ആൺകുട്ടിയായി വളർന്ന രമ്യ, 5-ആം ക്ലാസ്സിൽവെച്ച്, പെൺകുട്ടിയായി താദാത്മ്യപ്പെടാൻ തുടങ്ങി.
“മിഡിൽ സ്കൂളിൽവെച്ച് ട്രൌസർ ധരിച്ച്, തുട കാണിച്ച്, ആൺകുട്ടികൾക്കിടയിൽ ഇരിക്കേണ്ടിവന്നു. വല്ലാത്തൊരു അവസ്ഥയായിരുന്നു അത്,” അവർ പറയുന്നു. ഇപ്പോൾ മുപ്പത് വയസ്സുള്ള അവർ ചുവപ്പ് സാരിയും നീളൻ തലമുടിയുമായി തന്റെ സ്ത്രീസ്വത്വത്തെ മുറുകെപ്പിടിക്കുകയാണ്.
ചെങ്കൽപ്പേട്ട് ജില്ലയിലെ തിരുപോരൂർ പട്ടണത്തിൽ ഒരു ചെറിയ അമ്മൻ (അമ്മ ദേവത) ക്ഷേത്രം അവർ നോക്കിനടത്തുന്നുണ്ട്. രമ്യയുടെ തൊട്ടടുത്തായി, നിലത്ത്, അവരുടെ അമ്മ വെങ്കമ്മ ഇരിക്കുന്നു. “വളർന്നുവരുമ്പോൾ അവന് (രമ്യയെ ചൂണ്ടിക്കൊണ്ട്) ചുരിദാറും (സ്ത്രീകൾ സാധാരണയായി ധരിക്കുന്ന രണ്ട് ഭാഗങ്ങളുള്ള വസ്ത്രം), ധാവണി യും (പകുതി സാരി) കമ്മലും ധരിക്കാനായിരുന്നു താത്പര്യം. ആൺകുട്ടിയെപ്പോലെ പെരുമാറാൻ ഞങ്ങൾ എപ്പോഴും പറയാറുണ്ടായിരുന്നു. പക്ഷേ അവന് പെണ്ണാവാനായിരുന്നു ആഗ്രഹം,” രമ്യയുടെ 56 വയസ്സുള്ള ആ അമ്മ പറയുന്നു.
കണ്ണിയമ്മയുടെ ക്ഷേത്രം അടച്ചിരുന്നതിനാൽ, ശാന്തമായ അന്തരീക്ഷത്തിൽ സംസാരം തുടർന്നു. ഈ അമ്മയേയും മകളേയുംപോലെയുള്ള ഇരുള സമുദായക്കാർ പകൽസമയത്ത് ഇവിടെ കണ്ണിയമ്മയെ പ്രാർത്ഥിക്കാൻ വരാറുണ്ട്.
നാല് സഹോദരരിലൊരാളായിരുന്ന രമ്യ ഇരുളരുടെ പരിസരത്തുതന്നെയാണ് ജീവിച്ചുവളർന്നത്. തമിഴ്നാട്ടിലെ ഏറ്റവും അവശത അനുഭവിക്കുന്ന ആറ് ഗോത്രസമൂഹങ്ങളിലൊന്നാണ് (പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ്സ്) ഇരുളസമുദായം. സമുദായത്തിലെ മറ്റുള്ളവരെപ്പോലെ, അവളുടെ അച്ഛനമ്മമാരും കൃഷിയിടങ്ങളിലും, നിർമ്മാണസ്ഥലങ്ങളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സൈറ്റുകളിലും (എം.ജി.എൻ.ആർ.ഇ.ജി.എ) കാലാനുസൃതമായ എന്തെങ്കിലും ജോലികൾ ചെയ്ത്, പ്രതിദിനം കേവലം 250-300 രൂപ സമ്പാദിക്കുന്നവരാണ്.
“അന്നൊക്കെ ആർക്കും തിരുനങ്കൈ യെക്കുറിച്ച് (ട്രാൻസ്‌വുമണിനുള്ള തമിഴ് വാക്ക്) അറിയില്ലായിരുന്നു. അതുകൊണ്ട്, വീട്ടിൽനിന്ന് പുറത്തിറങ്ങിയാൽ, പട്ടണത്തിലെ ആളുകൾ എന്റെ പിന്നിൽനിന്ന് പരിഹസിക്കും,” രമ്യ പറയുന്നു. ‘അവൾ ആണിനെപ്പോലെ വേഷമിട്ടിട്ടുണ്ടെങ്കിലും പെണ്ണുങ്ങളെപ്പോലെയാണല്ലോ പെരുമാറുന്നത്. ഇത് ആണോ, പെണ്ണോ?” എന്നൊക്കെ’ അത് എന്നെ വേദനിപ്പിച്ചിരുന്നു.”


