“ഞങ്ങളുടെ തലമുറയ്ക്ക് ഈ ആടുമേയ്ക്കൽ ഏറ്റെടുക്കാൻ ബുദ്ധിമുട്ടാണ്”, ഭൊർതായിൻ ഗ്രാമത്തിലെ പെഹ്‌ലി എന്ന കോളനിയിലെ താലിബ് കസാന എന്ന യുവ ബക്കർവാൾ പറഞ്ഞു. വിദൂരവിദ്യാഭ്യാസത്തിലൂടെ രാഷ്ട്രമീമാംസയിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുകയാണ് ആ യുവാവ്.
കന്നുകാലികളെ മേയ്ക്കാനുള്ള പുൽമേടുകൾ അന്വേഷിച്ച് ഹിമാലയങ്ങളിൽ സംഘമായി യാത്രചെയ്യുന്നവരാണ് നാടോടി സമുദായക്കാരായ ബക്കർവാളുകൾ. ഓരോരോ ഗ്രാമങ്ങളിൽ താമസിച്ച് ആടുകളെ മേയ്ക്കുന്നതിനുപകരം സ്ഥിരമായി ഒരിടത്തിരുന്ന് പഠിക്കാൻ സാധിച്ചാൽ, ഞങ്ങൾക്കും മറ്റ് സൌകര്യങ്ങൾ ലഭിക്കും.. അടച്ചുറപ്പുള്ള ശൌചാലയങ്ങളും പഠിക്കാനുള്ള സ്ഥലവും മറ്റും”, അയാൾ കൂട്ടിച്ചേർത്തു.
ജമ്മുവിലെ കത്വ ജില്ലയിലെ ഒരു ചെറിയ ബക്കർവാൾ കോളനിയിലാണ് താലിബ് താമസിക്കുന്നത്. സ്ഥിരമായതെന്ന് തീർത്ത് പറയാനാവാത്ത ഒരു കോളനിയാണത്. താമസക്കാർക്കാർക്കും ഭൂമിയിൽ അവകാശങ്ങളുമില്ല.
കഴിഞ്ഞ പതിറ്റാണ്ടിൽ, ഈ അർദ്ധ-നാടോടി സമുദായത്തിലെ ധാരാളം ചെറുപ്പക്കാർ അവരുടെ പരമ്പരാഗത നാടോടിജീവിതം ഉപേക്ഷിച്ച് ഉപരിപഠനം തേടിപ്പോയിരുന്നു. സാമ്പത്തികശേഷിയുള്ളവർ മെഡിസിനോ എൻജിനീയറിംഗോ തിരഞ്ഞെടുക്കുന്നു. അതല്ലെങ്കിൽ പൊളിറ്റിക്സോ സിവിൽ സർവ്വീസ് ജോലികളോ.
ഒരു ബക്കർവാൾ കുടുംബത്തിൽ രണ്ടാൺകുട്ടികളുണ്ടെങ്കിൽ, അതിലൊരാൾ ആടുമാടുകളെ മേയ്ക്കാനും മറ്റയാൾ ജോലിക്കായി പുറത്ത് പോവുകയും ചെയ്യുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. വിദ്യാഭ്യാസം തുടരാനാണ് താലിബ് കസാനയുടെ തീരുമാനം. അയാളുടെ അനിയനും ആടുകളെ മേയ്ക്കുന്നതിൽ താത്പര്യമില്ല. പുറമേ എവിടെയെങ്കിലും പോയി ജോലി കണ്ടെത്താനാണ് അയാളുടേയും ആഗ്രഹം. എന്നാൽ, “ഞങ്ങളെപ്പോലുള്ളവർക്ക് തൊഴിലൊന്നും ലഭ്യമല്ല” എന്ന് ജ്യേഷ്ഠൻ സൂചിപ്പിച്ചു.


