ഖേലോബേ ക്കും (കളി തുടങ്ങി) അബ് കി ബാർ 400 പാർ -നുമിടയിൽ (ഇത്തവണ ഞങ്ങൾ 400 കടക്കും) ഞങ്ങളുടെ സംസ്ഥാനം ഇന്ത്യയുടെ ഒരു ചെറിയ പതിപ്പാണ്. സർക്കാർ പദ്ധതികളും, കുറ്റവാളി സംഘങ്ങളും, സർക്കാർ വാഗ്ദാനങ്ങളും, സ്വരച്ചേർച്ചയില്ലാത്ത പ്രക്ഷോഭങ്ങളുമൊക്കെയായി.
തൊഴിലിൽ കുടുങ്ങിപ്പോയ ഭവനരഹിതരായ കുടിയേറ്റക്കാർ, സ്വന്തം സംസ്ഥാനത്തെ, പ്രതീക്ഷ വറ്റിയ, തൊഴിലില്ലാത്ത ചെറുപ്പക്കാർ, കേന്ദ്ര-സംസ്ഥാനങ്ങൾക്കിടയിലകപ്പെട്ട സാധാരണക്കാർ, കാലാവസ്ഥാ വ്യതിയാനത്താൽ ദുരിതത്തിലായ കർഷകർ, മതമൌലികവാദികളുടെ ആക്രോശത്തോട് പൊരുതുന്ന ന്യൂനപക്ഷങ്ങൾ. നാഡികൾ വലിഞ്ഞുമുറുകുന്നു, ശരീരങ്ങൾ തളരുന്നു. ജാതി, വർഗ്ഗം, ലിംഗം, ഭാഷ, വംശം, മതം, എല്ലാം കൂട്ടുപാതകളിൽവെച്ച് ഒച്ചവെക്കുന്നു.
ഈ ഭ്രാന്തുകൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ, ആശങ്കാകുലവും നിസ്സഹായവും, ജ്വരഗ്രസ്തവുമായ ശബ്ദങ്ങളോടൊപ്പം, ഇനിയും- ഞങ്ങളെ-വിഡ്ഢികളാക്കാൻ-പറ്റില്ലെന്ന് പറയുന്നവരുടെ ശബ്ദവും കേൾക്കാനാവുന്നുണ്ട്. സന്ദേശ്ഖലി മുതൽ ഹിമാലയൻ ചായത്തോട്ടങ്ങൾവരെ, കൊൽക്കൊത്ത മുതൽ റാഢിന്റെ വിസ്മൃതമായ വഴിത്താരകൾവരെ ഞങ്ങൾ സഞ്ചരിക്കുന്നു. ഒരു റിപ്പോർട്ടറും ഒരു കവിയും. ഞങ്ങൾ കേൾക്കുകയും, കണ്ടെടുക്കുകയും, ചിത്രത്തിലാക്കുകയും സംസാരിക്കുകയും ചെയ്യുന്നു.
സന്ദേശ്ഖാലിയിൽനിന്ന് ഞങ്ങൾ തുടങ്ങുന്നു. പശ്ചിമ ബംഗാളിലെ സുന്ദർബൻ തുരുത്തിലെ ഒരു സാധാരണ ദ്വീപ്. ഭൂമിയുടേയും സ്ത്രീ ശരീരത്തിന്റേയും നിയന്ത്രണത്തിനായുള്ള രാഷ്ട്രീയ യുദ്ധങ്ങളിൽപ്പെട്ട് ഉഴലുന്ന സ്ഥലം.
ശത്‌രഞ്ച് (ചതുരംഗം)
വന്നു, കണ്ടു, കീഴടക്കി
ഇതാ വരുന്നു ഈഡി
സന്ദേശ്ഖാലി ഗ്രാമത്തിൽ
കോട്ടുവായിട്ട് രാത്രി
വെറുതെയിരിക്കുന്നു
സ്ത്രീകൾ പണയവസ്തുവാകുന്നു
ടിവി അവതാരകർ മോങ്ങുന്നു, “റാം, റാം, അലി, അലി”

മൂർഷിദാബാദിലെ ഒരു ടി.എം.സി. ചുവരെഴുത്തിൽ ‘ഖേല ഹോബെ’ (കളി തുടങ്ങാം) എന്ന് എഴുതിവെച്ചിരിക്കുന്നു

