ഇത് 2023 സെപ്റ്റംബർ മാസം. പശ്ചിമഘട്ടത്തിലെ പൂക്കാലത്തിന്റെ മാസം, ‘പൂക്കളുടെ താഴ്വര’യിലാണ് ഞങ്ങളിപ്പോൾ. ജൈവവൈവിധ്യം കാരണമാകാം, ഇവിടെ, പിങ്ക്, പർപ്പിൾ പൂക്കളുടെ വിവിധയിനങ്ങൾ എല്ലാ വർഷവും പൂക്കുന്നു.
എന്നാൽ വർഷങ്ങൾക്കിപ്പുറം, വിടർന്ന പുഷ്പങ്ങൾക്ക് പകരം, ചവിട്ടിയരയ്ക്കപ്പെട്ട പൂക്കളാണ് ചുറ്റും കിടക്കുന്നത്.
1,200 മീറ്റർ ഉയരത്തിലുള്ള കാസ് പീഠഭൂമിക്ക്, 2012-ൽ യുണെസ്കോയുടെ ലോക പൈതൃക ഇടത്തിൽ സ്ഥാനം ലഭിച്ചു. അതിനുശേഷം ഇത് മഹാരാഷ്ട്രയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായി മാറി. പ്രത്യേകിച്ചും, പൂക്കൾ വിരിയുന്ന ഓഗസ്റ്റ് മുതൽ ഒക്ടോബർവരെയുള്ള കാലത്ത്. പ്രശ്നത്തിന്റെ കാതലും അവിടെയാണ്.
“ഇവിടെ ആരും വരാറുണ്ടായിരുന്നില്ല. ഞങ്ങൾക്ക് കാസ് എന്നത് വെറുമൊരു കുന്ന് മാത്രമായിരുന്നു. ഇവിടെ ഞങ്ങൾ കന്നുകാലികളേയും ആടുകളേയും മേയ്ക്കാൻ കൊണ്ടുവരും”, സുലബായി ബദപുരി പറയുന്നു. “എന്നാലിപ്പോൾ ആളുകൾ പൂക്കൾ ചവിട്ടിമെതിച്ച് നടക്കും, ഫോട്ടോ എടുക്കും, ചെടികൾ വേരോടെ പറിക്കും”, ആളുകളുടെ ഈ അലംഭാവത്തെക്കുറിച്ച് രോഷത്തോടെ അവർ പറയുന്നു. “ഇതൊരു ഉദ്യാനമല്ല. പാറപ്രദേശത്താണ് ഈ ചെടികൾ വളരുന്നത്”.
1,600 ഹെക്ടർ വിസ്തീർണ്ണമുള്ള പാറപ്പുറമാണ് സത്താറ ജില്ലയിലെ സത്താറ താലൂക്കിലെ കാസിലുള്ള പീഠഭൂമി. കാസ് പത്തർ എന്നും അത് അറിയപ്പെടുന്നു.


കാസ് പീഠഭൂമിയിൽ, കാസ് ഫോറസ്റ്റ് മാനേജുമെന്റിന്റെ കീഴിൽ കാവൽക്കാരായും മാലിന്യശേഖരണക്കാരായും പ്രവേശനകവാടക്കാരായും ഗൈഡുകളായും ജോലി ചെയ്യുന്ന 30 പേരിൽ ഒരാളാണ് സുലബായി ബദപുരി (ഇടത്ത്). പൂക്കൾ വിരിയുന്ന കാലത്ത്, ദിവസവും ശരാശരി 2,000 വിനോദസഞ്ചാരികൾ (വലത്ത്) ഇവിടെയെത്തുന്നുണ്ട്


കാസ് പീഠഭൂമിക്ക്, 2012-ൽ യുണെസ്കോയുടെ ലോക പൈതൃക ഇടത്തിൽ സ്ഥാനം ലഭിച്ചു. അതിനുശേഷം ഇത് മഹാരാഷ്ട്രയിലെ, പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായി മാറി. പ്രത്യേകിച്ചും, ഓഗസ്റ്റ് മുതൽ ഒക്ടോബർവരെയുള്ള കാലത്ത്
“നിയന്ത്രിക്കാൻ പറ്റാത്ത തിരക്കായി”, രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പീഠഭൂമി സൂക്ഷിക്കുന്ന ഗാർഡായി ജോലി ചെയ്യുന്ന സുലബായി പറയുന്നു. പ്രകൃതിസംരക്ഷണത്തിനായി രൂപവത്കരിച്ച കാസ് ഫോറസ്റ്റ് മാനേജുമെന്റിന്റെ കീഴിൽ കാവൽക്കാരായും മാലിന്യശേഖരണക്കാരായും പ്രവേശനകവാടക്കാരായും ഗൈഡുകളായും ജോലി ചെയ്യുന്ന 30 പേരിൽ ഒരാളാണ് അവർ.
