വടക്കൻ തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ തീരപ്രദേശത്തുള്ള വിഗ്രഹങ്ങളെ സംരക്ഷിക്കുന്നത് കന്നിസാമിയാണ്. മുക്കുവ സമുദായത്തിലെ ആളുകളുടെ അതേ രൂപത്തിലാണ് ഈ മൂർത്തിയും. നിറമുള്ള ഷർട്ടും, തലയിൽ ഒരു തൊപ്പിയുമായിട്ടാണ് ആ രൂപം. കടലിൽ പോകുന്നതിനുമുൻപ്, സുരക്ഷിതമായി തിരിച്ചെത്താൻ അവർ പ്രാർത്ഥിക്കുന്നത് കന്നിസാമിയോടാണ്.
വിവിധ രൂപത്തിലാണ് മത്സ്യബന്ധന സമൂഹത്തിലെ കുടുംബങ്ങൾ കന്നിസാമിയെ ആരാധിക്കുന്നത്. വടക്കൻ ചെന്നൈ മുതൽ പഴവേർകാടുവരെ (പുലികാട് എന്നും പറയും) പ്രചാരമുള്ള അനുഷ്ഠാനമാണ് ആ ആരാധന.
എന്നൂർ കുപ്പത്തിലെ മുക്കുവർ ഏഴ് കിലോമീറ്റർ അകലെയുള്ള അതിപാട്ട് പോയിട്ടാണ് കന്നിസാമിയുടെ വിഗ്രഹങ്ങൾ കൊണ്ടുവരുന്നത്. എല്ലാവർഷവും ജൂണിൽ നടക്കുന്ന ഈ ഉത്സവം ഒരാഴ്ച നീണ്ടുനിൽക്കുന്നു. 2019-ലെ ഈ യാത്രയിൽ ആ ഗ്രാമത്തിലുള്ള മുക്കുവരുടെ കൂടെ ഞാനും പോയി. വടക്കൻ ചെന്നൈയിലെ തെർമൽ പവർ പ്ലാന്റിനടുത്തുള്ള കോസസ്ഥലൈയാറിൽ ഇറങ്ങി അതിപാട്ട് ഗ്രാമത്തിലേക്ക് നടന്നു.
കന്നിസാമിയുടെ നിരവധി വിഗ്രഹങ്ങൾ ഒന്നാം നിലയിൽ നിരത്തിവെച്ചിരിക്കുന്ന ഒരു ഇരുനില വീടിന്റെയടുത്ത് ഞങ്ങളെത്തി. വെള്ളത്തുണികൊണ്ട് പൊതിഞ്ഞുവെച്ചിരുന്നു വിഗ്രഹങ്ങൾ. വരകളുള്ള വെള്ളഷർട്ടും, വേഷ്ടിയും, നെറ്റിയിൽ ഭസ്മവും പൂശിയ 40-ന്റെ മധ്യത്തിലെത്തിയ ഒരാൾ, കർപ്പൂരം കത്തിച്ച് വിഗ്രഹങ്ങളുടെ മുമ്പിൽ നിൽക്കുന്നു. ഓരോ മുക്കുവരുടേയും തോളത്ത് ഓരോ വിഗ്രഹങ്ങൾ വെക്കുന്നതിനുമുൻപ്, അദ്ദേഹം പൂജ നടത്തുന്നു.

വടക്കൻ തമിഴ് നാടിന്റെ തീരപ്രദേശത്തെ മുക്കുവ സമുദായങ്ങൾ ആരാധിക്കുന്ന കന്നിസാമിയുടെ വിഗ്രഹങ്ങൾ നിർമ്മിക്കുകയാണ് ദില്ലി അണ്ണൻ
ആദ്യമായിട്ടാണ് ദില്ലി അണ്ണനെ ഞാൻ പരിചയപ്പെടുനത്. സാഹചര്യങ്ങൾമൂലം അദ്ദേഹവുമായി സംസാരിക്കാൻ എനിക്കായില്ല. തോളത്ത് വിഗ്രഹങ്ങളും ചുമന്ന് നടക്കുന്ന മുക്കുവരോടൊപ്പം ഞാൻ തിരിച്ചുപോന്നു. കോസസ്തലൈയാറിലേക്ക് നാലുകിലോമീറ്റർ നടക്കണം. പിന്നെ, ഒരു മൂന്ന് കിലോമീറ്റർ ബോട്ടുസവാരി നടത്തിയാൽ എന്നൂർ കുപ്പത്തെത്താം.
