നബ കുമാറിന്റെ പണിശാലയിലെല്ലായിടത്തും താറാവുകളുടെ തൂവലുകൾ ചിതറിക്കിടക്കുകയാണ്. വൃത്തിയുള്ളതും, അല്ലാത്തവയും, മുറിച്ചവയും വിവിധ ആകൃതിയിലുള്ളവയും വെള്ളയുടെ വിവിധ നിറഭേദങ്ങളിലുള്ളവയുമെല്ലാം. തുറന്നിട്ട ജനലിലൂടെ വരുന്ന ഇളംകാറ്റിൽ അവ വായുവിൽ പറന്ന് താഴേക്ക് വീഴുന്നുണ്ട്.
ഉലുബേരിയയിലെ നബ കുമാറിന്റെ മൂന്ന് നിലയുള്ള വീടിന്റെ താഴത്തെ നിലയിലായിരുന്നു ഞങ്ങൾ. പണിശാലയ്ക്കകത്തെ അന്തരീക്ഷത്തിൽ, കത്രികകളുടെ ശബ്ദവും, ഇരുമ്പ് മുറിക്കുന്ന ശബ്ദവും നിറഞ്ഞിരുന്നു. ഇവിടെയാണ് ഇന്ത്യയിലെ ബാഡ്മിന്റൺ ഷട്ടിൽകോക്കുകൾ നിർമ്മിക്കുന്നത്. “താറാവിന്റെ തൂവലുകൾ, സിന്തറ്റിക്കോ മരമോ ഉപയോഗിച്ചുള്ള കോർക്കുകൾ, നൈലോൺ കലർന്ന പരുത്തിനൂലുകൾ, പശ എന്നിവയൊക്കെ ഉപയോഗിച്ചാണ് ഒരു ഷട്ടിലുണ്ടാക്കുന്നത്”, വില്പനയ്ക്ക് അയയ്ക്കാൻവെച്ച കെട്ടിൽനിന്ന് ഒന്നെടുത്ത് അദ്ദേഹം വിശദീകരിക്കുന്നു.
2023 ഓഗസ്റ്റ് അവസാനത്തെ, ഒരു തിങ്കളാഴ്ചയിലെ തെളിഞ്ഞ പകൽ 8 മണിയായിരുന്നു അപ്പോൾ. അഞ്ചാഴ്ച കഴിഞ്ഞ് ദക്ഷിണ കൊറിയയെ 21-18, 21-16-ന് തോൽപ്പിച്ച് ഇന്ത്യ ആദ്യത്തെ ഏഷ്യൻ സ്വർണ്ണം നേടുമെന്ന് അപ്പോൾ ഞങ്ങൾക്ക് അറിയില്ലായിരുന്നു.
ഉലുബേരിയയിൽ, തൊഴിലാളികളുടെ ചെരുപ്പുകളും സൈക്കിളുകളും പണിശാലയുടെ മുമ്പിൽ നിരന്നു. മറൂൺ നിറത്തിലുള്ള, ഇസ്ത്രിയിട്ട മുഴുക്കൈയ്യൻ ഷർട്ടും പാന്റും ധരിച്ച് നബ കുമാറും ആ ദിവസത്തെ ജോലിക്ക് തയ്യാറായിക്കഴിഞ്ഞിരുന്നു.
“എന്റെ ഗ്രാമമായ ബൊനിബൊനിലെ പണിശാലയിൽ, 12-ആമത്തെ വയസ്സിലാണ് ഞാൻ താറാവുകളുടെ തൂവലുകളുപയോഗിച്ച് ആദ്യമായി ബാഡ്മിന്റൻ പന്തുകൾ ഉണ്ടാക്കാൻ തുടങ്ങിയത്”, തൂവലിന് ആകൃതികൊടുക്കുന്ന ജോലി ചെയ്ത് ഈ വ്യവസായത്തിലുള്ള തന്റെ യാത്ര ആരംഭിച്ച ഇന്നത്തെ 61 വയസ്സുകാരൻ പറയുന്നു. കൈകൊണ്ട് പിടിക്കാവുന്ന ഇരുമ്പ് കത്രികയുപയോഗിച്ച്, മൂന്നിഞ്ച് നീളമുള്ള തൂവലുകൾ അയാൾ വെട്ടി ആകൃതി വരുത്തി. ഷട്ടിൽകോക്കുകളെ ജോലിക്കാർ വിളിക്കുന്നത് ‘പന്തുകൾ’ എന്നാണ്.
1920-കളിൽ, പിർപുർ ഗ്രാമത്തിൽ സ്ഥാപിതമായ ജെ.ബോസ് ആൻഡ് കമ്പനിയാണ് (ബംഗാളിലെ) ആദ്യത്തെ ഫാക്ടറി. ക്രമേണ, ജെ.ബോസിലെ തൊഴിലാളികൾ അടുത്തുള്ള ഗ്രാമങ്ങളിൽ തങ്ങളുടെ സ്വന്തം യൂണിറ്റുകൾ തുറന്നു. അത്തരമൊരു യൂണിറ്റിൽനിന്നാണ് ഞാൻ ഈ കരകൌശലവിദ്യ പഠിച്ചത്”, അദ്ദേഹം പറയുന്നു.


