കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.
"സോമോകളാണിപ്പോൾ ഞങ്ങൾക്കിടയിൽ വളരെ പ്രചാരത്തിലുള്ളത്", പശ്ചിമ കാമെങ് ജില്ലയിലുള്ള ലഗം ഗ്രാമത്തിലെ നാടോടിയായ ഇടയൻ പെമ്പ സുരിങ്ങ്, 35, പറയുന്നു.
പക്ഷെ സോമോ എന്നാൽ എന്താണ്? അരുണാചൽ പ്രദേശിലെ 9,000 അടിയിലും അതിനും മുകളില്‍ ഈ പർവതങ്ങളിലും അതിനെ ജനപ്രിയമാക്കുന്നതെന്താണ്?
യാക്കിന്‍റെയും മലമ്പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു തരം കന്നുകാലിയായ കോട്ടിന്‍റെയും സങ്കരയിനമാണ് സോമോ. ഇവയിലെ സോ എന്ന് വിളിക്കപ്പെടുന്ന ആൺ സങ്കരയിനത്തിന് പ്രത്യുത്പാദനശേഷിയില്ലാത്തതിനാൽ സോമോ എന്ന പെൺവർഗ്ഗത്തെയാണ് ഇടയർ കൂടുതൽ താൽപര്യപ്പെടുന്നത്. ഇവ ഒരു പുതിയ സങ്കരയിനമല്ലെങ്കിലും ഈയിടെയായി ബ്രോക്പാ എന്ന നാടോടികളായ ഇടയസമൂഹം കിഴക്കൻ ഹിമാലയത്തിലെ മാറുന്ന കാലാവസ്‌ഥയ്‌ക്ക് യോജിച്ച ഈ മൃഗങ്ങളെ കൂടുതലായി അവരുടെ കന്നുകാലി കൂട്ടങ്ങളിൽ ചേർക്കുന്നു.
യാക്കുകളും സോമുകളും അടങ്ങിയ 45 മൃഗങ്ങളുടെ കൂട്ടമുള്ള പെമ്പ പറയുന്നത് ഈ സങ്കരയിനം മൃഗങ്ങൾക്ക് "ചൂട് കൂടുതൽ ചെറുക്കാനാകുമെന്നും താഴ്ന്ന പ്രദേശങ്ങളോടും കൂടുന്ന താപനിലയോടും കൂടുതൽ പൊരുത്തപ്പെടാനാകും" എന്നുമാണ്.
ഉയരങ്ങളിലുള്ള ഈ മേച്ചൽ സ്‌ഥലങ്ങളിൽ ചൂട് അല്ലെങ്കിൽ 'താപനം' വളരെ യാഥാർത്ഥവും ആപേക്ഷികവുമാണ്. ഇവിടെ വർഷത്തിൽ 32 ഡിഗ്രി സെൽഷ്യസ് ഉള്ള ദിവസങ്ങളില്ല. പക്ഷെ മൈനസ് 35 ഡിഗ്രി എളുപ്പത്തിൽ നേരിടാൻ കഴിയുന്ന യാക്കുകൾ ചൂട് പന്ത്രണ്ടോ പതിമൂന്നോ ഡിഗ്രിയ്ക്ക് മുകളിലായാൽ ചെറുത്തു നിൽക്കാൻ ബുദ്ധിമുട്ടുന്നു. വാസ്തവത്തിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ പർവതങ്ങളിലെ ആവാസവ്യവസ്‌ഥയൊന്നാകെ ഈ മാറ്റങ്ങളോട് മല്ലിടുകയാണ്.
2011-ലെ സെൻസസ് അനുസരിച്ച് അരുണാചലിൽ ആറായിരത്തോളം ജനസംഖ്യയുള്ള മോൺപ ഗോത്രത്തിൽപ്പെട്ട നാടോടി ഇടയന്മാരായ ബ്രോക്പകൾ നൂറ്റാണ്ടുകളായി യാക്കുകളെ വളർത്തുകയും പർവതങ്ങളിൽ മേയിക്കുകയും ചെയ്തു വരുന്നു. ഇവർ കഠിനമായ ശൈത്യകാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുകയും വേനൽക്കാലത്ത് ഉയർന്ന സ്‌ഥലങ്ങളിലേക്ക് - 9,000 മുതൽ 15,000 അടി വരെ - കുടിയേറുകയും ചെയ്യുന്നു.
