തേഞ്ഞുപോയ ചെരുപ്പുകളെപ്പോലും തൊഴിലാളികൾ നിധിപോലെ സൂക്ഷിക്കുന്നു. ചുമട്ടുകാരുടെ ചെരിപ്പുകളുടെ ഉൾഭാഗം കുഴിയുകയും ചളുങ്ങുകയും ചെയ്തിട്ടുണ്ടാവും. മരംവെട്ടുകാരുടെ ചെരിപ്പുകളിൽ നിറയെ മുള്ളുകൾ കാണാം. വിട്ടുപോകാതിരിക്കാൻ സേഫ്റ്റിപിന്നുകൾ കുത്തിവെച്ചവയായിരുന്നു പലപ്പോഴും എന്റെ ചെരിപ്പുകൾ.
ഇന്ത്യയിലുടനീളമുള്ള എന്റെ യാത്രയിൽ, ഞാൻ ചെരിപ്പുകളുടെ ചിത്രങ്ങൾ എമ്പാടും പകർത്തിയിട്ടുണ്ട്. അവയുടെ ആഖ്യാനങ്ങൾ കേൾക്കുകയായിരുന്നു എന്റെ ചിത്രങ്ങൾ. ആ ചെരിപ്പുകളുടെ കഥകളിലൂടെ, എന്റെ സ്വന്തം യാത്രകളും ഇതളഴിയുകയാണ്.
തൊഴിൽസംബന്ധമായി ഈയടുത്ത്, ജയ്പുർ, ഒഡിഷ എന്നിവിടങ്ങളിലേക്ക് പോയപ്പോൾ, ബരാബങ്കിയി, പുരാണമന്തിര തുടങ്ങിയ ചില ഗ്രാമങ്ങളിലെ സ്കൂളുകൾ സന്ദർശിക്കാൻ എനിക്കവസരം ലഭിച്ചു. ആദിവാസി സമൂഹങ്ങൾ ഒത്തുചേരുന്ന അവിടുത്തെ മുറിക്ക് മുമ്പിൽ ചെരിപ്പുകൾ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നത് കണ്ട് ഞാൻ അതിശയിച്ചു.
ആദ്യമൊന്നും ഞാനതത്ര ശ്രദ്ധിച്ചില്ലെങ്കിലും യാത്ര തുടങ്ങി മൂന്ന് ദീവസങ്ങൾ കഴിഞ്ഞപ്പോൾ ആ പഴകിത്തേഞ്ഞ, തുളകൾ വീണ ആ ചെരിപ്പുകൾ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങി.


എന്റെ സ്വന്തം ചെരിപ്പുമായുള്ള എന്റെ ബന്ധം ഓർമ്മയിൽ മായാതെ കിടപ്പുണ്ട്. എന്റെ ഗ്രാമത്തിൽ എല്ലാവരും വി-ആകൃതിയുള്ള വള്ളികളുള്ള ചെരിപ്പുകളായിരുന്നു വാങ്ങിയിരുന്നത്. എനിക്ക് 12 വയസ്സുള്ളപ്പോൾ, മധുരയിൽ, ഈ ചെരിപ്പുകൾക്ക് വെറും 20 രൂപയായിരുന്നു വില. എന്നാലും ചെരിപ്പുകൾക്ക് ഞങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന നിർണ്ണായകമായ പങ്ക് മൂലം, ആ ഇരുപത് രൂപയുണ്ടാക്കാൻ ഞങ്ങളുടെ കുടുംബങ്ങൾക്ക് നന്നായി അദ്ധ്വാനിക്കേണ്ടിവന്നു.
കമ്പോളത്തിൽ പുതിയ തരം ചെരിപ്പുകൾ ഇറങ്ങുമ്പോഴൊക്കെ ഞങ്ങളുടെ ഗ്രാമത്തിലെ ഏതെങ്കിലുമൊരു കുട്ടി അത് കരസ്ഥമാക്കുകയും ബാക്കിയുള്ള ഞങ്ങളെല്ലാവരും അത് അവനിൽനിന്ന് കടമായി വാങ്ങുകയും ചെയ്യും. ഉത്സവത്തിനും, വിശേഷാവസരങ്ങളിലും, ഗ്രാമത്തിന് പുറത്തുള്ള പട്ടണത്തിൽ പോകുമ്പോഴുമൊക്കെ കാലിലണിയാൻ.
ജയ്പുർ യാത്രയ്ക്കുശേഷം എനിക്ക് ചുറ്റും കാണുന്ന ചെരിപ്പുകളെ ഞാൻ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ചില ജോടി ചെരിപ്പുകൾ ബാല്യകാലത്തെ എന്റെ ചില അനുഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടവയാണ്. ഷൂസ് ധരിച്ച് വരാത്തതിന് ഞങ്ങളുടെ സ്കൂളിലെ കായികാദ്ധ്യാപകൻ എന്നേയും എന്റെ കൂട്ടുകാരേയും ശാസിച്ചത് എനിക്ക് ഓർമ്മയുണ്ട്.
ചെരിപ്പുകൾ എന്റെ ഫോട്ടോഗ്രാഫിയെപ്പോലും സ്വാധീനിക്കുകയുണ്ടായി സുപ്രധാനമായ മാറ്റങ്ങൾക്ക് അത് കാരണമായി. ചൂഷിതസമുദായങ്ങൾക്ക് ചെരിപ്പുകൾ വളരെക്കാലം വിലക്കപ്പെട്ടിരുന്നു. ആ ഓർമ്മ, അവയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള എന്റെ വിലയിരുത്തലിന് ഇന്ധനമായി. ആ ചിന്ത എന്റെ തൊഴിലിനെ മുളപ്പിച്ചു. രാവും പകലും ചോര നീരാക്കുന്ന തൊഴിലാളികളുടെ ജീവിത പ്രാരാബ്ധങ്ങളേയും അവരുടെ ചെരിപ്പുകളേയും പ്രതിനിധീകരിക്കുക എന്ന എന്റെ ലക്ഷ്യത്തിന് അത് ഊർജ്ജം പകർന്നു.




















പരിഭാഷ: രാജീവ് ചേലനാട്ട്