“ഒരിക്കൽപ്പോലും ഞാൻ രണ്ട് ബോർഡുകൾ ഒരേ രീതിയിൽ വരച്ചിട്ടില്ല,” അഹമ്മദാബാദിൽ, സൈൻബോർഡുകൾ പെയിന്റ് ചെയ്യുന്ന ഷെയ്ക്ക് ജലാലുദ്ദീൻ കമറുദ്ദീൻ പറയുന്നു. കത്രിക നിർമ്മാതാക്കൾക്ക് പ്രശസ്തമായ ഘീകാണ്ട എന്ന തിരക്കുപിടിച്ച പ്രദേശത്തെ ബോർഡുകളെല്ലാം പെയിന്റ് ചെയ്തിട്ടുള്ളത് അയാളാണ്. എല്ലാ കടകളും ഒരേ സാധനംതന്നെയാണ് വിൽക്കുന്നതെങ്കിലും, ജലാലുദ്ദീന്റെ ചിത്രങ്ങൾ ഓരോ കടയ്ക്കും ദൃശ്യപരമായ വേറിട്ട വ്യക്തിത്വം നൽകുന്നുണ്ട്.
പ്രതിഭാധനനായ ഈ പെയിന്ററുടെ കലാവിരുതുകൾ ഓരോ ചുമരിലും, കടകളിലും, കടകളുടെ ഷട്ടറുകളിലും, സിനിമകളുടെ പശ്ചാത്തലത്തിലും കാണാൻ സാധിക്കും. വിവിധ ഭാഷകളിലെ ലിപികൾ വരയ്ക്കാനും നിറം കൊടുക്കാനും ഒരു പെയിന്റർക്ക് സാധിക്കണം. അഹമ്മദാബാദിലെ മനേക് ചൌക്കിലെ ഒരു ജുവലറിയുടെ കടയ്ക്ക് മുമ്പിൽ, നാല് ഭാഷകളിലുള്ള – ഗുജറാത്തി, ഹിന്ദി, ഉറുദ്, ഇംഗ്ലീഷ് – എന്നിവ ഇപ്പോഴും കാണാം. അരനൂറ്റാണ്ടിനുശേഷവും.
പെയിന്റിംഗ് തനിക്ക് സ്വാഭാവികമായി പകർന്നുകിട്ടിയതാണെന്ന് ജലാലുദ്ദീൻ പറയുന്നു. ‘ജെ.കെ.പെയിന്റർ’ എന്ന പേരിലറിയപ്പെടുന്ന 71 വയസ്സുള്ള അദ്ദേഹം, അഹമ്മദാബാദിലെ ഏറ്റവും പഴക്കം ചെന്ന സൈൻ ബോർഡ് പെയിന്ററാണ്. 50 വർഷം മുമ്പ്, ജോലി തുടങ്ങിയ കാലത്തെപ്പോലെ, ഇപ്പോൾ ജോലി കിട്ടുന്നില്ല എന്ന് അദ്ദേഹം പരിതപിക്കുന്നു.
ഈ കലാകാരൻ 7-ആം ക്ലാസ്സുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെങ്കിലും അഞ്ച് ഭാഷകളിൽ - ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഉറുദു, അറബിക്ക് – പരസ്യബോർഡുകൾ വരയ്ക്കും. സ്കൂൾ വിട്ടതിനുശേഷം, കയർ നിർമ്മാതാവായും, ബുക്ക് ബൈൻഡറായും, ഗരാജിലെ മെക്കാനിക്കായും ജോലി ചെയ്തതിനുശേഷമാണ് ദാൽഗർവാഡ് അങ്ങാടിയിലെ റഹീമിന്റെ കടയിൽനിന്ന് പെയിന്റിംഗ് സ്വായത്തമാക്കിയത്.
