“അതാ ഒരു ഗോറൽ”, അരുൺചാൽ പ്രദേശിന്റെ പടിഞ്ഞാറൻ കാമെംഗ് ജില്ലയിലുള്ള സിംഗ്ചുംഗ് പട്ടണത്തിന്റെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ നിശ്ശബ്ദമായി വണ്ടിയോടിക്കുന്നതിനിടയിൽ ഡോ. സുമേഷ് ശ്രീനിവാസൻ ഉച്ചത്തിൽ ബഹളംവെച്ചു.
കുറച്ച് ദൂരെയായി, അധികം പൊക്കമില്ലാത്ത, ചാരനിറത്തിലുള്ള, ആടിനെപ്പോലെയുള്ള ഒരു മൃഗം റോഡിലൂടെ നടന്ന്, കുന്നിറങ്ങി, കിഴക്കൻ ഹിമാലയത്തിലെ കാടുകളിലേക്ക് പോവുന്നുണ്ടായിരുന്നു. “മുമ്പ് നിങ്ങൾക്കിതിനെ കാണാൻ സാധിക്കില്ലായിരുന്നു”, അത്ഭുതപരതന്ത്രനായ ആ വന്യജീവി ശാസ്ത്രജ്ഞൻ പറയുന്നു. കഴിഞ്ഞ 13 കൊല്ലമായി പടിഞ്ഞാറൻ കാമെംഗിലെ കാട്ടിൽ ജോലി ചെയ്യുന്ന ആളാണ് അദ്ദേഹം.
ഭൂട്ടാൻ, ചൈന, വടക്കേന്ത്യ, നേപ്പാൾ, പാകിസ്താൻ എന്നിവിടങ്ങളിലെ ഹിമാലയപ്രദേശങ്ങളിൽ പരക്കെ കാണപ്പെടുന്ന ഒരു മൃഗമാണ് ചാരനിറത്തിലുള്ള ഗോറൽ (നെമോഹെഡസ് ഗോറൽ (എന്നാൽ 2008-ഓടെ, പ്രകൃതിസംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര യൂണിയൻ (യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ (ഐ.യു.സി.എൻ) അതിനെ ‘ ഏകദേശ വംശനാശ ’മടുത്ത ജീവിയായി പട്ടികപ്പെടുത്തി.
“അവ എപ്പോഴും കാടിന്റെ ഉൾഭാഗത്തായിരിക്കും. പുറത്തുവരാൻ പേടിച്ച്”, ഉമേഷ് പറയുന്നു. മനുഷ്യസാന്നിധ്യം കൂടുതലുള്ള താഴ്ന്ന ഹിമാലയൻ പ്രദേശങ്ങളിലും വടക്കുകിഴക്കേന്ത്യയിലും അവ കൂടുതൽ ഭീഷണിയിലാണ് ജീവിക്കുന്നത്.
ഗോറലിനെ കണ്ടതിനുശേഷം, നിമ സെറിംഗ് മോൺപ എന്ന് പേരുള്ള, സിംഗ്ചുംഗിൽ താമസിക്കുന്ന കർഷകൻ ഞങ്ങൾക്ക് ചായയും മറ്റ് ചില വിവരങ്ങളും പങ്കുവെച്ചു. “കുറച്ചാഴ്ചകൾക്ക് മുമ്പ് ഇവിടെനിന്ന് അധികം ദൂരത്തല്ലാതെ, കൃഷിയിടത്തിൽ ഞാനൊരു ചുവന്ന പാണ്ടയെ (ഐലൂറസ് ഫുൾഗെൻസ്) കണ്ടു”. വംശനാശമടുത്ത ചുവന്ന പാണ്ഡകൽ ചൈന, മ്യാന്മർ, ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ എന്നിവിടങ്ങളിലാണ് കണ്ടുവരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് തലമുറകളായി അതിന്റെ എണ്ണം 50 ശതമാനം കുറഞ്ഞിരിക്കുന്നുവെന്നും അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ ഇനിയും മോശമായേക്കുമെന്നും ഐ.യു.സി.എൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.


ഇടത്ത്: അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കാമെംഗിലെ സിംഗ്ചുംഗ് ബുഗുൻ വില്ലേജ് കമ്മ്യൂണിറ്റി റിസർവിനുള്ളിൽ. വലത്ത്: നായാട്ടും ആവാസവ്യവസ്ഥയുടെ നാശവും മൂലം ഏകദേശ വംശനാശഭീഷണി പട്ടികയിലാണ് ഐ.യു.സി.എൻ. ഗോറലുകളെ ഉൾപ്പെടുത്തിയിട്ടുള്ളത്


അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കാമെംഗ് ജില്ലയിലുള്ള സിംഗ്ചുംഗ് പട്ടണം (ഇടത്ത്) ബുഗുൻ ഗോത്രക്കാരുടെ വാസസ്ഥലമാണ്. വലത്ത്: സിംഗ്‌ചുംഗ് പട്ടണത്തിനോട് ചേർന്നുള്ള 17 ചതുരശ്ര കിലോമീറ്റർ എസ്.ബി.വി.സി.ആർ വനത്തിലാണ് ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ബുഗുൻ ലിയോസിച്‌ല പക്ഷികൾ വസിക്കുന്നത്
സിംഗ്ചുംഗിനടുത്ത് വന്യമൃഗങ്ങളെ കണ്ടുമുട്ടുന്നത് യാദൃശ്ചികമല്ലെന്ന് തദ്ദേശവാസികൾ പറയുന്നു. 2017-ൽ അരുണാചൽ വനംവകുപ്പ്, അവിടെ താമസിക്കുന്ന ബുഗുൻ ഗോത്രസമുദായവുമായി ചേർന്നുകൊണ്ട് ആരംഭിച്ച സുസ്ഥിരമായ പ്രകൃതിസംരക്ഷണശ്രമങ്ങളുടെ ഭാഗമാണ് അതെന്ന് അവർ വിശ്വസിക്കുന്നു. മുൻപ് പട്ടികപ്പെടുത്തിയിട്ടില്ലായിരുന്ന കാടുകളിൽനിന്ന്, സിംഗ്ചുംഗ് ബുഗുൻ വില്ലേജ് കമ്മ്യൂണിറ്റി റിസർവ് വനങ്ങളെ സൃഷ്ടിക്കുന്നതിനുവേണ്ടിയായിരുന്നു വനംവകുപ്പും ഗോത്രസമുദായവും ഒരുമിച്ചത്.
ലോകത്തിൽ ഏറ്റവുമധികം വംശനാശഭീഷണി നേരിടുന്ന പക്ഷികളായ ബുഗുൻ ലിയോസിച്‌ലയെ ഇവിടെ കണ്ടെത്തിയതോടെയാണ് ഈ സമൂഹ റിസർവ് വന സംരംഭത്തിന്റെ കഥ ആരംഭിക്കുന്നത്. സിംഗ്ചുംഗിന് ചുറ്റുമുള്ള കാടുകളുടെ ചെറിയ വൃത്തത്തിനുള്ളിൽ മാത്രമേ ഇവയെ കാണാൻ കഴിയൂ.
കണ്ടുകിട്ടാൻ ബുദ്ധിമുട്ടുള്ള ഒലീവ് ഗ്രീൻ പക്ഷികൾക്ക് ഭംഗിയുള്ള കറുത്ത തൊപ്പിയും, കടും മഞ്ഞ പുരികങ്ങളും, അറ്റത്ത് ചുവപ്പുനിറമുള്ള ചിറകുകളുമുണ്ടാവും. 2006-ൽ കണ്ടെത്തിയ ഈ പക്ഷിവർഗ്ഗത്തിന് ആ മേഖലയിലെ ഗോത്രങ്ങളുടെതന്നെ പേരായ ബുഗുൻ എന്ന് നാമകരണം ചെയ്യുകയായിരുന്നു.
“ലോകത്തുള്ള എല്ലാവർക്കും ഈ പക്ഷിയെക്കുറിച്ച് അറിയാമായിരുന്നു”, സിംഗ്ചുംഗിലെ തന്റെ വീട്ടിൽ, ഈ ഉഷ്ണമേഖലാ പ്രദേശത്തെ മലനിരകളുടെ ഫോട്ടോഗ്രാഫുകളുടെ നടുക്കിരുന്ന്, ശാലീന ഫിന്യ പറയുന്നു.
ഈ ബുഗുൻ ലിയോസിച്‌ലകൾ നിലനിൽക്കുന്നുണ്ടെന്ന് അഞ്ചുവർഷത്തിനുമുമ്പ് തനിക്ക് ഒരു ധാരണയുമില്ലായിരുന്നുവെന്ന് അവർ പറയുന്നു. എന്നാലിന്ന്, 24 വയസ്സുള്ള ഇവർ എസ്.ബി.വി.സി.ആറിലെ ആദ്യത്തെ പട്രോളിംഗ് ഉദ്യോഗസ്ഥയാണ്. കിഴക്കൻ ഹിമാലയങ്ങളിലെ ഈ കാടുകളെക്കുറിച്ച് രേഖപ്പെടുത്തുന്ന സിനിമാസംവിധായകയുംകൂടിയാണ് അവർ.