ഇടത്ത്: (ഇടത്തുനിന്ന് വലത്തേക്ക്) അൽത്താഫ് ഹുസ്സൈൻ, മുനബ്ബാർ അലി, ഹനീഫ് സൌദ്, മുഹമ്മദ് താലിബ് എന്നിവർ ബൈര കുപായ് ഗ്രാമത്തിലെ ഒരു താത്ക്കാലിക ബക്കർവാൾ കോളനിയിലാണ് താമസിക്കുന്നത്. വലത്ത്: കത്വ ജില്ലയിലെ ബക്കർവാൾ ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു മൺകൂര


ഇടത്ത്: ബക്കർവാൾ സമുദായക്കാരിയായ നഗീന, വീട്ടിൽ പാചകം ചെയ്യുന്നു. വലത്ത്: ‘ദിവസം കഴിയുന്തോറും, സമുദായങ്ങൾക്ക് അവരുടെ പരമ്പരാഗത ഉപജീവനമാർഗ്ഗങ്ങൾകൊണ്ട് ജീവിക്കാൻ പറ്റാതാവുന്നു’, ആട്ടിടയനായ ഷറീഫ് കസാന പറയുന്നു
കത്വ ജില്ലയിലെ ബൈര കുപായ് ഗ്രാമത്തിൽ താമസിക്കുന്ന ബക്കർവാൾ സമുദായക്കാരൻ മുനാബ്ബർ അലിയും താലിബിനെ ശരിവെക്കുന്നു. “എന്റെ മകൾ 12-ആം ക്ലാസ് പാസ്സായി. എന്നിട്ടും അവൾ വീട്ടിലിരിക്കുകയാണ്”, അദ്ദേഹം പറയുന്നു.
മകളുടെ ഭാവിയോർത്ത്, ആശാരിപ്പണിക്കാരനായ മുനാബ്ബർ അലിക്ക് ആശങ്കയാണ്. “ഞങ്ങളുടെ കുട്ടികൾക്ക് ബിരുദം കിട്ടിയാലും വ്യത്യാസമൊന്നുമില്ല. അവർക്ക് വലിയ സ്ഥാനങ്ങളൊന്നും കിട്ടാറില്ല”.
ഇതൊക്കെയാണെങ്കിലും വിദ്യാഭ്യാസത്തിനായി പണം ചിലവഴിക്കാൻ ബക്കർവാൾ കുടുംബങ്ങൾ തയ്യാറാണ്. ജമ്മു ജില്ലയിലെ സന്ധി ഗ്രാമത്തിൽ ഒരു ബക്കർവാൾ കുടുംബത്തിലായിരുന്നു മൊഹമ്മദ് ഹനീഫ് ജട്ട്‌ലയുടെ ജനനം. ആറ് കുട്ടികളിലൊരാളായ അയാൾ, ജീവിതത്തിന്റെ ആദ്യത്തെ കുറച്ച് വർഷങ്ങൾ ആടുകളുടേയും ചെമ്മരിയാടുകളുടേയും കുതിരകളുടേയുമൊപ്പം ചിലവഴിച്ചു. അമ്മ പെട്ടെന്ന് മരിച്ചപ്പോൾ, മുത്തച്ഛന്റെ സമ്പാദ്യമുപയോഗിച്ച്, കുടുംബം അവനെ സ്കൂളിലേക്കയച്ചു.
താൻ കൊളേജിൽ പഠിക്കുമ്പാഴാണ് “അച്ഛൻ ആടുമാടുകളെയൊക്കെ വിറ്റ് രണ്ട് കനാൽ (0,25 ഏക്കർ) ഭൂമി വാങ്ങിയത്” എന്ന് ഹനീഫ് പറഞ്ഞു. കുടുംബത്തിന് സ്വസ്ഥമായി എവിടെയെങ്കിലും പാർപ്പുറപ്പിക്കാനും മക്കൾക്ക് പഠിക്കാനും ജോലി കണ്ടെത്താനുമായിരുന്നു ഹനീഫിന്റെ അച്ഛൻ അത് ചെയ്തത്. ഇന്ന് ഹനീഫ് ഒരു പ്രാദേശിക ന്യൂസ് ഏജസിയിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്നു.


