ശ്രീ ഭദ്രിയ മാതാ ജി ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലിരുന്ന് പാടുന്ന സംഗീതജ്ഞരുടെ ശബ്ദം, ഏകദേശം 200 വർഷം പഴക്കമുള്ള ആ കെട്ടിടത്തിന്റെ താഴെക്കുള്ള പടികളിറങ്ങുമ്പോൾ നേർത്തുനേർത്ത് ഇല്ലാതാവുന്നു. പിന്നെ പെട്ടെന്ന് എല്ലാ നിശ്ശദ്ബമാവുന്നു. ഇപ്പോൾ നമ്മൾ ഭൂനിരപ്പിനും 20 അടി താഴെയാണ്.
15,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഇടനാഴികളും ചെറുമുറികളും അടങ്ങിയ വളഞ്ഞുപുളഞ്ഞ ഭൂഗര്‍ഭ ലൈബ്രറി മുന്നിൽ പ്രത്യക്ഷമാവുന്നു. ഇടുങ്ങിയ ഇടനാഴികളിലായി, രണ്ടുലക്ഷത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന 562 അലമാരകൾ കൃത്യമായ അകലത്തിൽ ഇടവിട്ട് സ്ഥാപിച്ചിരിക്കുന്നു. തുകലിൽ പൊതിഞ്ഞ പുസ്തകങ്ങൾ, താളിയോലയിൽ എഴുതിയ ഒരു പഴയ കൈയെഴുത്തുപ്രതി, ഹിന്ദു-ഇസ്ലാം-ക്രിസ്ത്യൻ മതങ്ങളെക്കുറിച്ചും ഇതരമതങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങൾ മുതൽ, നിയമം, വൈദ്യശാസ്ത്രം, തത്ത്വചിന്ത, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളുടെ പഴയ പതിപ്പുകളും പേപ്പർബാക്ക് പതിപ്പുകളും, കഥ-നോവൽ സാഹിത്യങ്ങളും ക്ലാസ്സിക്കുകളും എല്ലാം ഇവയിലുൾപ്പെടുന്നു. പുസ്തകങ്ങളിൽ ഭൂരിഭാഗവും ഹിന്ദിയിലാണ്, ചിലത് ഇംഗ്ലീഷിലും സംസ്‌കൃതത്തിലും.
ഒരു ലൈബ്രറി ഇവിടെ സ്ഥാപിക്കുക എന്ന ആശയം ആദ്യമായി ഉദിച്ചത്, പഞ്ചാബിൽനിന്നുള്ള മതപണ്ഡിതനായ ഹർവൻഷ് സിംഗ് നിർമ്മലിന്റെ ഉള്ളിലാണ്. 25 വർഷത്തോളം അദ്ദേഹം ക്ഷേത്രപരിസരത്തെ ഒരു ഗുഹയിൽ ഏകാന്തതയിൽ കഴിഞ്ഞതായി പറയപ്പെടുന്നു. അതിനുശേഷമാണ് ഒരു ഭൂഗർഭ ലൈബ്രറി സ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചത്. 2010-ൽ അദ്ദേഹം അന്തരിച്ചുവെങ്കിലും അതിനുമുമ്പുതന്നെ തന്റെ ലക്ഷ്യങ്ങൾക്കായുള്ള സാമ്പത്തികസ്രോതസ്സ് അദ്ദേഹം കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസവും മൃഗക്ഷേമവുമായിരുന്നു ആ ലക്ഷ്യങ്ങൾ.
“ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങൾക്കും ഒരേ സന്ദേശമാണുള്ളത്. ഓരോ മനുഷ്യന്റെയും ചർമ്മവും മുടിയുമൊക്കെ വ്യത്യസ്തമാണെങ്കിലും ഉള്ളിൽ എല്ലാ മനുഷ്യരും ഒരുപോലെയാണ്”. ക്ഷേത്രവും ലൈബ്രറിയും നടത്തുന്ന ശ്രീ ജഗദംബ സേവാ സമിതി എന്ന ട്രസ്റ്റിന്റെ സെക്രട്ടറി ജുഗൽ കിഷോർ പറയുന്നു. 40,000-ലധികം പശുക്കളെ ട്രസ്റ്റിന്റെ അഭയകേന്ദ്രത്തില്‍ പരിപാലിച്ചുപോരുന്നുണ്ട്.

രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ധോലിയക്കടുത്തുള്ള ശ്രീ ഭദ്രിയ മാതാ ജി ക്ഷേത്രത്തിലെ ഭൂഗർഭ ലൈബ്രറി


ഇടത്: പരേതനായ ശ്രീ ഹർവൻഷ് സിംഗ് നിർമ്മൽ എന്ന മതപണ്ഡിതനാണ് ലൈബ്രറി സ്ഥാപിച്ചത്. വലത്ത്: ക്ഷേത്രം, ലൈബ്രറി, ഗോശാല എന്നിവ നടത്തുന്ന ശ്രീ ജഗദംബ സേവാ സമിതി എന്ന ട്രസ്റ്റിന്റെ സെക്രട്ടറി ജുഗൽ കിഷോർ
1983ലാണ് ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചത്, 1998-ഓടെ കെട്ടിടം തയ്യാറായി. അതിനുശേഷം പുസ്തകങ്ങൾക്കായുള്ള തിരച്ചിലാരംഭിച്ചു. "ഇത് ഒരു വിജ്ഞാനകേന്ദ്രവും സർവ്വകലാശാലയുമാക്കണമെന്ന് അദ്ദേഹം [നിർമൽ] ആഗ്രഹിച്ചു," കിഷോർ പറയുന്നു, "ആളുകൾ ഇവിടേക്ക് വരണമെന്നും അറിവ് തേടി വരുന്നവർക്ക് അവർക്കാവശ്യമുള്ളതെല്ലാം ഇവിടെ കണ്ടെത്താൻ സാധിക്കണമെന്നും മഹാരാജ് ആഗ്രഹിച്ചിരുന്നു."
കേടുപാടുകളും പൊടിപടലങ്ങളും കുറയ്ക്കാനാണ് ഭൂഗർഭ സ്ഥലം ലൈബ്രറിക്കായി തിരഞ്ഞെടുത്തതെന്ന് ലൈബ്രറിയുടെ അഡ്മിനിസ്ട്രേറ്റർമാർ പറയുന്നു – കാരണം, ഇന്ത്യൻ ആർമിയുടെ ഫയറിംഗ് റേഞ്ചായ പൊഖ്രാൻ ഇവിടെനിന്ന് കേവലം 10 കിലോമീറ്റർ അകലെയാണ്, കൂടാതെ, രാജസ്ഥാനിലെ പുൽമേടുകളിൽ കാറ്റടിക്കുമ്പോൾ, എല്ലായിടത്തും പൊടി നിറയുകയും പതിവാണ്.
അശോക് കുമാർ ദേവ്പാൽ ലൈബ്രറി മെയിന്റനൻസ് ടീമിൽ ജോലി ചെയ്യുന്നു. ആറ് വലിയ എക്‌സ്‌ഹോസ്റ്റ് ഫാനുകളുപയോഗിച്ചാണ് ലൈബ്രറി നനവുതട്ടാതെ സൂക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വായു വരണ്ടതാക്കാൻ കർപ്പൂരം കത്തിക്കുന്നത് പതിവാണ്. “പൂപ്പൽ വരാതിരിക്കാൻ, ഞങ്ങൾ പുസ്തകങ്ങൾ തുറന്ന് അവയെ കാറ്റുകൊള്ളിക്കും. ഞങ്ങൾ ഏഴെട്ടുപേർ ഈരണ്ടുമാസം കൂടുമ്പോൾ ഇതൊക്കെ ചെയ്യും”.