സിംഗ്ചുംഗ് ബുഗുൻ വില്ലേജ് കമ്മ്യൂണിറ്റി റിസർവ് വനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 2017-ൽ ആരംഭിച്ച സുസ്ഥിരമായ പ്രകൃതിസംരക്ഷണ ശ്രമങ്ങളോടെയാണ് ഈ അപൂർവ്വയിനം പക്ഷിയെ കൂടുതൽ കണ്ടുതുടങ്ങിയത്
സമൂഹത്തിന് കൂട്ടായ ഉടമസ്ഥതയുണ്ടെന്ന് ഉറപ്പുവരുത്തുന്ന, 1996-ൽ ആദ്യമായി ഈ പക്ഷിയെ കണ്ട രമണ ആത്രേയ പറയുന്നു. “സ്വന്തം ജൈവവൈവിധ്യത്തെ സംരക്ഷിക്കാനും തങ്ങളുടെ ജീവിതം എങ്ങിനെയാവണമെന്ന് ആഗ്രഹിക്കുന്നോ അങ്ങിനെയാക്കാൻ സമൂഹത്തെ സഹായിക്കുക എന്നതുമാണ് എസ്.ബി.വി.സി.ആറിന്റെ ലക്ഷ്യം”.
അവയ്ക്ക് ബുഗുൻ എന്ന പേരിടണമെന്ന് അദ്ദേഹം നിർബന്ധിച്ചു. ഇതേ പേരുള്ള സമുദായത്തിന് ഈ തൂവൽമൃഗത്തോട് ഒരടുപ്പം തോന്നാനും ആ മേഖലയുടെ സംരക്ഷണത്തിൽ അവരെക്കൂടെ ഉൾപ്പെടുത്താനുമാണ് അദ്ദേഹം അത് ചെയ്തത്. അങ്ങിനെയാണ് ആ പ്രദെശം ഇന്നൊരു സംരക്ഷിതവനമായി തീർന്നത്.
അരുണാചൽ പ്രദേശിലെ പടിഞ്ഞാറൻ കാമെംഗ് ജില്ലയിലെ ഈഗിൾനെസ്റ്റ് വൈൽഡ്‌ലൈഫ് സാങ്ച്വറിയുടെ കീഴെയുള്ള എസ്.ബി.വി.സി.ആർ 1972-ലെ വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപിതമായത്. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ, അത് വനസംരക്ഷണത്തിന് ഒരു മാതൃകയായി മാറിയിരിക്കുന്നു.
ഒരു ബുഗുനായ ഫിന്യയെപ്പോലെയുള്ള നാട്ടുകാർ., ഈ വനത്തിനെയും അതിലെ അതിനുള്ളിലെ വന്യജീവികളേയും സംരക്ഷിക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ട്. മറ്റ് 10 വനം ഉദ്യോഗസ്ഥരുടെകൂടെ ഇതിനകത്ത് സഞ്ചരിച്ച്, നായാട്ടും മറ്റും തടയുക എന്നതാണ് അവരുടെ ജോലി.
എസ്.ബി.വി.സി.ആറിലെ മറ്റൊരു പട്രോളിംഗ് ഓഫീസറായ ലെകി നോർബു, വനത്തിനകത്തെ അനധികൃതമായ മരംവെട്ടുകളും നായാട്ടുകളും, കെണികളും പരിശോധിക്കുന്നു. “മരംവെട്ടിനുള്ള പിഴ 1,00,000 വരെ പോകും. നായാട്ടിന് അതിലധികവും”, 33 വയസ്സുള്ള ഈ ബുഗുൻ ഗോത്രക്കാരൻ പറയുന്നു.


ഇടത്ത്: എസ്.ബി.വി.സി.ആറിലെ ആദ്യത്തെ വനിത പാട്രോളിംഗ് ഉദ്യോഗസ്ഥയായ ശാലീന ഫിന്യ, സിംഗ്ചുംഗിലെ തന്റെ വീട്ടിലെ വിരുന്നുമുറിയിൽ. വലത്ത്: സിംഗ്ചുംഗിലെ തന്റെ വീടിന്റെ ഉറത്ത് നിൽക്കുന്ന ലേകി നോർബുവും അദ്ദേഹത്തിന്റെ കുടുംബവും. അവരുടെ പിന്നിലായി ബുഗുൻ ലിയോസിച്‌ലയുടേയും (ഇടത്ത്) മറ്റൊരു പക്ഷിയിനമായ സുൽത്താൻ ടിറ്റിന്റെയും (വലത്ത്) പെയിന്റിംഗുകൾ


ഇടത്ത്: ഈ കമ്മ്യൂണിറ്റി റിസർവ് വനം സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച ജില്ലാ ഫോറസ്റ്റ് ഓഫീസർ മിലോ താസ്സറിനൊടൊപം പാട്രോളിംഗ് ഉദ്യോഗസ്ഥരെ കാണാം. വലത്ത്: ബുഗുൻ ലിയോസിച്‌ലയെ ആദ്യമായി കണ്ടെത്തുകയും, ഇതേ കാടുകളിൽ താമസിക്കുന്ന ഗോത്രങ്ങളുടെ പേരുതന്നെ അവയ്ക്ക് നൽകുകയും ചെയ്ത രമണ ആത്രേയ
മനുഷ്യരുടെ സാന്നിധ്യമൊന്നുമില്ലാത്തതിനാൽ, മൃഗങ്ങൾ കാടിന്റെ ഉള്ളിൽനിന്നും പുറത്തേക്കിറങ്ങുകയും എസ്.ബി.വി.സി.ആറിൽ തീറ്റതേടിയെത്തുകയും ചെയ്യുന്നു. ഗൌർ ബൈസണാണ് (കാട്ടുപോത്ത്) അവയിൽ ഏറ്റവും വലുതും, വംശനാശഭീഷണി നേരിടുന്നവയായി പട്ടികയിലുൾപ്പെട്ടിട്ടുള്ളതും. എന്നാൽ, എസ്.ബി.വി.സി.ആറിൽ “പണ്ടൊക്കെ ഒന്നോ രണ്ടോ എണ്ണത്തിനെ മാത്രമേ കണ്ടിരുന്നുള്ളു. എന്നാലിന്ന്, അവയെ കൂട്ടമായി കാണാൻ കഴിയും” എന്ന് ലേകി പറയുന്നു.