മൂർഷിദാബാദിലെ ഒരു ചുവരെഴുത്ത്: ‘നിങ്ങൾ കൽക്കരി വിഴുങ്ങി, എല്ലാ ഗോക്കളേയും കവർന്നു. എല്ലാം ഞങ്ങൾക്ക് മനസ്സിലാവും. എന്നാൽ നിങ്ങൾ നദിയിലെ മണ്ണിനെ വെറുതെ വിട്ടില്ല. ഞങ്ങളുടെ ഭാര്യമാരേയും പെണ്മക്കളേയും ഉപദ്രവിക്കാതെ വിട്ടയച്ചില്ല – സന്ദേശ്ഖാലി പറയുന്നത് ഇതാണ്’


ഇടത്ത്: വടക്കൻ കൊൽക്കൊത്തയിലെ ഒരു പൂജാ പന്തലിൽ, സ്ത്രീകളോടുള്ള ആക്രമത്തിനെതിരേയുള്ള ശബ്ദം കാണാം: ‘നിങ്ങൾ ഞങ്ങളെ വഞ്ചിച്ച് അടിമകളാക്കി‘ എന്ന ചുവരെഴുത്തു. വലത്ത്: സുന്ദർബനിലെ ബാലി ദ്വീപിലെ ഒരു പ്രൈമറി സ്കൂൾ വിദ്യാർത്ഥി തയ്യാറാക്കിയ പോസ്റ്റർ സ്ത്രീകളോടുള്ള അക്രമത്തിനെതിരേ ശബ്ദിക്കുന്നു. ‘നമ്മൾ സ്ത്രീകളാണ്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ നമുക്ക് തടയാൻ കഴിയും’
*****
ജംഗൾ മഹാൾ എന്ന് പൊതുവെ അറിയപ്പെടുന്ന ബങ്കുറ, പുരുളിയ (പുരുലിയ എന്നും വിളിക്കുന്നു), പശ്ചിമ മിദ്നാപുർ, ഝാർഗ്രാം ജില്ലകളിലൂടെ സഞ്ചരിച്ച് ഞങ്ങൾ കർഷകസ്ത്രീകളോടും കുടിയേറ്റക്കാരായ കൃഷിത്തൊഴിലാളികളോടും സംസാരിച്ചു.
ഝുമുർ (ഒരു നാടൻ കലാരൂപം)
മണ്ണിലടക്കപ്പെട്ട
കുടിയേറ്റത്തൊഴിലാളികൾ,
ചുട്ട കളിമണ്ണിന്റെ ഭൂമിയുടെ കഥയാണ്
‘കുടിനീർ’ എന്നത് മതനിന്ദയാണ്,
‘ജലം’ എന്നേ പറയാവൂ
അത്രയ്ക്കാണ് ജംഗൾ മഹാളിന്റെ ദാഹം


പുരുളിയയിലെ കർഷകസ്ത്രീകൾ രൂക്ഷമായ ജലക്ഷാമം, ശോഷിക്കുന്ന കൃഷി, ജീവിതപ്രാരാബ്ധങ്ങൾ എന്നിവക്കിടയിലും അതിജീവിക്കാൻ പോരാടുന്നു
*****
ലോകത്തിനെ സംബന്ധിച്ചിടത്തോളം, ഡാർജിലിംഗ് ‘പർവ്വതങ്ങളുടെ രാജ്ഞി’യാണെങ്കിലും, വീടുകളിൽ സ്വന്തമായി കക്കൂസുപോലുമില്ലാതെ, രമണീയമായ ഉദ്യാനങ്ങളിൽ രാപ്പകൽ പണിയെടുക്കുന്ന ആദിവാസി സ്ത്രീകൾക്ക് അതങ്ങിനെയല്ല. മേഖലയിലെ അസമത്വവും നിലനിൽപ്പിനായുള്ള പോരാട്ടവും അവരോട് ചൂണ്ടിക്കാണിക്കുന്നത്, ഭാവി തീർച്ചപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്നുതന്നെയാണ്.
ബ്ലഡി മേരി
നിങ്ങൾക്ക് ഒരു കപ്പ് മസാലച്ചായ വേണോ?
അതോ, ഉപരിവർഗ്ഗം കഴിക്കുന്ന
വെളുത്ത പിയോണിച്ചായ? ഊലോംഗ് ചായ?
വറുത്തതും ചുട്ടതുമായ വിഭവങ്ങൾ?
ഹുക്ക?
ഒരു കപ്പ് ചോരയായാലോ?
അതോ, ‘ഞങ്ങൾക്ക് കഴിയും, ഞങ്ങൾക്ക് കഴിയും” എന്ന്
പണിയെടുക്കുന്ന വിയർക്കുന്ന,
ഒരു ആദിവാസി പെണ്ണോ?

