ഞാൻ തർപ്പ വായിക്കുമ്പോൾ ഞങ്ങൾ വൊർളി (വർളി എന്നും ഉച്ചരിക്കപ്പെടുന്നു) ജനതയുടെ ഉള്ളിൽ വായു ആവേശിക്കും. ഒരുമണിക്കൂറോളം അവരുടെ ശരീരങ്ങൾ കാറ്റത്താടുന്ന മരങ്ങൾപോലെ ചാഞ്ചാടും.
ഇത് വായിക്കുമ്പോൾ ഞാൻ സവരി ദേവിയേയും അവളുടെ അനുചരവൃന്ദത്തേയും വിളിക്കും. അവരിൽ ആരാണോ വിളി കേൾക്കുന്നത്, അത് എന്റെ ജനങ്ങളുടെ ശരീരത്തിൽ ആവേശിക്കും.
എല്ലാം ഒരു വിശ്വാസമാണ്. ഒരു വിശ്വാസിക്ക് ഒരു ദൈവമുണ്ടായിരിക്കും. നിരീശ്വരവാദിക്ക് ആരുമുണ്ടാകില്ല. എനിക്ക്, ഈ തർപ്പയാണ് ദൈവം. അതിനാൽ ഞാനതിന്റെ കൈയ്യിൽ എന്നെ സമർപ്പിച്ച്, അതിനെ ആരാധിക്കുന്നു.
എന്റെ മുതുമുത്തച്ഛൻ നവ്ശ്യ തർപ്പ വായിച്ചിരുന്നു.
അദ്ദേഹത്തിന്റെ മകൻ ധാകിയ അത് വായിച്ചിരുന്നു.
ധാക്യയുടെ മകനാണ് ലഡ്ക്യ. അദ്ദേഹവും ഇത് വായിച്ചിരുന്നു.
ലഡ്ക്യയാണ് എന്റെ അച്ഛൻ.


ഭിൿലിയ ധിണ്ടയുടെ അച്ഛൻ ലഡ്ക്യയാണ് പനയുടെ ഉണങ്ങിയ ഇലകളും, മുളകളും, ചൂരയ്ക്കയും കൊണ്ട് തർപ്പ ഉണ്ടാക്കാൻ പഠിപ്പിച്ചത്. ‘നെഞ്ച് നിറച്ചും കാറ്റ് വേണം. ഈ സുഷിരവാദ്യത്തിൽ ഊതുകയും അതേസമയം, ശരീരത്തിൽ ശ്വസിക്കാനാവശ്യമായ വായു ഉണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം’, ഭിൿലിയ ബാബ പറയുന്നു
ബ്രിട്ടീഷ് ഭരണമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയിരുന്നില്ല. ഞങ്ങളുടെ ഗ്രാമമായ വൽവണ്ടെയിൽ ‘വലിയ’ (സവർണ്ണജാതിക്കാർ) ആളുകളുടെ മക്കൾക്കുള്ള ഒരു സ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പാവപ്പെട്ടവരുടെ മക്കൾക്ക് ഒന്നുമുണ്ടായിരുന്നില്ല. എനിക്കന്ന് 10-12 വയസ്സുണ്ടാവും. ഞാൻ കന്നുകാലികളെ മേച്ചുനടന്നു. ‘കന്നുകാലികളെ മേയ്ക്കാൻ പഠിച്ചാൽ, എന്തെങ്കിലും തിന്നാൻ കിട്ടും, സ്കൂളിൽ പോയാൽ വിശന്നിരിക്കേണ്ടിവരും’ എന്റെ രക്ഷിതാക്കൾ കരുതി. ഏഴ് മക്കളുണ്ടായിരുന്നു പരിപാലിക്കാൻ എന്റെ അമ്മയ്ക്ക്.
