“ഇവിടേക്ക് വിവാഹം ചെയ്യപ്പെട്ടതിൽ ഞാൻ പശ്ചാത്തപിക്കുന്നു”
ഒരു നവവധുവിന്റെ അനുഭവം പങ്കുവെക്കുകയായിരുന്നു 29 വയസ്സുള്ള റോസി. അവർ ഒറ്റയ്ക്കല്ല. ശ്രീനഗറിലെ ദാൽ തടാകത്തിലെ താമസക്കാർ പറയുന്നത്, ഇവിടെയുള്ളവരെ വിവാഹം ചെയ്യാൻ സ്ത്രീകൾക്ക് താത്പര്യമില്ലെന്നാണ്. “മൂന്ന് തവണ വിസമ്മതം നേരിട്ടിട്ടുണ്ട് ഞങ്ങൾ”, തന്റെ ഇളയ മകനുവേണ്ടി പെണ്ണിന്റെ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗുത്ഷൻ നസീർ പറയുന്നു. “വിവാഹദല്ലാളുമാർപോലും ഇപ്പോൾ ഇങ്ങോട്ട് വരാറില്ല”.
പ്രദേശത്തെ കുടിവെള്ള ദൌർല്ലഭ്യമാണ് കാരണം എന്ന് ബാരൂ മൊഹല്ലയിലെ ഈ അമ്മ പറയുന്നു. വിരോധാഭാസമായി തോന്നാം, സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന്റെയടുത്ത് താമസിക്കുന്ന ആളുകളാണ് വെള്ളം കിട്ടാത്തതിന്റെ ഈ ദുർഗതി അനുഭവിക്കുന്നത്.
“ഒമ്പത് വർഷം മുമ്പ് ഞങ്ങൾ ബോട്ടെടുത്ത് പോയി ദാൽ തടാകത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് വെള്ളം ശേഖരിച്ചിരുന്നു”, ആശാരിയായി ജോലി ചെയ്യുന്ന മുഷ്താഖ് അഹമ്മദ് പറയുന്നു. “വാട്ടർ ടാങ്കറൊന്നും ഉണ്ടായിരുന്നില്ല”.
കഴിഞ്ഞ ഒരു പതിറ്റാണ്ടായി, രാവിലെ കൃത്യം 9 മണിക്ക് മുഷ്താഖ് പ്രധാന റോഡിൽ കാത്തുനിൽക്കുന്നുണ്ടാവും. വെള്ളവുംകൊണ്ട് വരുന്ന് സംസ്ഥാനത്തിന്റെ ടാങ്കറുകൾ വരുന്നതും കാത്ത്. ഗുഡൂ മൊഹല്ലയിലെ അദ്ദേഹത്തിന്റെ കുടുംബത്തിലെ 10 അംഗങ്ങളും അദ്ദേഹത്തെയാണ് ആശ്രയിക്കുന്നത്. കാര്യങ്ങൾ എളുപ്പമാക്കാൻ അദ്ദേഹം 20,000 മുതൽ 25,000 രൂപവരെ ചിലവഴിച്ച്, ഒരു സംഭരണിയും കുഴൽശൃംഖലയും സ്ഥാപിച്ചു. “ഈ സംവിധാനം പ്രവർത്തിക്കണമെങ്കിൽ വൈദ്യുതി വേണം. കശ്മീരിൽ തണുപ്പുകാലത്ത് ഇത് വലിയൊരു പ്രശ്നമാണ്”. ഈ മാസം (മാർച്ചിൽ) ട്രാൻസ്ഫോർമറിലെ ചില പ്രശ്നങ്ങൾ കാരണം അവർക്ക് വെള്ളം ബക്കറ്റിൽ ചുമന്ന് കൊണ്ടുവരേണ്ടിവന്നു.


ഇടത്ത്: ദാൽഗേറ്റിലെ ബാരൂ മൊഹല്ലയിലെ വാട്ടർ ടാങ്കർ ഡ്രൈവറായ ഹിലാൽ അഹമ്മദ് പറയുന്നു, ‘ജലക്ഷാമവുമായി ബന്ധപ്പെട്ട് ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വലത്ത്: അത്യാവശ്യത്തിനായി കുടുംബം മാറ്റിവെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് പാത്രങ്ങൾ (ഇടത്ത്) പരിശോധിക്കുന്ന മുഷ്താഖ് അഹമ്മദ് ഗുഡൂ
മൂർഷിദാബാദിലെ ബീഗൻബാരി ഗ്രാമ പഞ്ചായത്തിലെ ഹിജൂലി കോളനിയിലെ താമസക്കാരും വെള്ളത്തിന്റെ ടാങ്കറിൽനിന്നാണ് വെള്ള ശേഖരിക്കുന്നത്. എന്നാൽ അവർക്ക് കിട്ടുന്ന വെള്ളം വിതരണം ചെയ്യുന്നത് സ്വകാര്യ കമ്പനികളാണ്. പശ്ചിമ ബംഗാളിലെ ഈ സ്ഥലത്ത്, ലിറ്ററിന് 10 രൂപമുതൽ 20 രൂപവരെ നൽകേണ്ടിവരുന്നു.
“ഞങ്ങൾക്ക് വേറെ വഴിയില്ല. നോക്കൂ, ഇതാണ് ഞങ്ങൾ വാങ്ങുന്ന വെള്ളം. ഇത് കിട്ടിയില്ലെങ്കിൽ കുടിക്കാൻ വേറെ വെള്ളമില്ല”, ലാൽബാനു ബീബി പറയുന്നു.