ഈ എഴുപതാം വയസ്സിലും, ഓരോ സൈറ്റുകളിൽ പോയി പെയിന്റ് ചെയ്യാൻ, 20 കിലോഗ്രാം ഭാരമുള്ള ഏണിയും ചുമന്ന് പോകാൻ അദ്ദേഹത്തിന് കഴിയും. എന്നാൽ ബൈപ്പാസ് ശസ്ത്രക്രിയയ്ക്കുശേഷം, അത്തരം ഭാരിച്ച ജോലികളൊന്നും ചെയ്യരുതെന്ന് ഡോക്ടർമാർ ഉപദേശിച്ചിട്ടുണ്ട്. അതിനാൽ മറ്റ് സ്ഥലങ്ങളിൽ പോയി ജോലി ചെയ്യുന്നത് കുറഞ്ഞു. സ്വന്തം കടയിലിരുന്നുള്ള പണികളേയുള്ളു. “ഏണിയിൽ ഏറെ നേരം നിന്ന് ജോലി ചെയ്യുമ്പോൾ മുട്ടുകൾ വേദനിക്കുന്നു,” എന്ന് പറഞ്ഞ അദ്ദേഹം ഉടനേത്തന്നെ, “എന്നാൽ എന്റെ കൈകൾക്കും കാലിനും ശക്തിയുള്ള കാലംവരെ ഞാൻ ഈ പണി ചെയ്യും” എന്ന് കൂട്ടിച്ചേർക്കാനും മറന്നില്ല.


ഇടത്ത്: താൻ വരച്ച സൈൻ ബോർഡിന്റെ മുമ്പിൽ നിൽക്കുന്ന ജലാലുദ്ദീൻ. വലത്ത്: നാല് ഭാഷകളിൽ - ഗുജറാത്തി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് – പേര് പ്രദർശിപ്പിച്ചിരിക്കുന്ന മനേക് ചൌക്കിലെ ഒരു കട


ഘീകാണ്ടയിലെ ഒരു കത്രികനിർമ്മാതാവിനുവേണ്ടി വരച്ച സൈൻ ബോർഡും (ഇടത്ത്) സ്റ്റേഷനറി കടയ്ക്കുവേണ്ടി വരച്ച് ബോർഡും (വലത്ത്)
അഹമ്മദാബാദിലെ തീൻ ദർവാസ പ്രദേശത്തുള്ള ഒരു ക്രോക്കറി സ്റ്റോർ (വീട്ടാവശ്യത്തിനുള്ള മൺപാത്രങ്ങൾ) നടത്തുന്ന മുൻതാസിർ പിസുവാലയ്ക്കുവേണ്ടി ഈയടുത്ത് അദ്ദേഹം ഒരു സൈൻ ബോർഡ് വരച്ചു. 3,200 രൂപയാണ് പ്രതിഫലം നൽകിയത്. സഹകരണാടിസ്ഥാനത്തിലാണ് അത് ചെയ്തതെന്ന് പിസുവാല പറയുന്നു. “ഞങ്ങൾ നിറവും മറ്റും തിരഞ്ഞെടുത്ത് കൊണ്ടുവരികയായിരുന്നു.”
പീർ കുത്തബ് മസ്ജിദിന്റെ വളപ്പിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് ജലാലുദ്ദീൻ തന്റെ കട തുടങ്ങിയത്. ഒരു നട്ടുച്ചയ്ക്ക് വീട്ടിൽ വന്ന് ഊണും ചെറിയൊരുറക്കവും കഴിഞ്ഞ് കടയിൽ വന്നതേയുള്ളു. പെയിന്റിന്റെ പാടുകളുള്ള ഒരു ഷർട്ടും പാന്റുമിട്ട പഴയ സിറ്റിയിലെ ഒരു ഹോട്ടലിന്റെ മുറിവാടക നിരക്കുകൾ ഒരു ബോർഡിൽ എഴുതാൻ തയ്യാറായി നിൽക്കുകയാണ്. ഒരു കയറും, തടസ്സമില്ലാതെ കൈകളുപയോഗിക്കാൻ പാകത്തിൽ കൈയ്യില്ലാത്ത ഒരു കസേരയുമാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
മരംകൊണ്ടുണ്ടാക്കിയ വരയ്ക്കാനുള്ള മുക്കാലി കൃത്യമായ ഉയരത്തിൽ വെച്ച്, അതിൽ ശൂന്യമായ ഒരു ബോർഡ് വെച്ചു. 25 വർഷം മുമ്പ് അദ്ദേഹംതന്നെ ഉണ്ടാക്കിയ പഴയ ബോർഡ് മുഷിഞ്ഞുപോയതിനാൽ, അതേ രീതിയിൽത്തന്നെ പുതിയതൊന്ന് ഉണ്ടക്കാനാണ് ഉടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്നത്.
“ഞാൻ മൂന്ന് കോട്ട് പെയിന്റടിക്കും,” വെളുത്ത പെയിന്റടിച്ചുകഴിഞ്ഞ മരത്തിന്റെ ബോർഡിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. “അപ്പോൾ ബോർഡിന് നല്ല ഭംഗിയുള്ള നിറം കിട്ടും,” അദ്ദേഹം തുടർന്നു. ഓരോ കോട്ട് പെയിന്റ് ഉണങ്ങാനും ഓരോ ദിവസം വേണം.
വിവിധ പെയിന്ററുമാരുടെ ശൈലി ബോർഡുകളിൽനിന്ന് തിരിച്ചറിയാം. “നമ്മുടെ ശില്പങ്ങളിലും, അമ്പലങ്ങളിലും പ്രിന്റുകളിലുമുള്ളതുപോലെ, അലങ്കാരങ്ങളും അടരടരായിട്ടുള്ള ഇന്ത്യൻ ദൃശ്യഭാഷയുമുള്ള ശൈലിയാണ് അവരുടേത്,’ നാഷണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഡിസൈനിൽ (എൻ.ഐ.ഡി) ഗ്രാഫിക്സ് ഡിസൈൻ പ്രൊഫസർ തരുൺ ദീപ് ഗിരിധർ പറയുന്നു


സൈൻ ബോർഡിൽ (ഇടത്ത്) വെളുത്ത പെയിന്റടിച്ചുകൊണ്ടാണ് ജലാലുദ്ദീൻ പണി ആരംഭിക്കുന്നത്. അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കിയ 30 വർഷം പഴക്കമുള്ള ബ്രഷാണ് (വലത്ത്) ഉപയോഗിക്കുന്നത്


നേർവരകൾ (ഇടത്ത്) വരയ്ക്കാൻ ഈ വിദഗ്ദ്ധനായ പെയിന്റർ സ്കെയിലുകളാണ് ഉപയോഗിക്കുന്നത്. പിന്നീട്, അക്ഷരങ്ങൾ നേരിട്ട് പെയിന്റുകൊണ്ട് എഴുതുന്നു (വലത്ത്)
“അക്ഷരങ്ങൾ എത്ര വലുതാവണം, ചെറുതാവണം എന്നൊക്കെ ഞാൻ നോക്കും. ഞാൻ വരയ്ക്കുകയൊന്നുമില്ല. കുറച്ച് വരകളിട്ട്, ബ്രഷ് വെച്ച് എഴുതാൻ തുടങ്ങും”, താൻ പകർത്തുന്ന ടെക്സ്റ്റിലേക്ക് നോക്കി ജലാലുദ്ദീൻ പറയുന്നു. പെൻസിലുകൊണ്ട് അക്ഷരങ്ങളെഴുതാറില്ല ഈ ആശാൻ. നേർരേഖകളുണ്ടാക്കാൻ സ്കെയിൽ ഉപയോഗിക്കുക മാത്രം ചെയ്യുന്നു.
ഒരു പെയിന്റുപെട്ടിയിൽനിന്ന് അണ്ണാന്റെ ബ്രഷുകൾ മാറ്റി, ആ പെട്ടി അഭിമാനത്തോടെ കാണിച്ചുതന്നു ജലാലുദ്ദീൻ. “ഞാൻ എന്റെ സ്വന്തം പെയിന്റുപെട്ടി ഉണ്ടാക്കി”. ആശാരിയായും ജോലി ചെയ്യുന്ന അദ്ദേഹം 1996—ൽ ഉണ്ടാക്കിയതാണ് പെട്ടി. പുതിയ പ്ലാസ്റ്റിക്ക് ബ്രഷുകളൊന്നും അദ്ദേഹത്തിനിഷ്ടമല്ല. അണ്ണാന്റെ രോമംകൊണ്ടുണ്ടാക്കി, പെയിന്റ് ബോക്സിൽ സൂക്ഷിച്ചിട്ടുള്ള 30 വർഷം പഴക്കമുള്ള ബ്രഷുകളാണ് അദ്ദേഹത്തിന് താത്പര്യം.
രണ്ട് ബ്രഷുകളെടുത്ത് ടർപന്റൈനിൽ മുക്കി നന്നായി തുടച്ച്, ചുവന്ന പെയിന്റിന്റെ ഒരു പെട്ടി തുറന്നു. 19 വർഷം പഴക്കമുള്ള കുപ്പിയാണ്. സ്കൂട്ടറിന്റെ താക്കോലുപയോഗിച്ച്, ടർപന്റൈൻ പാകത്തിന് ചേർത്തിളക്കി. പിന്നീട്, ബ്രഷ് പരത്തിവെച്ച്, അതിലെ പൊങ്ങിനിൽക്കുന്ന നാരുകൾ നുള്ളിയെടുത്തു.
ഈ പ്രായത്തിലും കൈയ്യുകൾ വിറയ്ക്കുന്നില്ലെന്നതിൽ അദ്ദേഹത്തിന് ചാരിതാർത്ഥ്യമുണ്ട്. ഈ ജോലിക്ക് അത് നിർണ്ണായകമാണ്. ആദ്യത്തെ അക്ഷരമെഴുതാൻ അഞ്ച് മിനിറ്റെടുത്തു. പക്ഷേ അത് ശരിയായ വലിപ്പത്തിലായിരുന്നില്ല. ഇതുപോലുള്ള ചില തെറ്റുകൾ സംഭവിക്കാറുണ്ട്. ആ അക്ഷരം മായിച്ച് രണ്ടാമതും ചെയ്യാൻ ആരംഭിച്ചു. “പെയിന്റ് അല്പം പുറത്തുവന്നാലും ഞങ്ങൾക്കത് പറ്റില്ല,” അദ്ദേഹം പറയുന്നു.
വൃത്തിയിലും കൃത്യമായും ചെയ്യുന്നതുകൊണ്ടാണ് ഉപഭോക്താക്കൾ വീണ്ടും തന്റെയടുത്ത് വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം, അക്ഷരങ്ങളെ വജ്രാകൃതിയിൽ വരയ്ക്കുന്നതിലാണ്. നല്ല തിളങ്ങുന്ന, 3ഡി (ത്രിതല) പ്രതീതി തരും ആ വിധത്തിലെഴുതുമ്പോൾ. സങ്കീർണ്ണമാണ് ആ രീതി. വെളിച്ചവും, നിഴലും, നിറഭേദവും കൃത്യമായ ചേരുവയിൽ കിട്ടിയാലേ ഫലം കിട്ടൂ.
ഈ സൈൻ ബോർഡ് പൂർത്തിയാവാൻ ഒരു ദിവസംകൂടി എടുക്കും. രണ്ട് ദിവസത്തെ ജോലിക്ക് അദ്ദേഹം വാങ്ങുന്നത് 800-1,000 രൂപയാണ്. ചതുരശ്രയടിക്ക് 120-150 രൂപ എന്ന നിലവിലെ നിരക്കുതന്നെയാണ് ജലാലുദ്ദീനും വാങ്ങുന്നത്. എന്നാൽ മാസവരുമാനം തരാൻ അദ്ദേഹം വിസമ്മതിച്ചു. “എന്റെ കണക്കുകളൊക്കെ എഴുതാൻ തുടങ്ങിയാൽ നഷ്ടം മാത്രമേ കാണൂ. അതുകൊണ്ട് ഞാൻ കണക്കുകൂട്ടാറില്ല.”


ഇടത്ത്: ജലാലുദ്ദീന്റെ പ്രാഗത്ഭ്യം, അക്ഷരങ്ങളെ വജ്രാകൃതിയിൽ വരയ്ക്കുന്നതിലാണ്. നല്ല തിളങ്ങുന്ന, 3ഡി (ത്രിതല) പ്രതീതി തരും. വലത്ത്: ‘നമ്മുടെ ശില്പങ്ങളിലും, അമ്പലങ്ങളിലും പ്രിന്റുകളിലുമുള്ളതുപോലെ, അലങ്കാരങ്ങളും അടരടരായിട്ടുള്ള ഇന്ത്യൻ ദൃശ്യഭാഷയുമുള്ള ശൈലിയാണ് അവരുടേത്,’ ഗ്രാഫിക്സ് ഡിസൈൻ പ്രൊഫസർ തരുൺ ദീപ് ഗിരിധർ പറയുന്നു


ഇടത്ത്: മനേക് ചൌക്കിലെ ഒരു ഡിജിറ്റൽ പ്രിന്റിങ് കടയ്ക്കുവേണ്ടി തയ്യാറാക്കിയ കൈകൊണ്ട് പെയിന്റ് ചെയ്ത സൈൻബോർഡ്. വലത്ത്: കൈകൊണ്ടുള്ള ചിഹ്നങ്ങൾ ആയുഷ്കാലത്തേക്ക് നിലനിൽക്കും, ഡിജിറ്റൽ വരകൾ അധികകാലം നിലനിൽക്കില്ല,’ ഒരു ഡിജിറ്റൽ പ്രിന്റിഗ് ഷോപ്പിന്റെ ഉടമസ്ഥനായ ഗോപാൽഭായ് താക്കർ പറയുന്നു
രണ്ടാണ്മക്കളും, ഒരു പെൺകുട്ടിയുമാണ് അദ്ദേഹത്തിനുള്ളത്. മൂത്ത മകൻ സൈൻബോർഡ് പെയിന്റിംഗ് പഠിച്ചുവെങ്കിലും ഇപ്പോൾ ആ ജോലി വിട്ട്, ഒരു തയ്യൽക്കടയിൽ പണിയെടുക്കുകയാണ്
മറ്റ് ചെറുപ്പക്കാരെപ്പോലെ ജലാലുദ്ദീന്റെ കുട്ടികളും ഈ തൊഴിൽ ഉപേക്ഷിക്കുകയാണ്. കൈകൊണ്ട് ബോർഡുകൾ വരയ്ക്കുന്ന കല മരിച്ചുകൊണ്ടിരിക്കുന്നു. “കംപ്യൂട്ടറുകൾ പെയിന്ററുടെ ജോലി ഏറ്റെടുത്തിരിക്കുന്നു,” 35 കൊല്ലം മുമ്പ് സൈൻബോർഡുകൾ പെയിന്റ് ചെയ്യാൻ തുടങ്ങിയ ആഷിഖ് ഹുസ്സൈൻ പറയുന്നു. അഹമ്മദാബാദിൽ 50-ഓളം സൈൻബോർഡ് പെയിന്റർമാർ മാത്രമാണുള്ളതെന്ന്, രണ്ടാം തലമുറ പെയിന്റർമാരിലൊരാളായ ധീരുഭായി പറയുന്നു.
ഫ്ലെക്സുകളിലെ ഡിജിറ്റൽ പ്രിന്റുകൾ ഇപ്പോൾ പരക്കെ ലഭ്യമാണ്. ആർക്കും കൈകൊണ്ട് വരച്ച ബോർഡുകൾ ആവശ്യമില്ല. അതിനാൽ, വരുമാനം നിലനിർത്താൻ ആഷിഖ് ഇപ്പോൾ ഓട്ടോറിക്ഷയും ഓടിക്കുന്നു.
എന്നാൽ, അത്ഭുതമെന്ന് പറയട്ടെ, കൈകൊണ്ട് വരയ്ക്കുന്ന സൈൻബോർഡുകൾക്ക് അംഗീകാരം കിട്ടിത്തുടങ്ങുന്നുണ്ട്. ഡിജിറ്റൽ പ്രിന്റിഗ് ഷോപ്പുകൾ സ്വന്തമായുള്ള ഗോപാൽഭായ് താക്കറിനെപ്പോലുള്ളവർക്ക് സ്വന്തമായി പ്രിന്റ് ചെയ്യാനുള്ള സൌകര്യമുണ്ടായിട്ടും, അവർ കൈകൊണ്ടുള്ള സൈനുകളാണ് താത്പര്യപ്പെടുന്നത്. അവയ്ക്ക് വില കൂടുമെങ്കിലും. “കൈകൊണ്ടുള്ള സൈനുകൾ ജീവിതകാലം മുഴുവൻ നിലനിൽക്കും. ഡിജിറ്റൽ സൈനുകൾക്ക് അധികകാലം സാധിക്കില്ല.”


ഇടത്ത്: വരുമാനം നിലനിർത്താൻ ആഷിഖ് ഹുസ്സൈൻ ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നു. വലത്ത്: അദലാജിൽനിന്നുള്ള അരവിന്ദ്ഭായ് പാർമർ എന്ന വിദഗ്ദ്ധനായ സൈൻബോർഡ് പെയിന്റർ സൈനുകൾ പ്രിന്റ് ചെയ്യാൻ പ്ലെക്സി കട്ടർ എന്ന യന്ത്രം കൊണ്ടുവന്നു


ഇടത്ത്: 75 വയസ്സുള്ള ഹുസ്സൈൻഭായി ഹദയും മകനും ചെറുമകനും അവരുടെ ഡിജിറ്റൽ ഫ്ലെക്സും സ്റ്റിക്കറും അച്ചടിക്കുന്ന കടയിൽ. വലത്ത്: വലി മൊഹമ്മദ് മിർ ഖുറേഷി ഡിജിറ്റൽ സൈനുകളാണ് ചെയ്യുന്നത്, കൈകൊണ്ട് പെയിന്റ് ചെയ്യാനുള്ള അവസരം അധികം കിട്ടുന്നില്ല
നിരവധി പെയിന്റർമാർ പുതിയ ടെക്നോളജി സ്വീകരിച്ചുകഴിഞ്ഞു. ഗാന്ധിനഗറിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള അദലാജിൽ 30 വർഷമായി സൈൻ ബോർഡുകൾ പെയിന്റ് ചെയ്യുന്നത് അരവിന്ദ്ഭായ് പർമാർ ആണ്. ഏഴുവർഷം മുമ്പ് അദ്ദേഹം സ്റ്റിക്കറുകൾ അച്ചടിക്കാൻ ഒരു പ്ലെക്സി കട്ടർ എന്ന യന്ത്രം കൊണ്ടുവന്നു. 25,000 രൂപയാണ് അതിന്റെ ചിലവ്. കംപ്യൂട്ടറിന് മറ്റൊരു 20,000 രൂപയും. കംപ്യൂട്ടർ ഉപയോഗിക്കാൻ അദ്ദേഹം കൂട്ടുകാരിൽനിന്ന് പഠിച്ചു.
റേഡിയം പേപ്പറിൽനിന്ന് സ്റ്റിക്കറുകളും അക്ഷരങ്ങളും മുറിച്ചെടുത്ത് ലോഹത്തിലൊട്ടിക്കുകയാണ് യന്ത്രം ചെയ്യുന്നത്. എന്നാൽ യന്ത്രവും കംപ്യൂട്ടറും ഇടയ്ക്കിടയ്ക്ക് പണിമുടക്കുന്നതിനാൽ, കൈകൊണ്ട് പെയിന്റ് ചെയ്യുന്നതാണ് തനിക്ക് താത്പര്യമെന്ന് അദ്ദേഹം പറയുന്നു.
41 വയസ്സുള്ള വാലി മുഹമ്മദ് മിർ ഖുറേഷി എന്ന സൈൻ ബോർഡ് പെയിന്ററും ഇപ്പോൾ ഡിജിറ്റൽ സൈനുകളിലാണ് പണി ചെയ്യുന്നത്. കൈകൊണ്ട് പെയിന്റ് ചെയ്യേണ്ട ജോലികൾ വല്ലപ്പോഴുമേ വരുന്നുള്ളു.
മറ്റ് പല പെയിന്റർമാരെയുംപോലെ വാലിയേയും പഠിപ്പിച്ചത്, ഹുസ്സൈൻഭായ് ഹാദയാണ്. എന്നാൽ തന്റെ സ്വന്തം കുട്ടികൾക്ക് ഈ തൊഴിൽ അറിയില്ലെന്ന് 75 വയസ്സുള്ള അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ മകൻ ഹനീഫും ചെറുമക്കൾ ഹസീറും അമീറും സ്റ്റിക്കറുകൾ ഡിസൈനും പ്രിന്റും ചെയ്യുന്ന വ്യാപാരത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.
“കൂടുതലാളുകൾ സൈൻബോർഡുകൾ പെയിന്റ് ചെയ്യണം,” ഹുസ്സൈൻഭായ് പറയുന്നു
പരിഭാഷ: രാജീവ് ചേലനാട്ട്