പാടത്ത് നടക്കുമ്പോഴും, തടാകത്തിൽ നീന്തുമ്പോഴും, ആകാശത്ത് വെളിച്ചം ചെരിഞ്ഞുവീഴുമ്പോഴും, നിറങ്ങൾ മാറുമ്പോഴും, മണ്ണിനോട് കാത് ചേർത്തുവെക്കുക..ശ്രദ്ധിച്ച് കേൾക്കുക. ആളുകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ചും, സന്തോഷങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും പറയുന്നത് കേൾക്കുക. ആ വികാരങ്ങളെല്ലാം ഒരു ചിത്രത്തിൽ പകർത്തി, ആ ആളുകളുടെ മുഖങ്ങളിലേക്കും ആ സ്ഥലശരീരത്തിലേക്കും വായനക്കാരെ കൊണ്ടുപോവുക.
ഇന്ത്യയിലെ ചെറുപട്ടണങ്ങളിലേക്കും ഗ്രാമീണ, നാഗരിക ഹൃദയങ്ങളിലേക്കും ഈ ആറ് ചിത്ര ലേഖനങ്ങൾ നിങ്ങളെ കൊണ്ടുപോകും. പശ്ചിമ ബംഗാളിലെ അവസാനിക്കാത്ത പട്ടിണിയുടേയും മരിച്ചുകൊണ്ടിരിക്കുന്ന കലാരൂപത്തിന്റേയും, ഹിമാചൽ പ്രദേശിലെ ക്വീർ ജനതയുടെ ചെറുത്തുനിൽപ്പുകളുടേയും ആനന്ദങ്ങളുടേയും, സ്വന്തം അനുഭവങ്ങൾ രേഖപ്പെടുത്തുന്ന തമിഴ് നാട്ടിലെ പ്രാന്തവത്കൃത സമുദായങ്ങളുടേയും, പെരുമ്പറയ്ക്കൊപ്പം തലകുത്തിമറിയുകയും നൃത്തമാടുകയും ചെയ്യുന്ന തീരദേശ കർണ്ണാടകയിലെ നാടോടിനൃത്തത്തിന്റേയും ചിത്രങ്ങൾ. വൈവിധ്യപൂർണ്ണമായ ഇന്ത്യയുടെ പ്രകൃതിദൃശ്യങ്ങളിലും സമുദായങ്ങളിലും ഉപജീവനങ്ങളിലും വ്യാപിക്കുന്ന ചിത്രങ്ങൾ.
ക്യാമറ ശക്തമായ ഒരു ആയുധമാണ്. പുറത്തേക്ക് തുറന്നുവെച്ച്, അനീതികൾ പകർത്താനും, ഒരുപക്ഷേ അവയ്ക്ക് പരിഹാരം കണ്ടെത്താൻപോലും ശേഷിയുള്ള സ്വയം പ്രതിഫലനത്തിന്റെ ഒരു സ്രോതസ്സ്
താഴെ പറയുന്ന കഥകൾ ഒന്നുകിൽ നിങ്ങളുടെ ഹൃദയത്തെ കുതിച്ചുചാടിക്കും. അതല്ലെങ്കിൽ, നിങ്ങളുടെ വയറ്റിനൊരു തൊഴി നൽകും.
*****
'എന്റെ വിദ്യാർഥികൾ ചിത്രങ്ങളിലൂടെ അവരുടെ കഥകൾ പറയുന്നു' – പളനി കുമാറിന്റെ റിപ്പോർട്ട്
പാരി ഫോട്ടോഗ്രഫറായ എം. പളനി കുമാർ കയ്യിൽ ഒരു ക്യാമറയുമായി അധ്യാപകനായി മാറുന്ന ക്ലാസ്സുകളിലും വർക്ക്ഷോപ്പുകളിലും, ശുചീകരണത്തൊഴിലാളികളുടെ മക്കൾക്കും സ്ത്രീ മത്സ്യത്തൊഴിലാളികൾക്കും മറ്റുള്ളവർക്കും ആദ്യമായി ഒരു ക്യാമറ കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുന്നു

‘എന്റെ വിദ്യാർഥികൾ, അധികം പുറത്തറിയാത്ത അവരുടെ കഥകൾ സ്വയം പറയണമെന്നായിരുന്നു എന്റെ ആഗ്രഹം’ പളനി പറയുന്നു