കേന്ദ്രസർക്കാരിന്റെ ജൽ ജീവൻ മിഷന്റെ (ജെ.ജെ.എം) ഗുണഫലങ്ങൾ കിട്ടാത്തവരിൽ ചിലരാണ് റോസിയും, മുഷ്താഖും ലാൽബാനുവുമൊക്കെ. ഗ്രാമപ്രദേശത്തെ 75 ശതമാനം കുടുംബങ്ങൾക്കും (19 കോടി ആളുകൾക്ക്) സുരക്ഷിതമായ ശുദ്ധജലം കിട്ടുന്നുണ്ടെന്നാണ് ജെ.ജെ.എമ്മിന്റെ വെബ്സൈറ്റിലെ അവകാശവാദം. 2019-ൽ 3.5 ലക്ഷം കോടി വകയിരുത്തിയതുവഴി, അഞ്ചുവർഷത്തിനുള്ളിൽ വെള്ളടാപ്പുകളുടെ എണ്ണം മൂന്നിരട്ടിയായെന്നും, അങ്ങിനെ ഇന്ന്, ഗ്രാമങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളിൽ 46 ശതമാനത്തിനും ജല കണക്ഷൻ കിട്ടിയിട്ടുണ്ടെന്ന് ഈ വെബ്സൈറ്റ് പറയുന്നു.
ബിഹാറിലെ ചിന്താ ദേവിയുടേയും സുശീലാ ദേവിയുടേയും അക്ബർപുർ ഗ്രാമത്തിൽ, ബിഹാർ സംസ്ഥാനത്തിന്റെ സാത്ത് നിശ്ചയ് പദ്ധതി വഴി വെള്ള ടാപ്പുകൾ സ്ഥാപിച്ചു എന്നത് നേരാണ്. “ആറേഴ് വർഷം മുമ്പാണ് ടാപ്പുകൾ സ്ഥാപിച്ചത്. ഒരു ടാങ്കും സ്ഥാപിക്കുകയുണ്ടായി. എന്നാൽ ഈ ടാപ്പുകളിൽനിന്ന് ഇന്നേ നിമിഷം വരെ ഒരു തുള്ളി വെള്ളം കിട്ടിയിട്ടില്ല”, ചിന്ത പറയുന്നു.
ചിന്തയും സുശീലയും ദളിതരാണെന്നതാണ് അതിന്റെ കാരണം. അവരടക്കമുള്ള 40 ദളിത് കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ കിട്ടിയിട്ടില്ല. എന്നാൽ സവർണ്ണർക്ക് കിട്ടുകയുംചെയ്തു. ഉണങ്ങിയ ടാപ്പുകൾ ജാതിയുടെ അടയാളങ്ങളായിക്കഴിഞ്ഞു.


ഇടത്ത്: വെള്ളം നിറയ്ക്കാനായി സ്ത്രീകൾ കാത്തുനിൽക്കുന്നു. മൂർഷിദാബാദ് ജില്ലയിലെ ബീഗൻബാരിയിലെ ഹിജൂലി കോളനിയിൽ, ടെമ്പോവിൽ നിൽക്കുന്ന രജ്ജു. രണ്ട് അയൽക്കാരുമായി കാത്തുനിൽക്കുന്ന രോഷ്നാര ബീബി (മഞ്ഞ ബ്ലൌസ്). വലത്ത്: ബിഹാറിലെ നളന്ദ ജില്ലയിൽ, അക്ബർപുർ പഞ്ചായത്തിലെ ഒരേയൊരു ഹാൻഡ് പമ്പിൽനിന്ന് വെള്ളമെടുക്കാൻ പാത്രങ്ങളുമായി നിൽക്കുന്ന സ്ത്രീകൾ


അക്ബർപുരിലെ ദളിത് കോളനിയിൽ, ടാപ്പുവെള്ളത്തിനായി ഒരു ടാങ്ക് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, അത് എപ്പോഴും വരണ്ടുകിടക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. വലത്ത്: കേന്ദ്രത്തിന്റെ നയി ജൽ പദ്ധതിയുടെ കീഴിയിൽ, ബിഹാറിലെ ഒരു മുസഹറിന്റെ വീടിന്റെ മുമ്പിൽ ടാപ്പ് സ്ഥാപിച്ചുവെങ്കിലും ഒരിക്കലും വെള്ളം നൽകിയിട്ടില്ല
അക്ബർപുരിലെ അവർ താമസിക്കുന്ന കോളണിയിൽ, മുസാഹർ, ചാമർ സമുദായങ്ങൾക്കുവേണ്ടി ആകെയുള്ളത് കൈകൊണ്ട് പ്രവർത്തിപ്പിക്കുന്ന ഒരു പമ്പ് മാത്രമാണ്. (ഏറ്റവും പിന്നാക്കജാതിയും, പട്ടികജാതിയുമായി യഥാക്രമം സംസ്ഥാനത്ത് പട്ടികപ്പെടുത്തിയിട്ടുള്ള സമുദായങ്ങൾ).
ഇടയ്ക്കിടയ്ക്ക് സംഭവിക്കാറുള്ളതുപോലെ, ആ ഹാൻഡ് പമ്പ് തകരാറിലായാൽ, “ഞങ്ങൾതന്നെ പിരിവെടുത്ത് അത് ശരിയാക്കിക്കും”, 60 വയസ്സുള്ള ചിന്ത പറയുന്നു. നളന്ദ ജില്ലയിലെ ഈ കോളനിയിലെ താമസക്കാരിയാണ് അവരും. മറ്റൊരു പോംവഴിയുള്ളത്, ഉപരിജാതിക്കാരായ യാദവുകളോട് വെള്ളം ചോദിക്കുക എന്നതാണ്. എന്നാൽ അവർ എന്നും വിസമ്മതിച്ചിട്ടേയുള്ളുവെന്ന് ചിന്ത പറഞ്ഞു.