എന്നാൽ ലഡാക്കിലെ ചാങ്‌താങ് മേഖലയിലെ ചാങ്‌പയെപ്പോലെ , ബ്രോക്പയെയും ക്രമരഹിതമായ കാലാവസ്‌ഥാ വ്യതിയാനം രൂക്ഷമായി ബാധിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഇവരുടെ ഉപജീവനം, ഇവരുടെ സമൂഹങ്ങൾ പോലും, യാക്കുകളെയും കന്നുകാലികളെയും ആടുകളെയും ചെമ്മരിയാടുകളെയും വളർത്തുന്നതിൽ അധിഷ്‌ഠിതമാണ്. ഇവയിൽ അവർ സാമ്പത്തിക, സാമൂഹിക തലങ്ങളിലും ആത്മീയ തലങ്ങളിൽ പോലും ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് യാക്കുകളെയാണ്. ആ ബന്ധം ഇന്ന് വളരെ ദുർബലമായിരിക്കുന്നു.
"യാക്കുകൾ ഫെബ്രുവരി അവസാനമാകുമ്പോള്‍തന്നെ ചൂട് കാരണം തളർന്നു തുടങ്ങുന്നു," ചന്ദർ ഗ്രാമത്തിലെ ഇടയരിലൊരാളായ ലേകി സുസുക് എന്നോട് പറഞ്ഞു. മെയ് മാസ വടക്കൻ കാമെംഗിലെ ദിറാങ് ബ്ലോക്കിലേക്കുള്ള എന്‍റെ യാത്രയിൽ ഇവരുടെ കുടുംബത്തോടൊപ്പമാണ് ഞാൻ താമസിച്ചത്. "കഴിഞ്ഞ കുറെ വർഷങ്ങളായി വേനലിനു നീളം കൂടി വരുന്നു, ചൂടും കൂടിയിരിക്കുന്നു." അമ്പതിനോടടുത്തു പ്രായം വരുന്ന ലേകി കൂട്ടിച്ചേർത്തു.

യാക്കിന്‍റെയും മലമുകളിൽ കാണപ്പെടുന്ന ഒരു തരം കന്നുകാലിയായ കോട്ടിന്‍റെയും സങ്കരയിനമാണ് സോമോ . ഈയിടെയായി ബ്രോക്പാ എന്ന നാടോടികളായ ഇടയസമൂഹം കിഴക്കൻ ഹിമാലയത്തിലെ മാറുന്ന കാലാവസ്‌ഥയ്‌ക്ക് യോജിച്ച ഈ മൃഗങ്ങളെ കൂടുതലായി അവരുടെ കന്നുകാലി കൂട്ടങ്ങളിൽ ചേർക്കുന്നു.
താപനില മാത്രമല്ല, കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി, ചൈനയിലെ ടിബറ്റ് സ്വയംഭരണ പ്രദേശം, ഭൂട്ടാൻ, മ്യാൻമർ എന്നിവയുടെ അതിർത്തിയിൽ വരുന്ന അരുണാചൽ പ്രദേശിലെ പർവതങ്ങളിൽ കാലാവസ്‌ഥ ക്രമരഹിതമായതിനാൽ പ്രവചിക്കാനുള്ള ബുദ്ധിമുട്ട് കൂടിക്കൊണ്ടിരിക്കുന്നു എന്ന് ബ്രോക്പകൾ പറയുന്നു.
