സിദ്ധു ഗാവ്‌ഡെ സ്കൂളിൽ പോകാൻ തീരുമാനിച്ച സമയത്താണ് രക്ഷിതാക്കൾ അദ്ദേഹത്തെ 50 ചെമ്മരിയാടുകളെ മേയ്ക്കുന്ന ജോലി ഏൽപ്പിച്ചത്. മറ്റ് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുംപോലെ ഗാവ്ഡെയും വളരെ ചെറുപ്പത്തിൽത്തന്നെ കുടുംബത്തിന്റെ പരമ്പരാഗതതൊഴിലായ കാലി മേയ്ക്കലിലേയ്ക്ക് തിരിയണമെന്നായിരുന്നു അവരുടെ തീരുമാനം; ഗാവ്‌ഡെ പിന്നീട് ഒരിക്കലും സ്കൂളിൽ പോയില്ല.
മഹാരാഷ്ട്രയിൽ നാടോടിഗോത്രമായി പരിഗണിക്കപ്പെടുന്ന, ആടുകളെയും ചെമ്മരിയാടുകളെയും പരിപാലിക്കുന്ന ജോലിചെയ്യുന്ന ദംഗർ സമുദായത്തിലെ അംഗമാണ് ഗാവ്ഡെ. വർഷത്തിൽ ആറ് മാസമോ അതിലധികമോ സമയം, ഇക്കൂട്ടർ വീട്ടിൽനിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാലികളെയുംകൊണ്ട് സഞ്ചരിക്കും.
ഒരിക്കൽ, ഗാവ്‌ഡെ വടക്കൻ കർണാടകയിലെ കാരഡ്ഗാ ഗ്രാമത്തിലുള്ള തന്റെ വീട്ടിൽനിന്ന് ഏകദേശം നൂറ് കിലോമീറ്റർ അകലെയുള്ള ഒരു പ്രദേശത്ത് ചെമ്മരിയാടുകളെ മേയ്ക്കുന്നതിനിടെയാണ് മറ്റൊരു ഇടയൻ നൂൽകൊണ്ട് വട്ടത്തിൽ വളയങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. "എനിക്ക് അത് കണ്ടപ്പോൾ കൗതുകം തോന്നി." അന്ന് ആ മുതിർന്ന ദംഗർ (ഇടയൻ) പരുത്തിനൂലുകൾ മനോഹരമായി നെയ്ത് ഒരു ജാളി (വൃത്താകൃതിയിലുള്ള സഞ്ചി) ഉണ്ടാക്കിയതും നിർമ്മാണം പൂർത്തിയാകുന്നതനുസരിച്ച് അതിന്റെ നിറം പതിയെ വെള്ളയിൽനിന്ന് തവിട്ടുനിറമായതുമെല്ലാം ഗാവ്‌ഡെ ഓർത്തെടുക്കുന്നു.
യാദൃശ്ചികമായി നടന്ന ആ കൂടിക്കാഴ്ച ആ ആൺകുട്ടിയെ പുതിയൊരു കരകൗശല വിദ്യ അഭ്യസിക്കാൻ പ്രേരിപ്പിച്ചു. 74 വർഷങ്ങൾക്കിപ്പുറവും അദ്ദേഹം അത് ചെയ്തുപോരുന്നു.
പരുത്തിനൂലുകൾ കൈകൊണ്ട് തുല്യാനുപാതത്തിൽ നെയ്തുണ്ടാക്കുന്ന, തോളിന് ചുറ്റും കെട്ടിയിടുന്ന ഒരു തൂക്കുസഞ്ചിയാണ് ജാളി. "ഒട്ടുമിക്ക ദംഗറുകളും അവരുടെ ദീർഘയാത്രകളിൽ (കന്നുകാലികളെയും കൊണ്ടുള്ള) ഈ ജാളി കൊണ്ടുപോകും," സിദ്ധു പറയുന്നു. "ഒരു ജാളിയിൽ കുറഞ്ഞത് 10 ബാക്രികളും (റൊട്ടി) ഒരു ജോഡി വസ്ത്രവും കൊണ്ടുപോകാനാകും. പല ദംഗറുകളും വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പുമെല്ലാം സഞ്ചിയിൽ സൂക്ഷിക്കാറുണ്ട്."
സ്‌കെയിലോ നീളം അളക്കാനുള്ള മറ്റു ഉപകരണങ്ങളോ ഒന്നും ഉപയോഗിക്കാതെയാണ് ഇടയന്മാർ നിശ്ചിത അനുപാതത്തിലുള്ള ജാളി നിർമ്മിക്കുന്നത് എന്നതിൽനിന്നുതന്നെ ഈ പ്രവൃത്തിയ്ക്ക് ആവശ്യമായ വൈദഗ്ധ്യം അനുമാനിക്കാവുന്നതാണ്. "കൈപ്പത്തിയും നാല് വിരലുകളും ചേർന്നുള്ള നീളമാണ് സഞ്ചിയ്ക്കുണ്ടാകേണ്ടത്," സിദ്ധു പറയുന്നു. അദ്ദേഹം ഉണ്ടാക്കുന്ന ഓരോ ജാളിയും കുറഞ്ഞത് 10 വർഷം ഈടുനിൽക്കും. "സഞ്ചി മഴയത്ത് നനയാൻ പാടില്ല. എലികൾ സഞ്ചി കരളാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം."