സത്താറയിലെ ജോയന്റ് മാനേജുമെന്റ് ഫോറസ്റ്റ് കമ്മിറ്റിയുടെ കണക്കുപ്രകാരം, പൂക്കാലങ്ങളിൽ, പ്രതിദിനം, ശരാശരി 2,000 സഞ്ചാരികളുടെ പാദപതനം ഉണ്ടാവാറുണ്ട് ഇവിടെ. “ഹേ മാഡം, ദയവായി പൂക്കളുടെ മേൽ ചവിട്ടരുത്. വളരെ മാർദ്ദവമുള്ള പൂക്കളാണ്.. ഒക്ടോബറിൽ ഇവ നശിക്കുകയും ചെയ്യും”, എന്ന് സുലബായി അഭ്യർത്ഥിക്കുമ്പോൾ മാത്രം, സന്ദർശകർ നടത്തമൊന്ന് മന്ദഗതിയിലാക്കി, ഒരു ചെറിയ ക്ഷമാപണവും പറഞ്ഞ്, ഫോട്ടോയെടുപ്പുമായി പിന്നെയും മുന്നോട്ട് പോകും.
പുഷ്പിക്കുന്ന കാലത്ത്, 850 ഇനം സസ്യവർഗ്ഗങ്ങളെ ഈ പീഠഭൂമിയിൽ കാണാം. അവയിൽ 624 എണ്ണവും റെഡ് ഡേറ്റ ബുക്കിൽ പട്ടികപ്പെടുത്തി യവയാണ്. വംശനാശഭീഷണി നേരിടുന്ന ഇനങ്ങളെ പട്ടികപ്പെടുത്തിയ പുസ്തകമാണത്. ഇവയിൽ 39 എണ്ണം കാസ് മേഖലയുടെ തനത് ഇനങ്ങളാണ്. 400-ഓളം ഔഷധസസ്യങ്ങൾ ഇവിടെ വളരുന്നു. “ഈ ചെടികളെ അറിയുന്നവരും ഇവയിലേതെല്ലാം മുട്ടുവേദന, പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾക്ക് ഫലപ്രദമാണെന്നും നന്നായി അറിയുന്ന പ്രായമായ ആളുകളുണ്ടായിരുന്നു. എല്ലാവർക്കും അതിനെക്കുറിച്ച് അറിയില്ല”, അടുഹ്തുള്ള വൻജോൽവാഡി ഗ്രാമത്തിലെ 62 വയസ്സുള്ള കർഷകൻ ലക്ഷ്മൺ ഷിൻഡെ പറയുന്നു.
ചെടികൾക്ക് പുറമേ, തവളകളുടെ ഒരു പ്രത്യേക ഇനമടക്കം 139 ഇനം ഉഭയജീവികളുടേയും ഗൃഹമാണ് കാസ് എന്ന് ഈ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെയുള്ള സസ്തനികളും, ഇഴജീവികളും പ്രാണികളും പരിസ്ഥിതിയെ സജീവമാക്കി നിർത്തുന്നു.