‘പശുക്കൾ മേയുമ്പോൾ നിനക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടല്ലോ. എന്തുകൊണ്ട് നിനക്ക് തർപ്പ അഭ്യസിച്ചുകൂടാ? അത് നിന്റെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണ്. സ്വയം ആനന്ദിക്കാനും’. ശബ്ദം കാരണം, പശുക്കളുടെയടുത്തേക്ക് പ്രാണികളും വരില്ല.
കാട്ടിലും, മേച്ചിൽപ്പുറങ്ങളിലും അലയുമ്പോൾ ഞാനത് വായിക്കാൻ തുടങ്ങി. ആളുകൾ പരാതി പറയും, ‘ധിണ്ട്യയുടെ മകൻ ദിവസം മുഴുവൻ ക്യാവ്‌ക്യാവ് എന്ന് ശബ്ദമുണ്ടാക്കിക്കൊണ്ടിരിക്കും’. ഒരുദിവസം അച്ഛൻ പറഞ്ഞു, ‘ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഞാൻ നിനക്ക് തർപ്പ ഉണ്ടാക്കിത്തരും. ഞാൻ പോയാൽ ആര് ചെയ്യും അത്?’, അങ്ങിനെ ഞാൻ ആ കല പഠിച്ചെടുത്തു.
തർപ്പ ഉണ്ടാക്കാൻ മൂന്ന് സാധനങ്ങൾ നിങ്ങൾക്ക് ആവശ്യമാണ്. പനയുടെ ഇലകൾ. അതാണ് ശബ്ദമുണ്ടാക്കുക (മുഴക്കമുണ്ടാക്കുന്ന അറ). മുളയുടെ രണ്ട് ചൂരൽ. ഒന്ന് ആണിനും ഒന്ന് പെണ്ണിനും. ആൺ മുളയിൽ മറ്റൊരു കഷണംകൂടി ഉണ്ടാകും. താളം പിടിക്കാൻ. മൂന്നാമതായി, ചൂരയക്ക. വായുവിന്റെ അറയാണ് അത്. അതിലേക്ക് ഞാൻ ഊതുമ്പോൾ, ആൺ-പെൺ ഭാഗങ്ങൾ ചേർന്ന്, ഏറ്റവും മനോഹരമായ ശബ്ദം പുറപ്പെടുവിക്കും.
തർപ്പ ഒരു കുടുംബംപോലെയാണ്. അതിൽ ആണും പെണ്ണുമുണ്ട്. അതിൽ അല്പം കാറ്റ് നിറച്ചാൽ കിട്ടുന്ന ശബ്ദം ഇന്ദ്രജാലംപോലെ തോന്നും. കല്ലുപോലെ ജീവനില്ലാത്തതാണ് അത്. എന്നാൽ എന്റെ ശ്വാസത്തോടൊപ്പം അതിന് ജീവൻ കൈവരുകയും സംഗീതത്തിന്റെ ഒരു ശ്രുതി പുറപ്പെടുവിക്കുകയും ചെയ്യുന്നു. നെഞ്ച് നിറയെ കാറ്റ് വേണം. അതിൽ ഊതുകയും, ആവശ്യത്തിനുള്ള ശ്വാസം നിങ്ങളുടെ നെഞ്ചിലുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം.
ഇതുപോലൊരു സംഗീതോപകരണം ഉണ്ടാക്കാൻ കഴിയുന്നത്, ദൈവത്തിന്റെ വരദാനമാണ്. അത് ദൈവത്തിന്റേതാണ്.
‘പശുക്കൾ മേയുമ്പോൾ നിനക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യേണ്ടല്ലോ. എന്തുകൊണ്ട് നിനക്ക് തർപ്പ അഭ്യസിച്ചുകൂടാ? അത് നിന്റെ ശരീരത്തിനും ആരോഗ്യത്തിനും നല്ലതാണ്. സ്വയം ആനന്ദിക്കാനും’, എന്റെ അച്ഛൻ പറയും
*****
എന്റെ അച്ഛനമ്മമാരും പ്രായമായ ആളുകളും ഞങ്ങൾക്ക് ധാരാളം കഥകൾ പറഞ്ഞുതന്നിരുന്ന്. ഇന്ന് ഞാനതൊക്കെ പങ്കുവെച്ചാൽ, ആളുകൾ എന്നെ ചീത്ത വിളിക്കും. എന്നാൽ ഈ കഥകൾ ഞങ്ങളുടെ പൂർവ്വികർ പറഞ്ഞുതന്നതാണ്.