ഇടത്ത്: തിരുപൊരൂർ പട്ടണത്തിലെ തന്റെ മേൽനോട്ടത്തിലുള്ള അമ്പലത്തിൽ രമ്യ. വലത്ത്: വൈദ്യുതവകുപ്പിലെ ഉദ്യോഗസ്ഥരെ കാണാൻ അമ്മയേയും (കറുത്ത സാരിയിൽ) അയൽക്കാരിയേയും കൂട്ടി പോകുന്നു


ഇടത്ത്: രമ്യ അവരുടെ ബന്ധത്തിലുള്ള മുതിർന്ന സഹോദരി ദീപയോടൊപ്പം. വലത്ത്: മറ്റ് സ്ത്രീകളോടൊപ്പം, ഒരു പഴത്തോട്ടത്തിൽ, എം.എൻ.ആർ.ഇ.ജി.എ.യുടെ ഭാഗമായി രമ്യ ജോലി ചെയ്യുന്നു
9-ആം ക്ലാസ്സിൽവെച്ച് അവൾ പഠനം നിർത്തി, വീട്ടുകാരെപ്പോലെ, ദിവസക്കൂലിക്ക് പണിയെടുക്കാൻ തുടങ്ങി. ഒരു സ്ത്രീയായിട്ടാണ് രമ്യ സ്വയം കണക്കാക്കുന്നത്. ‘ആൺകുട്ടിയെപ്പോലെ പെരുമാറാൻ’ അവളെ ഇടയ്ക്കിടയ്ക്ക് ഓർമ്മിപ്പിച്ചിരുന്നത് അമ്മ ഓർത്തെടുത്തു. സമുദായത്തിലെ മറ്റുള്ളവരെ എന്ത് പറയുമെന്നായിരുന്നു അമ്മയുടെ ആധി
സ്വന്തമിഷ്ടപ്രകാരം ജീവിക്കാൻ വീട് വിട്ടാലോ എന്ന്, ഇരുപത് വയസ്സ് കഴിഞ്ഞപ്പോൾ രമ്യ ആലോചിച്ചു. അപ്പോഴാണ് അമ്മയും, മരിച്ചുപോയ അച്ഛനും അവളുടെ ഭാഗം പരിഗണിക്കാൻ തയ്യാറായത്. “നാല് അണ്മക്കളുണ്ടായിരുന്നു ഞങ്ങൾക്ക്. ഞങ്ങൾക്കില്ലാതിരുന്ന പെൺകുട്ടിയാവട്ടെ അവൾ എന്ന് ഞങ്ങൾ തീരുമാനിച്ചു. ആണായാലും പെണ്ണായാലും ഞങ്ങളുടെ കുട്ടിയല്ലേ? എങ്ങിനെയാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാൻ സമ്മതിക്കുക?,” വെങ്കമ്മ പറയുന്നു.
അങ്ങിനെ ഒടുവിൽ, വീടിന്റെയകത്ത് സ്ത്രീകളുടെ വേഷം ധരിക്കാൻ രമ്യയ്ക്ക് അനുവാദം കിട്ടി. എന്നാൽ, പൈസ യാചിച്ച് “കടകളിൽ കയറിയിറങ്ങിനടക്കരുതെ”ന്ന് വെങ്കമ്മ അവളോട് പറഞ്ഞു. മറ്റ് ട്രാൻസ്‌വുമണുകളുടെ രീതികൾ അറിയാമായിരുന്നതുകൊണ്ടാണ് അവരങ്ങിനെ ആവശ്യപ്പെട്ടത്.
“ഉള്ളിന്റെയുള്ളിൽ എനിക്ക് എന്നെ സ്ത്രീയായി തോന്നിയിരുന്നുവെങ്കിലും, പുരുഷന്മാരെപ്പോലെ താടിയും മറ്റുമുള്ള പുരുഷനായിട്ടായിരുന്നു പുറത്ത് ആളുകളെന്നെ കണ്ടിരുന്നത്,” രമ്യ പറയുന്നു. 2015-ൽ, തന്റെ സമ്പാദ്യത്തിൽനിന്ന് ഏകദേശം ഒരുലക്ഷം രൂപ ചിലവാക്കി, ലിംഗമാറ്റ ശസ്ത്രക്രിയയും, രോമങ്ങൾ കളയാൻ ലേസർ സർജറിയും അവർ ചെയ്തു.