"എല്ലാം വൈകുന്നു," പേമ വാങ്കെ പറയുന്നു. "വേനൽ വൈകിവരുന്നു. മഞ്ഞുവീഴ്ചയും വൈകുന്നു. അതോടൊപ്പമുള്ള കുടിയേറ്റവും വൈകുന്നു. പലപ്പോഴും ബ്രോക്പാ ഉയരങ്ങളിലുള്ള മേച്ചിൽ സ്‌ഥലങ്ങളിൽ ചെല്ലുമ്പോൾ അവ മഞ്ഞിൽ പുതഞ്ഞു കിടക്കുന്നതാണ് കാണുന്നത്. എന്നുവച്ചാൽ മഞ്ഞുരുകുന്നതും വൈകിയിരിക്കുന്നു." നാല്പതിനോടടുത്തു പ്രായം വരുന്ന പേമ ബ്രോക്പയല്ല, എന്നാൽ തേംബാംഗ് ഗ്രാമത്തിൽ നിന്നുള്ള മോൺപാ ഗോത്രക്കാരനാണ്. ഇദ്ദേഹം ലോക വന്യജീവി നിധിക്ക് (World Wildlife Fund) വേണ്ടി പരിസ്ഥിതി/വന്യജീവി സംരക്ഷകനായി (conservationist) പ്രവർത്തിക്കുന്നു.
ഇത്തവണ ഞാൻ സാധാരണ യാത്ര ചെയ്യാറുള്ള പ്രദേശങ്ങൾ കനത്ത മഴയ്ക്കു ശേഷം എത്തിച്ചേരാനാവാത്ത അവസ്‌ഥയിലായതിനാൽ അദ്ദേഹത്തോട് ഞാൻ ഫോണിലാണ് സംസാരിച്ചത്. എന്നാൽ ഈ വർഷം മെയ് മാസം ഞാൻ അവിടെ ചെന്നിരുന്നു. ചന്ദർ ഗ്രാമത്തിൽ നിന്നുള്ള ബ്രോക്പാ ഇടയനായ നാഗുലി സോപ്പയോടൊപ്പം കുത്തനെയുള്ള മലനിരകൾക്കുമുകളിൽ നിന്നുകൊണ്ട് പശ്ചിമ കാമെംഗ് ജില്ലയിലെ ഇടതൂർന്ന വനങ്ങളിലേക്ക് നോക്കിയിരുന്നു. അദ്ദേഹത്തിന്‍റെ സമുദായത്തിന്‍റെ ഭൂരിഭാഗവും ഇവിടെയും തവാങ് ജില്ലയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
"മാഗോയിലുള്ള ഞങ്ങളുടെ വേനൽ മേച്ചില്പുറങ്ങളിലേക്ക് ഇവിടെ നിന്ന് നീണ്ട യാത്രയുണ്ട്," അമ്പതിനോടടുത്തു പ്രായമുള്ള നാഗുലി പറഞ്ഞു. "കാടുകളിലൂടെ 3-4 രാത്രികൾ നടന്നാണ് അവിടെയെത്തുക. മുമ്പ് (10-15 വർഷങ്ങൾക്ക് മുമ്പ്) മേയിലോ ജൂണിലോ ആണ് ഞങ്ങൾ (ഉയരങ്ങളിലേക്കുള്ള കുടിയേറ്റത്തിന്) പുറപ്പെടാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾ നേരത്തെ, ഫെബ്രുവരി-മാർച്ച് മാസങ്ങളോടുകൂടി പുറപ്പെടണം. തിരികെ വരുന്നതും 2-3 മാസം വൈകിയാണ്."
കനത്ത മൂടല്‍മഞ്ഞുള്ള കാടുകളിലേക്ക് നല്ലയിനം മുള ശേഖരിക്കാനുള്ള ഒരു നീണ്ട യാത്രയിൽ നാഗുലിയോടൊപ്പം പോയപ്പോൾ അദ്ദേഹം കൂടുതൽ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചു. "വേനലിനു നീളം കൂടിയതിനാൽ യാക്കുകളെ ചികിത്സിക്കാനുപയോഗിക്കുന്ന ചില നാടൻ ഔഷധസസ്യങ്ങൾ ഇപ്പോൾ വളരുന്നില്ല," അദ്ദേഹം പറഞ്ഞു. "അവയുടെ രോഗങ്ങൾ ഞങ്ങൾ ഇനിയെങ്ങനെ ചികിത്സിക്കും?"