രാജ്യത്തെ ഏകദേശം പകുതിയോളം ദളിത് ഗ്രാമങ്ങൾക്ക് (46 ശതമാനം) ജലസ്രോതസ്സുകൾ പ്രാപ്യമല്ലെന്നും, 20 ശതമാനത്തിലധികം പേർക്ക് ശുദ്ധജലം ലഭ്യമല്ലെന്നും നാഷണൽ കാമ്പയ്ൻ ഓൺ ദളിത് ഹ്യൂമൻ റൈറ്റ്സിന്റെ (എൻ.സി.ഡി.എച്ച്.ആർ) ഒരു പഠനം സൂചിപ്പിക്കുന്നു.
ആദിവാസികൾക്കും ജലം ലബ്യമല്ലെന്നാണ് മഹാരാഷ്ട്രയിലെ പാൽഘറിലെ കെ. താക്കൂർ ഗോത്രക്കാരനായ രാകു നാടഗെ പറയുന്നത്. അവരുടെ ഗ്രാമമായ ഗോണ്ട് കെ.എച്ചി-ൽ, “ടാങ്കറുകൾ വരാറേ ഇല്ല” എന്നാണ്. അതുകൊണ്ട്, ഗ്രാമത്തിലെ 1,1237 ആളുകൾ വെള്ളമെടുക്കാൻ ആശ്രയിക്കുന്ന അവരുടെ നാട്ടിലെ കിണർ വേനൽക്കാലത്ത് വറ്റുമ്പോൾ “തലയിലും ഒക്കത്തും ഓരോ കുടവുമായി ഞങ്ങൾക്ക് കാട്ടിലൂടെ പോകേണ്ടിവരാറുണ്ട്, റോഡുകളൊന്നുമില്ല” എന്ന് അവർ കൂട്ടിച്ചേർത്തു.
കുടുംബത്തിന്റെ ആവശ്യങ്ങൾക്കായി മൂന്ന് തവണയായി വെള്ളം കൊണ്ടുവരാൻ രാകുവിന് ദിവസവും ഏകദേശം 30 കിലോമീറ്റർ നടക്കണം. ഒമ്പത് മണിക്കൂറിലേറെ നേരം വേണം അതിന്.
*****


കക്രംബയിലെ ജൈവകർഷകനായ ശിവമൂർത്തി സാഥെ (വലത്ത്) ദിവസവും തന്റെ ഉത്പന്നങ്ങൾ ദിവസവും മഹാരാഷ്ട്രയിലെ തുൽജാപുർ ചന്തയിൽ കൊണ്ടുപോയി വിൽക്കുന്നു. കഴിഞ്ഞ ആറ് ദശാബ്ദങ്ങൾക്കിടയ്ക്ക് അഞ്ച് വരൾച്ച കണ്ട അദ്ദേഹം പറയുന്നത്, ഈ വെള്ളത്തിന്റെ പ്രതിസന്ധി മനുഷ്യനിർമ്മിതമാണെന്നാണ്
ആറ് പതിറ്റാണ്ടത്തെ തന്റെ ജീവിതത്തിനിടയിൽ അഞ്ച് വരൾച്ചകൾ കണ്ടിട്ടുള്ള ആളാണ് കക്രാംബ ഗ്രാമത്തിലെ താമസക്കാരനായ ശിവമൂർത്തി സാഥെ.
ഒരുകാലത്ത് ഉർവ്വരമായിരുന്ന മഹാരാഷ്ട്രയിലെ തുൽജാപുർ മേഖലയിലെ ഭൂമി കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിൽ വന്ധ്യമായിരിക്കുന്നുവെന്ന് കർഷകനായ അദ്ദേഹം പറയുന്നു. ഒരു പുൽക്കൊടി പോലും വളരുന്നില്ല. ട്രാക്ടറുകളുടെ ഉപയോഗത്തിനെയാണ് ഇതിനദ്ദേഹം പഴിക്കുന്നത്. “കാളയും കലപ്പയും ഉപയോഗിച്ചിരുന്നപ്പോൾ മണ്ണിലെ പുല്ലുകൾ സ്വാഭാവികമായ അണകൾ (ബണ്ടുകൾ) സൃഷ്ടിച്ചിരുന്നു. വെള്ളം സാവധാനത്തിൽ ഒലിച്ചിറങ്ങാൻ അത് സഹായിച്ചിരുന്നു. ട്രാക്ടറുകൾ മണ്ണിനെ തുറക്കുകയും വെള്ളം ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്ക് നീങ്ങാനും ഇടയാവുകയും ചെയ്തു”.