120 കിലോമീറ്റർ അകലെയുള്ള പുതുച്ചേരിയിലെ മഹാത്മാ ഗാന്ധി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂറ്റിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ 50,000 രൂപ ചെലവായി രമ്യയ്ക്ക്. അല്പം ദൂരവും പണച്ചിലവുള്ളതുമാണെങ്കിലും, അവിടത്തെ ജെൻഡർ കെയർ ടീമിലുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ചാണ് ആ ആശുപത്രി തിരഞ്ഞെടുത്തത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത ചില സർക്കാർ ആശുപത്രികളിൽ സൌജന്യമായി ഈ ശസ്ത്രക്രിയ ചെയ്തുകൊടുക്കുന്നുണ്ട്. 50 കിലോമീറ്റർ അകലെ, ചെന്നയിലുള്ള ഒരു ക്ലിനിക്കിൽ പോയി ആറുതവണയായി, മുഖത്തെ രോമം മാറ്റാൻ മറ്റൊരു 30,000 രൂപയും ചിലവായി.
വളർമതി എന്ന് പേരായ ഒരു ഇരുള തിരുനങ്കൈ യാണ് ആശുപത്രിയിലേക്ക് രമ്യയെ അനുഗമിച്ചത്. ശസ്ത്രക്രിയയ്ക്ക് മുമ്പ്, ആശുപത്രിക്കിടക്കയിലിരിക്കുമ്പോഴാണ് താനെടുക്കാൻ പോകുന്ന വലിയ ചുവടുവെപ്പിനെക്കുറിച്ച് രമ്യക്ക് തിരിച്ചറിവുണ്ടായത്. കൂട്ടത്തിലുള്ള ചില ട്രാൻസ്‌വുമണുകൾക്ക് ശസ്ത്രക്രിയ വിജയിക്കാതിരുന്ന കഥകൾ അവർ കേട്ടിരുന്നു. “ഒന്നുകിൽ, ലിംഗാവയവങ്ങൾ മുഴുവനായി എടുത്തുമാറ്റിയിരുന്നില്ല, അല്ലെങ്കിൽ, മൂത്രമൊഴിക്കാൻ അവർക്ക് ബുദ്ധിമുട്ട് നേരിട്ടിരുന്നു,” രമ്യ ഓർമ്മിക്കുന്നു.


ഇടത്ത്: രമ്യ, തന്റെ അമ്മ വെങ്കമ്മയോടൊപ്പം. വലത്ത്: വളർമതി അവളുടെ വീട്ടിൽ
ശസ്ത്രക്രിയ വിജയമായിരുന്നു. “ഒരു പുനർജ്ജന്മം പോലെ,” രംയ പറയുന്നു. “ശസ്ത്രക്രിയയ്ക്ക് ശേഷമേ അച്ഛനമ്മമാർ എന്നെ രമ്യ എന്ന് വിളിക്കാൻ തുടങ്ങിയുള്ളു. അതുവരെ അവർ എന്നെ എന്റെ പഴയ പേരാണ് വിളിച്ചിരുന്നത്.”
ചുറ്റുമുള്ള സ്ത്രീകൾക്ക് തന്നോടുള്ള മനോഭാവം, ആ ശസ്ത്രക്രിയയ്ക്ക് ശേഷം മാറിയെന്ന് രമ്യ പറയുന്നു. ഇപ്പോൾ അവർ അവളെ സ്വന്തം ആളായിട്ടാണ് കാണുന്നത്. “പുറത്തേക്കൊക്കെ പോവുമ്പോൾ, കക്കൂസിലേക്കുപോലും അവർ കൂടെ വരും.” 14 അംഗങ്ങളുള്ള കാട്ടുമല്ലി ഇരുളർ പെങ്കൾകുഴു എന്ന വനിതാ സ്വയം സഹായസംഘത്തിന്റെ നേതാവാണ് ഇപ്പോൾ രമ്യ.
ലൈസൻസുള്ള പാമ്പുപിടുത്തക്കാരിയായ രമ്യയും സഹോദരനും ചേർന്ന്, ഇരുളർ സ്നേക്ക് കാച്ചേർസ് ഇൻഡസ്ട്രിയൽ കോഓപ്പറേറ്റീവ് സൊസൈറ്റിയിലേക്ക് പാമ്പുകളെ കൊടുക്കാറുണ്ട്. ആന്റി-വെനം ഉണ്ടാക്കുന്നതിനായി. വർഷത്തിൽ ആറുമാസം (മഴയില്ലാത്ത കാലത്ത്) പ്രതിമാസം 3,000 രൂപ ആ രീതിയിൽ സമ്പാദിക്കുന്നുണ്ട്. അതിനുപുറമേ, ദിവസക്കൂലി ജോലിക്കും പോവുന്നുണ്ട്.
കഴിഞ്ഞ കൊല്ലം, 56 കുടുംബങ്ങളടങ്ങുന്ന അവരുടെ ഇരുളർ സമുദായം, തിരുപോരൂർ പട്ടണത്തിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള സെമ്പകം സുണ്ണാമ്പ് കലവയ് എന്ന സർക്കാർവക ഹൌസിംഗ് ലേഔട്ടിലേക്ക് താമസം മാറ്റി. തിരിച്ചറിയൽ രേഖകൾ കിട്ടാനും വൈദ്യുതി കണക്ഷൻ കിട്ടാനും മറ്റും രമ്യ സർക്കാർ ഉദ്യോഗസ്ഥരെ സന്ദർശിക്കുകയും ചെയ്തിരുന്നു.
അവരുടെ പൌരസമൂഹ, രാഷ്ട്രീയ ചുമതലകൾ വർദ്ധിക്കുകയാണ്. 2022-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് സമുദായത്തിന്റെ വോട്ടവകാശത്തിനായി അവർ പ്രതിഷേധങ്ങൾ നയിച്ചിരുന്നു. സെമ്പകം പഞ്ചായത്തിലെ ഇരുളരല്ലാത്ത അംഗങ്ങൾ, ഇരുളരുടെ വോട്ടവകശത്തെ എതിർത്തിരുന്നു. “ഞങ്ങളുടെ കോളനിക്ക് പ്രത്യേക വാർഡ് എന്ന പദവി കിട്ടാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്.” സമുദായത്തിന്റെ അവകാശങ്ങൾ വാങ്ങിയെടുക്കാൻ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. “അവരവർക്കിഷ്ടപ്പെട്ട ജീവിതം വേണം നയിക്കാൻ. ഒരു വ്യാജജീവിതം ജീവിക്കാൻ എനിക്കിഷ്ടമല്ല.”


വലത്ത്: വൈദ്യുത കണക്ഷനുകൾ ഫോണുമായി ബന്ധിപ്പിക്കുന്നതിന്, ഇലക്ട്രിസിറ്റി മീറ്റർ റീഡിംഗും മറ്റ് വിവരങ്ങളുമെടുക്കുന്ന രമ്യ. വലത്ത്: പുതിയ വീടുകളിൽ കണക്ഷൻ ഉറപ്പുവരുത്താൻ വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു


ഇടത്ത്: സ്വയം സഹായസംഘത്തിലെ അംഗങ്ങളോടൊപ്പം രമ്യ (ഇടത്ത് മലരും വലത്ത് ലക്ഷ്മിയും). വലഹ്ത്: സെമ്പക സുണ്ണാമ്പ് കലവയിലെ പുതിയ വീടിന്റെ മുമ്പിൽ
സംസ്ഥാനത്തൊട്ടാകെ, ഇരുള വിഭാഗത്തിൽപ്പെട്ടവർ ഏകദേശം രണ്ടുലക്ഷം വരും (2011-ലെ സെൻസസ്). “ആണായാലും, പെണ്ണായാലും, തിരുനങ്കൈ യായാലും ഞങ്ങൾ ആ കുട്ടിയെ അംഗീകരിക്കും. അതിന് ആവശ്യമായതെല്ലാം നൽകുകയും ചെയ്യും. എന്നാൽ ഇതെല്ലാം ഓരോ കുടുംബങ്ങളെ ആശ്രയിച്ചിരിക്കും,” അവർ പറയുന്നു. അവളുടെ സുഹൃത്തുക്കളും, ഇരുളവിഭാഗക്കാരുമായ 20-കൾ കഴിഞ്ഞ സത്യവാണിയും സുരേഷും വിവാഹം കഴിഞ്ഞിട്ട് 10 വർഷമാകുന്നു. 2013 മുതൽ അവർ, തിരുപോരൂർ പട്ടണത്തിൽനിന്ന് 12 കിലോമീറ്റർ അകലത്തുള്ള കുന്നപട്ട് ഇരുള കോളണിയിൽ, ടാർപോളിൻകൊണ്ട് മൂടിയ ഒരു കുടിലിലാണ് താമസം.
ട്രാൻസ്‌വുമണാവുന്നതിൽ രമ്യയ്ക്ക് സ്വാഭാവികത തോന്നാനിടയാക്കിയതിൽ അവരുടെ സമുദായത്തിനും, വളർമതിയെപ്പോലെയുള്ള സുഹൃത്തുക്കൾക്കും പങ്കുണ്ട്. തമിഴ് മാസമായ ആടിമാസത്തിലെ ആടി തിരുവിഴയും , മാമല്ലപുരത്തെ (മഹാബലിപുരമെന്നാണ് പ്രചാരത്തിലുള്ള സ്ഥലനാമം) ഇരുളസമുദായത്തിന്റെ വാർഷികോത്സവമായ മാസി മാഗവും എങ്ങിനെയാണ് തങ്ങൾക്ക് ഉൾച്ചേരലിന്റെ അനുഭവമുണ്ടാക്കിയതെന്നുമൊക്കെയുള്ള കാര്യങ്ങൾ രമ്യയുടെ വീടിന്റെ പുറത്തിരുന്നുകൊണ്ട് അവരിരുവരും പങ്കിട്ടു.