അരുണാചൽ സാധാരണയായി സമ്പന്നമായി മഴ ലഭിക്കുന്ന സംസ്ഥാനമാണ്. പ്രതിവർഷം ശരാശരി 3,000 മില്ലിമീറ്ററിലധികം മഴ ഇവിടെ പെയ്യുന്നു. എന്നാൽ കഴിഞ്ഞ ദശകത്തിൽ കുറെ വർഷങ്ങളായി മഴയുടെ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്, കുറഞ്ഞത് നാല് വർഷങ്ങളിലെങ്കിലും 25 മുതൽ 30 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട് എന്നാണ്. എന്നാൽ ഈ വർഷം ജൂലൈയിൽ, പേമാരിയിൽ പല റോഡുകളും മുങ്ങുകയോ ഒലിച്ചുപോകുകയോ ചെയ്തു.
ഈ അസ്‌ഥിരതകൾക്കിടയിൽ സ്‌ഥിരമായുള്ളത് ഉയരുന്ന താപനിലയാണ്.

‘വേനലിനു നീളം കൂടിയതിനാൽ യാക്കുകളെ ചികിത്സിക്കാനുപയോഗിക്കുന്ന ചില നാടൻ ഔഷധസസ്യങ്ങൾ ഇപ്പോൾ വളരുന്നില്ല , അവയുടെ രോഗങ്ങൾ ഞങ്ങൾ ഇനിയെങ്ങനെ ചികിത്സിക്കും ? ’, പശ്ചിമ കാമെംഗിലെ ഉയർന്ന പ്രദേശങ്ങളിലുള്ള പുൽമേടുകളിൽ തന്‍റെ കന്നുകാലികളെ മേയിക്കുന്നതിനിടയിൽ ചായ കുടിക്കുന്ന സമയത്ത് നാഗുലി സോപ്പ പറയുന്നു.
2014-ൽ വിസ്കോൺസിൻ-മാഡിസൺ സർവകലാശാല നടത്തിയ പഠനത്തിൽ കിഴക്കൻ ടിബറ്റൻ പീഠഭൂമിയിലെ (അരുണാചൽ സ്ഥിതിചെയ്യുന്ന ബൃഹത് ഭൂമിശാസ്ത്ര മേഖല) താപനിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ദിവസേനയുള്ള കുറഞ്ഞ താപനില “കഴിഞ്ഞ 24 വർഷങ്ങളിൽ (1984 നും 2008 നും ഇടയിൽ) വളരെയധികം വർദ്ധിക്കുകയുണ്ടായി”. കഴിഞ്ഞ 100 വർഷങ്ങൾക്കുള്ളിൽ ദിവസേനയുള്ള കൂടിയ താപനില 5 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ വർദ്ധിക്കുകയും ചെയ്തു.
"ക്രമം തെറ്റിയ കാലാവസ്‌ഥയെ നേരിടാൻ ഞങ്ങൾ പരിശ്രമിക്കുന്നു," വഴിയിൽ വച്ച് കണ്ട, മുപ്പതുകളിൽ പ്രായം വരുന്ന സെറിംഗ് ഡോണ്ടപ് എന്ന മറ്റൊരിടയൻ പറഞ്ഞു. "ഞങ്ങളിപ്പോൾ രണ്ടു മൂന്നു മാസം വൈകിയാണ് താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറുന്നത്. ഞങ്ങൾ മേച്ചിൽപ്പുറങ്ങളെ കൂടുതൽ ശാസ്ത്രീയമായി (അവിടിവിടെയായി മേയുന്നതിനു പകരം ക്രമമായി സ്‌ഥലങ്ങൾ തിരഞ്ഞെടുത്തുകൊണ്ട്) ഉപയോഗിക്കുന്നു."