ഹൌറ ജില്ലയിലെ ജാദൂർബരിയ പ്രദേശത്ത് ഷട്ടിൽകോക്കുകളുണ്ടാക്കുന്ന ഒരു പണിശാലയുണ്ട് നബ കുമാറിന്. കത്രിക ഉപയോഗിച്ച് 3 ഇഞ്ച് വലിപ്പത്തിൽ തൂവലുകൾ മുറിക്കുന്നത് എങ്ങിനെയാണെന്ന് അദ്ദേഹം കാണിച്ചുതരുന്നു. താറവിന്റെ വെളുത്ത തൂവലുകൾ, സിന്തറ്റിക്കിന്റെയോ മരത്തിന്റെയോ അർദ്ധഗോളാകൃതിയിലുള്ള കോർക്കിന്റെ അറ്റം, നൈലോൺ ചേർത്ത പരുത്തിനൂൽ, പശ എന്നിവ ഉപയോഗിച്ചാണ് ഷട്ടിൽകോക്കുണ്ടാക്കുന്നത്
1986-ൽ നബർ കുമാർ ഉലുബേരിയയിലെ ബനിബൻ ഗ്രാമത്തിലെ ഹട്ടാലയിൽ സ്വന്തമായൊരു യൂണിറ്റ് തുടങ്ങി. 1997-ൽ സമീപത്തുള്ള ജാദൂർബേരിയയിൽ ഒരു വീട് പണിത് അങ്ങോട്ട് യൂണിറ്റ് മാറ്റി. അവിടെ, നിർമ്മാണവും, അസംസ്കൃതവസ്തുക്കളുടെ ലഭ്യതയും വില്പനയുടെ സംഘാടനവും എല്ലാം അദ്ദേഹം നോക്കുന്നു. തൂവലുകൾ തരം തിരിക്കുന്ന ജോലിയും ഏറ്റെടുക്കാറുണ്ട്.
2011-ലെ സെൻസസ് പ്രകാരം, ബനിബൻ, ജഗദീഷ്പുർ, ബൃന്ദാബൻപുർ, ഉത്തർ പിർപുർ,, ബനിബൻ എന്നീ പട്ടണങ്ങളിലെയും, ഹൌറ ജില്ലയിലെ ഉലുബേരിയ മുനിസിപ്പാലിറ്റി, ഔട്ട് ഗ്രോത്ത് പ്രദേശങ്ങളിലുമായി നിർമ്മിക്കുന്ന മൂന്ന് പ്രമുഖ ഉത്പന്നങ്ങളിലൊന്നാണ് ഷട്ടിൽകോക്കുകൾ.
2000-ന്റെ ആദ്യകാലത്ത്, ഉലുബേരിയയിൽ ഏകദേശം 100 യൂണിറ്റുകളുണ്ടായിരുന്നുവെങ്കിലും ഇന്ന് 50-ൽ കുറവുമാത്രമേ ബാക്കിയുള്ളു. അവയിൽ 10 എണ്ണത്തിൽ മാത്രമാണ് എന്റെ പണിശാലയിലെപ്പോലെ 10-12 തൊഴിലാളികളുള്ളത്”.
*****
നബ കുമാറിന്റെ പണിശാലയുടെ മുന്നിൽ സിമന്റ് ചെയ്ത ഒരു മുറ്റവും, കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ജലപമ്പും, ഒരു മണ്ണടുപ്പും, നിലത്തുറപ്പിച്ച രണ്ട് മൺപാത്രങ്ങളുമുണ്ട്. “ഷട്ടിലുണ്ടാക്കുന്നതിന്റെ ആദ്യപടിയായ തൂവൽ കഴുകുന്നതിനായി ഉണ്ടാക്കിയതാണ്”, അദ്ദേഹം പറയുന്നു.
അവിടെ പണിയിലേർപ്പെട്ടിരുന്ന രഞ്ജിത് മണ്ഡൽ എന്ന തൊഴിലാളി 10,000 താറാവ് തൂവലുകളുടെ ഒരു കെട്ട് തയ്യാറാക്കുകയായിരുന്നു. “തൂവൽ നൽകുന്നവർ വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ, മൂർഷിദാബാദ്, മാൾഡ, മധ്യ ബംഗാളിലെ ബീർഭും എന്നിവിടങ്ങളിലാണുള്ളത്. ലോക്കലായ ചില വ്യാപാരികളുമുണ്ട്, പക്ഷേ അവരുടെ നിരക്ക് വളരെ കൂടുതലാണ്” 32 വയസ്സുള്ള രഞ്ജിത്ത് പറഞ്ഞു. കഴിഞ്ഞ 15 കൊല്ലമായി പ്രൊഡക്ഷൻ സൂപ്പർവൈസറായി ജോലി ചെയ്യുകയാണ് അയാൾ.
തൂവലുകൾ 1,000-ത്തിന്റെ കെട്ടുകളായിട്ടാണ് വിൽക്കുന്നത്. അവയുടെ ഗുണനിലവാരമനുസരിച്ച് വിലയിലും വ്യത്യാസം വരും. “നല്ല തൂവലിന് ഇന്ന് 1,200 രൂപ വിലവരും. അതായത്, ഒരു തൂവലിന് 1രൂപ 20 പൈസ”, ഒരു മൺപാത്രത്തിലുള്ള ഇളംചൂടുള്ള വെള്ളത്തിലിട്ടുവെച്ചിരുന്ന കുറച്ച് തൂവലുകൾ കൈയ്യിലെടുത്ത് രഞ്ജിത്ത് പറയുന്നു.

ഷട്ടിൽകോക്ക് ഉണ്ടാക്കുന്നതിന്റെ ആദ്യഘട്ടമായി, താറാവിന്റെ തൂവലുകൾ കഴുകുന്ന രഞ്ജിത്ത് മണ്ഡൽ


ഇളംചൂടുള്ള സോപ്പുവെള്ളത്തിൽ തൂവലുകളുടെ കെട്ടുകൾ ഓരോന്നായി രഞ്ജിത്ത് ഉരച്ച് കഴുകുന്നു. ‘ഷട്ടിലിലെ തൂവലുകൾക്ക് നല്ല വെളുത്ത നിറം വേണം’, അയാൾ പറയുന്നു. കഴുകിയ തൂവലുകൾ ടെറസ്സിൽ, ഒരു കറുത്ത ചതുരത്തിലുള്ള ടർപോളിനിൽ പരത്തിയിടുന്നു. ഉണങ്ങിക്കഴിഞ്ഞാൽ, ഷട്ടിൽകോക്കുകളിൽ ഘടിപ്പിക്കാൻ അവ തയ്യാറാവും
ഒരു ഇടത്തരം വലിപ്പമുള്ള പാത്രത്തിൽ വെള്ളം നിറച്ച്, വിറകടുപ്പിൽ ചൂടാക്കി, അതിൽ സർഫ് എക്സർ അലക്കുപൊടി കലക്കുന്നു. “ഷട്ടിലിലെ തൂവലുകൾക്ക് നല്ല വെളുത്ത നിറം വേണം. ചൂടുള്ള സോപ്പ് വെള്ളത്തിൽ കഴുകിയാൽ എല്ലാ അഴുക്കും പോകും. കൂടുതൽ നേരം വെക്കാൻ പറ്റില്ല. കാരണം അത് അഴുകാൻ തുടങ്ങും”, അയാൾ വിശദീകരിച്ചു.
തൂവലുകൾ ഉരച്ച് വൃത്തിയാക്കിയതിനുശേഷം ഓരോ ബാച്ചും വൃത്തിയായി, അല്പം ചെരിച്ചുവെച്ച മുളങ്കൊട്ടയിൽ വെള്ളമൂർന്നുപോകാൻ വെച്ചു. അതിനുമുൻപും, അവയെ ഒരിക്കൽക്കൂടി കഴുകിയിരുന്നു. “കഴുകൽ പ്രക്രിയ പൂർത്തിയാവാൻതന്നെ രണ്ട് മണിക്കൂർ വേണം”, രഞ്ജിത്ത് പറയുന്നു. 10,000 തൂവലുകളുള്ള ആ കൊട്ട അയാൾ ടെറസ്സിലേക്ക് ഉണക്കാനായി കൊണ്ടുപോയി.
“താറാവ് കൃഷിക്കാരിൽനിന്നും, അറക്കാൻ കൊണ്ടുപോകുന്ന താറാവുകളിൽനിന്നുമാണ് തൂവലുകൾ കൂടുതലും വരുന്നത്. വീട്ടിൽ വളർത്തുന്ന താറാവുകളുടെ കൊഴിഞ്ഞുപോകുന്ന തൂവലുകൾ ശേഖരിച്ച്, വ്യാപാരികൾക്ക് വിൽക്കുന്ന വീട്ടുകാരുമുണ്ട്”, അയാൾ പറഞ്ഞു.
ടെറസ്സിൽ, ടാർപാളിൻ വിരിച്ച്, അത് പറന്നുപോകാതിരിക്കാൻ നാലുഭാഗത്തും ഇഷ്ടികവെച്ച് രഞ്ജിത്ത് ഭദ്രമാക്കി. തൂവലുകൾ അതിൽ പരത്തിയിട്ടുകൊണ്ട് അയാൾ കണക്കുകൂട്ടുന്നു, “ഇന്ന് നല്ല വെയിലുണ്ട്. തൂവലുകൾ ഒരുമണിക്കൂറിനകം ഉണങ്ങും. അതുകഴിഞ്ഞാൽ, അത് ബാഡ്മിന്റൺ ബാളുകളിൽ വെക്കാൻ തയ്യാറായിട്ടുണ്ടാവും”.
തൂവലുകൾ ഉണങ്ങിക്കഴിഞ്ഞാൽ, അവയോരോന്നും എടുത്ത് പരിശോധിക്കുന്നു. “ഞങ്ങളവയെ ഒന്നുമുതൽ ആറുവരെയുള്ള തരങ്ങളാക്കി തിരിക്കുന്നു. താറാവുകളുടെ ചിറകിനെ അടിസ്ഥാനമാക്കി- ഇടത്തേ ചിറകാണോ, വലത്തേ ചിറകാണോ – ആണ് അത് ചെയ്യുന്നത്. ഓരോ ചിറകിലെയും അഞ്ചോ ആറോ തൂവലുകൾ മാത്രമേ നമ്മുടെ ആവശ്യത്തിന് കിട്ടുകയുള്ളു”, രഞ്ജിത്ത് പറയുന്നു.
“ഒരു ഷട്ടിലിൽ 16 തൂവലുകളുണ്ടാവും. എല്ലാം ഒരേ ചിറകിൽനിന്നുള്ളവ. അവയ്ക്ക് ഒരേ ബലവും ചെരിവും വളവുമായിരിക്കണം”, നബ കുമാർ പറയുന്നു. “അല്ലെങ്കിൽ അവ കാറ്റത്ത് ആടും”.
“ഒരു സാധാരണക്കാരന് എല്ലാ തൂവലുകളും ഒരേപോലെയാണ് തോന്നുക. എന്നാൽ ഞങ്ങൾക്ക് തൊട്ടുകഴിഞ്ഞാൽത്തന്നെ വ്യത്യാസം അറിയാൻ പറ്റും”, അയാൾ കൂട്ടിച്ചേർത്തു.