പ്രപഞ്ചം ഉണ്ടാക്കിയതിനുശേഷം ദൈവങ്ങൾ മടങ്ങിപ്പോയി. അങ്ങിനെയെങ്കിൽ, ഈ വൊർളികൾ എവിടെനിന്നാണ് വന്നത്?
കന്ദ്രാം ദേഹ്‌യയിൽനിന്ന്
ദൈവങ്ങൾ കന്ദ്രാം ദെഹ്‌യക്കുവേണ്ടി അവന്റെ അമ്മയുടെ കൈയ്യിൽ കുറച്ച് തൈര് കൊടുത്തിരുന്നു. അവനാകട്ടെ, തൈരിന്റെ കൂടെ, എരുമയേയും ശാപ്പിട്ടു. അമ്മയ്ക്ക് ദേഷ്യം വന്ന് അവനെ വീട്ടിൽനിന്ന് പുറത്താക്കി.
ആദ്യത്തെ വൊർളി, കന്ദ്രാം ദെഹ്‌യ ഇവിടെ എങ്ങിനെ എത്തി എന്ന് ഞങ്ങളുടെ പൂർവ്വികർ ഞങ്ങൾക്ക് പറഞ്ഞുതരുന്നു.
കന്ദ്രം ദെഹിയാലഹുൻ
പൽസൊണ്ട്യാല പർസംഗ് ഝാല
നാടവ്ചോണ്ടില നടാല
കർവമ്മ്ട്യാല ഖര ഝാല ശിംഗപർദ്യാല ഖര ഝാല
ആട്ഖഡ്കാല ആഡ് ഝാല
കട ഖോചായ് കഷ്ടവാദി ഝാല
കസെലില യുൻ ഹസാല
ആൻ വൽവണ്ടാല യൂൻ ബസാല
ഗോരിയലാജ് ആൻ ഖരാ ഝാല
ഗോരിയാല രഹാല ഗോണ്ട്യ
ചാണ്ട്യാല ഗംബീർ ഗഡാല
Kandram Dehlyalahun
Palsondyala parsang jhala
Natavchondila Natala
Kharvandyala khara jhala
Shingarpadyala shingarala
Aadkhadakala aad jhala
Kata khochay Kasatwadi jhala
Kaselila yeun hasala
Aan Walwandyala yeun basala.
Goryala jaan khara jaala
Goryala rahala Gondya
Chandya aala, Gambhirgada aala
*പാൽഘർ ജില്ലയിലെ ജവഹർ ബ്ലോക്കിലെ ചില ഗ്രാമങ്ങളുടേയും കോളനികളുടേയും പേരുകൾ അന്ത്യാക്ഷരപ്രാസമായി വരുന്ന ഒരു കവിതാകുസൃതിയാണ് ഇത്.