1992-ൽ ഒമ്പതാമത്തെ വയസ്സിലാണ് “ആദ്യമായി ഏറ്റവും രൂക്ഷമായ വരൾച്ച കണ്ടത്” എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. “വെള്ളമുണ്ടായിരുന്നു, എന്നാൽ ഭക്ഷണം ഇല്ലായിരുന്നു. അതിനുശേഷം ഒരിക്കലും സ്ഥിതിഗതികൾ സാധാരണമട്ടിലേക്കായിട്ടില്ല”, അദ്ദേഹം സൂചിപ്പിക്കുന്നു. തുൽജാപുർ പട്ടണത്തിലെ ഞായറാഴ്ച ചന്തയിൽ പച്ചക്കറികളും ചിക്കു പഴങ്ങളും വിൽക്കുകയാണ് സാഥെ കാക്ക. 2014-ലെ വരൾച്ചയിൽ അദ്ദേഹത്തിന്റെ ഒരേക്കർ മാവിന്തോട്ടം നശിച്ചു. “നമ്മൾ ഭൂഗർഭജലം അധികമായി ഉപയോഗിക്കുകയും എല്ലാവിധ രാസപദാർത്ഥങ്ങളും ഉപയോഗിച്ച് ഭൂമിയെ തരിശാക്കുകയും ചെയ്തു”, അദ്ദേഹം പറഞ്ഞു.
മാർച്ചുമാസമായിരുന്നു. “മേയിൽ കാലവർഷത്തിനുമുമ്പ് അല്പം മഴ കിട്ടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഈ വർഷം ബുദ്ധിമുട്ടാവും”. കുടിവെള്ളം പ്രതിസന്ധിയിലാണ്. “ആയിരം ലിറ്ററിന് 300 രൂപയാണ് ഞങ്ങൾ കൊടുക്കുന്നത്. മനുഷ്യർക്ക് മാത്രമല്ല, കന്നുകാലികൾക്കും വെള്ളം ആവശ്യമാണ്”.
കാലിത്തീറ്റയുടെ ദൌർല്ലഭ്യം കന്നുകാലികളുടെ മരണത്തിലേക്കും അടുത്ത ഋതുവിലെ അനിശ്ചിതത്വങ്ങളുമായി പൊരുത്തപ്പെടാൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുവെന്ന് സ്വാമിനാഥൻ കമ്മീഷന്റെ ആദ്യത്തെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. “അങ്ങിനെ, വരൾച്ച ഒരു താത്ക്കാലിക പ്രതിഭാസത്തിലുപരി, സ്ഥിരമായ ഒരു പ്രതിഭാസമായി മാറുന്നു” എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.


ഇടത്ത്: മഹാരാഷ്ട്രയിലെ ഗ്രാമപദേശങ്ങളിലെ വരൾച്ച മിക്ക കുടുംബങ്ങളേയും വേനൽക്കാലത്ത് കന്നുകാലി ക്യാമ്പുകളിലേക്ക് പോകാൻ നിർബന്ധിതമാക്കുന്നു. വലത്ത്: ഒസ്മാനബാദിലെ നിരവധിയാളുകളെ അതിജീവനപോരാട്ടത്തിലേക്ക് നയിക്കുകയാണ് വരൾച്ച. ക്ഷാമകാലത്തിനെ മുതലെടുക്കാനുള്ള തിരക്കിട്ട വ്യാപാരങ്ങളും കൂട്ടത്തിൽ നടക്കുന്നുണ്ട്

ഒരു കച്ചി ഗാനത്തിൽനിന്നുള്ള പാരി പ്രസിദ്ധീകരിക്കാൻ പോകുന്ന ചില ഭാഗങ്ങൾ, ജലപ്രതിസന്ധിയെ നേരിടുന്നതിൽ സർക്കാരിന്റെ കഴിവിലുള്ള അവരുടെ അവിശ്വാസത്തെ വെളിവാക്കുന്നുണ്ട്. വരൾച്ച അനുഭവിക്കേണ്ടിവന്ന കർഷകരുടെ സ്വപ്നത്തിന്റെ മുകളിൽ പണിത സർദാർ സരോവർ അണക്കെട്ടിൽനിന്ന് അവർക്ക് ഒന്നും ലഭിച്ചില്ല. കച്ചിലെ പാവപ്പെട്ട കർഷകർക്ക് ഗുണഫലങ്ങൾ നൽകാനെന്ന പേരിൽ അണക്കെട്ടിന്റെ ഉയരം വർദ്ധിപ്പിച്ചുവെങ്കിലും ജലത്തിന്റെ വിതരണം സമ്പൂർണ പരാജയമായിരുന്നു. കുടിവെള്ളത്തെ ഉപഭോഗത്തിൽനിന്ന് ഉത്പാദനത്തിലേക്കും, കൃഷിയിൽനിന്ന് വ്യവസായത്തിലേക്കും, ദരിദ്രരിൽനിന്ന് ധനികരിലേക്കും നിരന്തരം വഴിതിരിച്ചുവിട്ടതൊടെ കർഷകരും മറ്റുള്ളവരും ദുരിതത്തിലായി
2023 ജൂൺ മുതൽ സെപ്റ്റംബർവരെയുള്ള കാലത്ത്, ധാരാശിവ് ജില്ലയിലെ (മുമ്പ് ഒസ്മാനബാദ്) തുൽജാപൂർ ബ്ലോക്കിൽ570.3 എം.എം. മഴയാണ് കിട്ടിയത് (സാധാരണയായി കിട്ടുന്ന 653 എം.എം.ന് പകരം). ഇതിൽ കൂടുതലും പെയ്തത്, ജൂലായിലെ 16 ദിവസങ്ങളിലായിരുന്നു. ജൂൺ, ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിലെ 3-4 ആഴ്ചകളിലുണ്ടായ വരൾച്ച മണ്ണിന്റെ സ്വാഭാവികമായ നനവിനെ ഇല്ലാതാക്കി. ജലസ്രോതസ്സുകളെ നിറച്ചതുമില്ല.