ഇടത്: പുസ്തകങ്ങളുടെ ശേഖരം. വലത്: അശോക് കുമാർ ദേവ്പാൽ ലൈബ്രറി മെയിന്റനൻസ് ടീമിൽ പ്രവർത്തിക്കുന്നു
1.25 ലക്ഷം ബിഗ (ഏകദേശം 20,000 ഏക്കർ) വരുന്ന ഈ ഉപവനം ക്ഷേത്രത്തിന്റെ ട്രസ്റ്റിന് സ്വന്തമാണ്. അവിടെനിന്ന് “ഒരു ശാഖപോലും മുറിക്കാൻ പാടില്ല” എന്നാണ് അലിഖിതനിയമമെന്ന് ട്രസ്റ്റിന്റെ അഭയകേന്ദ്രം കൈകാര്യം ചെയ്യുന്ന എഴുപതുകാരനായ കിഷോർ പറയുന്നു. 40,000-ത്തിലധികം പശുക്കളെ ട്രസ്റ്റിന്റെ കീഴില്‍ പരിപാലിക്കുന്നു. ഒരു വർഷത്തിൽ ഏകദേശം 2-3 ലക്ഷം ആളുകളാണ് ഇവിടെ സന്ദർശകരായെത്തുന്നത്. വര്‍ഷത്തിൽ നാലുതവണ നടക്കുന്ന ഉത്സവങ്ങളില്‍ പങ്കെടുക്കാനായി രജപുത്രർ, ബിഷ്ണോയികൾ, ജൈനന്മാർ തുടങ്ങിയവർ ഇവിടെ വരുന്നു. ഉദ്ഘാടനത്തിന് മുമ്പ്, ലൈബ്രറി സന്ദർശിക്കാൻ വന്നവരിൽ അധികവും അവരായിരുന്നു.
ലൈബ്രറി കൂടാതെ, 150 ജീവനക്കാർ നിയന്ത്രിക്കുന്ന വിശാലമായ ഗോശാലയും (പശുത്തൊഴുത്ത്) അവിടെയുണ്ട്. ഗിർ, തർപാർക്കർ, രതി, നാഗോരി അടക്കം വിവിധ ഇനങ്ങളിൽപ്പെട്ട പതിനായിരക്കണക്കിന് പശുക്കളും കാളകളും ഇവിടെ പരിപാലിക്കപ്പെടുന്നു. “ഈ ഓറൻ (ഉപവനം) പക്ഷികൾക്കും മൃഗങ്ങൾക്കും വേണ്ടിയാണ്,” ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്റർ അശോക് സോദാനി പറയുന്നു. പ്രത്യുത്പാദനശേഷി അവസാനിച്ച മൃഗങ്ങളെയാണ് ഇവിടേക്ക് കൊണ്ടുവരുന്നത്, അവയിൽല് 90 ശതമാനവും ആൺവര്‍ഗത്തിൽപ്പെട്ടവയാണ്. “ഞങ്ങൾക്ക് ഗോശാലയ്‌ക്കായി 14 കുഴൽക്കിണറുകളുണ്ട്, ട്രസ്റ്റ് പ്രതിവർഷം ഏകദേശം 25 കോടി [രൂപ] കാലിത്തീറ്റയ്‌ക്കായി ചെലവഴിക്കുന്നു,” സോഡാനി പറയുന്നു. “ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്ന് ദിവസവും 3-4 ട്രക്ക് കാലിത്തീറ്റ ഇവിടേക്ക് വരുന്നു.” ഈ പരിപാലനത്തിനുള്ള പണം ലഭിക്കുന്നത് സംഭാവനകളിൽനിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ ഭൂഗര്‍ഭ ലൈബ്രറിയിൽനിന്ന് പുറത്തേക്ക് വന്നപ്പോഴും, ധോളി സമൂഹത്തിൽനിന്നുള്ള പ്രേം ചൗഹാനും ലക്ഷ്മൺ ചൗഹാനും ഹാർമ്മോണിയം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ക്ഷേത്രവും പരിസരവും അടക്കിവാഴുന്ന ശ്രീ ഭദ്രിയ മാതാ മൂർത്തിയെക്കുറിച്ചുള്ള പാട്ടുകളായിരുന്നു അവർ പാടിക്കൊണ്ടിരുന്നത്.

വർഷം മുഴുവനും നിരവധി ഭക്തരെ ഈ ക്ഷേത്രം ആകർഷിക്കുന്നു , അവരിൽ ചിലർ ലൈബ്രറിയും സന്ദർശിക്കാറുണ്ട്

രാജസ്ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ശ്രീ ഭദ്രിയ മാതാ ജി ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ

ക്ഷേത്രത്തിലേക്കുള്ള സന്ദർശകരും ലൈബ്രറിയിലേക്ക് ഇറങ്ങുന്നു , ഇപ്പോൾ ഒരു വിനോദസഞ്ചാര കേന്ദ്രംകൂടിയാണ് ഇത്

ലൈബ്രറി 15,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്നു ; അതിന്റെ ഇടുങ്ങിയ ഇടനാഴികളിൽ 562 അലമാരക ളു ണ്ട് , അതിൽ രണ്ട് ലക്ഷത്തിലധികം പുസ്തകങ്ങ ളും

പഴയ പതിപ്പുകൾ പൂട്ടി വെച്ചിരിക്കുകയാണ്

1,000 വർഷം പഴക്കമുള്ള ഏതാനും കൈയെഴുത്തുപ്രതികൾ ലൈബ്രറി ജീവനക്കാർക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ബോക്സുകളിൽ സൂക്ഷിച്ചിരിക്കുന്നു

ഹിന്ദുമതം , ഇസ്ലാം , ക്രിസ്തുമതം , ഇതര മതങ്ങൾ എന്നിവയെക്കുറിച്ചുള്ള മതഗ്രന്ഥങ്ങൾ

ഖുർആനിന്റെയും ഹിന്ദി , ഉറുദു , ഇംഗ്ലീഷ് എന്നിവയിൽ എഴുതിയ മറ്റ് പുസ്തകങ്ങളുടെയും പകർപ്പുകൾ

പ്രേംചന്ദിന്റെ പുസ്തകങ്ങളുടെ ഒരു ശേഖരം

അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും ചരിത്രത്തെ ക്കു റിച്ചുള്ള പുസ്തകങ്ങൾ

മാധ്യമങ്ങളെയും പത്രപ്രവർത്തനത്തെയും കുറിച്ചുള്ള പുസ്തകങ്ങൾ

ലൈബ്രറിയുടെ സ്ഥാപകനായ ഹർവൻഷ് സിംഗ് നിർമ്മലിന്റെ സമാധി സ്ഥലം

ലൈബ്രറി സ്ഥാപകൻ ഹർവൻഷ് സിംഗ് നിർമ്മൽ ഒപ്പിട്ട ഒരു കത്ത് പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിരിക്കുന്നു

ഗോശാലയിൽ (പശു സംരക്ഷണകേന്ദ്രം) ഏകദേശം 44,000 പശുക്കളും വിവിധ ഇനങ്ങളിൽ പ്പെട്ട കാളകളു മു ണ്ട് - ഗിർ , തർപാർക്കർ , രതി , നാഗോരി എന്നീ ഇനങ്ങൾ

ക്ഷേത്രത്തിന് പുറത്ത് പൂജകൾ , കളിപ്പാട്ടങ്ങൾ , ലഘുഭക്ഷണങ്ങൾ എന്നിവ വിൽക്കുന്ന ഒരു ചെറിയ ചന്തയുണ്ട്
പരിഭാഷ: സിദ്ധിഖ് കാപ്പൻ