അദ്ദേഹത്തെപ്പോലെ, ബ്രോക്പയിലെ ഭൂരിപക്ഷത്തിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയാം. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് അവർ ചർച്ച ചെയ്യുന്നില്ല, പക്ഷേ അത് ചെയ്യുന്ന നാശനഷ്ടങ്ങൾ മനസിലാക്കുന്നു. അവർ ഇതിനോട് പൊരുത്തപ്പെടാൻ വിവിധ ഉപായങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് നിരവധി ഗവേഷകർ പറയുന്നു, ഇത് പ്രോത്സാഹനജനകമായ കാര്യമാണ്. ഈ സമൂഹത്തെ നിരീക്ഷിച്ച ഒരു ഗവേഷക സംഘം 2014 ൽ ഇന്ത്യൻ ജേണൽ ഓഫ് ട്രെഡീഷണൽ നോളജിൽ ഇത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശ്ചിമ കാമെംഗിലെ 78.3 ശതമാനം ബ്രോക്പാസും തവാങിലെ 85 ശതമാനവും - അതായത് അരുണാചലിലെ ഈ നാടോടികളായ സമൂഹത്തിന്‍റെ 81.6 ശതമാനം - “മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയെക്കുറിച്ച് ബോധവാന്മാരായിരുന്നു” എന്നാണ് അവരുടെ ഗവേഷണ നിഗമനം. ഇതിൽ 75 ശതമാനത്തിലധികം പേരും “കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ഒരു അനുകൂലന തന്ത്രമെങ്കിലും (adaptation strategy) സ്വീകരിച്ചതായി പ്രസ്താവിച്ചു.”
ഗവേഷകർ മറ്റു തന്ത്രങ്ങളും നിരീക്ഷിക്കുന്നു - ‘കാലിക്കൂട്ട-വൈവിധ്യവൽക്കരണം’ (herd-diversification), കൂടുതൽ ഉയരത്തിലേക്കുള്ള കുടിയേറ്റം, കുടിയേറ്റ കലണ്ടറിലെ മാറ്റങ്ങൾ എന്നിവ പോലുള്ളവ. ഇവരുടെ പ്രബന്ധം "കാലാവസ്ഥാ വ്യതിയാനത്തിന്‍റെ പ്രതികൂല പ്രത്യാഘാതങ്ങളെ” പ്രതിരോധിക്കാനുള്ള "10 നേരിടല്‍ സംവിധാനങ്ങളെ" (10 coping mechanisms) കുറിച്ചു പറയുന്നു. മേച്ചൽപുറങ്ങളുടെ ഉപയോഗത്തിലെ മാറ്റങ്ങൾ, കൂടുതൽ ഉയരത്തിലുള്ള മേച്ചൽസ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കൽ, പരിഷ്കരിച്ച കന്നുകാലി വളർത്തൽ രീതികൾ, കന്നുകാലി-യാക്ക് സങ്കരയിനത്തിന്‍റെ വികസനം എന്നിവയാണ് മറ്റ് തന്ത്രങ്ങൾ. ഇത് കൂടാതെ പുല്ല് കുറവാണെങ്കിൽ മറ്റ് പൂരകങ്ങൾ കന്നുകാലികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, അവയ്ക്കായി പുതിയ ആരോഗ്യപരിപാലന രീതികൾ കൊണ്ടുവരിക, അധിക വരുമാനത്തിനായി റോഡ് നിർമ്മാണ തൊഴിൽ, ചെറുകിട കച്ചവടങ്ങൾ, പഴശേഖരണം എന്നിവയൊക്കെ കണ്ടെത്തുക എന്നിവയും ഇവരുടെ ചെറുത്തുനിൽപ്പിന്‍റെ ഭാഗങ്ങളാണ്.
ഇവയിലേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ അല്ലെങ്കില്‍ മുഴുവന്‍ മാര്‍ഗ്ഗങ്ങളും പ്രവർത്തിക്കുമോ അതോ മറ്റു വലിയ പ്രക്രിയകളില്‍ അവ ആഴ്ന്നു പോകുമോ എന്നറിയാൻ ഒരു മാര്‍ഗ്ഗവുമില്ല. പക്ഷെ അവർ ശ്രമിക്കുന്നു, അതല്ലാതെ അവർക്ക് മറ്റു മാർഗ്ഗമില്ല. യാക്ക് സമ്പദ്‌വ്യവസ്ഥയുടെ തകർച്ച മൂലം ശരാശരി കുടുംബത്തിന് വാർഷിക വരുമാനത്തിന്‍റെ 20-30 ശതമാനം നഷ്ടമാകുന്നതായി ഇവർ എന്നോട് പറഞ്ഞു. പാൽ ഉൽപാദനത്തിൽ കുറവുണ്ടാകുന്നത് കൊണ്ട് വീട്ടിൽ ഉണ്ടാക്കുന്ന നെയ്യ്, ചുർപി (പുളിപ്പിച്ച യാക്ക് പാലിൽ നിന്നുള്ള ചീസ്) എന്നിവയുടെ അളവും കുറയുന്നു. സോമോ ശക്തിയുള്ളവയായിരിക്കാം, പക്ഷേ പാലിന്‍റെയും പാല്‍ക്കട്ടിയുടെയും ഗുണനിലവാരത്തിലും മതപരമായ പ്രാധാന്യത്തിലും ഇവയെ യാക്കുമായി താരതമ്യം ചെയ്യാനാകില്ല.
"യാക്കിന്‍റെ കൂട്ടങ്ങൾ ചുരുങ്ങുകയോ നാശം നേരിടുകയോ ചെയ്യുമ്പോൾ ബ്രോക്പകളുടെ വരുമാനവും കുറയുന്നു," മെയ് മാസ സന്ദര്‍ശനവേളയില്‍ പേമ വാംഗെ പറഞ്ഞു. "[വാണിജ്യാടിസ്ഥാനത്തില്‍ സംസ്കരിച്ച] പാക്ക് ചെയ്ത പാല്‍ക്കട്ടി ഇപ്പോൾ പ്രാദേശിക വിപണിയിൽ എളുപ്പത്തിൽ ലഭ്യമാണ്. അതിനാൽ ചുർപി വിൽപ്പനയും ഇടിഞ്ഞു. രണ്ടു വശങ്ങളിൽ നിന്നും ബ്രോക്പ നഷ്ടം നേരിടുന്നു."
ആ പ്രാവശ്യം തിരികെ പോരുന്നതിനു തൊട്ടുമുമ്പ് ഞാൻ 11 വയസ്സുകാരനായ നോർബു തുപ്റ്റനെ കണ്ടുമുട്ടി. തന്‍റെ കന്നുകാലിക്കൂട്ടത്തോടൊപ്പം ബ്രോക്പ കുടിയേറുന്ന പാതയ്ക്കടുത്തുള്ള ഒറ്റപ്പെട്ട തുമ്രി ഗ്രാമത്തിലായിരുന്നു അവൻ. "എന്‍റെ മുത്തച്ഛന്‍റെ സമയമായിരുന്നു ഏറ്റവും നല്ലത്," അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. ഒരുപക്ഷെ പ്രായമായവരുടെ വാക്കുകൾ പ്രതിഫലിപ്പിക്കുന്നവണ്ണം അവന്‍ ഇങ്ങനെ കൂട്ടിച്ചേർത്തു: “കൂടുതൽ മേച്ചിൽപ്പുറവും കുറച്ച് ആളുകളും. ഞങ്ങൾക്ക് അതിർത്തി നിയന്ത്രണങ്ങളോ കാലാവസ്ഥാ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ലെന്ന് മുതിർന്നവർ പറയുന്നു. എന്നാൽ സന്തോഷകരമായ ദിവസങ്ങൾ ഇപ്പോൾ ഗൃഹാതുരത്വം മാത്രമാണ്."