ഗ്രാമത്തിൽ തിരിച്ചെത്തിയയുടൻ, മുക്കുവർ വിഗ്രഹങ്ങൾ ഒരു അമ്പലത്തിന്റെ സമീപത്ത് വെച്ചു. അനുഷ്ഠാനങ്ങളും പൂജകളും നടത്താനുള്ള സാധനങ്ങളെല്ലാം വിഗ്രഹങ്ങളുടെ മുമ്പിൽ വെച്ചു. ഇരുട്ട് പരന്നതോടെ, ദില്ലി അണ്ണൻ കുപ്പത്ത് എത്തി. ഗ്രാമീണർ വിഗ്രഹങ്ങളുടെ ചുറ്റും കൂടാൻ തുടങ്ങി. ദില്ലി അണ്ണൻ വിഗ്രഹങ്ങൾ പൊതിഞ്ഞിരിക്കുന്ന വെള്ളത്തുണി മാറ്റി, കൺമഷികൊണ്ട് കന്നിസാമിയുടെ കൃഷ്ണമണികൾ വരയ്ക്കാൻ തുടങ്ങി. വിഗ്രഹങ്ങളുടെ കണ്ണ് തുറപ്പിക്കുന്ന പ്രതീകാത്മകമായ ചടങ്ങാണത്. അതിനുശേഷം അദ്ദേഹം ഒരു കോഴിയുടെ കഴുത്ത് കടിച്ച് പൊട്ടിച്ചു. ദോഷങ്ങളെ അകറ്റാനുള്ള ബലികർമ്മമാണ് ആ ചടങ്ങ്.
പിന്നീട്, കന്നിസാമി വിഗ്രഹങ്ങളെ ഗ്രാമത്തിന്റെ അറ്റത്തേക്ക് കൊണ്ടുപോകും.
എന്നൂരിലെ തീരപ്രദേശവും കണ്ടൽക്കാടുകളും നിരവധിയാളുകളെ എനിക്ക് പരിചയപ്പെടുത്തിത്തന്നിട്ടുണ്ട്. ദില്ലി അണ്ണൻ ഒരു പ്രമുഖവ്യക്തിയാണ്. കന്നിസാമി വിഗ്രഹങ്ങളുണ്ടാക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചയാളാന് അദ്ദേഹം.. 2023 മേയ് മാസം, അതിപറ്റ് ഗ്രാമത്തിലെ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയപ്പോൾ, അലമാരയിൽ വീട്ടുസാധനങ്ങളോ അലങ്കാരങ്ങളോ ഒന്നും കാണാൻ കഴിഞ്ഞില്ല. വിഗ്രഹങ്ങളും, കളിമണ്ണും നെല്ലിന്റെ തൊണ്ടുകളും മാത്രം. മണ്ണിന്റെ മണം വീട്ടിൽ നിറഞ്ഞുനിന്നു.
കന്നിസാമി വിഗ്രഹമുണ്ടാക്കാനായി ആദ്യം, ഗ്രാമാതിർത്തിയിൽനിന്ന് ഒരു കൈപ്പിടി മണ്ണെടുത്ത് കളിമണ്ണുമായി ചേർക്കണം. “ഇത് ചെയ്താൽ ദൈവത്തിന്റെ ശക്തി ആ ഗ്രാമത്തിനുണ്ടാകുമെന്നാണ് വിശ്വാസം”, എന്ന് 44 വയസ്സുള്ള ദില്ലി അണ്ണൻ പറയുന്നു. “തലമുറ തലമുറകളായി എന്റെ കുടുംബമാണ് കന്നിസാമിയുടെ വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്. അച്ഛൻ ജീവിച്ചിരുന്നപ്പോൾ എനിക്കിതിൽ ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. 2011-ൽ അച്ഛൻ മരിച്ചു. അപ്പോൾ, ഇനി ഞാൻ വേണം ഇത് തുടരാൻ എന്ന് ആളുകൾ എന്നെ നിർബന്ധിക്കാൻ തുടങ്ങി. അതുകൊണ്ടാണ് ഞാനിത് ഏറ്റെടുത്തത്. ഇത് ചെയ്യാൻ മറ്റാരുമില്ല”.