തന്മൂലം കക്രംബയിലെ കൃഷിക്കാർ ബുദ്ധിമുട്ടുകയാണ്. “ആവശ്യമായതിന്റെ 5-10 ശതമാനം മാത്രമാണ് (ഇപ്പോൾ) ലഭിക്കുന്നത്. ഗ്രാമം മുഴുവൻ പാത്രങ്ങളും കുടങ്ങളും നിരന്നിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും”, പാരിയുടെ റിപ്പോർട്ടർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
“ഇത് (വരൾച്ചയ്ക്ക് സമാനമായ അവസ്ഥ) പൂർണ്ണമായും മനുഷ്യനിർമ്മിതമാണ്“, സാഥെ കാക്ക പറയുന്നു.
മൂർഷിദാബാദ് ജില്ലയിലെ വിഷം കലർന്ന ഭൂഗർഭജലത്തിന്റെ പ്രതിസന്ധിപോലെത്തന്നെ. പശ്ചിമ ബംഗാളിലെ വിശാലമായ ഗംഗാ സമതലത്തിലൂടെ ഒഴുകുന്ന ഭഗീരഥിയുടെ തീരത്തുള്ള മൂർഷിദാബാദിലെ കുഴൽക്കിണറുകൾ ഒരുകാലത്ത് ശുദ്ധജലംകൊണ്ട് നിറഞ്ഞിരുന്നുവെങ്കിലും ഇന്ന് അതിവേഗം വരളുകയാണ്.
ബീഗൺബാരി ഗ്രാമപഞ്ചായത്തിൽ ടാപ്പുവെള്ളമൊന്നും ഇല്ലാഹ്തതിനാൽ ആളുകൾ കുഴൽക്കിണറുകളെയായിരുന്നു ആശ്രയിച്ചിരുന്നത് (2021-ലെ സെൻസസ് പ്രകാരം ജനസംഖ്യ 10,983). “ഞങ്ങൾ കുഴൽക്കിണറുകളാണ് ഉപയോഗിച്ചിരുന്നത്, എന്നാൽ എല്ലാം ഇപ്പോൾ (2023) വറ്റിപ്പോയി”, രോഷ്നാരാ ബീബി പറയുന്നു. “ഈ ബെൽദംഗ ബ്ലോക്ക് 1-ലെ ജലസ്രോതസ്സുകളെപ്പോലെ. കുളങ്ങളും വറ്റിവരളുകയാണ്”, അവർ തുടർന്നു. മഴയുടെ അഭാവവും, ഭൂഗർഭജലം ഊറ്റിയെടുക്കുന്ന, ആഴമില്ലാത്ത പമ്പുകളും മൂലമാണ് ഈവിധത്തിലായത് എന്ന് അവർ പറയുന്നു.


ചണക്കൃഷിക്കുവേണ്ടി ഭൂഗർഭജലം ഊറ്റിയെടുക്കാൻ, മൂർഷിദാബാദിൽ, ആഴമില്ലാത്ത പമ്പുകൾ (ഇടത്ത്) ഉപയോഗിക്കുന്നു. ചണ കുതിരാനായി ജലസംഭരണികളിൽ ഇടുനതുമൂലം, ആ വെള്ളം വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കില്ല
2017-ലെ ഒരു റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ കൃഷിക്കും വീട്ടാവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത് പ്രധാനമായും ഭൂഗർഭജലമാണ്. ഗ്രാമീണ ജലവിതരണത്തിന്റെ 85 ശതമാനവും നിർവ്വഹിക്കുന്നത് അതാണ്.
തുടർച്ചയായ കാലവർഷങ്ങളിൽ മഴവെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നതിനാലാണ് ഭൂഗർഭജലം അധികമായി ഉപയോഗിക്കേണ്ടിവരുന്നതെന്ന് ജഹനാര ബീബി പറയുന്നു. ചണക്കർഷകരുടെ ഒരു കുടുംബത്തിലേക്കാണ് 45 വയസ്സുള്ള ഹിജൂലി കോളനിയിലെ ഈ താമസക്കാരി വിവാഹം ചെയ്ത് അയയ്ക്കപ്പെട്ടത്. “കുതിരാനായി ആവശ്യത്തിന് വെള്ളമുണ്ടെങ്കിൽ മാത്രമേ വിളവെടുക്കാനാവൂ. വിളവെടുത്തുകഴിഞ്ഞാൽ താമസം പാടില്ല. നശിച്ചുപോവും”. ബെൽദംഗ ബ്ലോക്ക് 1-ലെ പാടങ്ങളിൽ 2023 ഓഗസ്റ്റിൽ കണ്ട മൂപ്പെത്തിയ ചണക്കൃഷി, കാലവർഷത്തിലെ മഴയുടെ അഭാവത്തിന്റെ തെളിവായി നിന്നിരുന്നു
എന്തുതന്നെയായാലും, വിഷാംശമുള്ളത്തിനാൽ, ഈ പ്രദേശത്തെ കുഴൽക്കിണറുകളെ വിശ്വസിക്കാനാവില്ലെന്ന് താമസക്കാർ പാരിയോട് പറയുന്നു. ഭൂഗർഭജലത്തിലെ വിഷാംശം മൂലം, ത്വഗ്, നാഡീ, ഗർഭകാല രോഗങ്ങളാൽ ഏറ്റവുമധികം വിഷമതകളനുഭവിക്കുന്ന ജില്ലകളിലൊന്നാണ് മൂർഷിദാബാദ്
എന്നാൽ വിഷാംശത്തെക്കുറിച്ചുള്ള ബോധവത്ക്കരണം മൂലം കുഴൽക്കിണറുകളെ ആശ്രയിക്കുനത് നിന്നിരിക്കുന്നു. എന്നാൽ ഇപ്പോളവർ ആശ്രയിക്കുന്നത് സ്വകാര്യ ജലവിതരണക്കാരെയാണ്. അവരിൽനിന്ന് വാങ്ങുന്ന വെള്ളം എത്രമാത്രം സുരക്ഷിതമാണെന്ന് ആർക്കുമറിയില്ല എന്നതാണ് ഇതിലെ വിരോധാഭാസം