ഇടത്ത്: ഒന്നുമുതൽ ആറുവരെയുള്ള തരങ്ങളായി തൂവലുകളെ ശങ്കർ ബേര തരം തിരിക്കുന്നു. ഒരു ഷട്ടിലിൽ 16 തൂവലുകളുണ്ടാവും. എല്ലാം ഒരേ ചിറകിൽനിന്നുള്ളവ. അവയ്ക്ക് ഒരേ ബലവും ചെരിവും വളവുമായിരിക്കണം. വലത്ത്: സഞ്ജീബ് ബോദക്ക് രണ്ട് ഷട്ടിലുകൾ കൈയ്യിൽ പിടിച്ചിരിക്കുന്നു. ഇടത്തേ കൈയ്യിലുള്ളത്, താറാവുകളുടെ ഇടത്തേ ചിറകിൽനിന്നുള്ളതാണ്. വലത്തേ കൈയ്യിലുള്ളത്, താറാവുകളുടെ വലത്തേ ചിറകിൽനിന്നുള്ളവയും
ഇവിടെയുണ്ടാക്കുന്ന ഷട്ടിൽകോക്കുകൾ കൂടുതലും കൊൽക്കൊത്തയിലെ പ്രാദേശിക ബാഡ്മിന്റൺ ക്ലബ്ബുകൾക്കും പശ്ചിമ ബംഗാൾ, മിസോറം, നാഗാലാൻഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ മൊത്തവ്യാപാരികൾക്കാൺ! വിറ്റുപോകുന്നത്. “ഉയർന്ന തലത്തിലുള്ള ബാഡ്മിന്റൺ കളികൾക്കുള്ള കമ്പോളം, ജാപ്പനീസ് കമ്പനിയായ യോനക് പിടിച്ചെടുത്തു. വാത്തകളുടെ തൂവലുകളാണ് അവർ ഉപയോഗിക്കുന്നത്. നമുക്ക് അവരുമായി മത്സരിച്ച് നിൽക്കാനാവില്ല”, നബ കുമാർ പറയുന്നു. “ഞങ്ങളുണ്ടാക്കുന്ന ഷട്ടിൽകോക്കുകൾ ചെറിയ കളികൾക്കും, തുടക്കക്കാർക്കും മാത്രം പറ്റുന്ന ഒന്നാണ്”.
ചൈന, ഹോങ് കോംഗ്, ജപ്പാൻ, സിംഗപ്പുർ, തായ്‌വാൻ, യു.കെ. എന്നിവിടങ്ങളിൽനിന്നും ഇന്ത്യ ഷട്ടിൽകോക്കുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. 2019 ഏപ്രിൽ മുതൽ 2021 മാർച്ചുവരെ 122 കോടി രൂപയുടെ ഷട്ടിൽകോക്കുകൾ ഇറക്കുമതി ചെയ്തു എന്നാണ് ഇന്ത്യൻ സർക്കാരിന്റെ ഡയറ്ക്ടറേറ്റ് ജനറൽ ഓഫ് കമ്മേഴ്സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഒരു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.”. തണുപ്പുകാലത്ത് ഈ കളി അധികവും അകത്തളങ്ങളിൽ നടക്കുന്നതിനാൽ, ആ കാലത്ത് ഇതിന്റെ ആവശ്യക്കാർ വർധിക്കും”, നബ കുമാർ പറയുന്നു. അദ്ദേഹത്തിന്റെ യൂണിറ്റിൽ, വർഷം മുഴുവൻ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും കാര്യമായ വർദ്ധന ഉണ്ടാകുന്നത് സെപ്റ്റംബർ മുതലാണ്.
*****
രണ്ട് മുറികളിലെ നിലത്ത് പായയിൽ ചമ്രം പടിഞ്ഞിരുന്ന് തൊഴിലാളികൾ കുനിഞ്ഞിരുന്ന് ജോലി ചെയ്യുന്നു. ഷട്ടിലായി മാറാനുള്ള വിവിധ ഘട്ടങ്ങളിലെത്തിയിട്ടുള്ള തൂവലുകൾ കാറ്റത്ത് പറക്കുമ്പോൾ മാത്രമാണ് അവരുടെ നോട്ടത്തിന്റെയും വിരലുകളുടേയും ശ്രദ്ധ മാറുന്നത്. =
ദിവസവും രാവിലെ, നബ കുമാറിന്റെ ഭര്യ, 51 വയസ്സുള്ള മൈത്തി, രാവിലത്തെ പൂജയ്ക്കിടയിൽ, ചവിട്ടുപടികളിറങ്ങി പണിശാലയിലെത്തും. നിശ്ശബ്ദമായി പ്രാർത്ഥിച്ച്, അവർ ചന്ദനത്തിരികൾ വീശി ഇരുമുറികളിലെയും വിവിധ സ്ഥലങ്ങളിലായി കുത്തിവെക്കുമ്പോൾ, പകലിന്റെ അന്തരീക്ഷത്തിൽ സുഗന്ധം വ്യാപിക്കും.
മുറിയിലാകട്ടെ, ഷട്ടിൽകോക്കുണ്ടാക്കുന്നതിന്റെ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി ഈ യൂണിറ്റിൽ ജോലിചെയ്യുന്ന 63 വയസ്സുള്ള ശങ്കർ ബേരയാണ് തുടക്കമിടുക. അദ്ദേഹം ഒരുസമയം ഒരു തൂവലെടുത്ത് മൂന്നിഞ്ച് കണക്കാക്കിവെച്ച കത്രികയിൽ വെക്കുന്നു. “ആറുമുതൽ പത്തിഞ്ചുവരെ വലിപ്പമുള്ള തൂവലുകൾ, ഒരേ വലിപ്പത്തിൽ, വെട്ടുകയാണ് ചെയ്യുക”, അദ്ദേഹം പറയുന്നു.


