേഷം, ഞങ്ങൾക്ക് ആറുമാസത്തെ കാലാവധിയുള്ള റെഫ്യൂജി കാർഡുകൾ തന്നു.” സിംഗ് പറയുന്നു.
ആറ് മാസത്തോളം ആ പഞ്ചാബി കുടിയേറ്റക്കാരൻ ന്യൂസ്പേപ്പർ വിതരണജോലി ചെയ്ത്, എങ്ങിനെയൊക്കെയോ 1,000 യൂറോ സമ്പാദിച്ചു. കാലാവധി കഴിഞ്ഞതോടെ, ഒഴിഞ്ഞുപോകാൻ ക്യാമ്പ് ഓഫീസർ ആവശ്യപ്പെട്ടു.

പോർച്ചുഗലിലെത്തിയതോടെ, സിംഗ് പഞ്ചാബിലുള്ള തന്റെ അമ്മയെ വിളിക്കാനും അവരുടെ സന്ദേശങ്ങൾക്ക് മറുപടി അയയ്ക്കാനും തുടങ്ങി
പിന്നെ ഞാൻ സ്പെയിനിലെ വാലൻഷ്യയിലേക്ക് നേരിട്ടുള്ള വിമാനം ബുക്ക് ചെയ്തു (ഷെൻഗൻ മേഖലകളിലേക്കുള്ള വിമാനങ്ങളിൽ അധികം പരിശോധനകളില്ലാത്തതിനാൽ. അവിടെനിന്ന് ബാഴ്സിലോണയ്ക്ക് തീവണ്ടിയിൽ പോയി, ഒരു രാത്രി ഒരു സുഹൃത്തിന്റെ വീട്ടിൽ ചിലവഴിച്ചു. എന്റെ കൈയ്യിൽ പാസ്പോർട്ടോ മറ്റ് രേഖകളോ ഇല്ലാത്തതിനാൽ, എന്റെ സുഹൃത്ത് പോർച്ചുഗലിലേക്ക് ഒരു ബസ് ടിക്കറ്റ് ശരിയാക്കിത്തന്നു. ഇത്തവണ, സിംഗ് തന്റെ പാസ്പോർട്ട് ഗ്രീസിലുള്ള ഒരു സുഹൃത്തിനെ ഏൽപ്പിച്ചിട്ടായിരുന്നു വന്നത്. കാരണം, അല്ലെങ്കിൽ പിടിക്കപ്പെട്ടാൽ, ഇന്ത്യയിലേക്ക് കയറ്റിവിടുമായിരുന്നു അവർ.
*****
ഒടുവിൽ,, 2023 ഫെബ്രുവരി 15-ന് സിംഗ് ഒരു ബസ്സിൽ പോർച്ചുഗലിലെത്തി. തന്റെ സ്വപ്നലക്ഷ്യത്തിലേക്ക്. അവിടെയെത്താൻ അയാൾക്ക് 500 ദിവസം വേണ്ടിവന്നു.
പല കുടിയേറ്റക്കാർക്കും “ആവശ്യമായ താമസരേഖകളില്ല, ഔദ്യോഗിക കണക്കുകളൊന്നും ലഭ്യമല്ല” എന്ന് പോർച്ചുഗലിലെ ഇന്ത്യൻ എംബസി തുറന്ന് സമ്മതിക്കുന്നു. പോർച്ചുഗലിലെ കുടിയേറ്റ നിയമങ്ങളിൽ ഇളവ് വരുത്തിയതിനാൽ, കഴിഞ്ഞ ചില വർഷങ്ങളായി, ഇന്ത്യക്കാരുടെ എണ്ണം (പ്രത്യേകിച്ചും, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ളവർ) ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും അവർ സമ്മതിക്കുന്നു.
“ഇവിടെ നിങ്ങൾക്ക് നിങ്ങളുടെ രേഖകൾ കിട്ടും. ഒരാൾക്ക് സ്ഥിരതാമസക്കാരനാവാനും സാധിക്കും. പിന്നീട്, അയാൾക്ക് കുടുംബത്തേയോ ഭാര്യയേയോ പോർച്ചുഗലിലേക്ക് കൊണ്ടുവരാനും സാധിക്കും,” സിംഗ് പറയുന്നു.