വലിയ രീതിയിലുള്ള വിനോദസഞ്ചാരം കാസിന്റെ പരിസ്ഥിതിയെ എങ്ങിനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് അഞ്ചുവർഷത്തിലേറെയായി പഠിച്ച, പുണെ ആസ്ഥാനമായ സ്വതന്ത്ര ഗവേഷകയാണ് പ്രേരണ അഗർവാൾ. “ആൾക്കൂട്ടം, ചവിട്ടിമെതിക്കൽ പോലുള്ള ബാഹ്യമായ ഭീഷണികളോട് വൈകാരികമായി പ്രതികരിക്കുന്നവയാണ് ഇവിടെയുള്ള ഈ തനത് സസ്യയിനങ്ങൾ. പർപ്പിൾ ബ്ലാഡർവോർട്ട് ( ഉട്രിക്കുലേറിയ പുർപുരസ്കേൻ ) പോലുള്ള പൂക്കൾ വേഗം നശിക്കും. മലബാർ ഹില്ല് ബോറേജ് എന്ന ഇനവും ( അഡെലോകാര്യും മലബാറിക്കം ) ക്ഷയിച്ചിട്ടുണ്ട്”, അവർ പറയുന്നു.


കടുംചുവപ്പ് നിറമുള്ള ബ്ലാഡർവോർട്ടും (ഇടത്ത്) വിരുദ്ധദിശയിലുള്ള ഇലകളുള്ള ബൽസാമും (വലത്ത്) ഈ താഴ്വരയിലെ തനത് സസ്യയിനങ്ങളാണ്. ആൾത്തിരക്ക്, ചവുട്ടിമെതിക്കൽ തുടങ്ങിയ ബാഹ്യഭീഷണിയോട് വൈകാരികമായി പ്രതികരിക്കുന്ന ഇനം സസ്യങ്ങളാണത്
![The local jangli halad [Hitchenia caulina] found on the plateau is effective for knee and joint aches.](/media/images/05a-IMG_20230928_091734-JS-It_is_not_a_Kaa.max-1400x1120.jpg)

പീഠഭൂമിയിൽ ലഭിക്കുന്ന, പ്രാദേശികമായി ജംഗ്ലിഹലാദ് (ഹിച്ചനിയാകൌലിന) എന്ന് പേരുള്ള സസ്യം, കാൽമുട്ടിന്റേയും സന്ധികളുടേയും വേദനയ്ക്ക് ഫലപ്രദമായ മരുന്നാണ്. ഈ പരിസ്ഥിതിയെ സഹായിക്കുന്ന നിരവധി പക്ഷികളും സസ്തനികളുമുണ്ട്. അവയിലൊന്നാണ് മലബാർ ക്രെസ്റ്റഡ് ലാർക്ക് (മലബാർ വാനമ്പാടി) (വലത്ത്)
വിരോധാഭാസമെന്ന് പറയാം, ഈ വിനോദസഞ്ചാരമാണ് ഓഗസ്റ്റ് മുതൽ ഒക്ടോബർവരെയുള്ള കാലത്ത്, സമീപഗ്രാമങ്ങളിലെ ആളുകൾക്ക് താത്ക്കാലികമായ ജോലിസാധ്യതകൾ നൽകുന്നത്. “എനിക്ക് ദിവസത്തിൽ 300 രൂപവെച്ച് കിട്ടും. പാടത്തെ പണിയേക്കാൾ മെച്ചമാണ്”, സുലാബായി പറയുന്നു. കസനി, എകിവ്, അതാലി ഗ്രാമങ്ങളിൽ ദിവസക്കൂലിക്ക് പോയാൽ പ്രതിദിനം കിട്ടുന്ന 150 രൂപയുമായി ഈ ജോലിയെ താരതമ്യം ചെയ്യുകയായിരുന്നു അവർ.
വർഷത്തിലെ ബാക്കിയുള്ള കാലത്ത്, കുടുംബത്തിന്റെ ഒരേക്കർ പാടത്ത് അവർ മഴവെള്ളംകൊണ്ട് ജലസേചനം ചെയ്ത്, നെല്ല് കൃഷി ചെയ്യുന്നു. “കൃഷിയല്ലാതെ മറ്റ് ജോലികൾ അധികമില്ല. ഈ മൂന്ന് മാസം നല്ല വരുമാനം കിട്ടും”, കാസിൽനിന്ന് നാല് കിലോമീറ്റർ അകലെയുള്ള കസാനി ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്. ജോലിസ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കും “ഒരു മണിക്കൂറെടുത്ത്” കാൽനടയായിട്ടാണ് അവരുടെ യാത്ര.