ഡാർജിലിംഗിലെ ഈ ചുവരെഴുത്ത് നിങ്ങൾക്ക് കാണാതിരിക്കാനാവില്ല
*****
മൂർഷിദാബാദ് ബംഗാളിന്റെ ഹൃദയം മാത്രമല്ല. മറ്റൊരു കൊടുങ്കാറ്റിന്റെ കേന്ദ്രവുംകൂടിയാണത്. പണം കൊടുത്ത് സ്കൂളിൽ ജോലി വാങ്ങുന്നതിന്റെ. സംസ്ഥാന സർക്കാർ സ്കൂളുകളിലും സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നടക്കുന്ന സ്കൂളുകളിലും സ്കൂൾ സർവീസ് കമ്മീഷൻ (എസ്.എസ്.സി) ധാരാളം അദ്ധ്യാപക, അദ്ധ്യാപേതര ആളുകളെ തിരുകിക്കയറ്റിയത് ഹൈക്കോർട്ട് ഒരു വിധിയിലൂടെ റദ്ദാക്കി. അത്, ചെറുപ്പക്കാരുടെ മനസ്സിൽ സംശയങ്ങളുണർത്തിയിരിക്കുന്നു. 18 വയസ്സുപോലും ആകാത്ത, ബീഡി നിർമ്മാണ യൂണിറ്റുകളിൽ ജോലിചെയ്യുന്ന ആൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിലും, അതുമൂലം ലഭിച്ചേക്കാവുന്ന നല്ല ഭാവിയിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. കഴിയുന്നതും വേഗം എന്തെങ്കിലുമൊരു ജോലി സമ്പാദിച്ച് നാട് വിടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ
അവർ ധർണ്ണയിരുന്നു
ഏകാധിപത്യം തുലയട്ടെ!
പൊലീസുകാർ ഇരുമ്പ് ബൂട്ടിട്ട് വന്നു
സർക്കാർ ജോലിയോ?
മിണ്ടാണ്ടിരി. അത് വെറുതെ കിട്ടുന്നതല്ല.
ദണ്ഡും തലോടലും ഒരുമിച്ച് പണിയെടുക്കുന്നു

സ്കൂൾ പഠനം നിർത്തിയവർ, അവരിൽ മിക്കവരും കൌമാരപ്രായക്കാർ, മൂർഷിദാബാദിലെ ബീഡി യൂണിറ്റിൽ ജോലി ചെയ്യുന്നു. വലിയ വലിയ പഠനബിരുദങ്ങളുള്ളവർ തൊഴിലിലാതെ സമയം കളയുന്നു. തിരഞ്ഞെടുക്കപ്പെട്ടിട്ടും തസ്തികകളിൽ കയറാൻ കഴിയാതെ വന്നവർ ഇന്ന്, എസ്.എസ്.സി. വഴി കിട്ടിയ ജോലി ലഭിക്കാൻ തെരുവിൽ ധർണ്ണയിരിക്കുന്നു. അപ്പോൾ വിദ്യാഭ്യാസംകൊണ്ട് എന്ത് ചെയ്യാനാണ്?
*****
കൊല്ലത്തിലെ ഏത് സമയത്തായാലും ശരി, കൊൽക്കൊത്തയുടെ തിരക്കിലൂടെ ഊളിയിടണമെങ്കിൽ, പ്രതിഷേധിക്കുന്ന ധാരാളം സ്ത്രീകളെ കാണ്ടേണ്ടിവരും. നീതിയുക്തമല്ലാത്ത നിയമങ്ങൾക്കും മൂല്യങ്ങൾക്കുമെതിരേ മുഷ്ടിയുയർത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകളൊഴുകിയെത്തുന്നു.
പൌരത്വം
ഇതാ വരുന്ന കടലസ്സുകാരൻ,
ഓടി രക്ഷപ്പെട്ടോ, കഴിയുമെങ്കിൽ,
ബംഗ്ലാദേശി! ബംഗ്ലാദേശി!
പോയി തുലയ്
നിന്റെ സി.എ.എ. തുലയട്ടെ.
ഞങ്ങളൊരിക്കലും ഓടിപ്പോവില്ല
ബംഗ്ലാദേശി! ബംഗ്ലാദേശി! അപ്പത്തിന് പകരം കേക്കോ?