2022-ൽ 35,000-ത്തിലധികം ഇന്ത്യക്കാർക്ക് പോർച്ചുഗലിൽ സ്ഥിരമായ പദവി അനുവദിച്ചു എന്ന് ഫോറിനേഴ്സ് ആൻഡ് ബോർഡേഴ്സ് സർവീസിന്റെ (എസ്.ഇ.എഫ്) രേഖകൾ കാണിക്കുന്നു. അതേവർഷം ഏകദേശം 229 ഇന്ത്യക്കാർ അഭയം തേടുകയും ചെയ്തിരുന്നു.
സ്വന്തം രാജ്യത്ത് ഭാവിയൊന്നും കാണാത്തതിനാലാണ് സിംഗിനെപ്പോലെയുള്ള ചെറുപ്പക്കാർ വശം കെട്ട് കുടിയേറ്റത്തിന് തയ്യാറാവുന്നത്. അന്താരാഷ്ട്ര തൊഴിൽ സംഘടന (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ) പുറത്തിറക്കിയ ഇന്ത്യാ എംപ്ലോയ്മെന്റ് റിപ്പോർട്ട് പറയുന്നത്, “ന്യായമായ വളർച്ചയുണ്ടായിട്ടും, അതിനോടനുബന്ധിച്ച ഉത്പാദനപരമായ തൊഴിലവസരങ്ങൾ ഉണ്ടായിട്ടില്ല” എന്നാണ്.
ഭക്ഷണവും വെള്ളവുമില്ലാതെ, രാത്രി മുഴുവൻ സിംഗ് നടന്നു. പിറ്റേന്ന് രാവിലെ അയാൾ ഒരു ഓസ്ട്രിയൻ സൈനിക പോസ്റ്റ് കാണുകയും, 'ആ രാജ്യം അഭയാർത്ഥികളെ സ്വീകരിക്കുന്ന' തിനാൽ കീഴടങ്ങാനായി അവിടേക്ക് ഓടിച്ചെല്ലുകയും ചെയ്തു
യൂറോപ്പിൽ, ഏറ്റവും കുറവ് പൌരത്വ സമ്പാദന പ്രക്രിയ നിലവിലുള്ള രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. നിയമപരമായി അഞ്ചുവർഷം താമസിച്ചാൽ നിങ്ങൾക്ക് പൌരത്വം ലഭിക്കും. ഇന്ത്യയിലെ ഗ്രാമങ്ങളിൽ, കൃഷി, നിർമ്മാണ മേഖലയിലുള്ള ആളുകൾ പലരും ഇത് ലക്ഷ്യമാക്കി അവിടേക്ക് പോകുന്നുണ്ട്. പ്രത്യേകിച്ചും, പഞ്ചാബിൽനിന്നുള്ള പുരുഷന്മാർ. പറയുന്നത് പ്രൊഫസ്സർ ഭാസ്‌വതി സർകാർ. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽ, സെന്റർ ഫോർ യൂറോപ്പ്യൻ സ്റ്റഡീസിലെ ജീൻ മോണറ്റ് ചെയറാണ് അവർ. “നല്ല രീതിയിൽ സ്ഥിരതാമസമാക്കിയ ഗോവൻ, ഗുജറാത്ത് സമൂഹങ്ങളെക്കൂടാതെ, ധാരാളം പഞ്ചാബികളും, തോട്ടം കൃഷിമേഖലയിലും നിർമ്മാണമേഖലയിലും, ചെറിയ ജോലികൾ ചെയ്യുന്നുണ്ട് അവിടെ” എന്ന് പ്രൊഫസ്സർ ഭാസ്‌വതി കൂട്ടിച്ചേർക്കുന്നു.