വെള്ളത്തിന്റെ ടാങ്കർ ചില കുട്ടികളെ സ്കൂളിൽനിന്ന് വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുന്നുണ്ട്. ബീഗൻബാരി ഹൈസ്കൂളിലെ 5-ആം ക്ലാസ് വിദ്യാർത്ഥിയും ഹിജൂലിയിലെ താമസക്കാരനുമായ റിജ്ജുവിനെപ്പോലുള്ളവരെ. അവൻ വീട്ടുകാരെ സഹായിക്കാനായി വാട്ടർ ടാങ്കറിൽനിന്ന് പിടിച്ച വീട്ടിലേക്ക് വെള്ളം ചുമന്ന് വരുന്നു. ഈ റിപ്പോർട്ടറുടെ മുഖത്തേക്ക് സങ്കോചമില്ലാതെ നോക്കിക്കൊണ്ട് അവൻ പറയുന്നു, “വീട്ടിലിരുന്ന് പഠിക്കുന്നതിനേക്കാൾ നല്ലതാണ് ഇത്”.
അവന് മാത്രമല്ല സന്തോഷമുള്ളത്. ഹിജൂലിയിൽനിന്ന് ഏതാനും കിലോമീറ്ററകലെയുള്ള കാസിസാഹയിൽ (2011-ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യ13,489) മുതിർന്നവരെ വെള്ളം ശേഖരിക്കാൻ സഹായിക്കുന്നത് ഉത്സാഹികളായ ചില കുട്ടികളായിരുന്നു. “വണ്ടിയുടെ പിന്നിലിരുന്ന് ഗ്രാമം മുഴുവൻ ചുറ്റാൻ സാധിക്കും” എന്ന് പറഞ്ഞുകൊണ്ട്, ഇതാണ് തങ്ങൾക്ക് കൂടുതൽ താത്പര്യമെന്ന് അവർ സൂചിപ്പിക്കുന്നു.


ഇടത്ത്: ഹിജൂലിയിലും കാസിസാഹയിലും താമസക്കാർ സ്വകാര്യ കച്ചവടക്കാരിൽനിന്നാണ് വെള്ളം വാങ്ങുന്നത്. കുട്ടികൾ പലപ്പോഴും വെള്ള ടാങ്കറിന്റെ വാനിൽ സഞ്ചരിച്ച് ഗ്രാമം ചുറ്റുന്നു. വലത്ത്: ചത്തീസ്ഗഢിലെ ധംതാരി ഗ്രാമത്തിലെ നയ കുമദൈഹിൻ ഗ്രാമവാസികൾ വെള്ളം കൊണ്ടുവരുന്നത് ഗട്ടസിലി എന്ന അവരുടെ പഴയ ഗ്രാമത്തിൽനിന്നാണ്. മഹാനദിക്ക് കുറുകെ ദുധാവ അണക്കെട്ട് വന്നപ്പോൾ ആ ഗ്രാമത്തിൽനിന്ന് കുടിയിറങ്ങേണ്ടിവന്നവരാണ് നയ കുമദൈഹിനിലെ ആളുകൾ

ദൂരസ്ഥലങ്ങളിൽനിന്ന് വെള്ളം ചുമന്ന് കൊണ്ടുവരുന്നതിനേക്കാൾ എളുപ്പമാണ്, അദ്ധ്വാനമുണ്ടെങ്കിലും ധാന്യം പൊടിക്കലും അരയ്ക്കലും എന്ന് ഷാഹുബായ് പോമാൻ പറയുന്നു. പുരന്ദർ താലൂക്കിലെ പോഖാർ ഗ്രാമവാസിയാണ് അവർ. അവരുടെ ഗ്രാമത്തിലെ സ്ത്രീകൾ ഭാഗ്യവതികളാണെന്ന്, രാജ്ഗുരുനഗറിലെ ദേവ് തൊരേൻ ഗ്രാമത്തിലെ പാർവതിബായി ആവാരി പറയുന്നു. കാരണം, അവരുടെ ഗ്രാമത്തിൽ സമൃദ്ധമായ ഒരു കിണറുണ്ട്. എല്ലാവരും അതിൽനിന്നാണ് വെള്ളമെടുക്കുന്നത്. വീട്ടിലേക്കാവശ്യമുള്ള വെള്ളം കൊണ്ടുവരുന്നത് സ്ത്രീകളുടെ ചുമതലയാണ്. ദൂരസ്ഥലത്തുനിന്ന് ചുമന്ന് കൊണ്ടുവരുന്നതിനേക്കാൾ എളുപ്പമാണ് കിണറിൽനിന്ന് കോരിയെടുക്കുന്നത്. യഥാർത്ഥ ഗ്രൈൻഡ്‌മിൽ സോംഗ്സ് പ്രോജക്ട് ഈ പാട്ടുകൾ പൂനെ ജില്ലയിൽവെച്ച്, 1995-ലും 1999-ലും റിക്കാർഡ് ചെയ്തിരുന്നു. പാട്ടുകൾ രചിച്ചത് അതിനും മുമ്പായിരുന്നു. വർഷാവർഷം വെള്ളം നിറയുകയും പുഴകളിൽനിന്നും കിണറുകളിൽനിന്നും കൊണ്ടുവരാൻ കഴിഞ്ഞിരുന്ന നാളുകളിൽ. ഇന്ന്, ജലം, ക്ഷാമം എന്നീ വാക്കുകൾ പര്യായമായിക്കഴിഞ്ഞിരിക്കുന്നു
മൂർഷിദാബാദിലെ വിഷാംശവും, മഹാരാഷ്ട്രയിലെ പാൽഘറിലെ വയറിളക്കവും – ആയിരക്കണക്കിന് കിലോമീറ്ററുകൾക്ക് അപ്പുറത്തുമിപ്പുറത്തുമുള്ള ഈ സ്ഥലങ്ങൾ ഒരേ പ്രശ്നമാണ് നേരിടുന്നത്. ശോഷിച്ചുവരുന്ന ജലശേഖരം.