![Siddu Gavade, a Dhangar shepherd, learnt to weave jalis by watching another, older Dhangar. These days Siddu spends time farming; he quit the ancestral occupation of rearing sheep and goats a while ago](/media/images/02a-IMG_0329-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
![Siddu Gavade, a Dhangar shepherd, learnt to weave jalis by watching another, older Dhangar. These days Siddu spends time farming; he quit the ancestral occupation of rearing sheep and goats a while ago](/media/images/02b-IMG_0357-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
മുതിർന്ന ഒരു ദംഗർ ജാളി നെയ്യുന്നത് നിരീക്ഷിച്ചാണ് ഈ ദംഗർ ഇടയൻ സഞ്ചി നെയ്യാൻ പഠിച്ചത്. നിലവിൽ സിദ്ധു കൃഷിയിൽ ഏർപ്പെട്ടിരിക്കുകയാണ്; കുലത്തൊഴിലായിരുന്ന കാലി വളർത്തൽ കുറച്ച് കാലം മുൻപ് അദ്ദേഹം ഉപേക്ഷിച്ചു
![Siddu shows how he measures the jali using his palm and four fingers (left); he doesn't need a measure to get the dimensions right. A bag (right) that has been chewed by rodents](/media/images/03a-IMG_4093-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
![Siddu shows how he measures the jali using his palm and four fingers (left); he doesn't need a measure to get the dimensions right. A bag (right) that has been chewed by rodents](/media/images/03b-IMG_4102-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
കൈപ്പത്തിയും നാല് വിരലും ചേർന്നുള്ള നീളത്തിൽ (ഇടത്) ജാളിയുടെ അളവെടുക്കുന്നത് എങ്ങനെയെന്ന് സിദ്ധു കാണിക്കുന്നു. അളവുകൾ കൃത്യമായി കണക്കാക്കാൻ അദ്ദേഹത്തിന് ഉപകരണങ്ങളൊന്നും ആവശ്യമില്ല. എലികൾ കരണ്ട ഒരു സഞ്ചി (വലത്)
ഇന്ന്, കാരഡ്ഗാ ഗ്രാമത്തിൽ പരുത്തിനൂലുകൾ ഉപയോഗിച്ച് ജാളി നിർമ്മിക്കാൻ അറിയാവുന്ന ഒരേയൊരു കർഷകനാണ് സിദ്ധു. "കന്നടയിൽ ഇതിനെ ജാളഗി എന്നാണ് വിളിക്കുന്നത്," അദ്ദേഹം പറയുന്നു. ബേലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിൽ, മഹാരാഷ്ട്ര-കർണ്ണാടക അതിർത്തിയോട് ചേർന്നാണ് കാരഡ്ഗാ സ്ഥിതി ചെയ്യുന്നത്. മറാത്തിയും കന്നഡയും ഒരുപോലെ സംസാരിക്കുന്ന ഏകദേശം 9,000 ആളുകളാണ് ഈ ഗ്രാമത്തിലുള്ളത്.
ചെറുപ്പത്തിൽ, പരുത്തിനൂലുകളുമായി പോകുന്ന ട്രക്കുകൾ കടന്നുപോകാൻ സിദ്ധു കാത്തുനിൽക്കുമായിരുന്നു. "ശക്തമായി കാറ്റടിക്കുമ്പോൾ ട്രക്കുകളിൽനിന്ന് വീഴുന്ന നൂലുകൾ ഞാൻ ശേഖരിക്കും,"അദ്ദേഹം വിശദീകരിക്കുന്നു. ആ നൂലുകൾകൊണ്ട് കെട്ടുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വിനോദം. "എനിക്ക് ഈ കല ആരും പഠിപ്പിച്ചുതന്നതല്ല. ഒരു മാതാര (മുതിർന്ന) ദംഗർ ചെയ്യുന്നത് നോക്കിപ്പഠിച്ചതാണ് ഞാൻ."
ആദ്യത്തെ വർഷം, സിദ്ധുവിന് വളയങ്ങൾ ഉണ്ടാക്കാൻ മാത്രമേ കഴിഞ്ഞുള്ളു; കെട്ടുകൾ ഇടുന്ന വിദ്യ പഠിക്കാൻ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. "ഒടുവിൽ, എന്റെ ചെമ്മരിയാടുകളെയും പട്ടിയെയും കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റർ സഞ്ചരിച്ചതിന് ശേഷമാണ് സങ്കീർണമായ ഈ കരവിരുത് ഞാൻ പഠിച്ചെടുത്തത്," അദ്ദേഹം പറയുന്നു. "സമദൂരത്തിലുള്ള വളയങ്ങൾ വൃത്താകൃതിയിൽ തീർക്കുകയും ജാളിയുടെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഈ ആകൃതി നിലനിർത്തുകയും ചെയ്യുന്നതിനാണ് വൈദഗ്ധ്യം വേണ്ടത്," നെയ്ത്തുസൂചി ഉപയോഗിക്കാത്ത ഈ കൈപ്പണിക്കാരൻ പറയുന്നു.