വിസയില്ലാതെ 100-ഓളം ഷെൻഗൻ രാജ്യങ്ങളിൽ നിങ്ങൾക്ക് പ്രവേശിക്കാമെന്നുള്ളതാണ് പോർച്ചുഗൽ റസിഡൻസ് പെർമിറ്റ് (ടെംപററി റസിഡൻസി കാർഡ്- ടി.ആർ.സി എന്നും പറയുന്നു) കിട്ടിയാലുള്ള ഒരു വലിയ ഗുണം. എന്നാൽ കാര്യങ്ങൾ അതിവേഗം മാറിമറിയുന്നുണ്ട്. രേഖകളില്ലാത്ത കുടിയേറ്റക്കാരെ സംബന്ധിച്ച കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുള്ള ഒരു നിയമം 2024 ജൂൺ 3-ന്, മധ്യ-വലതുപക്ഷ ഡെമോക്രാറ്റിക്ക് അലയൻസിലെ (എ.ഡി) ലൂയിസ് മോൺടിനെഗ്രോ പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ പുതിയ നിയമപ്രകാരം, പോർച്ചുഗലിൽ സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വിദേശ കുടിയേറ്റക്കാരനും ഇങ്ങോട്ട് വരുന്നതിനുമുൻപ്, ഒരു വർക്ക് പെർമിറ്റിനായി അപേക്ഷിക്കണം. ഇന്ത്യയിൽനിന്നുള്ള, പ്രത്യേകിച്ചും, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ഇത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന് കരുതപ്പെടുന്നു.
മറ്റ് യൂറോപ്പ്യൻ രാജ്യങ്ങളും കുടിയേറ്റത്തെ സംബന്ധിച്ചുള്ള നിയമങ്ങൾ കർശനമാക്കുന്നുണ്ട്. എന്നാലിതൊന്നും, വലിയ പ്രതീക്ഷകളോടെ ഇടയ്ക്കിടെ വരുന്ന കുടിയേറ്റക്കാരെ നിരുത്സാഹപ്പെടുത്തില്ലെന്ന് പ്രൊഫസ്സർ സർകാർ പറയുന്നു. “അവസരങ്ങൾ സൃഷ്ടിക്കുക, പുറപ്പെടുന്ന രാജ്യങ്ങളിൽ സുരക്ഷയും പരിരക്ഷയും നൽകുക എന്നതൊക്കെ സഹായകമാകും,” അവർ ചൂണ്ടിക്കാട്ടുന്നു.
പോർച്ചുഗലിലെ എ.ഐ.എം.എ.യുടെ (ഏജൻസി ഫോർ ഇന്റർഗ്രേഷൻ, മൈഗ്രേഷൻ ആൻഡ് അസൈലം) കീഴിൽ 4,10,000 കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. കുടിയേറ്റ സമൂഹങ്ങളുടെ ദീർഘകാല അഭ്യർത്ഥനയെ അഭിസംബോധന ചെയ്യുന്നതിനായി, കുടിയേറ്റക്കാരുടെ രേഖകളും, വിസകളും ഒരുവർഷത്തേക്ക് കൂടി – 2025 ജൂൺവരെ – നീട്ടിയിട്ടുണ്ട്.
‘ഇന്ത്യൻ തൊഴിലാളികളെ നിയമാനുസൃതമായ മാർഗ്ഗങ്ങളിലൂടെ അയയ്ക്കാനും സ്വീകരിക്കാനുമുള്ള കരാർ’ ഔപചാരികമാക്കുന്നതിനുള്ള ഒരു സമ്മതപത്രത്തിൽ 2021-ൽ ഇന്ത്യയും പോർച്ചുഗലും ഒപ്പുവെച്ചിട്ടുണ്ട്. മാത്രമല്ല, ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, ഫ്രാൻസ്, ഫിൻലൻഡ് തുടങ്ങി വിവിധ യൂറോപ്പ്യൻ രാജ്യങ്ങളുമായി കുടിയേറ്റ, സഞ്ചാര കരാറുകളിലും ഇന്ത്യൻ സർക്കാർ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ, പ്രായോഗികതലത്തിൽ, തീരുമാനമെടുക്കുന്ന ആളുകളെ ഇതുസംബന്ധിച്ച് ബോധവത്കരിക്കുകയോ ആവശ്യമായ വിദ്യാഭ്യാസം നൽകുകയോ ചെയ്തിട്ടില്ല.