ഇടത്ത്: മരുമകളോടൊപ്പമിരിക്കുന്ന ഹനീഫ് ജട്ട്‌ല. ഒരു പ്രാദേശിക വാർത്താ ഏജൻസിക്കുവേണ്ടി റിപ്പോർട്ടറായി ജോലി ചെയ്യുകയാണ് അയാൾ. വലത്ത്: ജമ്മു സിറ്റിയിലെ ഒരു കൊളേജിൽ വിദ്യാർത്ഥിയാണ് ഫയാസ്. നിരവധി ബക്കർവാളുകൾ കൊളേജിൽ പോവുകയും സർക്കാർ ജോലി അന്വേഷിക്കുകയും ചെയ്യുന്നുണ്ട്


ഇടത്ത്: തർക്കപ്രദേശങ്ങളിൽ വീട് വെച്ചിട്ടുള്ള പല ബക്കർവാൾ കുടുംബങ്ങൾക്കും, സ്ഥിരമായ വീട് എന്നത് ഒരു സ്വപ്നം മാത്രമാണ്. വലത്ത്: കാമ്പ (കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജുമെന്റ് ആൻഡ് പ്ലാനിംഗ് അഥോറിറ്റി- പരിഹാര്യ വനവത്ക്കരണത്തിനായുള്ള ധനമേൽനോട്ടവും ആസൂത്രണവും നടത്താനുള്ള സംവിധാനം) പദ്ധതിക്കായി മേച്ചിൽപ്രദേശങ്ങളും കൃഷിസ്ഥലങ്ങളും വേലികെട്ടി തിരിച്ചതോടെ, വലിയ തോതിലുള്ള കുടിയിറക്കങ്ങൾ വേണ്ടിവന്നു
സംസ്ഥാനത്ത് ബക്കർവാളുകളെ പട്ടികഗോത്രക്കാരായിട്ടാണ് അടയാളെപ്പെടുത്തിയിട്ടുള്ളത്. 2013-ലെ ഒരു റിപ്പോർട്ടനുസരിച്ച് , 1,13,198 ആണ് അവരുടെ ജനസംഖ്യ. മിക്ക ബക്കർവാളുകൾക്കും സ്വന്തമായി ഭൂമിയില്ല. പൊതുവായുള്ള ഭൂമി ചുരുങ്ങിയതോടെ മേച്ചിൽപ്പുറങ്ങൾക്കും അടച്ചുറപ്പുള്ള വീടുകൾക്കുമായുള്ള അവരുടെ അവകാശം തർക്കത്തിലാവുകയും ചെയ്തിരിക്കുന്നു.
പതിറ്റാണ്ടുകളായി ഒരേ സ്ഥലത്ത് താമസിച്ചിട്ടും തന്റെ സമുദായാംഗങ്ങൾക്ക് അവരുടെ ഭൂമിയിൽ അവകാശമോ അതിന്റെ രേഖകളോ ഇല്ലെന്ന്, ജമ്മു ജില്ലയിലെ ബജാൽട്ട പട്ടണത്തിനടുത്തുള്ള കോളനികളിലൊന്നിൽനിന്നുള്ള പർവായിസ് ചൌധുരി പറയുന്നു.
“മിക്ക ബക്കർവാളുകളും സർക്കാർ വക പുറമ്പോക്കുകളിലോ വനഭൂമിയിലോ ആണ് താമസിക്കുന്നത്. ഇത് ഞങ്ങളുടെ കൈയ്യിൽനിന്നെടുത്താൽ ഞങ്ങൾ എങ്ങോട്ട് പോവും?”, മൊഹമ്മദ് യൂസഫും ഫിർദൌസും ചോദിക്കുന്നു. വിജയ്പുരിനടുത്തുള്ള ബക്കർവാൾ കോളനിയിലാണ് 30 വയസ്സ് പ്രായമുള്ള അവരിരുവരുടേയും താമസം.
അവരുടെ കോളനിയിലും, താലിബ് താമസിക്കുന്ന ബൈര കുപായിലും ഒരുവിധത്തിലുള്ള അടിയന്തിര സൌകര്യങ്ങളുമില്ല. വനം വകുപ്പിന്റെ കുടിയിറക്ക് ഭീഷണി ഇടയ്ക്കിടെ ഉണ്ടാകുന്നതിനാൽ, തങ്ങളുടെ താത്ക്കാലിക വസതികൾ ബലപ്പെടുത്താനും അവർക്കാവുന്നില്ലെന്ന് അവർ പറഞ്ഞു. കോളനിക്കകത്തും ചുറ്റുവട്ടത്തുമുള്ള റോഡുകളുടെ പരിതാപകരമായ അവസ്ഥയും അവരെ ആശങ്കപ്പെടുത്തുന്നു. “ആർക്കെങ്കിലും അസുഖം വന്നാൽ അവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണ്”.