തന്റെ ഗോണ്ട് കെ.എച്ച്. ഗ്രാമത്തിലുള്ള കിണറ്റിലെ ജലവിതാനം കുറഞ്ഞുവരികയാണെന്നും അവിടുത്തെ 227 കുടുംബങ്ങളും ഇതിനെയാണ് ആശ്രയിക്കുന്നതെന്നും രാകു നടാഗെ പറയുന്നു. “ഇതാണ് ഏറ്റവുമടുത്തുള്ള ഞങ്ങളുടെ ഒരേയൊരു ജലസ്രോതസ്സ്”, അവർ പറയുന്നു. മൊഖദ താലൂക്കിലെ ഈ ഗ്രാമത്തിലെ മിക്കവരും കെ.താക്കൂർ ഗോത്രവിഭാഗക്കാരാണ്.
രണ്ടുവർഷം മുമ്പ് അവരുടെ മകൻ ദീപക്കിന് വയറിളക്കം ബാധിച്ചു. കുടിവെള്ളത്തിൽനിന്നായിരിക്കണം അത് പകർന്നിട്ടുണ്ടാവുക. പാൽഘർ ജില്ലയിലെ ഒമ്പത് ഗ്രാമങ്ങളിലെ കുട്ടികൾക്കിടയിലുള്ള വയറിളക്കത്തിന്റെ തോത് 33.4 ശതമാനമാണെന്ന് 2018-ലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. മകന്റെ രോഗശേഷം, രാകു ദിവസവു തിളപ്പിച്ചാറ്റിയ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്.
എന്നാൽ തിളപ്പിച്ചാറ്റുന്നതിനുമുൻപ് രാകുവിന് വെള്ളം ശേഖരിക്കേണ്ടതുണ്ട്. വേനൽക്കാലത്ത്, കിണറ്റിലെ വെള്ളമൊക്കെ വറ്റുമ്പോൾ, ഗ്രാമത്തിലെ സ്ത്രീകൾ വാഗ് പുഴയിലേക്ക് യാത്രചെയ്യാൻ തുടങ്ങും. ഏകദേശം ഒമ്പത് കിലോമീറ്ററുണ്ട് അവിടേക്ക്. മൂന്ന് മണിക്കൂർ വേണം നടന്നെത്താൻ. ദിവസവും ഈ നടത്തം രണ്ടും മൂന്നും തവണ ആവർത്തിക്കണം. ഒന്നുകിൽ അതിരാവിലെ, അല്ലെങ്കിൽ, അല്പം ചൂട് കുറവുള്ള സന്ധ്യയ്ക്കാണ് അവർ പോവുക.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പരക്കെ, വെള്ളവുമായി ബന്ധപ്പെട്ട ചുമതലകൾ സ്ത്രീകളുടെ തലയിലാണ്. “ഏകദേശം 54 ശതമാനം ഗ്രാമീണസ്ത്രീകളും, കൌമാരക്കാരായ പെൺകുട്ടികളും ദിവസവും 35 മിനിറ്റ്, വെള്ളം കൊണ്ടുവരുന്നതിനായി ഉപയോഗിക്കുന്നുണ്ടെന്ന്, യൂണിസെഫിന്റെ ഒരു റിപ്പോർട്ട് പറയുന്നു. ഒരു വർഷത്തിൽ 27 ദിവസത്തെ കൂലിനഷ്ടത്തിന് തുല്യമാണ് ഈ സമയനഷ്ടം എന്ന് ആ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. “പുരുഷന്മാർക്ക് ജോലിക്കായി പുറത്തേക്ക് പോകണം. അതുകൊണ്ട് പാചകം ചെയ്യാനുള്ള വെള്ളം കൊണ്ടുവരാൻ ഞങ്ങൾ വേണം പോകാൻ. ഹാൻഡ് പമ്പിന്റെ സമീപത്ത് രാവിലെ നല്ല തിരക്കായിരിക്കും”, ചിന്താ ദേവി പറയുന്നു. “ഉച്ചയ്ക്ക് കുളിക്കാനും വസ്ത്രങ്ങൾ അലക്കാനും വെള്ളം വേണം. രാത്രി അത്താഴത്തിനും വെള്ളം ആവശ്യമാണ്”, അവർ കൂട്ടിച്ചേർത്തു.


