ആ ദിവസം ഞാനിപ്പോഴും ഓര്‍മ്മിക്കുന്നു. അമ്മയുടെയടുത്ത് ഒരു ബ്ലാങ്കറ്റില്‍ ചുരുണ്ടുകൂടിക്കിടന്ന്, അവര്‍ പറയുന്ന കഥകള്‍ കേള്‍ക്കുകയായിരുന്നു ഞാന്‍ - “അങ്ങനെ സിദ്ധാര്‍ത്ഥന്‍ ജീവിതത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം തിരഞ്ഞ് വീടുവിട്ടു”, അവര്‍ പറഞ്ഞു. രാത്രി മുഴുവന്‍ മഴ പെയ്തു. ഞങ്ങളുടെ മുറി ഭൂമിയുടെ ഉദരംപോലെ മണത്തു. തിരിയില്‍ നിന്നുള്ള കറുത്തപുക മച്ചില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചു.
“സിദ്ധാര്‍ത്ഥനു വിശന്നാലോ?” ഞാന്‍ ചോദിച്ചു. ഞാനെന്തൊരു മൂഢനായിരുന്നു? സിദ്ധാര്‍ത്ഥന്‍ ദൈവമാണല്ലോ.
പിന്നീട്, 18 വര്‍ഷങ്ങള്‍ക്കു ശേഷം, അതേമുറിയില്‍ ഞാന്‍ തിരിച്ചെത്തി. അപ്പോള്‍ മഴ പെയ്യുകയായിരുന്നു – തുള്ളികള്‍ ജനല്‍പാളികളിലൂടെ ഒലിച്ചിറങ്ങി. എന്‍റെയടുത്ത് ഒരു ബ്ലാങ്കറ്റില്‍ ചുരുണ്ടു കിടന്ന്, അമ്മ വാര്‍ത്ത കേള്‍ക്കുകയായിരുന്നു. “21-ദിന ലോക്ക്ഡൗണ്‍ തുടങ്ങിയതിനുശേഷം അഞ്ചുലക്ഷത്തോളം കുടിയേറ്റക്കാര്‍ ഇന്ത്യയിലെ വന്‍നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്ക് നടന്നു നീങ്ങിയിരിക്കുന്നു.”
വീണ്ടും അതേ ചോദ്യം: അവര്‍ക്കു വിശന്നാലോ?

ഈ കവിതയോടൊപ്പമുള്ള രണ്ടുചിത്രങ്ങളും രാജ്യമെമ്പാടും കുടിയേറ്റ തൊഴിലാളികള്‍ നടത്തുന്ന നീണ്ടയാത്രയെ ഒരു ചിത്രകാരിയുടെ കണ്ണിലൂടെ കാണുന്നു. ചിത്രകാരിയായ ലബനി ജംഗി സ്വയം ചിത്രരചന അഭ്യസിച്ച വ്യക്തിയാണ്. ഇപ്പോള്‍ കോൽക്കത്തയിലെ സെന്‍റർ ഫോർ സ്റ്റഡീസ് ഇൻ സോഷ്യൽ സയൻസസിൽ തൊഴിൽ കുടിയേറ്റവുമായി ബന്ധപ്പെട്ട് ഡോക്ടറല്‍ ഗവേഷണം നടത്തുന്നു.
രക്തം പുരണ്ട
കാൽപാട്
കുഞ്ഞു
ജനാലയിലൂടെ ഞാൻ കണ്ടു,
മനുഷ്യർ
ഉറുമ്പുകളെപ്പോലെ
വരിവരിയായി
നീങ്ങുന്നു.
കളിക്കാത്ത
കുട്ടികൾ,
കരയാത്ത കൈക്കുഞ്ഞുങ്ങൾ,
നിശബ്ദത
പിടിച്ചടക്കിയപോൽ
ഉപേക്ഷിക്കപ്പെട്ട
വഴികൾ.
അതോ,
വിശപ്പായിരുന്നുവോ?
കുഞ്ഞു
ജനാലയിലൂടെ ഞാൻ കണ്ടു,
തലയിൽ
ബാഗുകളും
ഹൃദയത്തിൽ വിശപ്പിന്‍റെ ഭയവും പേറുന്ന മനുഷ്യർ.
മൈലുകളോളം
നടന്ന്,
കാലുകൾ
പൊട്ടിയൊലിച്ച്,
ജീവിച്ചിരുന്നതിന്‍റെ
അടയാളങ്ങളും കോറി
അവർ കടന്ന്
പോകുന്നു.
കുഞ്ഞു
ജനാലയിലൂടെ ഞാൻ കണ്ടു,
മണ്ണും
വിണ്ണും ചുവന്നിരിക്കുന്നു.
ഒട്ടിയ മുലകൾ
കുഞ്ഞ് വായിലിറ്റിക്കുന്ന
ഒരമ്മയെ ഞാൻ കണ്ടു.
കാലടികൾ നിലച്ചു.
ചിലർ വീടണഞ്ഞു,
ചിലർ പാതി വഴിയിൽ
ഓർമ്മയായി,
ചിലരെ
കുമ്മായം തളിച്ചു,
ചിലരെ
കാലികളെപ്പോലെ
ചേർത്തടുക്കി ട്രക്കിലെടുത്തു.
ആകാശം കറുത്തു,
പിന്നെ നീലിച്ചു.
ഭൂമി പക്ഷേ ചുവന്നിരുന്നു.
അവളുടെ മുലയിൽ
രക്തം പുരണ്ട
കാൽപാടുകൾ അപ്പോഴും
ബാക്കിയായി.
ഓഡിയോ : ജനനാട്യ മഞ്ചിൽ അഭിനേതാവും സംവിധായകനുമായ സുധൻവ ദേശ്പാണ്ഡെ ലെഫ്റ്റ് വേഡ് ബുക്സിൽ എഡിറ്ററായും പ്രവർത്തിക്കുന്നു.
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.