ഇടത്ത്: വൈദഗ്ദ്ധ്യം ആവശ്യമുള ജോലിയാണ് തൊഴിലാളികൾ ചെയ്യുന്നത്. വലത്ത്: ‘ആറുമുതൽ പത്തിഞ്ചുവരെ വലിപ്പമുള്ള തൂവലുകൾ, ഒരേ വലിപ്പത്തിൽ, വെട്ടുകയാണ് ചെയ്യുക‘, ശങ്കർ ബേര പറയുന്നു
“തൂവലിന്റെ തണ്ടിന്റെ നടുഭാഗമാണ് കൂടുതൽ ബലമുള്ളതും, ഒതുക്കേണ്ടതും. അത്തരത്തിലുള്ള 16 ഭാഗങ്ങൾ ചേർന്നാണ് ഒരു ഷട്ടിലുണ്ടാക്കുന്നത്”, അവ മുറിച്ച് കൂട്ടിവെച്ച്, ചെറിയ പ്ലാസ്റ്റിക്ക്കൂടകളിലാക്കി, രണ്ടാമത്തെ ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ നാല് തൊഴിലാളികളെ ഏൽപ്പിക്കുന്നു.
35 വയസ്സുള്ള പ്രഹ്ലാദ് പാൽ, 42 വയസ്സുള്ള മോണ്ടു പാർത്ഥ, 510 വയസ്സുള്ള ഭബാനി അധികാരി, 60 വയസ്സുള്ള ലിഖൻ മാഝി എന്നിവരാണ് മൂന്നിഞ്ച് വലിപ്പമുള്ള തൂവലുകളെ മുറിച്ച് ആകൃതിയിലാക്കുന്നത്. അവർ തൂവലുകൾ ഒരു മരത്തിന്റെ പാത്രത്തിലിട്ട്, തങ്ങളുടെ മടിയിൽ വെക്കുന്നു.
“തണ്ടിന്റെ താഴ്ഭാഗം മുഴുവൻ മുറിച്ചുമാറ്റി, മുകൾഭാഗം ഒരുവശത്ത് ചെരിച്ചും മറുവശത്ത് കുത്തനെയുമാക്കി വെട്ടുന്നു”, പ്രഹ്ലാദ് ഒരു കത്രികയെടുത്ത് കാണിച്ചുതരുന്നു. ഒരു തൂവൽ ആകൃതിയിലാക്കാൻ ആറ് സെക്കൻഡുമാത്രമാണ് അയാളെടുത്തത്. തൂവൽ മുറിക്കുന്നവരും ആകൃതിവരുത്തുന്നവരും സമ്പാദിക്കുന്നത്, 1,000 തൂവലുകൾക്ക് 155 രൂപവെച്ചാണ്. അതായത്, ഒരു ഷട്ടിൽകോക്കിന് 2.45 രൂപ എന്ന കണക്കിൽ.
“തൂവലുകൾക്ക് ഭാരമില്ലെങ്കിലും അതിന്റെ തണ്ടുകൾ ബലമുള്ളതും ഉറപ്പുള്ളതുമാണ്. 10-15 ദിവസം കൂടുമ്പോൾ കത്രികകൾ മൂർച്ചകൂട്ടാൻ കൊല്ലന്റെയടുത്ത് കൊണ്ടുപൊകേണ്ടിവരാറുണ്ട്”, നബ കുമാർ പറയുന്നു.


ഇടത്ത്: വെട്ടിയൊതുക്കിയ തൂവലുകൾ ആകൃതി വരുത്താൻ തൊഴിലാളികളെ ഏൽപ്പിക്കുന്നു. വലത്ത്: ഒരു ഇരുമ്പ് കത്രികകൊണ്ട് പ്രഹ്ലാദ് തൂവലുകൾക്ക് ആകൃതി നൽകുന്നു


തൂവലുകൾ വെട്ടിയൊതുക്കുന്ന മോണ്ടു പാർത്ഥ (ഇടത്ത്), ഭബാനി അധികാരി, ലിഖൻ മാഝി (വലത്ത്) എന്നിവരോടൊപ്പം
അതേസമയം 47 വയസ്സുള്ള സഞ്ജീബ് ബോദക് അർദ്ധഗോളാകൃതിയിലുള്ള കോർക്കിന്റെ കഷണത്തിൽ തുളകളുണ്ടാക്കുകയാണ്. ഉത്പാദന പ്രക്രിയയിൽ, കൈകൊണ്ട് ഉപയോഗിക്കുന്ന ഒരേയൊരു യന്ത്രമാണ് അദ്ദേഹത്തിന്റെ കൈയ്യിൽ. കൈകളുടെ അചഞ്ചലതയേയും കാഴ്ചയുടെ സൂക്ഷ്മതയേയും ആശ്രയിച്ച് അദ്ദേഹം കോർക്കിൽ തുല്യ അകലത്തിൽ 16 തുളകളുണ്ടാക്കുന്നു. തുളയ്ക്കുന്ന ഓരോ കോർക്കിനും 3.20 രൂപ അദ്ദേഹത്തിന് വരുമാനമായി കിട്ടും.