അഭിപ്രായങ്ങളറിയുന്നതിനായി ഇന്ത്യൻ, പോർച്ചുഗീസ് സർക്കാരുകളെ ഞങ്ങളുടെ പത്രപ്രവർത്തകർ നിരവധി തവണ സമീപിച്ചുവെങ്കിലും ഇരുവരും പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിൽ ജോലി കണ്ടെത്താൻ കഴിയാത്തതുകൊണ്ടാന് സിംഗിനെപ്പോലുള്ള ചെറുപ്പക്കാർ വശംകെട്ട് കുടിയേറ്റത്തിന് തയ്യാറാവുന്നത്
*****
തന്റെ സ്വപ്നലക്ഷ്യത്തിലേക്ക് എത്തിച്ചേർന്ന സിംഗിന്റെ ശ്രദ്ധയിൽപ്പെട്ട ആദ്യത്തെ കാര്യം, പോർച്ചുഗലിലും അധികം തൊഴിലവസരങ്ങളൊന്നുമില്ല എന്ന വസ്തുതയാണ്. അതിന്റെ കൂടെ, ഒരു റസിഡൻസി പെർമിറ്റ് കിട്ടാനുള്ള വെല്ലുവിളികളും. തന്റെ യൂറോപ്പ്യൻ പദ്ധതി ആവിഷ്കരിക്കുമ്പോൾ സിംഗ് ഇതൊന്നും അറിഞ്ഞിരുന്നില്ല.
“പോർച്ചുഗലിൽ ആദ്യമായെത്തിയപ്പോൾ എന്തോ നേടിയപോലെ എനിക്ക് തോന്നിയെങ്കിലും, തൊഴിലവസരങ്ങൾ കുറവാണെന്നും, ജോലി കിട്ടാനുള്ള സാധ്യത പൂജ്യമാണെന്നും ഞാൻ തിരിച്ചറിഞ്ഞു. കാരണം, അത്രയധികം ഏഷ്യക്കാർ ഇവിടെയുണ്ട്. അതിനാൽ, തൊഴിലവസരങ്ങൾ അധികമൊന്നുമില്ല.”
കുടിയേറ്റവിരുദ്ധ മനസ്ഥിതിയെക്കുറിച്ചും സിംഗ് സൂചിപ്പിക്കുന്നു. “ഇവിടെ അവർക്ക് കുടിയേറ്റക്കാരെ ഇഷ്ടമല്ല. എന്നാൽ, കൃഷി, നിർമ്മാണമേഖലകളിലെ അദ്ധ്വാനമുള്ള പണികൾ ചെയ്യാൻ നമ്മൾ വേണംതാനും.” പ്രൊഫസർ സർക്കാറിന്റെ അഭിപ്രായത്തിൽ ഇന്ത്യക്കാർ പൊതുവെ ചെയ്യുന്നത് ത്രീഡി (3D) ജോലികളാണ്. ഡേർട്ടി, ഡേഞ്ചറസ്, ഡീമീനിംഗ് (വൃത്തിയില്ലാത്തതും, അപകടം പിടിച്ചതും, അന്തസ്സില്ലാത്തതും) ആയ ജോലികൾ. നിയമപരമായ പദവിയിലെ അനിശ്ചിതത്വം കാരണം, നിഷ്കർഷിക്കപ്പെട്ട ഏറ്റവും കുറഞ്ഞ വേതനത്തിന് താഴെ ജോലി ചെയ്യാനും അവർ സന്നദ്ധരാണ്.