ഇടത്ത്: പാൽഘർ ജില്ലയിലെ ഗോണ്ട് കെ.എച്ച് ഗ്രാമത്തിലുള്ള ഒരേയൊരു കിണറാണ്, അധികവും കെ.താക്കൂർ ഗോത്രക്കാർ താമസിക്കുന്ന പ്രദേശത്തിന്റെ വെള്ളത്തിന്റെ ആവശ്യം നിറവേറ്റുന്നത്. വലത്ത്: വേഅലിൽ, കിണർ വറ്റുമ്പോൾ, സ്ത്രീകൾ വാഘ് നദിയിലേക്ക്, ദിവസത്തിൽ രണ്ടുമൂന്ന് തവണ നടന്നുപോയി വെള്ളം കൊണ്ടുവരും


ഇടത്ത്: ചെറുപ്പക്കാരികളായ പെൺകുട്ടികൾ അമ്മമാരെ, വെള്ളം കൊണ്ടുവരാൻ മാത്രമല്ല, വീട്ടുജോലികളിലും സഹായിക്കുന്നു. പാൽഘർ ജില്ലയിലെ കില്ലാബന്ധർ ഗ്രാമത്തിലെ മുക്കുവസമുദായത്തിലെ സ്ത്രീകളും പെൺകുട്ടികളും മണിക്കൂറുകൾ ചിലവഴിച്ചാണ് കിണറിന്റെ അടിയിലെ വെള്ളം ശേഖരിക്കുന്നത്. പ്രദേശത്തെ വെള്ളം മുംബൈ നഗരത്തിലേക്ക് വഴിതിരിച്ചുവിടുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. വലത്ത്: അക്ബർപുർ പഞ്ചായത്തിലെ ദളിത് കോളനിയിൽ താമസിക്കുന്ന ഗായത്രി കുമാരി, കോളനിയിലെ ഒരേയൊരു ജലപമ്പിൽനിന്ന്, മൺകുടത്തിൽ വെള്ളം ചുമന്ന് വരുന്നു. ദിവസേന ഒന്നുരണ്ട് മണിക്കൂർ വെള്ളം ശേഖരിക്കാൻ ചിലവഴിക്കുന്നുണ്ടെന്ന് അവർ പറയുന്നു
ഈ ദളിത് കോളനിയിലെ ഒരേയൊരു ജലസ്രോതസ്സ് ഒരു ഹാൻഡ് പമ്പാണ്. അവിടെയാണെങ്കിൽ നീണ്ട നിരയായിരിക്കും. “ഈ കോളനിയിൽ ആകെയുള്ളത് ഒരേയൊരു ഹാൻഡ് പമ്പാണ്. ഞങ്ങൾ പാത്രങ്ങളും ചുമന്ന് അവിടെ കാത്തുനിൽക്കും”, സുശീലാ ദേവി പറയുന്നു.
വേനലിൽ, ഹാൻഡ്പമ്പ് വറ്റിയാൽ, സ്ത്രീകൾ പാടത്ത് പോയി, കൃഷിക്ക് നനയ്ക്കാൻ പമ്പ് ചെയ്യുന്ന വെള്ളം ചുമന്ന് കൊണ്ടുവരുന്നു. “അത് ചിലപ്പോൾ ഒരു കിലോമീറ്റർ അകലെയായിരിക്കും. വെള്ളം കിട്ടുന്നതിനായി ധാരാളം സമയം പാഴായിപ്പോവുന്നു”, 45 വയസ്സുള്ള സുശീലാ ദേവി പറയുന്നു.
“വേനലിൽ, ചൂട് കൂടുമ്പോൾ, ഞങ്ങൾ ദാഹിച്ച് മരിക്കാൻ സാധ്യതയുണ്ട്”, ദേഷ്യപ്പെട്ട്, മുഖം തിരിച്ച്, അവർ വൈകീട്ടത്തെ ഭക്ഷണമുണ്ടാക്കാൻ തുടങ്ങി.
ഇത് പാരി വിവിധ സ്ഥലങ്ങളിൽനിന്ന് റിപ്പോർട്ട് ചെയ്ത കഥയാണ് . കശ്മീരിൽനിന്ന് മുസാമിൽ ഭട്ട് , പശ്ചിമ ബംഗാളിൽനിന്ന് സ്മിത ഖാതോർ , ബിഹാറിൽനിന്ന് ഉമേഷ് കെ . റേ , മഹാരാഷ്ട്രയിൽനിന്ന് മേധാ കാലെയും ജ്യോതി ഷിനോലിയും , ചത്തീസ്ഗഢിൽനിന്ന് പുരുഷോത്തം താക്കൂർ എന്നിവർ . നടന്നുകൊണ്ടിരിക്കുന്നതും നമിത വൈകർ തിരഞ്ഞെടുക്കുന്നതുമായ പാരി ഗ്രൈൻഡ്മിൽ സോംഗ്സ് പ്രോജക്ടിൽനിന്നും , പ്രതിഷ്ത പാണ്ഡ്യ തിരഞ്ഞെടുക്കുന്ന സോംഗ്സ് ഓഫ് ദ് റാൻ : കച്ചി നാടോടി ഗാനങ്ങൾ എന്നിവയിൽനിന്നുമുള്ള ഗാനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് . ഗ്രാഫിക്സ് ചെയ്തിരിക്കുനത് സാൻ വിതി അയ്യർ .
കവർ ചിത്രം: പുരുഷോത്തം താക്കൂർ
പരിഭാഷ: രാജീവ് ചേലനാട്ട്