“രണ്ടുതരം കോർക്കുകളുണ്ട്. മീററ്റ്, ജലന്ധർ എന്നിവിടങ്ങളിൽനിന്ന് സിന്തറ്റിക്ക് കോർക്ക് ബേസുകൾ കിട്ടും. സ്വാഭാവികമായവ ചൈനയിൽനിന്നും”, സഞ്ജീബ് പറയുന്നു. “സ്വാഭാവിക കോർക്കുകൾ, നല്ലയിനം തൂവലുകൾക്കാണ് ഉപയോഗിക്കുക”, അയാൾ കൂട്ടിച്ചേർത്തു,. വിലയിൽത്തന്നെ അവയുടെ ഗുണനിലവാരത്തിന്റെ വ്യത്യാസം മനസ്സിലാക്കാം. “സിന്തറ്റിക്ക് കോർക്കുകൾക്ക് ഒരു രൂപയാണ് വില. സ്വാഭാവികമായ കോർക്ക് ബേസുകൾക് ഓരോന്നിനും അഞ്ചുരൂപ വില വരും”, സഞ്ജീബ് പറയുന്നു.
കോർക്ക് ബേസുകൾ തുളച്ചുകഴിഞ്ഞാൽ, ആകൃതി വരുത്തിയ തൂവലുകളോടൊപ്പം, പണിശാലയിലെ മുതിർന്ന വിദഗ്ദ്ധ തൊഴിലാളികൾക്ക് കൊടുക്കുന്നു. 52 വയസ്സുള്ള തപസ് പണ്ഡിറ്റ്, 60 വയസ്സുള്ള ശ്യാംസുന്ദർ ഘൊരോയി എന്നിവർക്ക്. ആകൃതി വരുത്തിയ തൂവലുകൾ കോർക്കിലെ തുളകളിൽ ഘടിപ്പിക്കുന്ന പ്രധാനപ്പെട്ട ജോലി ചെയ്യുന്നത് അവരാണ്.
ഓരോ തൂവലും പിടിച്ച്, അതിന്റെ അടിവശം, സ്വാഭാവികമായ പശയോടൊപ്പം ഓരോരോ തുളകളിലായി അവർ കുത്തിവെക്കുന്നു. “തൂവൽപ്പണിയിലെ ഓരോ ജോലിയും ശാസ്ത്രീയമാണ്. ഏതെങ്കിലും ഒരു ജോലി, ഏതെങ്കിലും ഘട്ടത്തിൽ തെറ്റിപ്പോയാൽ, അതിന്റെ വേഗതയേയും കറക്കത്തേയും ഷട്ടിൽ പോകുന്ന ദിശയേയും പ്രതികൂലമായി ബാധിക്കും”, നബ കുമാർ വിശദീകരിക്കുന്നു.
“തൂവലുകൾ ഒരു പ്രത്യേക കോണിൽ, ഒരേപോലെ ഒന്നിനുമുകളിലൊന്നായി വരണം. ഇത് ഒരു ‘ഷോണ്ണ’ (കവണ) ഉപയോഗിച്ചാണ് ചെയ്യുക”, കഴിഞ്ഞ 30 കൊല്ലമായി ആർജ്ജിച്ചെടുത്ത വൈദഗ്ദ്ധ്യം പ്രദർശിപ്പിച്ചുകൊണ്ട് തപസ് പറയുന്നു. എത്ര ഷട്ടിൽ ബാരലുകൾ നിറയ്ക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് അദ്ദേഹത്തിനും ശ്യാംസുന്ദറിനും വേതനം ലഭിക്കുന്നത്. ഒരു ബാരലിൽ 10 എണ്ണമുണ്ടാകും. ഒരു ബാരലിന് 15 രൂപവെച്ച് അവർക്ക് കിട്ടും.


ഇടത്ത്: ഉത്പാദന പ്രക്രിയയിൽ, കൈകൊണ്ട് ഉപയോഗിക്കുന്ന ഒരേയൊരു യന്ത്രമാണ് ഡ്രിൽ. കോർക്ക് ബേസിൽ 16 തുളകളുണ്ടാക്കാനാണ് സഞ്ജീബ് അത് ഉപയോഗിക്കുന്നത്. വലത്ത്: വെളുത്ത കോർക്ക് ബേസുകൾ സിന്തറ്റിക്കുകൊണ്ടുള്ളതാണ്. അല്പം തവിട്ടുനിറമുള്ളത് സ്വാഭാവികമായ കോർക്ക് ബേസുകളും


ഓരോ തൂവലും പിടിച്ച്, അതിന്റെ അടിവശം, സ്വാഭാവികമായ പശയോടൊപ്പം ഓരോരോ തുളകളിലായി തപസ് പണ്ഡിറ്റ് കുത്തിനിർത്തുന്നു. ഒരു ചവണ ഉപയോഗിച്ച്, ഓരോ തൂവലും, ഒന്നൊന്നായി തുളകളിൽ, ഒന്നിനുമുകളിലൊന്നായി വരുന്നവണ്ണമാണ് വെക്കുന്നത്
തൂവലുകൾ കോർക്കിൽ പിടിപ്പിച്ചുകഴിഞ്ഞാൽ ഒരു ഷട്ടിലിന്റെ പ്രാഥമികരൂപം വരുന്നു. പിന്നീട് ആ ഷട്ടിലുകൾ 42 വയസ്സുള്ള തരാഖ് കോയലിന് കൈമാറുന്നു. നൂലുകൊണ്ടുള്ള ആദ്യത്തെ കെട്ട് കെട്ടാൻ. “ഈ നൂലുകൾ പ്രാദേശികമായി മേടിച്ചവയാണ്. പരുത്തി കലർന്ന നൂലുകൾ കൂടുതൽ ബലമുള്ളതായിരിക്കും”, 10 ഇഞ്ച് നീളമുള്ള നൂൽ അറ്റം കെട്ടി ഒരു കൈയ്യിലും, മറുകൈയ്യിൽ, തൂവലുകൾ പിടിപ്പിച്ച കോർക്കുമായി തരാഖ് പറയുന്നു.