ഇത്തരം ജോലികൾ അന്വേഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് സിംഗ് മറ്റ് ചില കാര്യങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു സ്റ്റീൽ ഫാക്ടറിയുടെ അഞ്ച് ശാഖകളിലും, പോർച്ചുഗീസ് ഭാഷയുടെ താഴെ, പഞ്ചാബിയിലും നിർദ്ദേശങ്ങൾ എഴുതിവെച്ചിരുന്നു എന്ന്. “തൊഴിൽക്കരാറുകൾപോലും പഞ്ചാബി പരിഭാഷയോടൊപ്പമാണ് വരുന്നത്. ഇതൊക്കെയാണെങ്കിലും, നേരിട്ട് പോയി ജോലി ചോദിച്ചാൽ, ‘ജോലിയൊന്നുമില്ല’ എന്നായിരിക്കും അവരുടെ പ്രതികരണം,” സിംഗ് പറയുന്നു.

പോർച്ചുഗലിൽ കുടിയേറ്റവിരുദ്ധ വികാരമുണ്ടെങ്കിലും, സഹായ മനസ്ഥിതിയും സ്നേഹവുമുള്ള ഒരു വീട്ടുടമയെ കിട്ടാൻ തനിക്ക് ഭാഗ്യമുണ്ടായെന്ന് സിംഗ് പറയുന്നു
രേഖകളില്ലാത്ത കുടിയേറ്റക്കാരനായതിനാൽ, ഒരു നിർമ്മാണ സൈറ്റിൽ ജോലി കിട്ടാൻ, ഏഴുമാസം കാത്തിരിക്കേണ്ടിവന്നു സിംഗിന്.
“തൊഴിൽക്കരാറുകൾക്ക് പുറമേ, മുൻകൂറായി രാജിക്കത്തുകളും തയ്യാറാക്കിവെക്കാൻ കമ്പനികൾ തൊഴിലാളികളോട് ആവശ്യപ്പെടാറുണ്ട്. മിനിമം കൂലിയായ 920 യൂറോ പ്രതിമാസം കിട്ടുന്നുണ്ടെങ്കിലും, എന്നാണ് പിരിച്ചുവിടുക എന്ന് ഉറപ്പില്ല,” സിംഗ് പറയുന്നു. അയാളും ഒരു രാജിക്കത്തിൽ മുൻകൂറായി ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. റസിഡന്റ് വിസയ്ക്കായി അപേക്ഷിച്ചിട്ടുണ്ട് സിംഗ്. അതിലൂടെ നിയമപരമായ പദവി ലഭിക്കുമെന്നും അയാൾ പ്രതീക്ഷിക്കുന്നു.
“പഞ്ചാബിൽ ഒരു വീട് വെക്കുക, സഹോദരിയുടെ വിവാഹം നടത്തുക, കുടുംബത്തെ കൊണ്ടുവരാൻ കഴിയുന്ന വിധം, നിയമപരമായ പദവി നേടുക എന്നതൊക്കെയാണ് എന്റെ ഇപ്പോഴത്തെ സ്വപ്നം” 2023 നവംബറിൽ സിംഗ് പാരിയോട് പറഞ്ഞു.
2023 മുതൽ സിംഗ് വീട്ടിലേക്ക് പണമയയ്ക്കുകയും, അച്ഛനമ്മമാരുമായി ബന്ധപ്പെടുന്നുമുണ്ട്. വീട് നിർമ്മിക്കുന്നതിനുള്ള ശ്രമത്തിലാണ് അവർ. വീടിന്റെ രൂപരേഖ തയ്യാറാക്കാൻ പോർച്ചുഗലിലെ ജോലി അയാളെ വളരെയധികം സഹായിക്കുന്നു.
റിപ്പോർട്ടിംഗിലെ കൂട്ടിച്ചേർക്കലുകൾ നടത്തിയത് പോർച്ചുഗലിൽനിന്നുള്ള കരൺ ധീമാൻ.
മോഡേൺ സ്ലേവറി ഗ്രാന്റ് അൺവെയിൽഡ് പ്രോഗ്രാമിന്റെ കീഴിലുള്ള ജേണലിസം ഫണ്ടുപയോഗിച്ചുകൊണ്ടാണ് ഇന്ത്യയ്ക്കും പോർച്ചുഗലിനുമിടയിൽ ഈ റിപ്പോർട്ടിനാവശ്യമായ അന്വേഷണങ്ങൾ നടത്തിയത്.
പരിഭാഷ: രാജീവ് ചേലനാട്ട്