നേർത്ത നൂൽ ഉപയോഗിച്ച് കൃത്യമായി കെട്ടുകൾ തീർക്കാൻ പറ്റില്ലെന്നതിനാൽ, നൂലിന് കട്ടി കൂട്ടുകയാണ് സിദ്ധു ആദ്യം ചെയ്യുന്നത്. ഇതിനായി, വലിയൊരു നൂലുണ്ടയിൽ നിന്നെടുത്ത ഏതാണ്ട് 20 അടി വെളുത്ത നൂലാണ് അദ്ദേഹം ഉപയോഗിക്കുന്നത്. വളരെ പെട്ടെന്നുതന്നെ, അദ്ദേഹം ഈ നൂൽ, മറാത്തിയിൽ ഭിംഗ്രി എന്നും അറിയപ്പെടുന്ന, ടാക്ളി എന്ന പരമ്പരാഗത തടി ഉപകരണത്തിന് ചുറ്റും കെട്ടുന്നു. 25 സെന്റിമീറ്റർ നീളത്തിൽ ഒരു വശം കൂണിന്റെ ആകൃതിയിൽ വളഞ്ഞും മറുവശം കൂർത്തുമിരിക്കുന്ന, നീളമുള്ള ഒരു തടി ഉപകരണമാണ് ടാക്ളി.
അടുത്തതായി അദ്ദേഹം, ബാബുൽ തടിയിൽ തീർത്ത, 50 വർഷം പഴക്കമുള്ള ഈ ടാക്ളി വലത് കാലിൽ കയറ്റിവെച്ച് വേഗത്തിൽ കറക്കുന്നു. ടാക്ളി കറങ്ങിക്കൊണ്ടിരിക്കെതന്നെ അത് ഇടത് കയ്യിലെടുത്ത് അതിൽനിന്ന് നൂൽ വലിച്ചെടുക്കുകയാണ് അടുത്ത ഘട്ടം. "നൂലിന്റെ കട്ടി കൂട്ടാനുള്ള പരമ്പരാഗത മാർഗ്ഗമാണിത്," അദ്ദേഹം പറയുന്നു. ഇത്തരത്തിൽ കട്ടി കുറഞ്ഞ 20 അടി നൂൽ കറക്കിയെടുക്കാൻ അദ്ദേഹം ഏതാണ്ട് രണ്ട് മണിക്കൂറെടുക്കും.
കട്ടിയുള്ള നൂൽ വാങ്ങാൻ പണച്ചിലവ് കൂടുതലായതിനാലാണ് സിദ്ധു ഇപ്പോഴും ഈ മാർഗം പിന്തുടരുന്നത്. "മൂന്ന് ഇഴകളുള്ള നൂലാണ് ഉണ്ടാക്കേണ്ടത്." എന്നാൽ ടാക്ളി തുടർച്ചയായി കാലിൽ ഉരയുമ്പോൾ അവിടെ മുറിവും നീരും ഉണ്ടാകും. "അതിലെന്താണ്? രണ്ടുദിവസം വിശ്രമിച്ചാൽ അത് ശരിയാകും," അദ്ദേഹം ഒരു ചിരിയോടെ പറയുന്നു.
![Siddu uses cotton thread to make the jali . He wraps around 20 feet of thread around the wooden takli , which he rotates against his leg to effectively roll and thicken the thread. The repeated friction is abrasive and inflames the skin](/media/images/04a-IMG_0384-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
![Siddu uses cotton thread to make the jali . He wraps around 20 feet of thread around the wooden takli , which he rotates against his leg to effectively roll and thicken the thread. The repeated friction is abrasive and inflames the skin](/media/images/04b-IMG_4029-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
സിദ്ധു പരുത്തിനൂൽ ഉപയോഗിച്ചാണ് ജാളി ഉണ്ടാക്കുന്നത്. 20 അടി നീളത്തിൽ നൂലെടുത്ത് അദ്ദേഹം തടിയിൽ തീർത്ത ടാക്ളിയ്ക്ക് ചുറ്റും കെട്ടുകയും അത് പിന്നീട് കാലിനോട് ചേർത്തുവെച്ച് കറക്കി നൂലിന് കട്ടി കൂട്ടുകയും ചെയ്യുന്നു. ടാക്ളി കാലിൽ തുടർച്ചയായി ഉരയുന്നതുമൂലം തൊലിയിൽ മുറിവും നീരും ഉണ്ടാകുന്നു
![There is a particular way to hold the takli and Siddu has mastered it over the years: 'In case it's not held properly, the thread doesn't become thick'](/media/images/05-IMG_4027-SJ-Hanging_by_a_thread-Karadag.max-1400x1120.jpg)
ടാക്ളി കൃത്യമായി പിടിക്കുന്ന വിദ്യ വർഷങ്ങളെടുത്താണ് സിദ്ധു സ്വായത്തമാക്കിയത്. 'അത് കൃത്യമായി പിടിച്ചില്ലെങ്കിൽ നൂലിന് കട്ടിയുണ്ടാകില്ല'
ടാക്ളി കണ്ടെത്തുക ഇപ്പോൾ പ്രയാസമായിരിക്കുകയാണെന്ന് സിദ്ധു പറയുന്നു. "ചെറുപ്പക്കാരായ മരപ്പണിക്കാർക്ക് ടാക്ളി ഉണ്ടാക്കാൻ അറിയില്ല." 1970-കളുടെ തുടക്കത്തിൽ, ഗ്രാമത്തിലുള്ള ഒരു കർഷകന്റെ പക്കൽനിന്ന് 50 രൂപയ്ക്കാണ് ഇപ്പോൾ കയ്യിലുള്ള ടാക്ളി സിദ്ധു വാങ്ങിച്ചത്. ഒരു കിലോ ഗുണനിലവാരമുള്ള അരിയ്ക്ക് ഒരുരൂപ മാത്രം വിലയുണ്ടായിരുന്ന അക്കാലത്ത് അതൊരു വലിയ തുകയായിരുന്നു.
ഒരു ജാളി ഉണ്ടാക്കാനായി സിദ്ധു ഏകദേശം രണ്ടുകിലോ പരുത്തിനൂലാണ് വാങ്ങിക്കുക. നൂലിന്റെ കട്ടിയും സാന്ദ്രതയും അനുസരിച്ച് ആവശ്യമായ നീളത്തിൽ അദ്ദേഹം നൂൽ കറക്കി കട്ടി കൂട്ടും. കുറച്ച് വർഷം മുൻപുവരെ, സിദ്ധു വീട്ടിൽനിന്ന് 9 കിലോമീറ്റർ അകലെയുള്ള, മഹാരാഷ്ട്രയിലെ റേന്താൾ ഗ്രാമത്തിൽനിന്നാണ് നൂൽ വാങ്ങിച്ചിരുന്നത്. "ഇപ്പോൾ ഞങ്ങളുടെ ഗ്രാമത്തിൽത്തന്നെ നൂൽ സുലഭമായി ലഭിക്കും. ഗുണനിലവാരം അനുസരിച്ച് കിലോയ്ക്ക് 80-100 വരെയാണ് നൂലിന്റെ വില." തൊണ്ണൂറുകളുടെ അവസാനത്തിൽ ഇതേ നൂൽ കിലോയ്ക്ക് 20 രൂപ നിരക്കിൽ ലഭിച്ചിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. അന്നും രണ്ട് കിലോ നൂലാണ് അദ്ദേഹം വാങ്ങിച്ചിരുന്നത്.
പരമ്പരാഗതമായി പുരുഷന്മാരാണ് ജാളി നിർമ്മിക്കാറുള്ളതെങ്കിലും തന്റെ ഭാര്യ, പരേതയായ മയ്യവ്വ, നൂലിന് കട്ടി കൂട്ടാൻ തന്നെ സഹായിച്ചിരുന്നതായി സിദ്ധു പറയുന്നു. "അവർ മികച്ച കലാകാരിയായിരുന്നു," സിദ്ധു ഓർത്തെടുക്കുന്നു. മയ്യവ്വ 2016-ൽ വൃക്കരോഗം മൂലം മരണപ്പെടുകയായിരുന്നു. "അവർക്ക് തെറ്റായ ചികിത്സയാണ് ലഭിച്ചത്. അവരുടെ ആസ്‌തമയ്ക്ക് ചികിത്സ തേടിയാണ് ഞങ്ങൾ പോയത്. പക്ഷെ മരുന്നുകളുടെ പാർശ്വഫലങ്ങൾ കാരണം അവരുടെ വൃക്ക തകരാറിലായി," അദ്ദേഹം പറയുന്നു.
തന്റെ ഭാര്യയെപ്പോലുള്ള സ്ത്രീകൾ ചെമ്മരിയാടുകളിൽനിന്ന് കമ്പിളി എടുത്ത് അതുകൊണ്ട് കമ്പിളിനൂൽ ഉണ്ടാക്കാനുള്ള വിദ്യ പഠിച്ചെടുക്കാറുണ്ടെന്ന് സിദ്ധു പറയുന്നു. ദംഗറുകൾ ഈ നൂലുകൾ സംഗറുകൾക്ക് നൽകുകയും അവർ പിന്നീട് തറികളുപയോഗിച്ച് ഈ നൂലുകൾ നെയ്ത് ഖോംഗഡികൾ (കമ്പിളികൾ) ഉണ്ടാക്കുകയും ചെയ്യും. ഒരു കുഴിയിൽ സ്ഥാപിച്ചിട്ടുള്ള തറി, നെയ്ത്തുകാർ പെഡൽ ഉപയോഗിച്ച് പ്രവർത്തിപ്പിച്ചാണ് ഈ കമ്പിളികൾ ഉണ്ടാക്കുന്നത്.