മോൺപ ഗോത്രത്തിലെ ഇടയന്മാരുടെ ഒറ്റപ്പെട്ട സമൂഹമായ , അരുണാചൽ പ്രദേശിലെ പശ്ചിമ കാമെംഗ്, തവാങ് ജില്ലകളിലെ ബ്രോക്പകൾ പർവ്വതങ്ങളിൽ 9,000 മുതൽ 15,000 അടി വരെ ഉയരങ്ങളിലാണ് ജീവിക്കുന്നത്. വർദ്ധിച്ചുവരുന്ന പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്കൊപ്പം അവരുടെ കുടിയേറ്റ രീതികൾ മാറിക്കൊണ്ടിരിക്കുകയാണെന്ന് അവർ പറയുന്നു

മുതിർന്നവർ കുടിയേറാൻ തയ്യാറെടുക്കുമ്പോള്‍ ചെറുപ്പക്കാരുടെ ഒരു കൂട്ടം ഭക്ഷണ സാമഗ്രികൾ പൊതിഞ്ഞെടുക്കുന്നു . "എല്ലാം വൈകുന്നു," പേമ വാംഗെ പറയുന്നു. "വേനൽ വൈകിവരുന്നു. മഞ്ഞുവീഴ്ചയും വൈകുന്നു. അതോടൊപ്പമുള്ള കുടിയേറ്റവും വൈകുന്നു"

ചന്ദർ ഗ്രാമത്തിന് പുറത്ത് ഒരു കൂട്ടം ബ്രോക്പ കാലിപരിപാലകര്‍ കുടിയേറാനുള്ള പാതയെക്കുറിച്ച് സംസാരിക്കുന്നു . ഉയരങ്ങളിലെ മഞ്ഞുരുകുന്നത് വൈകിയായതിനാൽ ഇപ്പോൾ ഇവർക്ക് പലപ്പോളും പാത മാറ്റുകയോ തങ്ങളുടെ കാലിക്കൂട്ടത്തോടൊപ്പം വഴിയിൽ കാത്തിരിക്കുകയോ ചെയ്യേണ്ടി വരുന്നു

ഉയരത്തിലുള്ള മൂന്ന് ചുരങ്ങൾ അടങ്ങിയ പാതയിലൂടെ മാഗോയിലെ മേച്ചിൽപ്പുറത്തേക്ക് പോകുന്ന ഒരു കൂട്ടം ബ്രോക്പ ഇടയന്മാർ : ‘മുമ്പ് ഞങ്ങൾ മേയിലോ ജൂണിലോ ആണ് പുറപ്പെടാറുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഞങ്ങൾ നേരത്തെ, ഫെബ്രുവരി-മാർച്ച് മാസങ്ങളോടെ പുറപ്പെടണം, തിരികെ വരുന്നതും 2-3 മാസം വൈകിയാണ്’

ലഗാം ഗ്രാമത്തിനടുത്തുള്ള വനങ്ങളിൽ താഷി സിറിംഗ് സോമോയുടെ പാൽ കറക്കുന്നു . സോമോകൾക്ക് ചൂട് കൂടുതൽ ചെറുക്കാനും താഴ്ന്ന പ്രദേശങ്ങളോട് കൂടുതൽ പൊരുത്തപ്പെടാനും കഴിയുമായിരിക്കാം, എന്നാൽ പാലിന്‍റെയും പാല്‍ക്കട്ടിയുടെയും ഗുണനിലവാരത്തിലും മതപരമായ പ്രാധാന്യത്തിലും ഇവ യാക്കുകൾക്കൊപ്പം വരില്ല. ഇവ താരതമ്യേന വലിപ്പം കുറഞ്ഞവയും കൂടുതൽ രോഗബാധ പ്രവണതയുള്ളവയുമാണ്. ഇത് ബ്രോക്പ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്നു

കാട്ടിൽ പഴങ്ങൾ ശേഖരിച്ചു മടങ്ങുമ്പോൾ : മാറ്റങ്ങളെ നേരിടായി ബ്രോക്പ ഇടയന്മാർ റോഡ് നിർമ്മാണ തൊഴിൽ, ചെറുകിട ബിസിനസുകൾ, ചെളി നിറഞ്ഞ റോഡുകളിൽ മണിക്കൂറുകളോളം നടന്നുള്ള പഴങ്ങള്‍ ശേഖരണം എന്നിവ പോലുള്ള മറ്റ് വരുമാന സ്രോത സ്സുകളിലേക്ക് തിരിയുന്നു