2019 മാർച്ചിന് കൊൽക്കൊത്തയിലെ വിവിധ സ്ത്രീ സംഘടനകൾ വിളിച്ചുചേർത്ത വനിതാ റാലിക്കായി പണിത കട്ടൌട്ടുകൾ

2019 മാർച്ചിലെ കൊൽക്കൊത്തയിലെ വനിതാ മാർച്ച്: മതത്തിന്റേയും ജാതിയുടേയും ലിംഗത്തിന്റേയും പേരിലുള്ള വെറുപ്പിനേയും വിവേചനത്തേയും തോൽപ്പിക്കാൻ വിവിധ സാമൂഹ്യപശ്ചാത്തലത്തിൽനിന്നുള്ള സ്ത്രീകൾ തെരുവിലിറങ്ങി

സി.എ.എ.— എൻ.ആർ.സി നീക്കത്തിനെതിരേ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിൽ, കൊൽക്കൊത്തയിലെ പാർക്ക് സർക്കസ് മൈതാനിയിൽ നടന്ന മുസ്ലിം സ്ത്രീകളുടെ കുത്തിയിരിപ്പ്
*****
കൃഷിയെ ആശ്രയിക്കുന്ന ബിർഭുമിലെ ഗ്രാമങ്ങളിൽ, ഞങ്ങൾ, ഭൂരഹിത ആദിവാസി സ്ത്രീകളെ നേർക്കുനേർ കണ്ടു. ജോലി ചെയ്യുകയായിരുന്നു അവർ. സ്വന്തമായി ഭൂമിയുള്ള ചുരുക്കം സ്ത്രീകൾക്കും അതിൽ അധികാരമൊന്നുമുണ്ടായിരുന്നില്ല.
ശൂദ്രാണി
ഓ ബാബു, ഇതാ എന്റെ ചളിപിടിച്ച് പഴകിയ പട്ടയം
എന്റെ ദുപ്പട്ടപോലെ കീറിപ്പഴകിയത്
ഒരു ഉരുള ഭക്ഷണം തരൂ, ഒരു ജീവിതം തരൂ,
ഞാനൊരു കർഷകയാണ്,
കർഷകന്റെ ഭാര്യ മാത്രമല്ല.
എന്റെ ഭൂമി, വരൾച്ചയിൽ നഷ്ടമായി ബാബൂ
ഞാനിപ്പൊഴും കർഷകയാണോ?
അതോ വെറുമൊരു സർക്കാർ ആശങ്ക മാത്രമോ?


‘സ്വന്തമായി ഭൂമിയില്ല. പാടത്ത് പണിയെടുത്തിട്ടും ഒരു പിടി ധാന്യത്തിനായി യാചിക്കേണ്ടിവരുന്നു’, പശ്ചിമ ബംഗാളിലെ ബിർഭുമിലെ വയലിൽ നെല്ല് വിളവെടുക്കുന്ന ഒരു സന്താൾ കർഷകത്തൊഴിലാളി പറയുന്നു
*****
അധികാരത്തിലിരിക്കുന്നവരെക്കൊണ്ട് മറുപടി പറയിക്കാൻ സ്ത്രീകൾ തിരഞ്ഞെടുപ്പുവരെ കാത്തിരിക്കാറില്ല. മൂർഷിദാബാദ്, ഹുഗ്ലി, നാദിയ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള സ്ത്രീകളും കർഷകരും രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകാൻ ഇടയ്ക്കിടയ്ക്ക് വന്നുകൊണ്ടിരിക്കുന്നു.
ചുറ്റികകൾ
ഒരു ഭ്രാന്തിന് പ്രയോഗിക്കപ്പെട്ട
പ്രിയപ്പെട്ട കണ്ണീർവാതകങ്ങൾ
ഫാക്ടറികൾ അടയുന്നു, പലിശസ്രാവുകൾ നീന്തുന്നു
കറുകറുത്ത ബാരിക്കേഡുകൾ
കാവിപ്പതാകയിൽ പുതപ്പിച്ച
കുറഞ്ഞ കൂലിയും തൊഴിലുറപ്പും


ഇടത്ത്: 2021 ജനുവരി 18-ലെ ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി (എ.ഐ.കെ.എസ്.സി.സി) മഹിളാ കിസാൻ ദിവസ് റാലി. വലത്ത്: അവർ ഞങ്ങളുടെയടുത്ത് വരാറില്ല. അതുകൊണ്ട്, ഞങ്ങൾക്കാവശ്യമുള്ളത് അവരെ അറിയിക്കാൻ ഞങ്ങൾ ഇങ്ങോട്ട് വന്നു’, 2023 സെപ്റ്റംബർ 19-ലെ ഓൾ ഇന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ്) റാലിയിൽ പങ്കെടുത്ത് പ്രതിഷേധിക്കുന്ന കർഷകർ പറയുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്