ആവശ്യവും സമയലഭ്യതയും അനുസരിച്ച് സിദ്ധു നൂലിന്റെ കട്ടി നിർണയിക്കും. ഒരു ജാളി കൈകൊണ്ട് നെയ്തെടുക്കുന്നതിലെ ഏറ്റവും സങ്കീർണമായ ഘട്ടമാണ് അടുത്തത്. നൂൽ വളയങ്ങൾ പിണച്ച് കെട്ടി, ദ്രുതഗതിയിൽ അവയ്ക്ക് കുറുകെ കെട്ടിടുന്ന പ്രക്രിയയാണിത്. ഒരു സഞ്ചി നിർമ്മിക്കാൻ ഇത്തരത്തിലുള്ള 25 നൂൽവളയങ്ങൾ സമദൂരത്തിൽ തീർത്ത് വെക്കേണ്ടതുണ്ട്.
![](/media/images/06a-IMG_4094-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
![Right: Every knot Siddu makes is equal in size. Even a slight error means the jali won't look as good.](/media/images/06b-IMG_0297-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
ഇടത്: 50 വർഷം മുൻപ് സിദ്ധു ബാബുൽ തടിയിൽ തീർത്ത ഈ ടാക്ളി വാങ്ങുമ്പോൾ അതിന് അന്നത്തെ 50 കിലോ അരിയുടെ വിലയുണ്ടായിരുന്നു. ഇന്ന് ടാക്ളി നിർമ്മിക്കാൻ അറിയുന്ന മരപ്പണിക്കാർ ആരുമില്ല. വലത്" സിദ്ധു ഉണ്ടാക്കുന്ന എല്ലാ കെട്ടിനും ഒരേ വലിപ്പമാണ്. ചെറിയ ഒരു പിഴവ് സംഭവിച്ചാൽപ്പോലും ജാളിയുടെ ഭംഗി നഷ്ടമാകും
"വളയങ്ങൾ ഉണ്ടാക്കി അത് വൃത്താകൃതിയിൽ നിലനിർത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം." ഗ്രാമത്തിലെ മറ്റു 2-3 ദംഗറുകൾക്ക് ജാളി ഉണ്ടാക്കാൻ അറിയാമെങ്കിലും, "സഞ്ചിയുടെ അടിഭാഗം വൃത്താകൃതിയിലാക്കാൻ അവർക്ക് കഴിയാറില്ല. അതുകൊണ്ട് അവർ ഇപ്പോൾ ജാളി ഉണ്ടാക്കാറുമില്ല," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സഞ്ചിയുടെ വൃത്താകൃതിയിലുള്ള ഘടന നിർമ്മിച്ചെടുക്കാൻ സിദ്ധു 14 മണിക്കൂറിലധികം എടുക്കാറുണ്ട്. "ഒരു തെറ്റ് സംഭവിച്ചാൽപ്പോലും വീണ്ടും ആദ്യം തൊട്ട് ചെയ്തു തുടങ്ങേണ്ടിവരും." ഒരു ദിവസം കുറഞ്ഞത് മൂന്ന് മണിക്കൂർ ജോലി ചെയ്യാൻ സാധിച്ചാൽ പോലും, ഒരു ജാളി ഉണ്ടാക്കാൻ സിദ്ധുവിന് കുറഞ്ഞത് 20 ദിവസം വേണ്ടിവരും. 60 മണിക്കൂർകൊണ്ട് ഏതാണ്ട് 300 അടി നൂൽ നെയ്ത്, ഓരോ കെട്ടും ഒരേ വലിപ്പത്തിൽ നിർമ്മിച്ചാണ് അദ്ദേഹം ഒരു ജാളി രൂപപ്പെടുത്തുന്നത്. ദിവസത്തിന്റെ ഏറിയ പങ്കും കാർഷികജോലികളിൽ ഏർപ്പെടുന്ന സിദ്ധു ഇതിനിടയിലും ജാളി ഉണ്ടാക്കാൻ സമയം കണ്ടെത്തുന്നു. കഴിഞ്ഞ ഏഴ് ദശാബ്ദത്തിനിടെ, പല ദംഗറുകൾക്കായി അദ്ദേഹം 6,000 മണിക്കൂറിലധികം ചിലവിട്ട് 100-ൽ കൂടുതൽ ജാളികൾ ഉണ്ടാക്കിയിട്ടുണ്ട്.
സിദ്ധു എല്ലാ ദിവസവും തലയിൽ ഒരു വെള്ള തലപ്പാവ് കെട്ടുന്നതിനാൽ ഗ്രാമീണർ അദ്ദേഹത്തെ സ്നേഹത്തോടെ പട്കർ മാതാര (തലപ്പാവ് വെച്ച വൃദ്ധൻ) എന്നാണ് വിളിക്കുന്നത്.
പ്രായം ഏറെയായെങ്കിലും സിദ്ധു കഴിഞ്ഞ ഒൻപതുവർഷമായി മഹാരാഷ്ട്രയിലെ സോലാപൂർ ജില്ലയിലുള്ള പണ്ടർപൂർ പട്ടണത്തിൽ സ്ഥിതി ചെയുന്ന വിഠോബ ക്ഷേത്രത്തിലേക്കുള്ള പ്രശസ്തമായ വാരി യാത്രയിൽ പങ്കെടുക്കുന്നതിനായി ഇരുവശത്തേയ്ക്കും 350 കിലോമീറ്റർ നടക്കാറുണ്ട്. ആഷാഢ മാസത്തിലും (ജൂൺ/ജൂലൈ) കാർത്തിക മാസത്തിലും (ദീപാവലിക്കുശേഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ) മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽനിന്നും വടക്കൻ കർണാടകയിലെ ചില ജില്ലകളിൽനിന്നുമുള്ള ഭക്തർ സംഘങ്ങളായി ഇത്തരത്തിൽ കാൽനടയായി ക്ഷേത്രത്തിലേക്ക് സഞ്ചരിക്കാറുണ്ട്. അഭംഗുകൾ എന്നറിയപ്പെടുന്ന ഭക്തിഗാനങ്ങളും തുക്കാറാം, ധ്യാനേശ്വർ, നാംദേവ് എന്നീ സന്യാസികൾ രചിച്ച കവിതകളുമെല്ലാം പാടിയാണ് യാത്ര മുന്നോട്ട് പോകുക.