ഈ കൂട്ടായ്മകളിൽ അവർ ‘സ്ത്രീകളെപ്പോലെ വേഷം കെട്ടി’ നൃത്തപരിപാടികളിൽ പങ്കെടുക്കാറുണ്ടെന്ന് വളർമതി പറയുന്നു. ആടി ഉത്സവത്തിനായി കാത്തിരിക്കുമ്പോൾ അവൾ ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട്, എന്തുകൊണ്ട് ദിവസവും ഇത്തരത്തിൽ വേഷം ധരിച്ചുകൂടാ എന്ന്!
“പാന്റും ഷർട്ടുമിട്ട് നടന്നിരുന്ന കാലംതൊട്ട് ഞങ്ങൾ സുഹൃത്തുക്കളായിരുന്നു,” രമ്യ പറയുന്നു. അമ്മ മരിച്ചതിനുശേഷം, അച്ഛന്റേയും രണ്ട് സഹോദരങ്ങളുടേയും കൂടെ വളർമതി കാഞ്ചീപുരം പട്ടണത്തിൽനിന്ന് തിരുപോരൂർ പട്ടണത്തിനടുത്തുള്ള എടയാൻകുപ്പം കോളണിയിലേക്ക് വന്ന്, 6-ആം ക്ലാസിൽ ചേർന്നപ്പോഴാണ് അവരിരുവരും തമ്മിൽ കണ്ടത്. അവർ പരസ്പരം എല്ലാ സന്തോഷങ്ങളും ആശങ്കകളും പങ്കിടാറുണ്ടായിരുന്നു. തങ്ങൾ സമാനമായി ചിന്തിക്കുന്നുണ്ടെന്ന് കുട്ടിക്കാലംതൊട്ടേ അവർ തിരിച്ചറിഞ്ഞു.


ഇടത്ത്: രമ്യയും വളർമതിയും. വലത്ത്: കൌമാരപ്രായത്തിലെ ‘ധാവണി’ ധരിച്ച തന്റെ ഫ്രെയിം ചെയ്ത ഫോട്ടോ കാണിച്ചുതരുന്ന വളർമതി. സമുദായത്തിന്റെ ഉത്സവത്തിനിടയിൽ ഒരു അവതരണത്തിനുവേണ്ടിയാണ് അവളത് ധരിച്ചത്. ആ ഒരൊറ്റ തവണ മാത്രമേ അതിനവളെ അനുവദിച്ചുള്ളു


ഇടത്ത്: സത്യവാണിയും വളർമതിയും. വലത്ത്: തിരുപോരൂർ പട്ടണത്തിലെ കുന്നപട്ട് ഇരുള കോളണിയീ ഓലക്കൂരയിൽ സത്യവാണിയും സുരേഷും. പരസ്പരം വിവാഹം കഴിക്കാൻ തയ്യാറാണെന്ന് അറിയിക്കാൻ ഇരുള സംസ്കാരത്തിൽ ചെയ്യുന്നതുപോലെ അവർ പരസ്പരം മഞ്ഞൾവെള്ളം തളിച്ചിരിക്കുന്നു
*****
വീട്ടിലെ ആദ്യത്തെ ‘മകൻ’ എന്ന നിലയ്ക്ക്, വളർമതിയുടെ ലിംഗസ്വത്വം, അവളുടെ അച്ഛനുമായുള്ള ബന്ധത്തിൽ സംഘർഷത്തിന് വഴിവെച്ചു. കൌമാരപ്രായത്തിൽത്തന്നെ അവൾ സ്കൂൾ പഠനം ഉപേക്ഷിച്ച്, വീട്ടിൽനിന്നിറങ്ങിപ്പോന്ന്, 35 കിലോമീറ്റർ അകലെയുള്ള ഒരു തിരുനങ്കൈ കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങി. “ഒരു വീട്ടിൽ, മറ്റ് തിരുനങ്കൈമാരോടൊപ്പം ഞാൻ താമസിച്ചു. പ്രായമായ, ട്രാൻസ് വിഭാഗക്കാരിയായ ഒരു അമ്മയാണ് (ഗുരു) ഞങ്ങളെ ദത്തെടുത്തത്.”