ഇടത്ത്: ഭിൿലിയ ധിണ്ട തന്റെ ഭാര്യ തായ് ധിണ്ടയോടൊപ്പം. ‘തർപ്പ ഒരു കുടുംബംപോലെയാണ്. അതിൽ ആണും പെണ്ണുമുണ്ട്. അതിൽ അല്പം കാറ്റ് നിറച്ചാൽ അവ രണ്ടും ചേർന്ന് ദിവ്യമായ സംഗീതം നിർമ്മിക്കും. കല്ലുപോലെ ജീവനില്ലാത്തതാണ് അത്. എന്നാൽ എന്റെ ശ്വാസത്തോടൊപ്പം അതിന് ജീവൻ കൈവരുകയും സംഗീതത്തിന്റെ ഒരു ശ്രുതി പുറപ്പെടുവിക്കുകയും ചെയ്യുന്നു’
വൊർളികളെപ്പോലെ നിരവധി സമുദായങ്ങൾ ഇവിടെ ജീവിച്ചിട്ടുണ്ട്. രാജ്കോലി, കൊക്ന, കട്കരി, താക്കൂർ, മഹാർ, ചംബാർ..മഹാരാജയുടെ (ജവഹറിലെ രാജാവ്) ദർബാറിൽ ഞാൻ ജോലി ചെയ്തിരുന്നത് എനിക്കോർമ്മയുണ്ട്. മറ്റുള്ളവരോടൊപ്പം ദർബാറിലിരുന്ന് കർവാൽ ഇലയിലാണ് അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നത്. ഞാൻ അവിടെ ജോലി ചെയ്തിരുന്നു. ഉപയോഗിച്ച ഇലകൾ ഞാൻ വലിച്ചെറിയും. എല്ലാ സമുദായക്കാരും അവിടെ ഒരുമിച്ചിരുന്ന് ഒരു പന്തിയിൽ ഭക്ഷണം കഴിക്കും. ആരും മുകളിലും താഴെയുമല്ല. തുല്യരായിരുന്നു. ഞാൻ അവിടെനിന്നാണ് അതെല്ലാം പഠിച്ചത്. ഒരു കട്കാരിയുടേയോ മുസൽമാന്റേയോ കൈയ്യിൽനിന്ന് വെള്ളം വാങ്ങിച്ച് കുടിക്കാൻ തുടങ്ങി. വൊർളികൾ തൊട്ട വെള്ളം രാജ്കോലികൾ വാങ്ങില്ല. കട്കാരിയോ ഒരു ചംഭാരനോ അല്ലെങ്കിൽ ധോർ കോലിയോ തൊട്ട വെള്ളം ഞങ്ങളുടെ സമുദായക്കാർ കുടിക്കില്ല. ഇപ്പഴും അവരത് ചെയ്യാറില്ല. എന്നാൽ ഞാൻ അത്തരം വിവേചനങ്ങളിലൊന്നും വിശ്വസിച്ചില്ല.
നോക്കൂ, ഹിർവ ദേവനേയും തർപ്പയേയും ആരാധിക്കുന്ന ഏതൊരുവനും വർളി ആദിവാസിയാണ്.
ഞങ്ങൾ ഉത്സവങ്ങൾ ഒരുമിച്ച് ആഘോഷിക്കുന്നു. പുന്നെല്ല് വിളവെടുത്താൽ, അത് ഞങ്ങൾ കുടുംബത്തിന്റെയും അയൽക്കാരുടേയും കൂടെ അത് പങ്കിടുന്നു. ആദ്യം ഞങ്ങളുടെ ഗ്രാമദേവതയായ ഗാംവ്‌ദേവിക്ക് സമർപ്പിക്കും. ആദ്യത്തെ ഉരുള അവൾക്ക് കൊടുത്തതിനുശേഷം മാത്രമേ ഞങ്ങൾ കഴിക്കൂ. നിങ്ങൾ കരുതുന്നുണ്ടാകും ഇതൊക്കെ അന്ധവിശ്വാസമാണെന്ന്, അല്ലേ. എന്നാൽ ഇത് അന്ധമല്ല. ഇത് ഞങ്ങളുടെ ശ്രദ്ധ – വിശ്വാസം ആണ്.