"ഞാൻ വണ്ടിയിൽ പോകാറില്ല. വിഠോബ എനിക്കൊപ്പമുണ്ടെന്ന് എനിക്കറിയാം, എനിക്ക് ഒന്നും സംഭവിക്കില്ല," അദ്ദേഹം പറയുന്നു. പണ്ടർപൂരിലെ വിഠോബ-രുക്മിണി ക്ഷേത്രത്തിലേക്ക് നടന്നെത്താൻ അദ്ദേഹത്തിന് 12 ദിവസം വേണ്ടിവന്നു. യാത്രയ്ക്കിടെയുള്ള വിശ്രമവേളകളിലും അദ്ദേഹം പരുത്തിനൂൽ എടുത്ത് വളയങ്ങൾ ഉണ്ടാക്കിയിരുന്നു.
സിദ്ധുവിന്റെ പിതാവ്, പരേതനായ ബാലുവും ജാളികൾ നിർമ്മിച്ചിരുന്നു. ജാളി നിർമ്മാതാക്കൾ ഏറെക്കുറെ ഇല്ലാതായതോടെ, മിക്ക ദംഗറുകളും തുണിസഞ്ചിയിലേയ്ക്ക് ചുവട് മാറ്റിയിരിക്കുകയാണ്. "ഒരു ജാളി നിർമ്മിക്കാൻ എടുക്കുന്ന സമയവും അതിന് ആവശ്യമായ വിഭവങ്ങളും പരിഗണിക്കുമ്പോൾ, ഈ കല തുടർന്ന് ചെയ്യുക ബുദ്ധിമുട്ടാണ്," സിദ്ധു പറയുന്നു. നൂൽ വാങ്ങിക്കാൻ അദ്ദേഹം ഏകദേശം 200 രൂപ ചിലവാക്കുമ്പോൾ ഒരു ജാളിക്ക് അദ്ദേഹത്തിന് 250-300 രൂപയാണ് വിലയായി ലഭിക്കുന്നത്. "ഇതുകൊണ്ട് ഒരു കാര്യവുമില്ല," അദ്ദേഹം പറയുന്നു.
!['The most difficult part is starting and making the loops in a circular form,' says Siddu. Making these loops requires a lot of patience and focus](/media/images/07a-IMG_0249-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
!['The most difficult part is starting and making the loops in a circular form,' says Siddu. Making these loops requires a lot of patience and focus](/media/images/07b-IMG_4068-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
'വളയങ്ങൾ ഉണ്ടാക്കി അത് വൃത്താകൃതിയിൽ നിലനിർത്തുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗം,' സിദ്ധു പറയുന്നു. നൂൽകൊണ്ടുള്ള വളയങ്ങൾ തീർക്കാൻ ഏറെ ക്ഷമയും ശ്രദ്ധയും ആവശ്യമാണ്
![Left: After spending over seven decades mastering the art, Siddu is renowned for making symmetrical jalis and ensuring every loop and knot is of the same size.](/media/images/08a-IMG_0397-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
![Right: He shows the beginning stages of making a jali and the final object.](/media/images/08b-IMG_4109-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
ഇടത്: ഏഴ് ദശാബ്ദത്തോളമെടുത്ത് ജാളി നിർമ്മാണകലയിൽ വൈദഗ്ധ്യം നേടിയെടുത്ത സിദ്ധു തുല്യാനുപാതത്തിലുള്ള ജാളികൾ ഉണ്ടാക്കുന്നതിലും ഓരോ വളയവും കെട്ടും ഒരേ വലിപ്പത്തിൽ തീർക്കുന്നതിലും അഗ്രഗണ്യനാണ്. വലത്: ഒരു ജാളി ഉണ്ടാക്കുന്നതിന്റെ ആദ്യ ഘട്ടങ്ങളും നിർമ്മാണം പൂർത്തിയായ ഒരു ജാളിയും അദ്ദേഹം എടുത്തുകാണിക്കുന്നു
സിദ്ധുവിന് മൂന്ന് ആണ്മക്കളും ഒരു മകളുമാണുള്ളത്. ആണ്മക്കളിൽ 50-കളുടെ തുടക്കത്തിൽ പ്രായമുള്ള മല്ലപ്പയും 35 വയസ്സിനോടടുത്ത് പ്രായമുള്ള കല്ലപ്പയും കാലിമേയ്ക്കൽ ഉപേക്ഷിച്ച് ഓരോ ഏക്കർ വീതം ഭൂമിയിൽ കൃഷി ചെയ്യുകയാണ്. 45 വയസ്സുള്ള ബാലു കൃഷിയ്‌ക്കൊപ്പം 50 ചെമ്മരിയാടുകളെ പരിപാലിക്കുകയും അവയെയും കൊണ്ട് ദൂരദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുകയും ചെയ്യുന്നു. സിദ്ധുവിന്റെ മകൾ 30-കളിൽ പ്രായമുള്ള ഷാന വീട്ടമ്മയാണ്.