16 തൂവലുകളേയും കൂട്ടിക്കെട്ടാൻ അദ്ദേഹം 35 സെക്കൻഡുകളെടുക്കുന്നു. “തൂവലിന്റെ തണ്ടുകളെ കൂട്ടിക്കെട്ടാനും, തണ്ടുകൾക്കിടയിൽ ഇരട്ട കെട്ടുകളിട്ട് മുറുക്കാനുമാണ് നൂലുപയോഗിക്കുന്നത്”, അദ്ദേഹം വിശദീകരിച്ചു.
കണങ്കൈ അതിവേഗതയിൽ ചലിക്കുന്നതുകാരണം ആ ജോലി ഒരു മിന്നായംപോലെ മാത്രമേ കാണാൻ കഴിയൂ. അവസാനത്തെ കെട്ടും കഴിഞ്ഞ്, ബാക്കിവരുന്ന നൂൽ കത്രികകൊണ്ട് വെട്ടിക്കളയുമ്പോഴാണ് ഷട്ടിൽകോക്കിലെ 16 കെട്ടുകളും 32 കുടുക്കുകളും കാണാൻ കഴിയുക. 10 ഷട്ടിലുകൾ കെട്ടുന്നതിന് 11 രൂപയാണ് അദ്ദേഹത്തിന്റെ വേതനം.
50 വയസ്സുള്ള പ്രബാഷ് ശ്യാഷ്മാൽ, അവസാനമായി ഒരുവട്ടംകൂടി, ഓരോ ഷട്ടിൽകോക്കുകളും പരിശോധിച്ച്, തൂവലുകൾ കൃത്യമായി വെച്ചിട്ടില്ലേ, നൂലുകൾ യഥാസ്ഥാനത്തില്ലേ എന്നും മറ്റും ഉറപ്പുവരുത്തുന്നു. ആവശ്യമുള്ള സ്ഥലങ്ങളിൽ മാറ്റങ്ങൾ വരുത്തി, അയാൾ ഷട്ടിൽ ബാരലുകൾ നിറച്ച്, വീണ്ടും സഞ്ജീബിന് കൈമാറുന്നു. സഞ്ജീബാകട്ടെ, സിന്തറ്റിക്ക് റെസിന്റെയും കട്ടിയാക്കാനുള്ള ഒരു ദ്രവ്യത്തിന്റെയും ചേരുവ തൂവൽത്തണ്ടുകളിലും നൂലിലും പുരട്ടുന്നു.


ഇടത്ത്: തൂവലുകൾ കോർക്കിൽ പിടിപ്പിച്ചുകഴിഞ്ഞാൽ ഒരു ഷട്ടിലിന്റെ പ്രാഥമികരൂപം വരുന്നു. പിന്നീട് തരാഖ് കോയൽ ഒന്നിനുമുകളിലൊന്നായി വെച്ച തൂവലിലുകളുടെ തണ്ടുകളെ കൂട്ടിക്കെട്ടുകയും, തണ്ടുകൾക്കിടയിൽ ഇരട്ട കെട്ടുകളിട്ട് മുറുക്കുകയും ചെയ്യുന്നു. വലത്ത്: പ്രബാഷ് ശ്യാഷ്മാൽ ഓരോ ഷട്ടിൽകോക്കുകളുടേയും തൂവലുകളുടെയും പൊരുത്തവും നൂലുകളുടെ കെട്ടും വീണ്ടും പരിശോധിക്കുന്നു

ഓരോ ഷട്ടിലിന്റെയും കോർക്കുകളുടെ അറ്റത്ത്, സഞ്ജീബ് ബ്രാൻഡിന്റെ പേര് ഒട്ടിക്കുന്നു
ഉണങ്ങിക്കഴിഞ്ഞാൽ, ഷട്ടിലുകൾ, അവസാനഘട്ടമായ ബ്രാൻഡ് ഒട്ടിക്കലിന് തയ്യാറാവും. “കോർക്കിന്റെ അറ്റത്ത്, 2.5 ഇഞ്ച് നീളമുള്ള ഒരു നീലവര വരച്ച്, കോർക്കിന്റെ അടിയിൽ, വട്ടത്തിലുള്ള ഒരു സ്റ്റിക്കറൊട്ടിക്കുന്നു”, സഞ്ജീബ് പറയുന്നു. “ശേഷം, ഓരോ ഷട്ടിൽകോക്കുകളും വെവ്വേറെ ഭാരം നോക്കി, ഒരേപോലെ ബാരലുകളിലാക്കുന്നു”.
*****
“സൈന നെഹ്‌വാലിൽനിന്നും പി.വി.സിന്ധുവിൽനിന്നും നമുക്ക് മൂന്ന് ഒളിമ്പിക്ക് മെഡലുകൾ കിട്ടി. ബാഡ്മിന്റണിന് പ്രചാരമേറുകയാണ്”, 2023 ഓഗസ്റ്റിൽ കണ്ടപ്പോൾ നബ കുമാർ പാരിയോട് പറഞ്ഞു. “എന്നാൽ, ഉലുബേരിയയിൽ, ചെറുപ്പക്കാർ ഈ തൊഴിൽ പഠിച്ചാലും, കളിക്കാരുടേതുപോലെ ഭാവി സുരക്ഷിതമാകുമെന്ന് ഒരു ഉറപ്പുമില്ല”.