മറ്റ് മൃഗങ്ങളേയും സംഘമായി കാണാറുണ്ട്. “കഴിഞ്ഞ 3-4 വർഷങ്ങൾക്കുള്ളിൽ കാട്ടുനായ്ക്കളുടെ (കുവോൺ ആൽപ്പിനസ്) എണ്ണം വർദ്ധിച്ചിട്ടുണ്ട്“, സിംഗ്ചുനിലെ താമസക്കാരനും ബുഗുനുമായ ഖാണ്ടു ഗ്ലോ പറയുന്നു. എസ്.ബി.വി.സി.ആർ കമ്മിറ്റിയുടെ അദ്ധ്യക്ഷനുമാണ് അദ്ദേഹം.
സിംഗ്ചുംഗ് പട്ടണത്തിനും ഈഗിൾനെസ്റ്റ് വൈൽഡ്‌ലൈഫ് സാങ്ച്വറിക്കുമിടയിൽ ഒരു കരുതൽമേഖലയായി നിൽക്കുന്ന ഈ റിസർവ് വനം, കടുവകളും മാർബിൾ പൂച്ചകളും, ഏഷ്യൻ ഗോൾഡൻ ക്യാറ്റുകളും ലെപ്പേഡ് ക്യാറ്റുകളുമടക്കം നിരവധി വന്യമൃഗങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വംശനാശം വന്നുകൊണ്ടിരിക്കുന്ന തൊപ്പിക്കാരൻ ലംഗൂർ, ഗോറാൽ, ചുവന്ന പാണ്ട, ഏഷ്യാറ്റിക്ക് കറുത്ത കരടി, അരുണാചൽ മാക്വാ, കാട്ടുപോത്ത് എന്നിവയുടേയും വാസസ്ഥലമാണ് ഇത്. ഓരോ 3,250 മീറ്ററിലും ആനകളെ കാണാവുന്ന, ഭൂഗോളത്തിലെ ഒരേയൊരു സ്ഥലമാണ് ഈഗിൾനെസ്റ്റ്.
എന്നാൽ ലോകത്താകമാനമുള്ള സന്ദർശകരെ ഇങ്ങോട്ട് ആകർഷിക്കുന്നത് പക്ഷികളാണ്. 600-ഓളം പക്ഷിവർഗ്ഗങ്ങളുടെ വീടാണ് ഈഗിൾനെസ്റ്റ്. അവയിൽ, ഏകദേശ വംശനാശ മടുക്കുന്ന കടുംചുവപ്പ് വയറുള്ള വാർഡ്സ് ട്രോഗോൺ, എളുപ്പത്തിൽ പരിക്കേൽക്കാവുന്ന വലിയ കൊറ്റിപോലെയുള്ള ബ്ലിത്ത് ട്രാഗോപാനും, നീലയും-ചാരവും നിറമുള്ള സുന്ദരി നുതാച്ചും എല്ലാമുണ്ട്.
ഇപ്പോൾ, ഈഗിൾനെസ്റ്റിനോടൊപ്പം സിംഗ്ചുംഗും പക്ഷിസ്നേഹികളുടെ ഒരു സഞ്ചാരകേന്ദ്രമായിട്ടുണ്ട്. താഴത്തേക്ക് വരുമ്പോൾ അതിമനോഹരമായ വിസിൽ ശബ്ദം മുഴക്കുന്ന ബുഗുൻ ലിയോസിച്‌ലകളെ കേൾക്കാൻ സന്ദർശകർ ഇങ്ങോട്ട് കുതിച്ചെത്തുന്നു. മുട്ടയിടാൻ പാകത്തിൽ പൂർണ്ണവളർച്ചയെത്തിയ, ഇത്തരം 14-20 പക്ഷികൾ മാത്രമേ ഇന്ന് ലോകത്ത് അവശേഷിച്ചിട്ടുള്ളു. അവയെ കാണാനാണ് അവരെത്തുന്നത്.


കിഴക്കൻ ഹിമാലയത്തിലെ ഈഗിൾനെസ്റ്റ് എന്ന വന്യജീവി സങ്കേതത്തിൽ കണ്ടുവരുന്ന കടുംചുവപ്പ് വയറുള്ള വാർഡ്സ് ട്രോഗോണും (ഇടത്ത്), വലിയ കൊറ്റിപോലെയുള്ള ബ്ലിത്ത്സ് ട്രാഗോപാനും (വലത്ത്)


മുട്ടയിടാൻ പ്രായമായ 14-20 ബുഗുൻ ലിയോസിച്‌ലകൾ മാത്രമേ ഇന്ന് ഈ കാട്ടിലുള്ളുവെന്ന് (ഇടത്ത്) കണക്കാക്കപ്പെടുന്നു. പക്ഷിയെ ഒരുനോക്ക് കാണാനായി എസ്.ബി.വി.സി.ആറിലെത്തിയ പക്ഷിസ്നേഹികൾ (വലത്ത്)
ഇരട്ടകളായോ, ചെറിയ സംഘങ്ങളായോ ആണ് ബുഗുൻ ലിയോസിച്‌ലകളെ കണ്ടുവരുന്നത്. കിഴക്കൻ ഹിമാലയത്തിലെ താഴ്ന്ന പ്രദേശത്തുള്ള (സമുദ്രനിരപ്പിൽനിന്ന് 2,060 മുതൽ 2,2340 മീറ്റർവരെ ഉയരത്തിലുള്ള) ഈ കൊടുംവനമാണ് അവയുടെ ഒരേയൊരു വാസസ്ഥലം.
“ഈഗിൾനെസ്റ്റിലും, നാംദഫ നാഷണൽ പാർക്കിലും (അതും അരുണാചൽ പ്രദേശിലാണ്), അസമിലും ധാരാളം പക്ഷികളുണ്ടെങ്കിലും സിംഗ്ചുംഗിൽ മാത്രമാണ് ലിയോസിച്‌ലകളുള്ളത്. ഈ പക്ഷികളില്ലായിരുന്നെങ്കിൽ ആളുകൾ ഇങ്ങോട്ട് വരില്ല” എന്ന് പരിസ്ഥിതിസൌഹൃദ ക്യാമ്പായ ലാമാ ക്യാമ്പ് നടത്തുന്ന ഇൻഡീ ഗ്ലോ പറയുന്നു. “അവയെ കാണാൻ സാധിച്ചില്ലെങ്കിൽ ആളുകൾ അധികദിവസം ഇവിടെ തങ്ങാറുണ്ട്”, ഗ്ലോ കൂട്ടിച്ചേർത്തു.
നൂറുകണക്കിന് സന്ദർശകർ ഇവിടെ വരുന്നതുകൊണ്ട്, ഇവിടുത്ത സമൂഹത്തിനും വിനോദസഞ്ചാരത്തിന്റെ ഗുണഫലം കിട്ടുന്നുണ്ട്. “എല്ലാ വർഷവും 300 മുതൽ 400 സന്ദർശകർവരെ സിംഗ്ചുംഗിലെത്താറുണ്ട്. അത് കൂടുകയും ചെയ്യുന്നു” എന്ന് ഗ്ലോ സൂചിപ്പിക്കുന്നു. കാലവർഷത്തിന് തൊട്ടുമുമ്പായി, ഏപ്രിൽ മുതൽ ജൂൺവരെയാണ് മൂർദ്ധന്യകാലം.
പൈസ കൊടുക്കാൻ തയ്യാറുള്ള സന്ദർശകർ വരുന്നത് സഹായകരമാണെന്ന് പറയുന്ന ആത്രേയ, അതിനെച്ചൊല്ലിയുള്ള വിമർശനങ്ങളെ തള്ളിക്കളയുന്നു. “ഇവിടെ പൈസ ആവശ്യമാണ്. സംരക്ഷണശ്രമങ്ങൾക്കുള്ള ശമ്പളംതന്നെ വർഷത്തിൽ 15 ലക്ഷം വരും”, അദ്ദേഹം പറയുന്നു. തൊഴിൽപരമായി അദ്ദേഹം റേഡിയോയിൽ ജ്യോതിശാസ്ത്രം അവതരിപ്പിക്കുന്ന ആളാണെങ്കിലും, അരുണാചൽ പ്രദേശിലെ ജൈവസംരക്ഷണശ്രമങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് അദ്ദേഹം. “ഇപ്പോൾ ബുഗുനുകൾ അവരുടെ കർത്തവ്യം നന്നായി നിർവ്വഹിക്കുന്നുണ്ട്. ഞാൻ കരുതിയതിനേക്കാളൊക്കെ എത്രയോ മെച്ചപ്പെട്ട തരത്തിൽ”.