സിദ്ധുവിന്റെ ആണ്മക്കളാരുംതന്നെ സഞ്ചി നിർമ്മിക്കുന്ന വിദ്യ പഠിച്ചില്ല. "അവർ ഇത് പഠിച്ചതുമില്ല, പഠിക്കാൻ ശ്രമിച്ചതുമില്ല, അതിനെപ്പറ്റി ചിന്തിച്ചത് പോലുമില്ല," അദ്ദേഹം ഒറ്റ ശ്വാസത്തിൽ പറയുന്നു. അദ്ദേഹം ജോലി ചെയ്യുന്നത് ആളുകൾ ശ്രദ്ധയോടെ കാണാറുണ്ടെങ്കിലും ഇതുവരെ ആരും ഈ കല പഠിക്കാനായി തന്നെ സമീപിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
നൂൽകൊണ്ട് ഒരു വളയം നിർമ്മിക്കുക എളുപ്പമാണെന്ന് കാഴ്‌ചയ്‌ക്ക് തോന്നുമെങ്കിലും അതിൽ ഉയരുന്ന വെല്ലുവിളികൾമൂലം സിദ്ധുവിന് പലപ്പോഴും ശാരീരീരിക അവശതകൾ അനുഭവപ്പെടാറുണ്ട്. "ശരീരത്തിൽ സൂചി കുത്തുന്നതുപോലെ തോന്നും," അദ്ദേഹം പറയുന്നു. ഇതിനുപുറമെ അദ്ദേഹത്തിന് നടുവേദനയും കണ്ണുകൾക്ക് ക്ഷീണവും തോന്നാറുണ്ട്. ഏതാനും വർഷങ്ങൾക്ക് മുൻപ് രണ്ട് കണ്ണിലും തിമിര ശസ്ത്രക്രിയ നടത്തിയതിനുശേഷം അദ്ദേഹം കണ്ണട ഉപയോഗിക്കുന്നുണ്ട്. ഇതുമൂലം ജാളി നിർമ്മാണത്തിന്റെ വേഗത കുറഞ്ഞിട്ടുണ്ടെങ്കിലും ഈ കലാരൂപത്തെ നിലനിർത്താനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല.
ഇന്ത്യയിലെ കാലിത്തീറ്റ ഉത്പാദനം സംബന്ധിച്ച് 2022 ജനുവരിയിൽ ഗ്രാസ് ആൻഡ് ഫോറേജ് സയൻസിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പ്രബന്ധം പറയുന്നത് രാജ്യത്ത് തീറ്റപ്പുല്ലിന്റെയും കാലിത്തീറ്റ ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളുടെയും വൈക്കോലിന്റെയും ദൗർലഭ്യം ഉണ്ടെന്നാണ്- ആവശ്യത്തിന് കാലിത്തീറ്റ ലഭ്യമല്ലാതാകുന്ന ഗുരുതരമായ ഒരു പ്രതിസന്ധിയാണ് ഇത് അടിവരയിടുന്നത്.
സിദ്ധുവിന്റെ ഗ്രാമത്തിൽ ആടുകളെയും ചെമ്മരിയാടുകയും വളർത്തുന്ന ദംഗറുകളുടെ എണ്ണം വളരെ കുറഞ്ഞതിന്റെ കാരണങ്ങളിലൊന്ന് തീറ്റപ്പുല്ലിന്റെ അഭാവമാണ്. "കഴിഞ്ഞ 5-7 വർഷത്തിൽ, ഇവിടെ ഒരുപാട് ആടുകളും ചെമ്മരിയാടുകളും ചത്തിട്ടുണ്ട്. കർഷകർ വ്യാപകമായി കളനാശിനികളും കീടനാശിനികളും ഉപയോഗിക്കുന്നത് കാരണമാണത്," അദ്ദേഹം പറയുന്നു. കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 വർഷത്തിൽ കർണാടകയിലെ കർഷകർ 1,669 മെട്രിക് ടൺ രാസകീടനാശിനി ഉപയോഗിച്ചിട്ടുണ്ട്. 2018-19-ൽ 1,524 മെട്രിക് ടൺ ഉപയോഗിച്ചിരുന്നിടത്താണിത്.