ഇന്ദിരാ ഗാന്ധി (ഫോക്കസിൽ) ചെമ്മീൻ വല വലിക്കാൻ തയ്യാറായി നിൽക്കുന്നു

പി. ഇന്ദ്രയുടെ പിതാവ് പാണ്ടി അദ്ദേഹത്തിന്റെ 13-ആം വയസ്സിൽ ശുചീകരണ തൊഴിലിലേയ്ക്ക് തിരിയാൻ നിർബന്ധിതനായി. ശുചീകരണത്തൊഴിലാളികളായിരുന്ന പാണ്ടിയുടെ മാതാപിതാക്കൾക്ക് അദ്ദേഹത്തെ പഠിപ്പിക്കാനുള്ള സാമ്പത്തികസ്ഥിതിയില്ലാതിരുന്നതിനാലായിരുന്നു അത്. വേണ്ടത്ര കയ്യുറകളുടെയും ബൂട്ടുകളുടെയും അഭാവംമൂലം പാണ്ടിയെപ്പോലെയുള്ള ജോലിക്കാർ ത്വഗ്രോഗങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു
*****
'എന്നെ ഫോട്ടോഗ്രാഫറാക്കിയത് മത്സ്യങ്ങളാണ്' – പളനി കുമാറിന്റെ റിപ്പോർട്ട്
വിദഗ്ദ്ധരായ മീൻപിടുത്തക്കാരുടെ സമുദായത്തിൽ ജനിച്ചുവളർന്നതിനെക്കുറിച്ചും അവരുടെ നിത്യജീവിതത്തെക്കുറിച്ചും പാരിയുടെ ഫോട്ടോഗ്രാഫർ എഴുതുന്നു

ക്യാമറ കിട്ടിയപ്പോൾ ഞാൻ മീൻപിടിത്തക്കാരെയും ഫോട്ടോ എടുക്കാൻ തുടങ്ങി. തടാകത്തിൽ വലയെറിഞ്ഞ് മീൻ പിടിക്കാറുള്ള പിച്ചൈ അണ്ണ, മൊക്ക അണ്ണ, കാർത്തിക, മരുതു, സെന്തിൽ കാലൈ എന്നിവരെ

കൂടുതൽ മീൻ പിടിക്കാൻ, മധുരൈയിലെ ജവഹർലാൽപുരത്തിലുള്ള തടാകത്തിന് ചുറ്റും നീങ്ങിക്കൊണ്ടിരിക്കുന്ന മുക്കുവർ

ജവർഹർലാൽപുരത്തെ വലിയ തടാകത്തിൽനിന്ന് വലകൾ വലിച്ചുകയറ്റുന്ന മുക്കുവർ. തടാകത്തിന്റെ അടിത്തട്ടിൽ കല്ലുകളും മുള്ളുകളുമുണ്ടെന്ന് മൊക്ക (ഇടത്തേയറ്റം) പറയുന്നു. ‘കാലിൽ മുള്ള് തറച്ചാൽ നടക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് വലയെറിയുമ്പോൾ ഞങ്ങൾക്ക് നല്ല ശ്രദ്ധ വേണം’
*****
ആളിക്കത്തുന്ന വിശപ്പ് – റിതായൻ മുഖർജിയുടെ റിപ്പോർട്ട്
ലോകത്തിലെ തദ്ദേശീയ ജനവിഭാഗങ്ങളുടെ അന്താരാഷ്ട്രദിനം കൊണ്ടാടുന്ന വേളയിൽ, പശ്ചിമ ബംഗാളിലെ സാബർ ആദിവാസി സമൂഹത്തിന്റെ ഒരു നേർക്കാഴ്ച. ക്രിമിനൽ ഗോത്രങ്ങളെന്ന പദവിയിൽനിന്ന് രക്ഷപ്പെട്ടിട്ട് 70 വർഷം കഴിഞ്ഞിട്ടും, ഇന്നും അവർ ആ അപമാനഭാരം ചുമക്കുകയും, ജീവിതത്തിന്റെ അരികുകളിൽ വിശന്ന് ജീവിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനും ഉപജീവനത്തിനുമായി ചുരുങ്ങിച്ചുരുങ്ങിവരുന്ന വനങ്ങളെ മാത്രം ആശ്രയിക്കേണ്ടിവരികയാണ് അവർക്ക്

വരുമാനമാർഗ്ഗങ്ങളൊന്നുമില്ലാതെ കഴിയുന്ന പശ്ചിമ മേദിനീപൂരിലേയും ഝാർഗ്രാം ജില്ലയിലേയും സാബർ സമുദായത്തിന്. വിശപ്പ് ഒരു യാഥാർത്ഥ്യമാണ്

വീണ് എല്ലൊടിഞ്ഞപ്പോൾ ശരിയായ ചികിത്സ കിട്ടാതെ കനക് കോടലിന്റെ കൈയ്ക്ക് പൂർണ്ണമായ അംഗഭംഗം വന്നു. അവരുടെ ഗ്രാമമായ സിംഗ്ധുയിയിൽ ഡോക്ടർമാരോ ആരോഗകേന്ദ്രമോ ഒന്നും ഇല്ല

പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളുള്ള ഒരു കുഞ്ഞ്
*****
ഇല്ലാതാവുന്ന നാടകങ്ങൾ - മാ ബോൺബീബിയുടെ പാലാ ഗാൻ - റിതായൻ മുഖർജിയുടെ റിപ്പോർട്ട്
സുന്ദർബനിലെ നാട്ടുകാരുടെ നിരവധി സംഗീതനാടകങ്ങളിൽ ഒന്നാണ് ബോൺബീബിയുടെ പാലാ ഗാൻ. കുറഞ്ഞുവരുന്ന വരുമാനം പലരേയും കുടിയേറ്റത്തിന് പ്രേരിപ്പിച്ചതോടെ, ഈ നാടോടി നാടകം അഭിനയിക്കാൻ ഇന്ന് കലാകാരന്മാരില്ലാതായിരിക്കുന്നു

തെരുവിൽനിന്ന് കർട്ടനുകളാൽ വേർതിരിക്കപ്പെട്ട അണിയറയിൽ തിരക്കിനിൽക്കുന്ന കാഴ്ചക്കാരും അഭിനേതാക്കളും ബോൺബീബിയുടെ പാലാ ഗാൻ (സംഗീതനാടകം) തുടങ്ങാനുള്ള തിരക്കിലാണ്

മാ ബോൺബീബി, മാ മാനസ, ശിബ് താക്കൂർ എന്നിവരെ പ്രാർത്ഥിച്ചുകൊണ്ട് പാലാ ഗാൻ ആരംഭിക്കുന്ന കലാകാരന്മാർ

ചെറുപ്രായക്കാരായ ബോൺബീബിയും നാരായണിയും തമ്മിലുള്ള യുദ്ധം അഭിനേതാക്കൾ അവതരിപ്പിക്കുന്നു
*****
ധർമ്മശാലയിൽ: പ്രൈഡിനൊപ്പം അഭിമാനത്തോടെ - ശ്വേതാ ഡാഗയുടെ റിപ്പോർട്ട്
ക്വീർ സമൂഹത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ഹിമാചൽ പ്രദേശിൽ നടന്ന സ്വാഭിമാനയാത്ര സംസ്ഥാനത്തിന്റെ വിവിധ ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നുമുള്ള ആളുകളെ ആകർഷിച്ചു

2023 ഏപ്രിൽ 30-ന് ഹിമാലയത്തിലെ ദൌലാധാർ മലനിരകളിൽ സ്ഥിതിചെയ്യുന്ന ധർമ്മശാല (ധറംശാല എന്നും അറിയപ്പെടുന്നു) പട്ടണം അതിന്റെ ചരിത്രത്തിലെ ആദ്യത്തെ പ്രൈഡ് മാർച്ചിന് സാക്ഷ്യം വഹിച്ചു

ട്രാൻസ് അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു കൊടിയുമായി സംഘാടകരിലൊരാളായ അനന്ത് ദയാൽ

മനീഷ് ഥാപ്പ (മൈക്ക് പിടിച്ചുനിൽക്കുന്നു) പ്രൈഡ് മാർച്ചിനിടെ പ്രസംഗിക്കുന്നു
*****
താളത്തിനൊത്ത നൃത്തച്ചുവടുകൾ: പിലി വേഷ എന്ന നാടൻ കലാരൂപം - നിതേഷ് മാട്ടുവിന്റെ റിപ്പോർട്ട്
കർണ്ണാടകത്തിന്റെ തീരപ്രദേശങ്ങളിൽ യുവജനങ്ങൾ അവതരിപ്പിക്കുന്ന ചടുലമായ നാടൻ നൃത്തരൂപമാണ് പിലി വേഷ. പ്രാദേശികമായി ധനസമാഹരണം നടത്തി, പ്രാദേശികതലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഈ നൃത്തരൂപം ദസറ, ജന്മാഷ്ടമി എന്നീ ഉത്സവങ്ങളുടെ അവിഭാജ്യഘടകമാണ്

ദസറ, ജന്മാഷ്ടമി എന്നീ ആഘോഷവേളകളിൽ അവതരിപ്പിക്കുന്ന നാടൻ നൃത്തരൂപമാണ് പിലി വേഷ

നർത്തകരുടെ ശരീരത്തിൽ ചായം കൊണ്ട് പുലിവരകൾ അണിയുന്ന ജയകർ പൂജാരിയുടെ സമീപം തങ്ങളുടെ ഊഴവും കാത്തുനിൽക്കുന്ന നിഖിൽ, കൃഷ്ണ, ഭുവൻ അമിൻ, സാഗർ പൂജാരി (ഇടതുനിന്ന് വലത്തേയ്ക്ക്)

കരിമ്പുലിയായി ചായമണിഞ്ഞ പ്രജ്വൽ ആചാര്യ സാഹസികപ്രകടനങ്ങൾ അവതരിപ്പിക്കുന്നു. സമീപകാലത്തായി, ഈ നൃത്തരൂപത്തിന്റെ അവതരണത്തിൽ പരമ്പരാഗത ചുവടുകൾക്ക് പകരം അഭ്യാസപ്രകടനങ്ങൾക്ക് പ്രാധാന്യം വർധിച്ചിട്ടുണ്ട്
*****
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ contact@ruralindiaonline.org.എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.
പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.
പരിഭാഷ: രാജീവ് ചേലനാട്ട്