പശ്ചിമ ബംഗാൾ സർക്കാരിന്റെ മൈക്രോ, സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡയറ്ക്ടറേറ്റ്, ഉലുബേരിയ മുനിസിപ്പാലിറ്റിയെ ഷട്ടിൽകോക്ക് നിർമ്മാണ ക്ലസ്റ്ററായി പട്ടികപ്പെടുത്തിയിട്ടുണ്ട്. “എന്നാൽ, അത് ആളുകളുറ്റെ കണ്ണിൽ പൊടിയിടാൻ മാത്രമാണ് ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഞങ്ങൽതന്നെ വേണം”, നബ കുമാർ പറയുന്നു.
2020 ജനുവരിയിൽ ഈ തൂവൽ ഷട്ടിൽ വ്യവസായത്തിന് ഒരു വലിയ പ്രഹരം കിട്ടി. ബാഡ്മിന്റർ വേൾഡ് ഫെഡറേഷൻ എന്ന അന്താരാഷ്ട്ര ഭരണസമിതി കളിയുടെ എല്ലാ തലത്തിലും സിന്തറ്റിക്ക് തൂവൽ ഷട്ടിലുകളുടെ ഉപയോഗം അംഗീകരിച്ചു . ഏറെക്കാലം നിലനിൽക്കുന്നതും, ‘സാമ്പത്തികവും പാരിസ്ഥിതികവുമായ മുൻതൂക്കമുള്ളതും’, ‘ദീർഘകാല നിലനിൽപ്പ്’ ഉള്ളതുമാണ് അവ എന്നായിരുന്നു അവരുടെ വാദം. തത്ഫലമായി, ബാഡ്മിന്റൺ നിയമ ങ്ങളുടെ 2.1 ഭാഗത്തിന്റെ ഔദ്യോഗിക ഭാഗമായി മാറിയ ആ അംഗീകാരം, “ഷട്ടിലുകൾ സ്വാഭാവികമോ / സിന്തറ്റിക്കോ ആയി നിർമ്മിക്കാം” എന്ന് എഴുതിച്ചേർത്തു.


ഇടത്ത്: രഞ്ജിത്തും സഞ്ജീബും ഷട്ടിൽ ബാരലുകളിൽ ബ്രാൻഡ് പേരുകൾ ഒട്ടിക്കുന്നു. വലത്ത്: ഷട്ടിലുകൾ തൂക്കം നോക്കി, ഓരോ ബാരലിലും 10 ഷട്ടിൽകോക്കുകൾ രഞ്ജിത്ത് നിറയ്ക്കുന്നു
“പ്ലാസ്റ്റിക്കിനും നൈലോണിനും തൂവലുകളുമായി മത്സരിക്കാനാവുമോ? ഇനി കളിക്ക് എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. എന്നാൽ ഈ തീരുമാനം ആഗോളമായി നടപ്പാക്കിയാൽ ഞങ്ങളെങ്ങിനെ ജീവിക്കുമെന്നാണ് നിങ്ങൾ പറയുന്നത്? സിന്തറ്റിക്ക് ഷട്ടിലുകളുണ്ടാക്കാനുള്ള ശേഷിയോ സാങ്കേതികവിദ്യയോ ഞങ്ങൾക്കില്ല”, നബ കുമാർ പറയുന്നു.
“ഇന്ന്, തൊഴിലാളികളിലധികവും 30 വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ള മധ്യവയസ്കരോ മുതിർന്നവരോ ആണ്. അടുത്ത തലമുറ ഈ തൊഴിലിനെ ഒരു ഉപജീവനമാർഗ്ഗമായി കാണുന്നില്ല”, അദ്ദേഹം പറയുന്നു. പരിതാപകരമായ കുറഞ്ഞ വേതനവും വൈദഗ്ദ്ധ്യമാവശ്യമുള്ള ഈ തൂവൽപ്പണി പഠിക്കാനെടുക്കുന്ന നീണ്ട മണിക്കൂറുകളും പുതിയ തലമുറയെ ഇതിൽനിന്ന് അകറ്റുകയാണ്.
“സർക്കാർ ഇടപെട്ട്, ഗുണമേന്മയുള്ള തൂവലുകളുടെ ലഭ്യത ഉറപ്പാക്കുകയും, തൂവലുകളുടെ വില നിജപ്പെടുത്തുകയും പുതിയ യന്ത്ര സാങ്കേതികവിദ്യ നൽകുകയും ചെയ്തില്ലെങ്കിൽ, ഈ വ്യവസായം പൂർണ്ണമായും അപ്രത്യക്ഷമാവാൻ അധികസമയം വേണ്ടിവരില്ല”, നബ കുമാർ പറയുന്നു.
ഈ കഥ ചെയ്യാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുതന്നതിന് അദൃശ്യ് മൈത്തിക്ക് റിപ്പോർട്ടർ നന്ദി പറയുന്നു.
മൃണാളിനി മുഖർജി ഫൌണ്ടേഷന്റെ (എം.എം.എഫ്) ഫെല്ലോഷിപ്പിന്റെ പിന്തുണയോടെ ചെയ്ത റിപ്പോർട്ടാണ് ഇത്.
പരിഭാഷ: രാജീവ് ചേലനാട്ട്