വടക്കൻ കൊൽക്കത്തയിലുള്ള കുമോർതുലിയിലെ, കഷ്ടി ഒരു കൈവണ്ടിയ്ക്ക് കടന്നുപോകാൻ കഴിയുന്നത്ര മാത്രം വീതിയുള്ള തെരുവുകളിൽ, നഗരത്തിലെ വിഗ്രഹനിർമ്മാതാക്കളായ കുമോർമാരെ മാത്രമാണ് നിങ്ങൾക്ക് കണ്ടുമുട്ടാനാകുക. എല്ലാ വർഷവും നഗരത്തിലേക്ക് ദുർഗാ ദേവിയുടെയും മറ്റ് ദേവതകളുടെയും വിഗ്രഹങ്ങൾ കൊണ്ടുപോകുന്നത് കുമോർതുലിയിൽനിന്നാണ്.
കുമോർതുലിയിൽ 'ബ്രജേശ്വർ ആൻഡ് സൺസ്' എന്ന പേരിൽ ഒരു വർക്ക് ഷോപ്പ് നടത്തുകയാണ് കാർത്തിക് പാൽ. അദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ള ഈ വർക്ക് ഷോപ്പ് വാസ്തവത്തിൽ മുളയും പ്ലാസ്റ്റിക്ക് ഷീറ്റുകളുംകൊണ്ട് കെട്ടിപ്പൊക്കിയിട്ടുള്ള ഒരു ഷെഡ്ഡാണ്. ഒരു വിഗ്രഹം നിർമ്മിക്കുന്ന ദീർഘവും പല ഘട്ടങ്ങളുള്ളതുമായ പ്രക്രിയ അദ്ദേഹം ഞങ്ങൾക്ക് വിശദീകരിച്ചുതന്നു. ഗംഗാ മട്ടി (ഗംഗാ നദിയുടെ തീരത്തെ മണ്ണ്), പാട് മാട്ടി (ഗംഗാ മാട്ടിയും ചണത്തിന്റെ കണങ്ങളും ചേർത്തുണ്ടാക്കുന്ന മിശ്രിതം) എന്നിങ്ങനെ മണ്ണിന്റെ വ്യത്യസ്ത മിശ്രിതങ്ങൾ വിഗ്രഹനിർമ്മാണത്തിന്റെ പല ഘട്ടങ്ങളിലായി ഉപയോഗിക്കാറുണ്ട്.

കാർത്തിക്ക് പാൽ കുമോർതുലിയിലുള്ള തന്റെ വർക്ക് ഷോപ്പിൽ
ഞങ്ങളോട് സംസാരിക്കുന്നതിനിടെ, പാൽ നനഞ്ഞ കളിമണ്ണുകൊണ്ട് ഭഗവാൻ കാർത്തികേയന്റെ മുഖം മെനയുകയും അതിൽ അതിവിദഗ്ധമായി സൂക്ഷ്മസവിശേഷതകൾ തീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒരു പെയിന്റ് ബ്രഷും മുളയിൽ തീർത്ത്, കൈകൊണ്ട് മിനുക്കിയെടുത്ത ചിയാഡി എന്ന കൊത്തുപകരണവുമാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചത്.
തൊട്ടടുത്തുള്ള മറ്റൊരു വർക്ക് ഷോപ്പിൽ, കളിമൺ വിഗ്രഹത്തിന്റെ പ്രതലത്തിന് മനുഷ്യചർമ്മത്തിന്റെ സ്വഭാവം വരുത്തുന്നതിനായി അതിലേയ്ക്ക് തൂവാലപോലെ നേർത്ത ഒരു വസ്തു പതിപ്പിക്കാൻ വേണ്ട പശ തയ്യാറാക്കിവെച്ചിരിക്കുകയാണ് ഗോപാൽ പാൽ. കൊൽക്കത്തയുടെ വടക്ക്, ഏതാണ്ട് 120 കിലോമീറ്റർ അകലെയായി, നോദിയ ജില്ലയിലുള്ള കൃഷ്ണോനഗറാണ് ഗോപാലിന്റെ സ്വദേശം. ഇവിടെയുള്ള ജോലിക്കാരിൽ മിക്കവരും - അവർ എല്ലാവരുംതന്നെ പുരുഷന്മാരാണ് - അതേ ജില്ലയിൽനിന്നുള്ളവരാണ്; ഭൂരിഭാഗം ജോലിക്കാരും ആ ചുറ്റുവട്ടത്തുതന്നെ വർക്ക് ഷോപ്പുടമകൾ തരപ്പെടുത്തിക്കൊടുക്കുന്ന ക്വാട്ടേഴ്‌സുകളിലാണ് തങ്ങുന്നത്. തിരക്കേറിയ സീസൺ ആരംഭിക്കുന്നതിന് മാസങ്ങൾക്കുമുൻപുതന്നെ ജോലിക്കാരെ നിയമിക്കും. സാധാരണഗതിയിൽ, അവരുടെ ജോലിസമയം എട്ട് മണിക്കൂറാണെങ്കിലും, ശരത്ക്കാലത്തെ ഉത്സവത്തിന് മുന്നോടിയായി അവർ രാത്രികാലങ്ങളിലും ജോലി ചെയ്യുകയും അധികജോലിയ്ക്കുള്ള വേതനം സമ്പാദിക്കുകയും ചെയ്യും.
ഏതാണ്ട് 300 വർഷം മുൻപ് കൃഷ്ണോനഗർ ജില്ലയിൽനിന്ന് കുടിയേറിയെത്തിയവരായിരുന്നു കുമോർതുലിയിലെ ആദ്യകാല കുംഭാരന്മാർ. അക്കാലത്ത് പുതുതായി വികസിച്ചുതുടങ്ങിയിരുന്ന കുമോർതുലിയിൽ, ബാഗ്ബാജാർ ഘാട്ടിന് സമീപത്തായി അവർ ഏതാനും മാസങ്ങൾ താമസിച്ചു. നദിയിൽനിന്നുള്ള കളിമണ്ണ് എളുപ്പത്തിൽ ലഭിക്കുന്നതിനായിരുന്നു അവർ താമസത്തിന് ആ പ്രദേശം തിരഞ്ഞെടുത്തത്. ദുർഗാ പൂജാ ആഘോഷങ്ങൾ തുടങ്ങുന്നതിന് മുൻപുള്ള ആഴ്ചകളിൽ ജോമീദാർമാരുടെ വീടുകളിലെ ഠാക്കൂർദാലാനുകളിൽ (ജോമീദാർമാരുടെ വീടുകളിൽ മതപരമായ ആഘോഷങ്ങൾ നടത്താനായി വേർതിരിച്ചിരുന്ന സ്ഥലം) വെച്ച് അവർ വിഗ്രഹങ്ങൾ നിർമ്മിച്ചു..