പുതിയ വിളവോടൊപ്പം ഞങ്ങൾ ഗ്രാമമൂർത്തിയായ ഗാംവ്‌ദേവിയുടെ അമ്പലത്തി പോകും. എന്തിനാണ് ഞങ്ങൾ അവൾക്കുവേണ്ടി ഒരു അമ്പലം നിർമ്മിച്ച് അവളെ ഇവിടേക്ക് കൊണ്ടുവന്നത്. ‘ഞങ്ങളുടെ കുട്ടികളേയും ബന്ധുക്കളേയും കന്നുകാലികളേയും തൊഴിലിനേയും നന്നായി സംരക്ഷിക്കേണമേ. ഞങ്ങളുടെ പാടങ്ങളും തോട്ടങ്ങളും സമൃദ്ധമായി നിറയട്ടെ. തൊഴിൽ ചെയ്യുന്നവർക്ക് അതിൽ ഉയർച്ചയുണ്ടാകട്ടെ. ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിനും നല്ല ദിവസങ്ങൾ കാണാൻ കഴിയുമാറാകട്ടെ’ എന്ന് ഞങ്ങൾ പ്രാർത്ഥിക്കും. ഞങ്ങൾ ആദിവാസികൾ അമ്പലത്തിൽ പോയി ഞങ്ങളുടെ മൂർത്തിയോട് പ്രാർത്ഥിച്ച്, അവളെ വിളിച്ച് ഞങ്ങളുടെ ആഗ്രഹങ്ങൾ അറിയിക്കും.
![Bhiklya baba in the orchard of dudhi (bottle gourd) in his courtyard. He ties each one of them with stings and stones to give it the required shape. ‘I grow these only for to make tarpa . If someone steals and eats it, he will surely get a kestod [furuncle] or painful throat’ he says](/media/images/04-MK_and_SS-My_tarpa_is_my_deity.max-1400x1120.jpg)
തന്റെ വീട്ടുമുറ്റത്തെ ചൂരയ്ക്ക തോട്ടത്തിൽ നിൽക്കുന്ന ഭിൿലിയ ബാബ. അവയ്ക്ക് ആവശ്യമായ ആകൃതി കൊടുക്കാൻ അദ്ദേഹം അവയിലോരോന്നിലും ആണികളും കല്ലുകളും കെട്ടിത്തൂക്കുന്നു. ‘തർപ്പ ഉണ്ടാക്കാൻ മാത്രമാണ് ഞാനിത് വളർത്തുന്നത്. ആരെങ്കിലും ഇത് മോഷ്ടിച്ച് തിന്നാൽ, അവന് തീർച്ചയായും തൊണ്ടവേദനയോ, വ്രണമോ ഉണ്ടാവും’, അദ്ദേഹം പറയുന്നു
തർപ്പ ഞങ്ങളുടെ ജീവിതത്തിൽ സുപ്രധാനമായ പങ്ക് വഹിക്കുന്നു.
വാഘ്ബര യിൽ, ഞങ്ങൾ സാവരി ദേവിയുടെ ഉത്സവം ആഘോഷിക്കും. നിങ്ങൾ ശബരി എന്ന് കേട്ടിട്ടില്ലേ? പകുതി കഴിച്ച പഴം ഭഗവാൻ രാമന് കൊടുത്ത ശബരി? ഞങ്ങളുടെ കഥയിൽ വ്യത്യാസമുണ്ട്. സാവരി ദേവി രാമനുവേണ്ടി കാട്ടിൽ കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹം സീതയുടെ കൂടെ അവിടെയെത്തി. താൻ അവിടെ കാലാകാലമായി അദ്ദേഹത്തെ കാത്തുനിൽക്കുകയായിരുന്നുവെന്നും ഇനി തനിക്ക് മറ്റൊന്നും വേണ്ടെന്നും പറഞ്ഞ്, സാവരി ദേവി തന്റെ ഹൃദയം പറിച്ചെടുത്ത് രാമന്റെ കൈകളിൽ വെച്ച്, ഒരിക്കലും തിരിച്ചുവരാത്തവണ്ണം എങ്ങോട്ടോ പോയി മറഞ്ഞു.