ഇപ്പോൾ സമുദായം ഇക്കോ-ടൂറിസം ക്യാമ്പുകളും, കൃത്യമായ പാട്രോളിംഗും, പ്രദേശത്തെ സ്കൂളുകളിൽ അവബോധ ക്ലാസ്സുകൾപോലും നടത്തുന്നുണ്ട്. പട്ടികഗോത്രക്കാരായി അടയാളപ്പെടുത്തപ്പെട്ടവരാണ് ബുഗുനുകൾ. 2013-ലെ റിപ്പോർട്ട് പ്രകാരം അവരുടെ ജനസംഖ്യ 1,432 ആണെങ്കിലും, യഥാർത്ഥത്തിൽ അതിന്റെ ഇരട്ടിയോളം ആളുകളുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്.


ഇടത്ത്: അധികം കാഴ്ചയിൽപ്പെടാത്ത ബുഗുൻ ലിയോസിച്‌ലയേയും മറ്റ് വന്യമൃഗങ്ങലേയും കാണാൻ വരുന്ന പക്ഷിനിരീക്ഷകർക്കായി ലാമാ ക്യാമ്പ് എന്ന് പേരുള്ള പരിസ്ഥിതിസൌഹൃദകേന്ദ്രം നടത്തുന്ന ഇൻഡീ ഗ്ലോ. വലത്ത്: പ്രസിദ്ധമായ ഈ പക്ഷിയുടെ പോസ്റ്ററുകൾ പതിച്ചുവെച്ച ലാമാ ക്യാമ്പിന്റെ ചുമരുകൾ

ലാമാ ക്യാമ്പിൽനിന്നുള്ള എസ്.ബി.വി.സി.ആറിന്റെ കാഴ്ച.17 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഈ സംരക്ഷിതവനത്തിനകത്ത് 2 ചതുരശ്ര കിലോമീറ്ററിൽ മാത്രമേ ബുഗുൻ ലിയോസിച്ലയെ കാണാൻ കഴിയൂ
കാടുകളെക്കുറിച്ചും ജൈവവൈവിധ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വെസ്റ്റ് കാമെംഗിലെ സ്കൂളുകളിലെ കുട്ടികളെ പഠിപ്പിക്കുന്ന ‘വൈൽഡ്‌ലൈഫ് വീക്ക്’ എന്ന പരിപാടിയിൽ ഫിന്യയെപ്പോലെയുള്ള നാട്ടുകാർ പങ്കെടുക്കാറുണ്ട്. കുട്ടിക്കാലത്തുതന്നെ ഇതൊക്കെ കണ്ടിട്ടുള്ളതുകൊണ്ട് അവൾക്ക് അതിന്റെ പ്രാധാന്യമറിയാം. “എന്റെ കൂട്ടുകാർ കാട്ടിൽ പോയി ചെറിയ പക്ഷികളെ കൊല്ലുകയും തിന്നുകയും ചെയ്യാറുണ്ടായിരുന്നു. അതെന്നെ വേദനിപ്പിച്ചു. ഞാൻ അവരോട് ചോദിക്കും,
തിന്നാനായി വളർത്തുന്ന കോഴികളും മറ്റുമുള്ളപ്പോൾ നിങ്ങളെന്തിനാന് കാടുകളെ ഉപദ്രവിക്കുന്നതെന്ന്”
അവരുടെ സഹപ്രവർത്തക നോർബു പറയുന്നു: “പഠിക്കാൻ ഞങ്ങൾക്ക് വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. ഞങ്ങൾ സംഘമായി കാട്ടിൽ പോയി ചിലപ്പോൾ വേട്ടയാടിയ മൃഗങ്ങളുമായി – മാൻ, കലീജ് കൊറ്റി, കാട്ടുപന്നി – തിരിച്ചുവരും”, വിദ്യാഭ്യാസം അപ്രധാനവും, നായാട്ട് വിനോദവുമായിരുന്ന കാലത്തെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്.
“ചിലപ്പോൾ തിന്നാൻവേണ്ടിയായിരിക്കും. അല്ലെങ്കിൽ, ആളുകൾ ചെയ്യുന്നതുപോലെ, വെറുതെയും”, വന്യജീവികൾക്ക് ഭീഷണിയാവുന്ന പ്രവൃത്തികൾക്കെതിരേ ജാഗ്രത പുലർത്തുകയാണ് ഇപ്പോൾ നോർബു.
എട്ടുവർഷം പടിഞ്ഞാറൻ കാമെംഗ് ജില്ലയുടെ ജില്ലാ ഫോറസ്റ്റ് ഓഹീസറായിരുന്ന (ഡി.എഫ്.ഒ.) മിലോ താസ്സറാണ് ഈ റിസർവ് വനത്തിന്റെ പിന്നിലുള്ള ചാലകശക്തികളിലൊരാൽ. “സമൂഹത്തിന്റെ സഹായമില്ലായിരുന്നെങ്കിൽ എസ്.ബി.വി.സി.ആർ യാഥാർത്ഥ്യമാവുകയില്ലായിരുന്നു”, ഇപ്പോൾ സിറോ താഴ്വരയുടെ ഡി.എഫ്.ഒ. ആയ അദ്ദേഹം സൂചിപ്പിക്കുന്നു. “ഇത് ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകി. എന്നാൽ ഈ സമുദായത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ ഇത് വിജയിക്കില്ലായിരുന്നു”.