കാട്ടിൽ നിന്ന് മുളകൾ ശേഖരിച്ച ശേഷം മടങ്ങുമ്പോൾ : ബ്രോക്പയുടെ ദൈനംദിന ജീവിതത്തിൽ മുളകൾ വളരെ പ്രധാനമാണ്. അവ താൽക്കാലിക അടുക്കളകളും വീട്ടുപകരണങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കപ്പെടുന്നു. എന്നാൽ അവരുടെ ജീവിതത്തിലെ ഈ താളങ്ങളെല്ലാം പതുക്കെ മാറി വരികയാണ്

മലയിറങ്ങുന്നതിനിടയിൽ ചത്തു പോയ ഒരു ‘സോ’യോടോപ്പം ബ്രോക്പാ ഇടയൻ . ഈ ഉയരങ്ങളിൽ ഭക്ഷണത്തിന്‍റെ ലഭ്യത കുറവായതിനാൽ അവർ ഒന്നും പാഴാക്കുന്നില്ല

ബ്രോക്പ അടുക്കളയിൽ എപ്പോഴും തീയുണ്ടാകും . കഠിനമായ ശൈത്യത്തിൽ അവരെയും അവരുടെ മൃഗങ്ങളെയും ഊഷ്മളമായിരിക്കാൻ ഇത് സഹായിക്കുന്നു. 2014-ൽ നടത്തിയ ഒരു പഠനത്തിൽ ഈ പ്രദേശത്തെ ദിവസേനയുള്ള കുറഞ്ഞ താപനില 1984 നും 2008 നും ഇടയിൽ വളരെയധികം വർദ്ധിക്കുകയുണ്ടായി എന്ന് നിരീക്ഷിക്കുന്നു. മാത്രമല്ല, കഴിഞ്ഞ 100 വർഷങ്ങൾക്കുള്ളിൽ ദിവസേനയുള്ള കൂടിയ താപനില 5 ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ വർദ്ധിക്കുകയും ചെയ്തു

പരമ്പരാഗത വെണ്ണയായ ‘ചുർപി’യുമായി നാഗുലി സോപ വീട്ടിൽ . യാക്കുകളുടെ എണ്ണം കുറയുന്നതും അടുത്തുള്ള വിപണികളിലുള്ള പാക്ക് ചെയ്ത പാല്‍ക്കട്ടിയുടെ ലഭ്യതയും കാരണം ബ്രോക്പകളുടെ ഈ പ്രധാന വരുമാന മാർഗ്ഗം കുറഞ്ഞുവരുന്നു

ചന്ദറിലെ വീട്ടിൽ : ലേകി സുസുക്കും, നാഗുലി സോപ്പയും. ബ്രോക്പാ ദമ്പതികൾ ഒരുമിച്ചു താമസം തുടങ്ങുമ്പോൾ മേച്ചിലിടങ്ങളുടെ പരമാവധി ഉപയോഗത്തിനായി അവർ തങ്ങളുടെ കന്നുകാലിക്കൂട്ടങ്ങളെ ഒരുമിച്ചു ചേർക്കുന്നു

കൊച്ചു നോർബു , ലേകി സുസുക്കിന്‍റെയും നാഗുലി സോപ്പയുടെയും ഇളയ മകൻ, കൊടുങ്കാറ്റിൽ കുട പിടിച്ചുനിർത്താൻ യത്നിക്കുന്നു
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് യു.എന്‍.ഡി.പി.യുടെ സഹായത്തോടെ പാരി നടത്തുന്ന ദേശീയവ്യാപകമായ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റ് പ്രസ്തുത പ്രതിഭാസത്തെ സാധാരണക്കാരുടെ ശബ്ദങ്ങളിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിന്‍റെ ഭാഗമാണ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ zahra@ruralindiaonline.org എന്ന മെയിലിലേക്ക് , namita@ruralindiaonline.org എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
പരിഭാഷ: പി. എസ്. സൗമ്യ