എല്ലാ വർഷവും പീഠഭൂമിയിൽ നല്ല തോതിൽ മഴ ലഭിക്കാറുണ്ട്. 2,000-2,500 മില്ലിമീറ്റർ. മഴക്കാലത്ത്, പാറപ്പുറത്തുള്ള ദുർലഭമായ മണ്ണ് സവിശേഷമായ സസ്യജാലങ്ങളേയും നാടൻ ചെടിയിനങ്ങളേയും മുളപ്പിക്കുന്നു. “കാസിലെ ലാറ്ററൈറ്റ് പാറ, ഒരു സ്പോഞ്ചുപോലെ അതിന്റെ സുഷിരങ്ങളിൽ വെള്ളത്തെ സൂക്ഷിച്ചുവെച്ച്, സമീപത്തുള്ള അരുവികളിലേക്ക് അല്പാല്പമായി ഒഴുക്കിവിടുന്നു”, ഡോ. അപർണ വാട്‌വെ പറയുന്നു. പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രകൃതിസംരക്ഷകയും സസ്യശാസ്ത്രജ്ഞയുമാണ് അവർ. “ഈ പീഠഭൂമിയിലുണ്ടാവുന്ന ഏതുതരം നാശവും, ഈ പ്രദേശത്തെ ജലസമ്പത്തിനെ തകരാറിലാക്കും” എന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
മഹാരാഷ്ട്രയുടെ വടക്കുള്ള പശ്ചിമഘട്ടത്തിലേയും കൊങ്കണിലേയും 67 പീഠഭൂമികളിൽ പോയി പഠനം നടത്തിയിട്ടുണ്ട് ഡോ. വാട്‌വെ. “ഇത് (കാസ്) വളരെ പരിസ്ഥിതിലോലമായ പ്രദേശമാണ്. വലിയ രീതിയിലുള്ള അടിസ്ഥാനസൌകര്യ പ്രവർത്തനങ്ങൾ പരിസ്ഥിതിയുടെ പ്രവർത്തനത്തെ തകരാറിലാക്കും”, പീഠഭൂമിയുടെ 15 ചതുരശ്ര കിലോമീറ്ററിൽ സജീവമായിരിക്കുന്ന വിനോദസഞ്ചാരവ്യവസായത്തേയും, അതിനോടനുബന്ധിച്ചുള്ള തിരക്കിനേയും, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവയേയും ഉദ്ദേശിച്ച് അവർ പറയുന്നു.


1,600 ഹെക്ടർ വരുന്ന ഈ പാറപ്രദേശം 850 ഇനം ചെടികൾക്ക് അഭയസ്ഥാനമാണ്. ‘കാസിലെ ലാറ്ററൈറ്റ് പാറ, ഒരു സ്പോഞ്ചുപോലെ അതിന്റെ സുഷിരങ്ങളിൽ വെള്ളത്തെ സൂക്ഷിച്ചുവെച്ച്, സമീപത്തുള്ള അരുവികളിലേക്ക് അല്പാല്പമായി ഒഴുക്കിവിടുന്നു, ഡോ. വാട്‌വെ വിശദീകരിക്കുന്നു. വലിയ രീതിയിലുള്ള അടിസ്ഥാനസൌകര്യ പ്രവർത്തനങ്ങൾ ഈ പ്രദേശത്തെ ജലസമ്പത്തിനെ തകരാറിലാക്കും


പൂക്കാലത്ത്, കാസിൽ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക്കും മറ്റ് പുനരുപയോഗ മാലിന്യങ്ങളും വനജോൽവാഡിയിലെ ലക്ഷ്മൺ ഷിൻഡെ (ഇടത്ത്) ശേഖരിക്കുന്നു. വിരോധാഭാസമെന്ന് പറയാം, ഈ വിനോദസഞ്ചാരമാണ് ഓഗസ്റ്റ് മുതൽ ഒക്ടോബർവരെയുള്ള കാലത്ത്, ലക്ഷ്മണിനേയും സുലാബായിയേയുംപോലുള്ള (വലത്ത്) സമീപഗ്രാമങ്ങളിലെ ആളുകൾക്ക് താത്ക്കാലികമായ ജോലിസാധ്യതകൾ നൽകുന്നത്