അടുത്തുള്ള കടകളിൽ പോയി പണം വാങ്ങി, അവർക്ക് അനുഗ്രഹം നൽകുകയായിരുന്നു മൂന്ന് വർഷത്തോളം, വളർമതിയുടെ തൊഴിൽ. “എല്ലാ ദിവസവും ഞാൻ പോവും. സ്കൂളിൽ പോകുന്നതുപോലെയാണ് അത്,” അവർ പറയുന്നു. തന്റെ സമ്പാദ്യം മുഴുവൻ - അവളുടെ കണക്കുപ്രകാരം ഏതാനും ലക്ഷങ്ങൾവരും അത് – ഗുരുവിന് നൽകേണ്ടിവന്നു. തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുടേയും അത് ആഘോഷിക്കാനുള്ള വിശദമായ ഒരു അനുഷ്ഠാനത്തിന്റേയും ചിലവിനായി ഒരുലക്ഷം രൂപ കടംവാങ്ങിയിട്ടുണ്ടെന്ന് ഗുരു പറഞ്ഞപ്പോൾ, ആ തുകയും വളർമതിക്ക് തിരിച്ചടക്കേണ്ടിവന്നു.
വീട്ടിലേക്ക് പൈസ അയയ്ക്കാനോ, തന്റെ യഥാർത്ഥ കുടുംബത്തെ കാണാനോ അനുവാദം കിട്ടാതെ വന്നപ്പോൾ, ആ വീട്ടിൽനിന്ന് രക്ഷപ്പെടാൻ വളർമതി മറ്റൊരു ഗുരുവിന്റെ സഹായം തേടി. ചെന്നൈയിലെ പുതിയൊരു തിരുനങ്കൈ കുടുംബത്തിലേക്ക് മാറുന്നതിനായി, താൻ അതുവരെ താമസിച്ചിരുന്ന വീട്ടിലെ ഗുരുവിന് പിഴയായി മറ്റൊരു 50,000 രൂപയും കൊടുക്കാൻ വളർമതി നിർബന്ധിതയായി.
“വീട്ടിലേക്കും സഹോദരങ്ങളുടെ ചിലവിനുമായി പൈസ അയയ്ക്കാമെന്ന് ഞാൻ അച്ഛന് വാക്ക് കൊടുത്തിരുന്നു,” വളർമതി പറയുന്നു. പഠിപ്പില്ലായ്മയും, കൌമാരപ്രായക്കാരായ ട്രാൻസ്‌വുമണുകൾക്കുള്ള പരിമിതമായ തൊഴിലവസരങ്ങളുംമൂലം അവൾക്ക് ലൈംഗികവൃത്തി ചെയ്യേണ്ടിവന്നു. സബർബൻ ട്രെയിനുകളിൽ കയറിയിറങ്ങി യാത്രക്കാരെ ആശീർവ്വദിച്ചും അവൾ വരുമാനം കണ്ടെത്തി. ഈ യാത്രയിൽവെച്ചാണ് അവൾ ഇരുപതുകളുടെ ഒടുവിലെത്തിനിൽക്കുന്ന രാജേഷിനെ പരിചയപ്പെടുന്നത്. അയാൾ അപ്പോൾ ഒരു ഷിപ്പ്‌യാർഡിൽ ജോലി ചെയ്യുകയായിരുന്നു.