ഇടത്ത്: മിക്ക ചേരികളിലും കുടിവെള്ളമില്ലാത്തതിനാൽ, സമുദായത്തിലെ സ്ത്രീകൾ മൂന്നും നാലും കിലോമീറ്റർ അകലെനിന്നാണ് വെള്ളം ചുമന്നുകൊണ്ടുവരുന്നത്. വലത്ത്: നാല്പതുകളുടെ പകുതിയിലെത്തിയ നൂർ മൊഹമ്മദ് സെപ്സിസിൽനിന്ന് (രക്തദൂഷണം) സുഖം പ്രാപിക്കുന്നതേയുള്ളു. മുട്ടുവേദനയ്ക്ക് പത്താൻകോട്ടിലെ ഒരു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു അദ്ദേഹത്തെ. തങ്ങളുടെ എല്ലാ സമ്പാദ്യവും ആശുപത്രിയിലെ പണമടയ്ക്കാൻ ചിലവായെന്നും കടത്തിൽ മുങ്ങിയെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു


ഇടത്ത്: കുടിയേറ്റം മൂലം അനുഭവിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് മൊഹമ്മദ് താലിബും ഹനീഫ് സൌദും. വലത്ത്: ബക്കർവാൾ സമുദായത്തിനുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകനാണ് മൊഹമ്മദ് അക്രം
അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, തലയിൽ ഭാരമുള്ള കുടങ്ങളും ചുമന്ന് സ്ത്രീകൾ മല കയറുന്നതും ഇറങ്ങുന്നതും പാരി കണ്ടു. രണ്ടുമണിക്കൂർ കഴിഞ്ഞ് ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോഴേക്കും അവരോരോരുത്തരും വെള്ളവും ചുമന്ന് നിരവധി തവണ മുകളിലേക്കും താഴേക്കും കയറിയിറങ്ങിയിട്ടുണ്ടായിരുന്നു.
ബക്കർവാൾ സമുദായത്തിന് നിയമപരമായി കിട്ടേണ്ടുന്ന ഭൂമിക്കും സാംസ്കാരികാവകാശങ്ങൾക്കും വേണ്ടി ജമ്മുവിൽ പ്രവർത്തിക്കുന്ന സാമുദായികപ്രവർത്തകയായ വിദ്യാർത്ഥിനിയാണ് നാഹിള. ബക്കർവാൾ യുവതയ്ക്ക് തങ്ങളുടെ ജീവിതം പരിവർത്തനപ്പെടുത്താൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നു. “വിദ്യാഭ്യാസം, ഭൂവകാശങ്ങൾ, സർക്കാരിൽനിന്നുള്ള കൂടുതൽ മെച്ചപ്പെട്ട അടിസ്ഥാനസൌകര്യങ്ങളും പിന്തുണയും - എന്നിവയ്ക്കുവേണ്ടി പോരാടുന്നത് ഞങ്ങൾ ഇനിയും തുടരും”, അവർ പറഞ്ഞു.
മറ്റാവശ്യങ്ങളുടെ കൂട്ടത്തിൽ ബക്കർവാൾ യുവത ആവശ്യപ്പെടുന്നത്, മെച്ചപ്പെട്ട താമസ സൌകര്യങ്ങളും, നാടോടികളുടെ ആവശ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അവലോകനവുമാണ്. സർക്കാർ സ്ഥാപനങ്ങളിലും കമ്മിഷനുകളിലും ഗോത്ര പ്രാതിനിധ്യവും അവർ ആവശ്യപ്പെടുന്നു.
പഹാഡി സമുദായക്കാർക്ക് പട്ടികഗോത്ര പദവി നൽകുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന താത്പര്യം, പട്ടികഗോത്രക്കാർക്കിടയിലെ തങ്ങളുടെ ക്വാട്ടയ്ക്ക് (സംവരണത്തിലും മറ്റുമുള്ള പങ്കിന്) വെല്ലുവിളിയായേക്കുമെന്ന് ബക്കർവാളുകൾ വിശ്വസിക്കുന്നു.
പരമ്പരാഗത തൊഴിലുകൾ തുടർന്നുകൊണ്ടുപോവുക, അതല്ലെങ്കിൽ പുതിയ തൊഴിലുകളിലേക്ക് മാറുക എന്ന രണ്ട് തിരഞ്ഞെടുപ്പുകളെക്കുറിച്ച് പെഹ്‌ലിയിലെ ബക്കർവാൾ അബ്ദുൾ റഷീദ് പറയുന്നത് ഇങ്ങനെയാണ്, “ഞങ്ങൾ ഇവിടെയുമല്ല, അവിടെയുമല്ല”.
പരിഭാഷ: രാജീവ് ചേലനാട്ട്