മനുഷ്യസമീപ്യംകൊണ്ട് ഇവിടെയുള്ള പൂക്കളും പ്രാണികളുമൊക്കെ അപ്രത്യക്ഷമായിത്തുടങ്ങിയതോടെ, ഈ മേഖലയിലെ സസ്തനികൾക്കും ഇഴജന്തുക്കൾക്കും മറ്റ് പ്രാണിവർഗ്ഗങ്ങൾക്കും ഭക്ഷണത്തിന് ദൌർല്ലഭ്യം നേരിടാൻ തുടങ്ങിയിരിക്കുന്നു. ജന്തുവർഗ്ഗങ്ങളെ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. കാരണം, അവയ്ക്ക് ചലിക്കാൻ ഇടമില്ലാതായിരിക്കുന്നു. മറ്റെവിടെയും അവയ്ക്ക് ജീവിക്കാനുമാവില്ല. ഇത്തരം ആവാസവ്യവസ്ഥകളെ മലിനമാക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ അവയ്ക്ക് വേറെയൊരിടത്തേക്കും പോകാനില്ല. അതോടെ അവ ഇല്ലാതാകും”, ശാസ്ത്രജ്ഞനായ സമീർ പഥ്യെ പറയുന്നു. പ്രാണികളും പൂക്കളും അപ്രത്യക്ഷമായാൽ, ചെടികൾ പുഷ്പിക്കാതാവും. മുഴുവൻ ജൈവവ്യവസ്ഥിതിയേയും അത് തകരാറിലാക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, തനത് ജീവിവർഗ്ഗങ്ങൾക്കുണ്ടാവുന്ന നാശം, പരാഗണത്തെയും, പീഠഭൂമിയുടെ അതിരുകളിലെ ഗ്രാമങ്ങളുടെ ജലസ്രോതസ്സുകളെയും ഒരുപോലെ ബാധിക്കുമെന്നും പഥ്യെ പറയുന്നു.
ലക്ഷ്മൺ ഞങ്ങൾക്ക് ജംഗ്ലിഹലാദ് (ഹിച്ചെനിയാകൌലിന) ചെടി കാണിച്ചുതന്നു. കാൽമുട്ടിന്റെയും സന്ധികളുടേയും വേദനയ്ക്ക് ഫലപ്രദമാണ് അത്. നാല് ദശാബ്ദങ്ങൾക്കുമുമ്പത്തെ കാലം ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. “അന്നത്തെ കാലത്ത്, (കാസിലെ) പൂക്കൾ തിങ്ങി വളരുമായിരുന്നു”, പൂവിടൽ കാലത്ത്, അദ്ദേഹം കാസിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകളും പുനരുപയോഗിക്കാൻ പറ്റുന്ന മാലിന്യങ്ങളും ശേഖരിച്ച്, പ്രതിദിനം 300 രൂപ സമ്പാദിക്കുന്നു. വർഷത്തിൽ ബാക്കിയുള്ള കാലം, തന്റെ രണ്ടേക്കർ സ്ഥലത്ത് നെല്ല് കൃഷി ചെയ്യുന്നു.
“ഞങ്ങൾ ജനിച്ചത് ഇവിടെയാണ്. ഞങ്ങൾക്ക് ഓരോ മുക്കും മൂലയും അറിയാം. എന്നിട്ടും, ഞങ്ങൾക്ക് വിദ്യാഭ്യാസമില്ലാത്തതുകൊണ്ട് ആരും ഞങ്ങളെ പരിഗണിക്കുന്നില്ല. എന്നാൽ ഈ വിദ്യാഭ്യാസമുള്ള മനുഷ്യർ പ്രകൃതിയോട് എന്താണ് ചെയ്യുന്നത്”? സൌലാബായി ചോദിക്കുന്നു
പഴയ കാസല്ല ഇപ്പോഴുള്ളത്. “അതിനെ നശിപ്പിച്ചു. എന്റെ കുട്ടിക്കാലത്തെ കാസല്ല ഇത്”, സങ്കടത്തോടെ സുലബായി പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്