![Left: Siddu's wife, the late Mayavva, had mastered the skill of shearing sheep and making woolen threads.](/media/images/09a-IMG_0368-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
![Right: Siddu spends time with his grandson in their house in Karadaga village, Belagavi.](/media/images/09b-IMG_0454-SJ-Hanging_by_a_thread-Karada.max-1400x1120.jpg)
ഇടത്: സിദ്ധുവിന്റെ ഭാര്യ, പരേതയായ മയ്യവ്വ ചെമ്മരിയാടുകളിൽനിന്ന് കമ്പിളി എടുത്ത് അതുകൊണ്ട് നൂൽ ഉണ്ടാക്കാനുള്ള വിദ്യ പഠിച്ചിരുന്നു. വലത്: സിദ്ധു ബേലഗാവിയിലെ കാരഡ്ക ഗ്രാമത്തിലുള്ള വീട്ടിൽ പേരക്കിടാവിനോപ്പം
![The shepherd proudly shows us the jali which took him about 60 hours to make.](/media/images/10-IMG_0480-SJ-Hanging_by_a_thread-Karadag.max-1400x1120.jpg)
60 മണിക്കൂറെടുത്ത് ഉണ്ടാക്കിയ ജാളി അഭിമാനത്തോടെ പ്രദർശിപ്പിക്കുന്ന ഇടയൻ
60 മണിക്കൂറോളമെടുത്ത് നിർമ്മിച്ച ജാളി ആ ഇടയൻ ഏറെ അഭിമാനത്തോടെ ഞങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. കാലിവളർത്തലിന്റെ ചിലവുകൾ ഗണ്യമായി വർദ്ധിച്ചിച്ചിട്ടുണ്ടെന്ന് പറയുന്ന അദ്ദേഹം അതിൽത്തന്നെ ചികിത്സാ ചിലവുകളിൽ വന്നിട്ടുള്ള വർധന അധികം ശ്രദ്ധിക്കപ്പെടുന്നില്ലെന്ന് കൂട്ടിച്ചേർക്കുന്നു. "ആടുകൾക്കും ചെമ്മരിയാടുകൾക്കും ഇടയ്ക്കിടെ രോഗം വരുന്നത് കാരണം ഒരു വർഷം കുറഞ്ഞത് 20,000 രൂപ മൃഗങ്ങളുടെ മരുന്നിനും കുത്തുവെപ്പിനുമായി ചിലവിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്."
ഓരോ ചെമ്മരിയാടിനും വർഷത്തിൽ ആറ് കുത്തിവയ്പ്പെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. "ചെമ്മരിയാട് ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ ഞങ്ങൾക്ക് എന്തെങ്കിലും സമ്പാദിക്കാനാകുകയുള്ളൂ." ഈ പ്രദേശത്തെ കർഷകർ ഒരു തുണ്ട് ഭൂമിപോലും പാഴാക്കാതെ കരിമ്പ് കൃഷിയും ചെയ്യുന്നുണ്ട്. 2021-22-ൽ ഇന്ത്യ 500 ദശലക്ഷം ടൺ കരിമ്പ് ഉദ്പ്പാദിപ്പിക്കുകയും പഞ്ചസാര ഉത്പാദനത്തിലും ഉപഭോഗത്തിലും ലോകത്ത് ഒന്നാം സ്ഥാനം കൈവരിക്കുകയും ചെയ്തിരുന്നു.
ആടുകളെയും ചെമ്മരിയാടുകളെയും പരിപാലിക്കുന്ന ജോലി രണ്ട് ദശാബ്ദം മുൻപ് ഉപേക്ഷിച്ച സിദ്ധു തന്റെ 50-ഓളം മൃഗങ്ങളെ മക്കൾക്ക് തുല്യമായി വീതിച്ചുനൽകുകയായിരുന്നു. മഴ വൈകുന്നത് കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. "ഈ വർഷം ജൂൺ മുതൽ ജൂലൈ പകുതിവരെ വെള്ളമില്ലാത്തത് കാരണം എന്റെ മൂന്നേക്കർ ഭൂമി വെറുതെ കിടക്കുകയായിരുന്നു. എന്റെ ഒരു അയൽക്കാരൻ സഹായിച്ചതുകൊണ്ട് മാത്രമാണ് എനിക്ക് നിലക്കടല കൃഷി ചെയ്യാൻ സാധിച്ചത്.
ഉഷ്ണക്കാറ്റുകളുടെ എണ്ണത്തിലുള്ള വർധനവും അധിക മഴയും കൃഷിയ്ക്ക് ഒട്ടേറെ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. "നേരത്തെയെല്ലാം അച്ഛനമ്മമാർ മക്കൾക്ക് ആടുകളെയും ചെമ്മരിയാടുകളെയും ഒരു നിക്ഷേപംപോലെ കൈമാറിയിരുന്നു. എന്നാൽ ഇന്നിപ്പോൾ വെറുതെ കിട്ടിയാലും ആരും അവയെ പരിപാലിക്കാൻ തയ്യാറല്ലാത്ത സാഹചര്യമാണുള്ളത്."
ഗ്രാമീണ കരകൌശലവിദഗ്ദ്ധരെക്കുറിച്ച് സങ്കേത് ജെയിൻ ചെയ്യുന്ന പരമ്പരയിലെ ഒരു ഭാഗമാണ് ഈ കഥ. മൃണാളിനി മുഖർജി ഫൌണ്ടേഷനാണ് ഇതിനാവശ്യമായ പിന്തുണ നൽകുന്നത് .
പരിഭാഷ: പ്രതിഭ ആര്‍. കെ .