അവളുടെ ആ സ്നേഹവും അർപ്പണബോധവും ആഘോഷിക്കാൻ ഞങ്ങൾ തർപ്പയെ കാട്ടിലേക്കും മലയിലേക്കും കൊണ്ടുപോകുന്നു. ആ കാട്ടിൽ ധാരാളം മൂർത്തികളുണ്ട്. ടംഗ്ഡ സവരി, ഗോഹ്‌ര സവരി, പാപ്ത സവരി, തുംബ സവരി, പിന്നെ ഘുംഗ സവരി എന്നിവർ. അവരെല്ലാം സാവരി ദേവിയുടെ കൂട്ടുകാരാണ്. പ്രകൃതിയുടെ മൂർത്തികൾ. അവർ ജീവിച്ചിരിക്കുന്നു. ഇന്നും അവർ നിലനിൽക്കുന്നു. ഞങ്ങൾ അവരെ ആരാധിക്കാൻ തുടങ്ങി. ഞാൻ തർപ്പ വായിച്ച് അവരെ ആഘോഷത്തിന് ക്ഷണിക്കും. നമ്മൾ ആളുകളെ പേരുപറഞ്ഞ് ക്ഷണിക്കുന്നതുപോലെ,, ഓരോ സാവരിക്കും വേണ്ടി ഞാൻ വ്യത്യസ്തമായ ഈണങ്ങൾ വായിക്കുന്നു. ഓരോരുത്തർക്കും വേണ്ടി ഈണത്തിൽ മാറ്റം വരും.
*****
2022 വർഷമായിരുന്നു അത്. പലയിടത്തുനിന്നായി വന്ന ആദിവാസികളുടെ കൂടെ ഞാൻ സദസ്സിലായിരുന്നു. നന്ദുർബർ, ധൂലെ, ബറോഡ തുടങ്ങിയ ഇടങ്ങളിൽനിന്ന് വന്നവർ. അവിടെ മുൻപിലിരുന്നവർ എന്നോട്, ആദിവാസിയാണെന്ന് തെളിയിക്കാൻ പറഞ്ഞു.
ഈ ഭൂമിയിൽ ഏറ്റവുമാദ്യം വന്നതും ഈ മണ്ണ് രുചിച്ചുനോക്കിയതും ആദിവാസിയാണെന്നും, ആദ്യത്തെ ആ ആളാണ് എന്റെ പൂർവ്വികനെന്നും. ഞാൻ അവരോട് പറഞ്ഞു. നമ്മുടെ ശ്വാസംകൊണ്ട് ഉണ്ടാക്കുന്ന ശബ്ദമാന് നമ്മുടെ സംസ്കാരമെന്നും ഞാൻ പറഞ്ഞു. നമ്മൾ കൈകൊണ്ടുണ്ടാക്കുന്നതാണ് നിങ്ങൾ ചിത്രങ്ങളിൽ കാണുന്നത്. പെയിന്റിംഗൊക്കെ പിന്നീട് വന്നതാണ്. ശ്വാസവും സംഗീതവുമാണ് അനശ്വരമായത്. പ്രപഞ്ചത്തിന്റെ ഉത്ഭവം മുതൽ ശബ്ദമുണ്ടായിരുന്നു.
ഈ തർപ്പ ഒരു ദമ്പതിമാരെ പ്രതിനിധീകരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് എന്റെ സംഭാഷണം ഞാൻ അവസാനിപ്പിച്ചു. പുരുഷൻ സ്ത്രീയേയും സ്ത്രീ പുരുഷനേയും പിന്താങ്ങുന്നു. തർപ്പ പ്രവർത്തിക്കുന്നത് അങ്ങിനെയാണ്. ഒരു ശ്വാസമാണ് അതിനെ ഒരുമിപ്പിച്ച് ഏറ്റവും മനോഹരമായ ശബ്ദം സൃഷ്ടിക്കുന്നത്.
എന്റെ ഉത്തരത്തിന് സമ്മാനം കിട്ടി. ആദ്യത്തെ റാങ്ക് എന്റെ സംസ്ഥാനത്തിനായിരുന്നു.