കൈപ്പണിക്കാർ ഗംഗയിൽനിന്നുള്ള 'ഏട്ടെൽ മാട്ടിയിൽ' ചണത്തിന്റെ കണികകൾ ചേർത്ത് 'പാട് മാട്ടി' എന്ന കളിമണ്ണ് തയ്യാറാക്കുന്നു


ഇടത്: വിഗ്രഹം താങ്ങിനിർത്തുന്നതിനായി മുളകൊണ്ടുള്ള 'കാട്ടാമോ' എന്ന ഘടന നിർമ്മിക്കുന്നതാണ് വിഗ്രഹ നിർമ്മാണത്തിലെ ആദ്യഘട്ടം. വലത്: മുളകൊണ്ടുള്ള ഘടന തയ്യാറായിക്കഴിഞ്ഞാൽ, വൈക്കോൽ വിദഗ്ധമായി വരിഞ്ഞുകെട്ടി വിഗ്രഹത്തിന് ആകൃതി നൽകുന്നു; ഇതിനുള്ള അസംസ്കൃതവസ്തുക്കൾ സമീപത്തുതന്നെയുള്ള ബാഗ്ബാജാറിൽനിന്നാണ് കൊണ്ടുവരുന്നത്

ഒരു കൈപ്പണിക്കാരൻ വിഗ്രഹത്തിന് അന്തിമരൂപം നൽകുന്നതിനായി വൈക്കോൽകൊണ്ടുള്ള ഘടനയിൽ പശിമയേറിയ കറുത്ത കളിമണ്ണ് പതിപ്പിക്കുന്നു; ഇതിനുശേഷം കളിമണ്ണ് കൊണ്ടുള്ള വിഗ്രഹം ഉണങ്ങുന്നതിനായി 3 മുതൽ 4 ദിവസം വെയിലത്ത് വെക്കും

വിഗ്രഹത്തിന്റെ സൂക്ഷ്മ സവിശേഷതകൾ തീർക്കാനായി ഉപയോഗിക്കുന്ന പെയിന്റ് ബ്രഷും മുളകൊണ്ടുള്ള കൊത്തുപകരണവും

സമീപത്ത് തന്നെയുള്ള മറ്റൊരു വർക്ക് ഷോപ്പിൽ, ഗോപാൽ പാൽ തൂവാലപോലെയുള്ള ഒരു നേർത്ത വസ്തു ഉപയോഗിച്ച് വിഗ്രഹങ്ങൾക്ക് ചർമ്മത്തിന്റെ സ്വഭാവം പകരുന്നു

മഹാലയയുടെ വിശിഷ്ട അവസരത്തിൽ, ദുർഗാ മാതാവിന്റെ കണ്ണുകൾ വരച്ചു ചേർക്കുന്നതോടെ, കളിമൺ വിഗ്രഹങ്ങൾക്ക് ജീവൻ വെക്കുന്നു
കാണുക: 'കുമോർതുലിയിലൂടെ ഒരു യാത്ര' ഫോട്ടോ ആൽബം
സിഞ്ചിത മാജിയുടെ 2015-16 പാരി ഫെല്ലോഷിപ്പിന്റെ ഭാഗമായാണ് ഈ വീഡിയോയും ലേഖനവും തയ്യാറാക്കിയിട്ടുള്ളത്.
പരിഭാഷ: പ്രതിഭ ആര്‍. കെ .