വീട്ടിലെ ആദ്യത്തെ ‘മകൻ’ എന്ന നിലയ്ക്ക്, വളർമതിയുടെ ലിംഗസ്വത്വം, അവളുടെ അച്ഛനുമായുള്ള ബന്ധത്തിൽ സംഘർഷത്തിന് വഴിവെക്കുകയും കൌമാരപ്രായത്തിൽത്തന്നെ വീടുവിട്ടിറങ്ങി, മറ്റൊരു തിരുനങ്കൈ കുടുംബത്തോടൊപ്പം ജീവിക്കാൻ തുടങ്ങുകയും ചെയ്തു


ഇടത്ത്: ഇരുള സമുദായത്തിലെ വളർമതി, പാമ്പിനെ പച്ചകുത്തിയിരിക്കുന്നു. തിരുപോരൂർ പരിസരങ്ങളിലെ ഇരുളവിഭാഗക്കാർ പാമ്പുപിടിത്തത്തിൽ സമർത്ഥരാണ്. താൻ പാമ്പുകളെ ഇഷ്ടപ്പെടുന്നുവെന്ന് വളർമതി പറയുന്നു. വലത്ത്: രാകേഷിന്റെ മാറിൽ അവളുടെ പേര് പച്ചകുത്തിയിരിക്കുന്നു
അവരിരുവരും ഇഷ്ടത്തിലാവുകയും വിവാഹചടങ്ങുകൾ നടത്തി, 2021 മുതൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയും ചെയ്തു. താമസിക്കാൻ പറ്റിയ വീടോ, തങ്ങളെ അംഗീകരിക്കുന്ന വീട്ടുടമമാരേയോ കിട്ടാതെ അവർ ആദ്യം വളർമതിയുടെ അച്ഛൻ നാഗപ്പന്റെ എടയാൻകുപ്പത്തെ വീട്ടിൽ താമസം തുടങ്ങി. നാഗപ്പൻ അർദ്ധമനസ്സോടെയാണ് അവരെ അവിടെ പാർപ്പിച്ചത്. അതിനാൽ അവർ തൊട്ടടുത്തുതന്നെയുള്ള മറ്റൊരു കുടിലിലേക്ക് താമസം മാറ്റി
“വസൂലിന് (കടകളിൽ കയറി പൈസ ചോദിക്കുന്ന തൊഴിൽ) പോവുന്നത് ഞാൻ നിർത്തി. പുറത്ത് പോയി കൈകൊട്ടി, ഏതാനും ആയിരങ്ങൾ സമ്പാദിക്കാൻ ആഗ്രഹം തോന്നിയെങ്കിലും രാകേഷിന് അത് ഇഷ്ടമായിരുന്നില്ല,” വളർമതി പറയുന്നു. പകരം, അച്ഛന്റെ കൂടെ അടുത്തുള്ള ഒരു വിവാഹ ഹാളിൽ പോയി, പാത്രങ്ങൾ കഴുകിയും, പരിസരം അടിച്ചുവാരി തുടച്ചും, പ്രതിദിനം 300 രൂപ സമ്പാദിക്കാൻ തുടങ്ങി.
“അവൾ അവളെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. അതാണ് എനിക്കവളെ ഇഷ്ടപ്പെട്ടത്,” 2022 ഡിസംബറിൽ കണ്ടപ്പോൾ രാകേഷ് ഈ റിപ്പോർട്ടറോട് പറഞ്ഞു. ആദ്യത്തെ ലിംഗമാറ്റ ശസ്ത്രക്രിയ കഴിഞ്ഞതിനുശേഷം, സ്തനവളർച്ചയ്ക്കുള്ള പ്രക്രിയ ചെയ്യാൻ വളർമതി ആഗ്രഹിച്ചപ്പോൾ സാമ്പത്തികവും വൈകാരികവുമായ പിന്തുണ രാകേഷ് അവൾക്ക് നൽകി. “ശസ്ത്രക്രിയയ്ക്കും അതിനുശേഷമുള്ള സുഖം പ്രാപിക്കലിനുമൊക്കെയായി ഒരുലക്ഷത്തിനുമീതെ അവർക്ക് ചിലവാക്കേണ്ടിവന്നു. “എല്ലാ ശസ്ത്രക്രിയയും എന്റെ തീരുമാനമായിരുന്നു. മറ്റുള്ളവർ ചെയ്തതുകൊണ്ടുമാത്രം ചെയ്തതല്ല. ഞാൻ എന്നെക്കുറിച്ചും, ഞാൻ എന്താവണമെന്നും മാത്രമേ ആലോചിച്ചുള്ളു.”
വിവാഹശേഷമുള്ള വളർമതിയുടെ ആദ്യത്തെ പിറന്നാളിന് അവളും രാകേഷും കേക്ക് വാങ്ങാൻ പോയി. അവളെ കണ്ടപ്പോൾ, പൈസ ചോദിക്കാൻ വന്നതാണെന്ന് കരുതി കടക്കാരൻ ചില്ലറ നാണയങ്ങളെടുത്ത് നീട്ടി. ജാള്യതയോടെ അവർ വന്ന കാര്യം പറഞ്ഞപ്പോൾ കടക്കാരൻ ക്ഷമ ചോദിച്ചു. അന്ന് രാത്രി, ഭർത്താവിന്റേയും സഹോദരങ്ങളുടേയും കൂടെ കേക്കും, മധുരവും പൊട്ടിച്ചിരികളുമായി, അവിസ്മരണീയമായ ഒരു പിറന്നാൾദിനം വളർമതി ആഘോഷിച്ചു. ആ ദമ്പതിമാർ, വളർമതിയുടെ മുത്തച്ഛനേയും സന്ദർശിച്ച് അനുഗ്രഹങ്ങൾ തേടി.