മിക്ക കുടുംബങ്ങളിലേയും ഒരാളെങ്കിലും ഇവിടെ തൊഴിലിലേർപ്പെട്ടിരിക്കുന്നു. പാചകക്കാരനായും, വനോദ്യോഗസ്ഥനായും മറ്റും. മുൻനിര തൊഴിലാളികൾക്ക് ചിലപ്പോൾ സംസ്ഥാനത്തിന്റെ ഗ്രാന്റിൽനിന്ന് കിട്ടുന്ന ശമ്പളം വൈകാറുണ്ട്. അതിനാൽ, വിനോദസഞ്ചാരങ്ങളിൽനിന്നും മറ്റുമുള്ള വരുമാനം വളരെ ആവശ്യമാണ് അവർക്ക്.
എന്നാൽ ഈ പട്ടണത്തിനെ മാറ്റിമറിച്ചതിന്റെ മുഴുവൻ കീർത്തിയും ബുഗുന് അവകാശപ്പെട്ടതാണ്. “ലിയോസിച്‌ല ഇല്ലായിരുന്നെങ്കിൽ സിംഗ്ചുംഗിന് ഇതുപോലൊരു മാറ്റമുണ്ടാകുമായിരുന്നില്ല”, ഗ്ലോ കൂട്ടിച്ചേർക്കുന്നു.


എസ്.ബി.വി.സി.ആറിന്റെ പ്രവേശനകവാടം. റിസർവിനകത്തേക്ക് കടക്കുന്നതിനുള്ള ഫീസ് 300 രൂപയാണ്
*****
സമുദായത്തിൽനിന്നാണ് ഈ പക്ഷികളുടെ പേരിന്റെ ആദ്യപകുതി കിട്ടിയതെങ്കിലും “മറ്റേ പകുതിയായ ലിയോസിച്‌ലയുടെ റോമാൻസ് ഭാഷയിലുള്ള അർത്ഥം സൌമ്യമായ പക്ഷി എന്നാണ്“, ഉമേഷ് വിശദീകരിക്കുന്നു. പച്ചപുതച്ച കുന്നുകളും താഴ്വരകളുമുള്ള എസ്.ബി.വി.സി.ആറിന് ചുറ്റും നടക്കുകയായിരുന്നു ഞങ്ങൾ. ഇടയ്ക്ക് വല്ലപ്പോഴും നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പക്ഷികളുടെ ശബ്ദം മാത്രം കേട്ടുകൊണ്ടിരുന്നു.
ഈ സ്വർഗ്ഗത്തിനകത്ത് ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്കിടവന്നു.
താപനില ഉയരുന്നതുമൂലം, വെള്ളവാലൻ റോബിനും കോമൺ ഗ്രീൻ മാഗ്‌പൈയുംപോലുള്ള പക്ഷികൾ ചൂടിൽനിന്ന് രക്ഷപ്പെടാൻ ഉയർന്ന പ്രദേശങ്ങളിലേക്ക് വാസം മാറ്റുന്നുണ്ടെന്ന് ഈഗിൾനെസ്റ്റ് വൈൽഡ്‌ലൈഫ് സാങ്ച്വറിയെക്കുറിച്ച് പക്ഷിശാസ്ത്രജ്ഞൻ ശ്രീനിവാസൻ നടത്തിയ ഗവേഷണം വെളിപ്പെടുത്തുന്നു.
പ്രശസ്തമായ ഈ പക്ഷിയെ ഇപ്പോൾ “സമുദ്രനിരപ്പിൽനിന്ന് 2,000-2,300 മീറ്റർ ഉയരത്തിലുള്ള 2 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് മാത്രമേ കാണുവാൻ കഴിയൂ” എന്ന് അദ്ദേഹം പറയുന്നു. “പക്ഷേ ലിയോസിച്‌ലകൾക്ക് പോകേണ്ടിവരും, പോവുമ്പോൾ അവ മുകളിലേക്കാണ് പോവുക”. അതിനാൽ, ഈ റിസർവുണ്ടാക്കിയിരിക്കുന്നത്, മുകളിലേക്ക് ഉയരുന്ന ഒരു പ്രദേശത്താണ്. “എസ്.ബി.വി.സി.ആർ ഇപ്പോൾ 1,300-നും, 3,300-നും ഇടയിലുള്ള ഉയരത്തിലാണ്” എന്ന് ശ്രീനിവാസൻ പറയുന്നു. ചൂടിൽനിന്ന് രക്ഷപ്പെടാൻ പക്ഷികൾ മുകളിലേക്ക് താമസം മാറ്റുന്നതിനെക്കുറിച്ച് അരുണാചലിലെ പക്ഷികൾ: കൽക്കരിഖനിയിലെ മൈനകൾ എന്ന കഥയിൽ വായിക്കാം.


ശ്രീനിവാസൻ (ഇടത്ത്) ഈഗിൾനെസ്റ്റിൽ ഒരു പക്ഷിയുടെ മുട്ടിനും ഉപ്പൂറ്റിക്കുമിടയിലുള്ള ഭാഗം അളക്കുന്നു. ഈ പക്ഷികേന്ദ്രത്തിലെ പക്ഷികൾ, ചൂടിൽനിന്ന് രക്ഷതേടാൻ ഉയരം കൂടിയ സ്ഥലങ്ങളിലേക്ക് പോകുന്നുവെന്നാണ് ഈ ശാസ്ത്രജ്ഞന്റെ ഗവേഷണത്തിൽനിന്ന് തെളിയുന്നത്. സംഗ് നോർബു സരായ് (വലത്ത്). ബുഗുനുകൾക്ക് കാടുമായുള്ള ബന്ധം നഷ്ടപ്പെടുമെന്ന ഭീതിയിൽ, എസ്.ബി.വി.സി.ആറിനെ ആദ്യകാലത്ത് എതിർത്തിരുന്ന ആളാണ് അദ്ദേഹം

നായാട്ടും വനംകൊള്ളയും വന്യജീവിമോഷണവും തടയുന്നതിന് വനം ഉദ്യോഗസ്ഥർ പതിവായി എസ്.ബി.വി.സി.ആറിൽ റോന്ത് ചുറ്റുന്നു
എന്നാൽ സി.എഫ്.ആറിന്റെ സ്ഥാപനത്തിനെതിരേ വിമർശനങ്ങൾ ഇല്ലാതില്ല.
“ഭൂമിയുമായുള്ള ബന്ധം ഞങ്ങൾക്ക് നഷ്ടപ്പെടുന്നു. അതുകൊണ്ടാണ് ആദ്യകാലത്ത്, ഇത്തരമൊരു കമ്മ്യൂണിസ്റ്റ് റിസർവിനെതിരേ പ്രതിഷേധിച്ചവരിൽ ഒരാളായി ഞാൻ രംഗത്ത് വന്നത്” ഒരു പ്രാദേശിക കരാറുകാരനായ സാംഗ് നോർബു സരായ് പറയുന്നു. “വനംവകുപ്പ് ഭൂമി ഏറ്റെടുക്കും. നാട്ടുകാർക്ക് ഒന്നും കിട്ടുകയുമില്ല, സിംഗ്ചുംഗിലെ താമസക്കാരനും ബുഗുൻ ഗോത്രക്കാരനുമായ അദ്ദേഹം പറയുന്നു.
എന്നാൽ എസ്.ബി.വി.സി.ആറിലെ നീർപ്രദേശം അദ്ദേഹത്തിനും മറ്റ് പ്രതിഷേധക്കാർക്കും ഒരു തിരിച്ചറിയൽ സന്ദർഭമായിത്തീർന്നു. നീർപ്രദെശത്തിന്റെ താഴ്ഭാഗത്താണ് സിംഗ്ചുംഗ് പട്ടണം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിന്റെ വെള്ളത്തിന്റെ ആവശ്യം നിർവഹിക്കുന്നത് ആ നീരൊഴുക്കാണ്. ജലാശയം സംരക്ഷിക്കണമെങ്കിൽ വനം സംരക്ഷിക്കണമെന്നും മരംവെട്ടലും വെട്ടിവെളിപ്പിക്കലും നിർത്തണമെന്നും ഞങ്ങൾ മനസ്സിലാക്കി. സരായ് പറയുന്നു. “ഭാവി തലമുറയ്ക്ക് വെള്ളം കിട്ടുമെന്നും അവർ സുരക്ഷിതരാവുമെന്നും ഉറപ്പുവരുത്താൻ ഞങ്ങൾ ആഗ്രഹിച്ചു”. എസ്.ബി.വി.സി.ആർ ആ ദിശയിലേക്കുള്ള നീക്കമായിരുന്നു.
അസമിലെ തേജ്‌പുർ മുതൽ അരുണാചൽ പ്രദേശിലെ ഈഗിൾനെസ്റ്റുവരെ, പ്രദേശത്തെ എല്ലായിടത്തും ബുഗുൻ ലിയോസിച്‌ലയുടെ ചിത്രങ്ങളുണ്ട്. ബുഗുനിലെ ജനങ്ങളുടെ അദ്ധ്വാനത്തിന്റെ സാക്ഷ്യമാണത്. “ഇന്ന് ഞങ്ങൾക്ക് ലോകത്ത് ഒരു സൽപ്പേരുണ്ട്. ഖ്യാതിയും. മറ്റെന്താണ് ഞങ്ങൾക്ക് വേണ്ടത്?” സരായ് ചോദിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്