കൈകൂപ്പിക്കൊണ്ട് ഞാൻ എന്റെ തർപ്പയോട് പറയാറുണ്ടായിരുന്നു, “പ്രിയപ്പെട്ട ദൈവമേ, ഞാൻ നിന്നെ സേവിക്കുന്നു. ആരാധിക്കുന്നു. പ്രതിഫലമായി നീയും എന്നെ സംരക്ഷിക്കണം. എനിക്ക് പറക്കാൻ ആഗ്രഹമുണ്ട്. എന്നെ ഒരു വിമാനത്തിൽ കയറ്റൂ’ എന്ന്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, എന്റെ തർപ്പ എന്നെ ഒരു വിമാനത്തിൽ കയറ്റി. ഭിൿലിയ ലഡ്ക്യ ധിണ്ട ഒരു വിമാനത്തിൽ സഞ്ചരിച്ചു. ഞാൻ ധാരാളം സ്ഥലങ്ങൾ സന്ദർശിച്ചു. ആലന്ദി, ജെജൂരി, ബാരാമതി, സാന്യ (ശാനി), ശിംഗൻപുർ..ദൂരനാടുകളിൽ ഞാൻ പോയി. ഇവിടെയുള്ള ആരും പാഞ്ചിമിൽ പോയിട്ടില്ല. ഗോമയുടെ (ഗോവ) തലസ്ഥാനം. ഞാൻ അവിടെ പോയി. എനിക്കവിടെനിന്ന് ഒരു സർട്ടിഫിക്കറ്റും കിട്ടി.


ഇടത്ത്: ഭിൿലിയ ബാബ നിർമ്മിച്ച വിവിധ തർപ്പകൾ. വലത്ത്: തർപ്പ വായനയ്ക്ക് അദ്ദേഹത്തിന് ധാരാളം പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രശസ്തമായ സംഗീത നാടക അക്കാദമി പുരസ്കാരം ദില്ലിയിൽവെച്ചാണ് അദ്ദേഹം വാങ്ങിയത്. രണ്ട് മുറികളുള്ള വീട്ടിലെ ഒരു ചുമരിൽ മുഴുവൻ അദ്ദേഹത്തിന് കിട്ടിയ അവാർഡുകളും സർട്ടിഫിക്കറ്റുകളുമാണ്
എനിക്ക് പങ്കുവെക്കാൻ ധാരാളം കാര്യങ്ങളുണ്ട്. എന്നാൽ ഞാനതൊന്നും ചെയ്യുന്നില്ല. എനിക്ക് 89 വയസ്സായി. ധാരാളം കഥകളുണ്ട്. അതെല്ലാം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ധാരാളം പത്രക്കാരും റിപ്പോർട്ടർമാരും ഇവിടെ വന്ന് എന്റെ കഥ എഴുതിയെടുക്കാറുണ്ട്. അവർ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്, എന്നെ പ്രശസ്തനാക്കി എന്ന് ലോകത്തോട് പറയുന്നു. പല സംഗീതജ്ഞരും ഇവിടെ വന്ന് എന്റെ സംഗീതം കേട്ട്, അത് മോഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഞാൻ ആരെയും കാണാറില്ല. എന്നെ കാണാൻ സാധിച്ചത് നിങ്ങളുടെ ഭാഗ്യമാണ്.