വിഗ്രഹങ്ങളുണ്ടാക്കാനുള്ള അസംസ്കൃതവസ്തുവായ കളിമണ്ണിന്റെ ഗന്ധം തിരുവള്ളൂർ ജില്ലയിലെ അതിപറ്റ ഗ്രാമത്തിലെ ദില്ലി അണ്ണന്റെ വീട്ടിൽ തങ്ങിനിന്നിരുന്നു


കന്നിസാമിയുടെ വിഗ്രഹങ്ങളുണ്ടാക്കാൻ ദില്ലി അണ്ണൻ ഉപയോഗിക്കുന്ന കളിമണ്ണും(ഇടത്ത്) നെല്ലിന്റെ തൊണ്ടുകളും (വലത്ത്)
10 ദിവസത്തിനുള്ളിൽ, ദിവസവും എട്ടുമണിക്കൂർ ജോലിയെടുത്ത്, ഒരേസമയം 10 വിഗ്രഹങ്ങൾവരെ തയ്യാറാക്കാൻ ദില്ലി അണ്ണയ്ക്ക് കഴിയും. വർഷത്തിൽ 90 വിഗ്രഹങ്ങൾ ഉണ്ടാക്കാറുണ്ട് അദ്ദേഹം. “ഒരു വിഗ്രഹമുണ്ടാക്കാൻ എനിക്ക് 10 ദിവസം വേണം. ആദ്യം കളിമണ്ണ് ഉടയ്ക്കണം, പിന്നെ അതിലെ കല്ലുകൾ മാറ്റി, കഴുകി, മണ്ണും നെൽക്കറ്റകളും ചേർത്ത് കളിമണ്ണ് കുഴയ്ക്കണം”, ദില്ലി അണ്ണൻ വിശദീകരിക്കുന്നു. രൂപങ്ങൾക്ക് ബലം നൽകാനാണ് നെൽക്കറ്റകൾ ഉപയോഗിക്കുന്നത്. അടുക്കടുക്കായി അത് വിഗ്രഹങ്ങളിൽ വെക്കുന്നു.
“വിഗ്രഹം ഉണ്ടാക്കുന്നതുമുതൽ തയ്യാറാവുന്നതുവരെ, ഞാൻ ഒറ്റയ്ക്ക് വേണം ചെയ്യാൻ. ഒരു സഹായിയെ വെക്കാനുള്ള പൈസ എന്റെ കൈയ്യിലില്ല, അദ്ദേഹം പറയുന്നു. “മുഴുവൻ ജോലിയും തണലത്തിരുന്നുവേണം ചെയ്യാൻ. സൂര്യവെളിച്ചത്തിന്റെ താഴെ ഇരുന്ന് ചെയ്താൽ കളിമണ്ണ് ഉറയ്ക്കില്ല, പൊടിഞ്ഞുപോകും. വിഗ്രഹങ്ങൾ തയ്യാറായാൽ ചൂളയിലേക്കെടുത്ത് ചുടും. ഏകദേശ, 18 ദിവസമെടുക്കും പണി പൂർത്തിയാവാൻ”.
അതിപറ്റിന് ചുറ്റുമുള്ള ഗ്രാമങ്ങളിലേക്കും, പ്രത്യേകിച്ച്, എന്നൂർ കുപ്പം, മുഗതിവരെ കുപ്പം, താഴംകുപ്പം, കാട്ടുകുപ്പം, മേട്ടുകുപ്പം, പാൽത്തൊട്ടിക്കുപ്പം, ചിന്നകുപ്പം, പെരിയകുപ്പം എന്നിവിടങ്ങളിലേക്കും ദില്ലി അണ്ണൻ വിഗ്രഹങ്ങൾ വിതരണം ചെയ്യുന്നു.