മറ്റൊരിക്കൽ, രാത്രി വൈകി, ബൈക്കിൽ അവർ വരുമ്പോൾ ഒരു പൊലീസുകാരൻ അവരെ തടഞ്ഞു. അപ്പോൾ അവൾ തന്റെ താലി (മംഗല്യസൂത്രം) അയാളെ കാണീച്ച്. അത്ഭുതപ്പെട്ട പൊലീസുകാരൻ അവരെ ആശീർവദിച്ച് പോകാൻ അനുവദിച്ചു.


ഇടത്ത്: പാൽ ചടങ്ങിന്റെ – ഒരു തിരുനങ്ക ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത് 28 ദിവസം കഴിയുമ്പോഴുള്ള വിശദമായ ഒരു അനുഷ്ഠാനപ്രക്രിയ – സമയത്തെടുത്ത ഒരു ആൽബവുമായി വളർമതി. വലത്ത്: തമിഴ് നാട്ടിലെ ട്രാൻസ് വ്യക്തികൾക്ക് സർക്കാർ നൽകുന്ന ടി.ജി കാർഡ് എന്ന ട്രാൻസ് ജെൻഡർ തിരിച്ചറിയൽ കാർഡ് പിടിച്ചുനിൽക്കുന്നു. സർക്കാരിന്റെ ആനുകൂല്യങ്ങളും ഗുണഫലങ്ങളും ലഭിക്കാൻ ഈ കാർഡ് അവരെ സഹായിക്കുന്നു


ഇടത്ത്: വളർമതി ഒരു കടയിൽ പ്രാർത്ഥന അർപ്പിക്കുന്നു. വലത്ത്: തിരുപോരൂരിൽനിന്ന് 25 കിലോമീറ്റർ അകലെ ഗുഡുവഞ്ചേരി പട്ടണത്തിൽ പച്ചക്കറിവ്യാപാരം നടത്തുന്ന ദമ്പതിമാരെ അനുഗ്രഹിക്കുന്നു. മാസത്തിലൊരിക്കലുള്ള വളർമതിയുടെ സന്ദർശനത്തിനായി പ്രദേശത്തെ വ്യാപാരികൾ കാത്തിരിക്കാറുണ്ട്. ഒരു തിരുനങ്കൈയുടെ സന്ദർശനം ദുഷ്ടശക്തികളെ അകറ്റുമെന്ന് അവർ വിശ്വസിക്കുന്നു
2024 ഓഗസ്റ്റിൽ, ഒരു സർക്കാർ ജോലി കിട്ടിയപ്പോൾ, രാകേഷ് ചെന്നൈയിലേക്ക് മാറി. “അവൻ എന്റെ ഫോൺ എടുക്കാതെയായി, പിന്നെ മടങ്ങിവന്നതേയില്ല” വളർമതി പറയുന്നു. അച്ഛന്റെ സമ്മതത്തോടെ, ആ നഗരത്തിലേക്ക് അവൾ അവനെ അന്വേഷിച്ച് പോയി. “അവനെ പോകാൻ അനുവദിക്കണമെന്നും, മറ്റാരെയെങ്കിലും വിവാഹം കഴിച്ച് കുട്ടികളുമായി അവൻ കഴിഞ്ഞോട്ടെ എന്നും രാകേഷിന്റെ അച്ഛനമ്മമാർ എന്നോട് താഴ്മയായി അപേക്ഷിച്ചു. വിവാഹം രജിസ്റ്റർ ചെയ്യണമെന്ന് എനിക്ക് തോന്നിയതേയില്ല. അവൻ ഒരിക്കലും പോവില്ലെന്ന് ഞാൻ വിശ്വസിച്ചിരുന്നു.” രാകേഷിനെ ഇനി അന്വേഷിക്കുന്നില്ലെന്ന തീരുമാനത്തിലാണ് വളർമതി. ചെന്നൈയിലെ തിരുനങ്കൈ കുടുംബത്തിലേക്ക് അവൾ താമസം മാറ്റുകയും ചെയ്തു.
ഇത്തരം തിരിച്ചടിയുണ്ടായിട്ടും, താഴ്ന്ന വരുമാനമുള്ള സമുദായത്തിലെ രണ്ട് ട്രാൻസ് പെൺകുട്ടികളെ വളർത്തി വലുതാക്കാൻ നിശ്ചയിച്ച് അവരെ അവളുടെ തിരുനങ്കൈ കുടുംബത്തിലേക്ക് ദത്തെടുത്തിട്ടുണ്ട്. അതിലൊരാൾക്ക് പൊലീസുദ്യോഗസ്ഥയാവാനാണ് ആഗ്രഹം. ആ സ്വപ്നം സാക്ഷാത്കരിച്ചുകൊടുക്കാൻ ആവുമെന്ന് വളർമതി പ്രതീക്ഷിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്