എനിക്ക് സംഗീത നാടക അക്കാദമി അവാർഡ് കിട്ടി. ദില്ലിയിലായിരുന്നു ചടങ്ങി. അത് വാങ്ങിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. എന്റെ അച്ഛൻ എന്നെ ഒരിക്കലും സ്കൂളിലയച്ചിട്ടില്ല. ആ വിദ്യാഭ്യാസംകൊണ്ട് ചിലപ്പോൾ ജോലി കിട്ടാനും കിട്ടാതിരിക്കാനും ഇടയുണ്ടെന്നാണ് അദ്ദേഹം വിശ്വസിച്ചത്. എന്നാൽ, ‘ഈ സംഗീതോപകരണമാണ് നിന്റെ ദൈവം’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അത് ദൈവംതന്നെയാണ്. അത് എനിക്ക് എല്ലാം തന്നു. അത് എന്നെ മനുഷ്യത്വം പഠിപ്പിച്ചു. ലോകത്തുള്ള എല്ലാവർക്കും എന്റെ പേരറിയാം. എന്റെ തർപ്പ ഒരു തപാൽ സ്റ്റാമ്പിൽപ്പോലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഫോണിൽ എന്റെ പേരെഴുതി ഒരു ബട്ടണമർത്തിയാൽ നിങ്ങൾക്ക് എന്റെ വീഡിയോ കാണാം. ഇതിൽക്കൂടുതൽ നിങ്ങൾക്കെന്തുവേണം? കിണറ്റിലെ തവളയ്ക്ക് അതിനപ്പുറത്തുള്ളതിനെക്കുറിച്ച് ഒന്നും അറിയില്ല. എന്നാൽ ഞാൻ ആ കിണറ്റിൽനിന്ന് പുറത്ത് കടന്നു. ലോകം കണ്ടു.
ഇന്നത്തെ കുട്ടികളൊന്നും തർപ്പയുടെ ഈണത്തിനനുസരിച്ച് നൃത്തം ചെയ്യില്ല. അവർ ഡി.ജെ.യെ അന്വേഷിച്ച് പോകും. അവർ പോകട്ടെ. പക്ഷേ ഒരു കാര്യത്തിന് എനിക്ക് ഉത്തരം വേണം. പാടത്തുനിന്ന് വിളവ് കിട്ടുമ്പോൾ, പുന്നെല്ല് ഗാംവ്‌ദേവിക്ക് സമർപ്പിക്കുമ്പോൾ, അവരുടെ പേര് വിളിച്ച് അവരോട് പ്രാർത്ഥിക്കുമ്പോൾ നിങ്ങൾ ഡി.ജെ.യാണോ വായിക്കുക. അപ്പോൾ നിങ്ങൾക്ക് തർപ്പ വേണ്ടിവരും. മറ്റൊന്നും ആവശ്യം വരില്ല.
ഈ ഡോക്യുമെന്റേഷന് സഹായിച്ചതിൽ പാരി മാധുരി മുഖാനയോട് നന്ദി അറിയിക്കുന്നു
അഭിമുഖവും
,
എഴുതിയെടുക്കലും
,
പരിഭാഷയും
:
മേധ
കാലെ
ചിത്രങ്ങളും വീഡിയോയും: സിദ്ധിത സോനാവാനെ
രാജ്യത്ത് വേരറ്റുപോകൽ ഭീഷണി നേരിടുന്ന അതീവദുർബ്ബലമായ ഭാഷകളെ രേഖപ്പെടുത്തുക എന്നത് ലക്ഷ്യമാക്കുന്ന പാരിയുടെ എൻഡേൻജേഡ് ലാംഗ്വേജസ് പ്രോജക്ടിന്റെ ഭാഗമാണ് ഈ റിപ്പോർട്ട്
ഗുജറാത്ത്, ദാമൻ ആൻഡ് ദിയു, ദാദ്ര ആൻഡ് നഗർ ഹാവേലി, മഹാരാഷ്ട്ര, കർണ്ണാടക, ഗോവ എന്നിവിടങ്ങളിൽ താമസിക്കുന്ന വർളി ആദിവാസികൾ സംസാരിക്കുന്ന ഒരു ഇൻഡോ-ആര്യൻ ഭാഷയാണ് വർളി. യുനെസ്കോ യുടെ അറ്റ്‌ലസ് ഓഫ് ലാംഗ്വേജൻ വർളിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്, ഇന്ത്യയിൽ വേരറ്റുപോകൽ ഭീഷണി നേരിടുന്ന അതീവദുർബ്ബലമായ ഒരു ഭാഷയായിട്ടാണ്.
മഹാരാഷ്ട്രയിൽ സംസാരിക്കുന്ന രീതിയിലുള്ള വർളി ഭാഷ രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
പരിഭാഷ: രാജീവ് ചേലനാട്ട്