ഉന്നാവൊ: രണ്ടു ദളിത് പെണ്‍കുട്ടികള്‍ പാടത്തു മരിച്ച നിലയില്‍, മൂന്നാമത്തെയാളുടെ നില ഗുരുതരം
– ദി വയര്‍ , ഫെബ്രുവരി 18, 2021
യു.പി.യിൽ മരത്തിൽ തൂങ്ങി ദളിത് പെൺകുട്ടികളുടെ ശരീരം, മൂന്നു പേർക്കെതിരെ ബലാത്സംഗക്കുറ്റത്തിന് എഫ്.ഐ.ആർ. എടുത്തു
– ഔട്ട്ലുക്ക് ഇൻഡ്യ , ജനുവരി 18, 2021
15-കാരിയായ ദളിത് പെൺകുട്ടിയുടെ മൃതദേഹം ഉത്തർപ്രദേശിലെ പാടത്ത്, ബന്ധു സംശയത്തിന്‍റെ നിഴലില്‍
– ദി ഹിന്ദുസ്ഥാൻ ടൈംസ് , ഒക്ടോബർ 3, 2020
ഹാത്രയ്ക്കു ശേഷം: 22-കാരിയായ ദളിത് സ്ത്രീ ഉത്തർ പ്രദേശിൽ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടു
– ദി ഇൻഡ്യൻ എക്സ്പ്രസ്സ് , ഒക്ടോബർ 1, 2020
ഉത്തർ പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി ഡൽഹിയിൽ ആശുപത്രിയിൽ മരിച്ചു
– ദി ഹിന്ദു , സെപ്തംബർ 29, 2020
ഉത്തർ പ്രദേശ്: ബലാത്സംഗത്തിനിരയായ ദളിത് കൗമാരക്കാരിയുടെ മൃതദേഹം മരത്തിൽ തൂങ്ങപ്പെട്ട നിലയിൽ
– ഫസ്റ്റ്പോസ്റ്റ് , ഫെബ്രുവരി 19, 2015
ഉത്തർ പ്രദേശിൽ മരത്തിൽ തൂങ്ങി പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി, ബലാത്സംഗവും കൊപാതകവും ആരോപിച്ച് കുടുംബം
– ഡി.എൻ.എ. , ജനുവരി 12, 2014

സൂര്യകാന്തി പാടങ്ങൾ
ഒരുപക്ഷെ അവയ്ക്കു വളരാനുള്ള ഇടമാവില്ലിത്
ഒരു വേള അവയ്ക്കു വിരിയാനുള്ള
സമയമാവില്ലിത്
അവയ്ക്കു പുഞ്ചിരിക്കാനുള്ള സമയവുമിതല്ല
തന്നെ
ചുറ്റും പെയ്യുന്ന കനത്ത മഴ
ഒരുപക്ഷെ വെളിച്ചവും സൂര്യനുമില്ലാതെ
ശ്വാസംപോലും അസാധ്യമാണിവിടെ
സംശയഹേതുവേതുമില്ലെന്നും
ഇതു തന്നെ സത്യമെന്നും നമുക്കറിയാം.
നമുക്കറിയാം അവയെ പറിച്ചെടുത്ത്,
നുള്ളി, നശിപ്പിച്ച്, കശാപ്പ് ചെയ്തേക്കാമെന്ന്
പൂക്കള്‍ പിങ്കള വര്‍ണ്ണത്തില്‍
വിളവെടുപ്പിന് പാകമാകുന്നതറിയാവുന്ന
പോലെ
മൂപ്പെത്താത്ത പിഞ്ചുപൂക്കളെ
ആർത്തിയോടെ തിന്നുമ്പോഴുള്ള പുത്തന്‍
രുചിഭേദങ്ങളും നമുക്കറിയാം
ഒന്നൊന്നായ് അവയൊക്കെയും എരിയണം
അല്ലെങ്കിൽ കശാപ്പു ചെയ്യപ്പെടണം
ഓരോന്നും അവരവരുടെ ഊഴം കാത്തിരിക്കുന്നു.
ഒരുപക്ഷെ രാത്രി പ്രണയത്തോട് അതിക്രൂരമാകുന്നു
കാറ്റ് കരുതലേതുമില്ലാതെ നിര്‍ദ്ദയമാകുന്നു
ഒരു വേള നട്ടെല്ലില്‍ നിവര്‍ന്നു
നില്‍ക്കുന്ന പൂക്കളെ താങ്ങാനാവാതെ മണ്ണ് മൃദുവും ദുര്‍ബ്ബലവുമാകുന്നു
എങ്കിലും
എണ്ണമറ്റ സൂര്യകാന്തിപ്പൂക്കള്‍
എന്തു ധൈര്യത്തില്‍ വന്യമായ് വളരുന്നു?
കണ്ണെത്താ ദൂരത്തോളം അസ്പൃശ്യ
സൗന്ദര്യത്തിന്‍റെ സൂര്യകാന്തിപ്പാടങ്ങള്‍
ഹരിത സുവര്‍ണ്ണ വര്‍ണ്ണങ്ങളില്‍ തെളിച്ചത്തിന്‍റെ
ജ്വാലകള്‍
കാലുകള്‍ കൂട്ടിമുട്ടിച്ചു
ചിരിക്കുന്ന
പറക്കും പെണ്‍കുട്ടികള്‍
അവരുടെ പറക്കലിന്‍റെ, നൃത്തങ്ങളുടെ കുണുങ്ങിച്ചിരികൾ
ഉയരെയുയരെ തലയുയര്‍ത്തി ഇളം കാല്‍കളില്‍
ഉയര്‍ന്നു നില്‍ക്കുന്നവര്‍.
ചുരുട്ടിപ്പിടിച്ച അവരുടെ മുഷ്ടിയില്‍
ജ്വലിക്കുന്ന ഓറഞ്ച് നിറം.
അകലെ അനുദിനം മാറ്റപ്പെടുന്ന
പട്ടടയിലെ വെണ്ണീരു മാത്രമല്ലിത്,
എന്‍റെ ഗർഭപാത്രത്തിലുമുണ്ട് സൂര്യകാന്തി
പാടങ്ങള്‍!
എന്‍റെ കണ്ണുകള്‍ നനയിച്ച് ജ്വലിപ്പിക്കയാണവ.
ഓഡിയോ : സുധൻവ ദേശ്പാണ്ഡെ ജനനാട്യ മഞ്ചിൽ അഭിനേതാവും സംവിധായകനുമായും ലെഫ്റ്റ്-വേഡ് ബുക്സിൽ എഡിറ്ററായും പ്രവർത്തിക്കുന്നു.
പരിഭാഷ (വിവരണം): റെന്നിമോന്‍ കെ. സി.
പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു