“ഞങ്ങളുടെ തലമുറയിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊരു വിധത്തിലായേനേ,” കിഷൻഘർ സേധ സിംഗ് വാലയുടെ വരാന്തയിലിരുന്നുകൊണ്ട് സുർജീത് കൌർ പറയുന്നു. അവരുടെ ചെറുമകളും ചെറുമകനും അരികത്തിരിക്കുന്നുണ്ടായിരുന്നു. 5-ആം ക്ലാസ്സിൽവെച്ച് സുർജീത് പഠനം നിർത്തുമ്പോൾ, ഈ കുട്ടികളുടെ പ്രായമേ ഉണ്ടായിരുന്നുള്ളു.
“വിദ്യാഭ്യാസം ഒരാളുടെ മൂന്നാം കണ്ണ് തുറക്കാൻ സഹായിക്കും,” 63 വയസ്സുള്ള ആ സ്ത്രീ പറയുന്നു.
അവരുടെ അയൽക്കാരിയായ 75 വയസ്സുള്ള ജസ്‌വീന്തർ കൌറും അതിനോട് യോജിക്കുന്നു. “സ്ത്രീകൾ പുറത്ത് പോവുമ്പോൾ, അവർക്ക് ലോകത്തെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും,” അവർ പറയുന്നു.
സ്വന്തം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും, മറ്റൊരു സംഭവം അവർക്ക് വലിയ അറിവുകൾ പ്രദാനം ചെയ്തു. 2020-2021-ലെ ചരിത്രപ്രസിദ്ധമായ കർഷകപ്രക്ഷോഭത്തിന്റെ കാലത്ത്, ദില്ലിയുടെ അതിർത്തിയിൽ 13 മാസത്തോളം തമ്പടിച്ച അവരുടെ ഗ്രാമത്തിലെ 16 സ്ത്രീകളിൽ രണ്ടുപേരായിരുന്നു സുർജീതും ജസ്‌വിന്തറും. ഒരുവർഷത്തിലധികം കാലം, ലക്ഷക്കണക്കിന് കർഷകർ ദില്ലിയുടെ അതിർത്തികൾ കൈയ്യടക്കി പ്രതിഷേധിച്ചിരുന്നു. ന്യായമായ താങ്ങുവിലയെ (എം.എസ്.പി) തകർത്ത്, സ്വകാര്യ വ്യാപാരികളേയും കോർപ്പറേഷനുകളേയും സഹായിക്കാൻ മാത്രം ഉതകുന്ന മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിനെതിരേയായിരുന്നു അവരുടെ പ്രക്ഷോഭം. കർഷക പ്രക്ഷോഭത്തെക്കുറിച്ചുള്ള പാരിയുടെ മുഴുവൻ കവറേജ് ഇവിടെ വായിക്കാം.
2024 മേയിൽ ഈ റിപ്പോർട്ടർ കിഷൻഘർ സേധ സിംഗ് വാല സന്ദർശിച്ചപ്പോൾ, ഈ ഗ്രാമം, പഞ്ചാബിലെ മറ്റ് ഗ്രാമങ്ങളെപ്പോലെ, വിളവെടുപ്പിന്റെ തിരക്കിലായിരുന്നു. ജൂൺ 1-ലെ പൊതുതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലുമായിരുന്നു ഗ്രാമീണർ. ഭരണത്തിലുള്ള സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ രാഷ്ടീയാന്തരീക്ഷം ചൂട് പിടിക്കുന്നുണ്ടായിരുന്നു.
“ബി.ജെ.പി. വിജയിച്ചാൽ വീണ്ടും ഒന്നൊന്നായി ഈ നിയമങ്ങൾ തിരിച്ചുകൊണ്ടുവരും,” കിഷൻഘർ സേധ സിംഗ് വാലയിലെ 10 ഏക്കർ ഭൂമി സ്വന്തമായുള്ള കുടുംബത്തിലെ 60 വയസ്സുള്ള ജർണയിൽ കൌർ പറയുന്നു. “ബുദ്ധിപൂർവ്വമായി വോട്ട് ചെയ്യണം.”
(അപ്ഡേറ്റ്: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ, ശിരോമണി അകാലി ദളിൻ്റെ ഹർസിമ്രത് കാർ ബാദൽ ഭട്ടിൻഡ മണ്ഡലത്തിൽ വിജയിച്ചു.. 2024 ജൂൺ 4-നാണ് ഫലങ്ങൾ പ്രഖ്യാപിച്ചത്)


ഇടത്ത്: കിഷൻഘർ ഗ്രാമത്തിലെ തന്റെ വീട്ടിൽ സുർജീത് കൌർ. വലത്ത്: പഞ്ചാബിലെ മാൻസ ജില്ലയിലെ അതേ ഗ്രാമത്തിലെ വീട്ടിൽ നിൽക്കുന്ന ജസ്‌വിന്തർ കൌർ
2021 ഡിസംബറിൽ പിൻവലിച്ച കർഷകപ്രതിഷേധത്തിന്റെ അലയൊലികൾ അപ്പോഴും
ഗ്രാമത്തിൽ പ്രതിദ്ധ്വനിക്കുന്നുണ്ടായിരുന്നു. “ഞങ്ങളുടെ ഉപജീവനമാർഗ്ഗം
തട്ടിയെടുക്കാനാണ് സർക്കാർ ശ്രമം,” ജസ്‌വീന്തർ കൌർ പറയുന്നു. “അതെങ്ങിനെ സമ്മതിക്കാൻ പറ്റും?” അവർ ചോദിക്കുന്നു.
വേറെയും ആശങ്കകളുണ്ട്.”കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ, കിഷൻഘർ സേധ സിംഗ് വാലയിലെ കുട്ടികളാരും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നില്ല,” സുർജീത് പറയുന്നു. കാനഡയിലെ ബ്രാംറ്റണിലേക്ക് കുടിയേറിയ മരുമകൾ കുശാൽദീപ് കൌറിനെക്കുറിച്ച് അവർ ഒരുനിമിഷം ആലോചിച്ചു – വലിയൊരു ശൂന്യതയാണ് അത് അവരിലുണ്ടാക്കിയത്. “തൊഴിലില്ലായ്മ മൂലമാണ് ഇതൊക്കെ. ഇവിടെ ആവശ്യത്തിന് തൊഴിലുകളുണ്ടായിരുന്നെങ്കിൽ വിദേശത്തേക്ക് പോകേണ്ട ആവശ്യമുണ്ടായിരുന്നോ?,” അവർ ചോദിക്കുന്നു.
അതുകൊണ്ട് വരാൻ പോകുന്ന ഈ തിരഞ്ഞെടുപ്പിൽ, തങ്ങളുടെ വിളകൾക്കുള്ള ന്യായമായ താങ്ങുവില,, കുട്ടികൾക്കും ചെറുമക്കൾക്കുമുള്ള തൊഴിലുകൾ എന്നിവയാണ് ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണ്ണായകമായ വിഷയങ്ങൾ.
“എന്നാൽ രാഷ്ട്രീയക്കാരാകട്ടെ, ഞങ്ങൾ ഗ്രാമീണരെ, ഓരോ തിരഞ്ഞെടുപ്പിലും വാർദ്ധക്യകാല പെൻഷൻ, റോഡുകൾ, അഴുക്കുചാലുകൾ തുടങ്ങി പഴയ കാര്യങ്ങളിൽ തളച്ചിടാനാണ് ശ്രമിക്കുന്നത്,” സുർജീത് പറയുന്നു. “എനിക്ക് ഓർമ്മവെച്ച നാൾമുതൽ ആളുകൾ ഈ വിഷയങ്ങളിലാണ് വോട്ട് ചെയ്യുന്നത്.”


ഇടത്ത്: സ്വന്തം പാടത്തെ സവാളയും വെളുത്തുള്ളിയും പരിപാലിക്കുന്ന സുർജീത് കൌർ. വലത്ത്: വിളവെടുക്കാറായ പാടത്തെ വിളകൾക്കിടയിലൂടെ അവർ നടക്കുന്നു


ഇടത്ത്: യന്ത്രങ്ങൾ വന്നതോടെ സ്ത്രീകൾക്ക് ധാരാളം സമയം ലാഭിക്കാൻ കഴിഞ്ഞു. പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കാൻ അവർക്ക് കഴിഞ്ഞതിന്റെ പ്രധാന കാരണം അതാണ്. വിളകളിൽനിന്നുള്ള പതിർ ശേഖരിക്കുന്നു
*****
പഞ്ചാബിലെ മാൻസ ജില്ലയിലെ തെക്കുഭാഗത്തുള്ള കിഷൻഘർ സേധ സിംഗ് വാല മറ്റൊരു പ്രക്ഷോഭത്തിലും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ബിശ്വെദാരി സംവിധാനത്തിനെതിരായ പെപ്സു (പി.ഇ.പി.എസ്.യു) മുസാര പ്രക്ഷോഭത്തിൽ. തത്ഫലമായി, ദീർഘകാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ഭൂരഹിത കർഷകർക്ക് 1952-ൽ ഉടമസ്ഥാവകാശം ലഭിച്ചു. ആ പ്രക്ഷോഭത്തിൽ പങ്കെടുത്ത നാലുപേർ 1949 മാർച്ച് 19-ന് രക്ഷസാക്ഷികളായി. 2020-2021-ലെ ദില്ലി കർഷക പ്രക്ഷോഭത്തിൽ, ആ കൊല്ലപ്പെട്ടവരുടെ അനന്തരാവകാശികളെ ആദരിക്കുകയും ചെയ്തിരുന്നു.
ഗ്രാമത്തിന് ഇത്ര വലിയ സമരപാരമ്പര്യം ഉണ്ടായിരുന്നിട്ടും, ഈയടുത്തുണ്ടായ കർഷക പ്രക്ഷോഭത്തിന് മുമ്പ്, അധികം സ്ത്രീകളും പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്തിരുന്നില്ല. എന്നാലിപ്പോൾ, ലോകത്തെക്കുറിച്ച് കൂടുതലറിയാൻ, അവർ ഇത്തരം അവസരങ്ങൾ ഉപയോഗിക്കുന്നു. “മുമ്പ്, ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല. ഞങ്ങൾ പാടത്ത് പണിയെടുക്കുകയും പരുത്തി വിളയിച്ച് നൂൽ നൂൽക്കുകയും ചെയ്തുവന്നു. എന്നാലിപ്പോൾ എല്ലാ ജോലികളും യന്ത്രങ്ങളാണ് ചെയ്യുന്നത്,” സുർജീത്ത് കൌർ പറയുന്നു.
അവരുടെ നാത്തൂനായ മഞ്ജീത് കൌർ പറയുന്നു, “ഇപ്പോൾ പരുത്തി
നടുന്നില്ല.
ആളുകൾ
ഖദർ ധരിക്കാറില്ല. വീട്ടിലിരുന്നുള്ള നെയ്ത്തിന്റെ പ്രക്രിയ
മുഴുവൻ അവസാനിച്ചു.” ഇതുമൂലം സ്ത്രീകൾക്ക് പ്രതിഷേധങ്ങളിൽ
പങ്കെടുക്കാൻ എളുപ്പമായി എന്ന് അവർ ചൂണ്ടിക്കാട്ടി.
ഈ ഗ്രാമത്തിലെ ചില സ്ത്രീകൾക്ക് നേതൃത്വപരമായ പങ്കുണ്ടായിരുന്നുവെന്ന് അവരുടെ സംസാരത്തിൽനിന്ന് തെളിഞ്ഞുവെങ്കിലും, അവയെല്ലാം പ്രായോഗികതയേക്കാൾ, കൂടുതലും ആചാരപരം മാത്രമായിരുന്നു.


ഇടത്ത്: പഞ്ചാബിലെ മാൻസ ജില്ലയിലെ തെക്കുഭാഗത്തുള്ള കിഷൻഘർ സേധ സിംഗ് വാല പെപ്സു മുസാര പ്രക്ഷോഭത്തിലും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. തൽഫലമായി കർഷകർക്ക് 1952-ൽ ഉടമസ്ഥതാവകാശം ലഭിച്ചു. വലത്ത്: നാത്തൂന്മാരായ സുർജീത് കൌറും മഞ്ജീത് കൌറും സംസാരിച്ചിരിക്കുന്നു


ഇടത്ത്: വീട്ടിലിരുന്ന് തുന്നുന്ന മഞ്ജീത് കൌർ. വലത്ത്: മഞ്ജീത് കൌറിന്റെ ഭർത്താവ് കുൽവന്ത് സിംഗ് (മൈക്കിൽ) ബി.കെ.യു.(ഏക്ത) ദകൌണ്ട-ധനേർ വിഭാഗത്തിന്റെ നേതാവാണ്
6,000 ആളുകൾ താമസിക്കുന്ന കിഷൻഘർ സേധ സിംഗ് വാല എന്ന ഗ്രാമത്തിലെ ആദ്യത്തെ വനിതാ സർപാഞ്ചായി സേവനം ചെയ്തയാളാണ് മഞ്ജീത്. രണ്ട് സ്ത്രീകളുടേയും ഭർത്താക്കന്മാർ ബന്ധത്തിലുള്ള സഹോദരന്മാരായിരുന്നു. “ആദ്യത്തെ തവണ ഞാൻ മത്സരിച്ചപ്പോൾ, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.” ആ വർഷം, 1998-ൽ സീറ്റ് സ്ത്രീകൾക്ക് സംവരണം ചെയ്തിരുന്നു. “അടുത്ത തിരഞ്ഞെടുപ്പിൽ ഞാൻ പുരുഷന്മാർക്കെതിരേ മത്സരിച്ച്, 400-500 വോട്ടുകൾക്ക് വിജയിച്ചു,” വീട്ടിലിരുന്ന് തുന്നുന്നതിനിടയിൽ മഞ്ജീത് ഓർമ്മിക്കുന്നു.
വേറെയും 12 സ്ത്രീകൾ ആ പദവിയിലിരുന്നിട്ടുണ്ടെങ്കിലും, തീരുമാനങ്ങളൊക്കെ എടുത്തിരുന്നത് പലപ്പോഴും പുരുഷന്മാരായിരുന്നു എന്ന് മഞ്ജീത് പറയുന്നു. “കാര്യങ്ങൾ എങ്ങിനെ ചെയ്യണമെന്ന് അറിവുണ്ടായിരുന്നത് എനിക്ക് മാത്രമായിരുന്നു,” അവർ തുടർന്നു. 10-ആം ക്ലാസ്സുവരെ കിട്ടിയ വിദ്യാഭ്യാസവും, മുൻ സർപാഞ്ചും, ദർകൌണ്ട ഭാരതീയ കിസാൻ യൂണിയൻ (ഏൿത) പ്രമുഖ നേതാവുമായ ഭർത്താവ് കുൽവന്ത് സിംഗിൽനിന്ന് കിട്ടിയ പിന്തുണയുമാണ് ഇതിന്റെ കാരണമെന്ന് അവർ സൂചിപ്പിക്കുന്നു. 1993 മുതൽ അഞ്ചുവർഷമാണ് കുൽവന്ത് സർപാഞ്ചായി ഭരിച്ചത്.
“ബുദ്ധിമുട്ടുള്ള തിരഞ്ഞെടുപ്പായിരുന്നു. ഏതെങ്കിലുമൊരാൾക്ക്
വോട്ട് ചെയ്യാൻ ആളുകൾ പരസ്പരം നിർബന്ധിക്കും. ഭർത്താക്കന്മാരും
ബന്ധുക്കളും എല്ലാം ഇത്തരത്തിൽ സ്ത്രീകളെ നിർബന്ധിക്കുന്നത് പതിവാണ്. എന്നാൽ ലോകസഭാ
തിരഞ്ഞെടുപ്പിൽ അങ്ങിനെയല്ല” എന്ന് സുർജീത് പറയുന്നു.
ഈ ഗ്രാമം ഉൾപ്പെടുന്ന ഭട്ടിൻഡ മണ്ഡലത്തെ 2009 മുതൽ പ്രതിനിധാനം ചെയ്യുന്നത് ശിരോമണി അകാലി ദളിന്റെ (എസ്.എ.ഡി) ഹർസിമ്രാത് കൌർ ബാദലാണ്. ഈ വരുന്ന പൊതുതിരഞ്ഞെടുപ്പിലും അവർ മത്സരിക്കുന്നുണ്ട്. ഐ.എ.എസിൽനിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന പരംപൽ കൌർ സിധു (ബി.ജെ.പി), മുൻ എം.എൽ.എ ജീത്ത് മൊഹിന്ദർ സിംഗ് സിധു (കോൺഗ്രസ്), പഞ്ചാബ് കൃഷി മന്ത്രി ഗുർമീത് സിംഗ് ഖുദിയാൻ (ആം ആദ്മി പാർട്ടി – എ.എ.പി) എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ.


ഇടത്ത്: ബി.കെ.യു (ഏക്ത) ദകൌണ്ടയുടെ പ്രസിഡന്റായ മഞ്ജീത് സിംഗ് ധനേറിന്റെ നേതൃത്വത്തിൽ മാർച്ച് 2024-ന് കിഷൻഘർ ഗ്രാമത്തിലെ സ്ത്രീകൾ ദില്ലിയിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. വലത്ത്: മഞ്ജീത് കൌറും (ഇടത്തേയറ്റം) സുർജീത് കൌറും (മഞ്ജീതിന്റെയടുത്ത് നിൽക്കുന്നത്) ഗ്രാമത്തിലെ മറ്റ് സ്ത്രീകളോടൊപ്പം ഈ വർഷമാദ്യം ലുധിയാനയിലെ ജാഗ്രാംവിലെ കിസാൻ മസ്ദൂർ മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നു
നിരവധി സ്ത്രീകളെ സംബന്ധിച്ചിടത്തോളം 2020-2021-ലെ ദില്ലി പ്രക്ഷോഭം പുതിയൊരു അദ്ധ്യായമായിരുന്നു. ഇത്തവണ, തങ്ങളുടെ വോട്ടുകളെ സ്വാധീനിക്കാനാവില്ലെന്ന് അവർ പറയുന്നു. “സ്ത്രീകൾ വീടുകളിൽ തടവുകാരെപ്പോലെയാണ്. സ്കൂൾ വിദ്യാഭ്യാസംപോലെയുള്ള ഈ പ്രക്ഷോഭങ്ങൾ ഞങ്ങളെ വളരെയധികം കാര്യങ്ങൾ പഠിപ്പിച്ചു,” എന്ന് സുർജീത് പറയുന്നു.
2020 നവംബർ 26-ന് ദില്ലിയിലേക്ക് നടത്തിയ യാത്രയെ ഓർമ്മിച്ചുകൊണ്ട് അവർ പറയുന്നു. “ഞങ്ങൾ തയ്യാറെടുപ്പൊന്നുമില്ലാതെയാണ് പോയത്. ഞങ്ങളെ സുരക്ഷാസേനകൾ അനുവദിക്കില്ലെന്നും, തടയപ്പെടുന്ന സ്ഥലത്ത് ഞങ്ങൾ കുത്തിയിരിക്കുമെന്നുമായിരുന്നു എല്ലാവരും കരുതിയത്”. ബഹദൂർഘറിനടുത്തുള്ള തിക്രി അതിർത്തിയിലേക്ക് പോയപ്പോൾ കൈയ്യിൽ കരുതിയ ചില്ലറ സാധനങ്ങളെക്കുറിച്ച് പരാമർശിക്കുകയായിരുന്നു അവർ. “ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങളുണ്ടായിരുന്നില്ല. അപ്പോൾ ഞങ്ങൾ സ്വന്തമായ രീതികൾ വികസിപ്പിച്ചു. അതുപോലെ, കക്കൂസുകളും കുളിമുറികളും ഒന്നും ഉണ്ടായിരുന്നില്ല.” എന്നിട്ടും ഒരുവർഷത്തിലേറെക്കാലം അവർ സമരം തുടർന്നു. മൂന്ന് കരിനിയമങ്ങളും പിൻവലിക്കുംവരെ.
ഉന്നതവിദ്യാഭ്യാസമൊന്നുമില്ലെങ്കിലും വായനയിലും കൂടുതൽ അറിവുകൾ നേടുന്നതിലും തനിക്ക് എന്നും താത്പര്യമുണ്ടായിരുന്നു എന്ന് സുർജീത് പറയുന്നു. “വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ, പ്രതിഷേധത്തിന് കൂടുതൽ സംഭാവനകൾ ചെയ്യാമായിരുന്നു എന്ന് സ്ത്രീകൾക്ക് തോന്നുന്നുണ്ട്,” എന്ന് അവർ സൂചിപ്പിക്കുന്നു.
*****
പ്രചാരണത്തിനായി ഹർസിമ്രത് കൌർ ബാദൽ ഈയടുത്ത് ഗ്രാമം സന്ദർശിച്ചിരുന്നു. തിരഞ്ഞെടുപ്പാവുമ്പോൾ മാത്രമാണ് അവർ വരുന്നത്,” പാടത്തുനിന്ന് കിട്ടിയ മൾബെറികൾ രുചിച്ചുകൊണ്ട് സുർജീത്ത് കൌർ പറയുന്നു.


ഇടത്ത്: പുത്രവധുവും പേരമക്കളുമായി സുർജീത് കൌർ തന്റെ പാടത്തിനരികിൽ. വലത്ത്: സുർജീത് കൌർ പാടത്തുനിന്ന് മൾബെറി പറിക്കുന്നു
കർഷകവിരുദ്ധ ഓർഡിനൻസുകളിലും നിയമനിർമ്മാണങ്ങളിലും പ്രതിഷേധിച്ച് ബാദൽ 2020 സെപ്റ്റംബറിൽ 2020-ന് യൂണിയൻ ക്യാബിനറ്റിൽനിന്ന് രാജിവെച്ചു. “അവർക്കെതിരേ (ശിരോമണി അകാലി ദൾ) കർഷകർ പ്രതിഷേധം ആരംഭിച്ചപ്പോൾ മാത്രമാണ് അവർ രാജി വെച്ചത്,” പരിഹാസത്തോടെ സുർജീത്ത് പറയുന്നു. “അതിനുമുമ്പ്, അവരും മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും കർഷകരോട്, ആ മൂന്ന് നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്,” അമർഷത്തോടെ സുർജീത്ത് കൂട്ടിച്ചേർത്തു.
സഹകർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവരോടൊപ്പം 13 മാസം പ്രതികൂലമായ അവസ്ഥകളെ നേരിട്ട സുർജീതിന് ബാദലിന്റെ ഇപ്പോഴത്തെ പ്രചാരണത്തിനോട് യാതൊരു താത്പര്യവുമില്ല. “ഞാൻ അവരുടെ പ്രസംഗം കേൾക്കാനൊന്നും പോയില്ല,” അവർ പറഞ്ഞുനിർത്തി.
പരിഭാഷ: രാജീവ് ചേലനാട്ട്