ഉത്സവസമയത്ത്, ഈ ഗ്രാമങ്ങളിൽനിന്നുള്ളവർ കന്നിസാമി വിഗ്രഹങ്ങളെ അവരുടെ ഗ്രാമാതിർത്തികൾക്ക് നേദിക്കുന്നു. ചിലർക്ക് പുരുഷവേഷത്തിലുള്ള കന്നിസാമി വിഗ്രഹമാണ് വേണ്ടതെങ്കിൽ, മറ്റ് ചിലർ ആവശ്യപ്പെടുക, വിവിധ പേരുകളിൽ അറിയപ്പെടുന്ന സ്ത്രീ കന്നിസാമി വിഗ്രഹങ്ങളായിരിക്കും. പാപാത്തി അമ്മൻ, ബൊമ്മതി അമ്മൻ, പിച്ചൈ അമ്മൻ എന്നീ പേരുകളിലുള്ള സ്ത്രീരൂപങ്ങളെ. കുതിരപ്പുറത്തോ ആനപ്പുറത്തോ ഇരിക്കുന്ന രീതിയിലുള്ള ഗ്രാമദൈവങ്ങളെയാണ് ഗ്രാമീണർക്ക് ഇഷ്ടം. തൊട്ടടുത്ത്, ഒരു നായയുടെ രൂപവുമുണ്ടായിരിക്കും. ദൈവങ്ങൾ രാത്രി വന്ന് കളികളിലേർപ്പെടുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. രാവിലെ നോക്കിയാൽ വിഗ്രഹങ്ങളുടെ കാലുകളിൽ പൊട്ടലുകൾ കാണുകയും ചെയ്യാമത്രെ.
“ചില സ്ഥലങ്ങളിൽ, അവർ (മുക്കുവർ) എല്ലാ വർഷവും പഴയ കന്നിസാമി വിഗ്രഹങ്ങൾ മാറ്റി പുതിയ വിഗ്രഹങ്ങൾ പകരം വെക്കും. ചില മുക്കുവർ ഈരണ്ട് വർഷം കൂടുമ്പോഴോ, മറ്റ് ചിലർ നാലുവർഷത്തിലൊരിക്കലോ ആവും വിഗ്രഹങ്ങൾ മാറ്റുക”, ദില്ലി അണ്ണൻ പറഞ്ഞു.

വിഗ്രഹങ്ങൾ ഉണ്ടാക്കാനുള്ള കളിമണ്ണ് തയ്യാറാക്കുന്ന ദില്ലി അണ്ണ. ‘തലമുറകളായി ഞങ്ങളുടെ കുടുംബമാണ് കന്നിസാമി വിഗ്രഹങ്ങളുണ്ടാക്കുന്നത്’


തലമുറകളായി കുടുംബത്തിൽ സൂക്ഷിക്കുന്ന ഒരു ഉലക്ക (ഇടത്ത്) ഉപയോഗിച്ചാണ് വിഗ്രഹത്തിന്റെ കാലുകളാക്കി മാറ്റാൻ കളിമണ്ണിനെ ചതയ്ക്കുന്നത്. കളിമണ്ണുകൊണ്ടുള്ള കാലുകൾ തണലത്ത് ഉണക്കാൻ വെച്ചിരിക്കുന്നു (വലത്ത്)
മുക്കുവർക്ക് വിഗ്രഹങ്ങൾ വിൽക്കുന്നത് ഈ ഗ്രാമങ്ങളിൽ ഇപ്പോഴും അവസാനിക്കുകയോ സാവധാനത്തിലാവുകയോ ചെയ്തിട്ടില്ലെങ്കിലും, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി താൻ തുടരുന്ന ഈ പരമ്പരാഗത തൊഴിൽ ആരേറ്റെടുക്കുമെന്ന് ദില്ലി അണ്ണന് തീർച്ചയില്ല. ചിലവേറിയ തൊഴിലാവുകയാണ് അദ്ദേഹത്തിന് ഈ പ്രവൃത്തി.”ഇന്നത്തെ കാലത്ത് ചിലവുകൾ വളരെ കൂടുതലാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള പണം ഞാൻ ചോദിച്ചാൽ, ഞാനെന്തുകൊണ്ടാണ് ഇത്രയധികം പൈസ ആവശ്യപ്പെടുന്നതെന്ന് ഉപഭോക്താക്കൾ ചോദിക്കും. എന്നാൽ ഈ തൊഴിലിലെ അദ്ധ്വാനം നമുക്ക് മാത്രമേ അറിയൂ”.
വടക്കൻ ചെന്നൈയുടെ തീരപ്രദേശങ്ങളിൽ ജലവൈദ്യുത പ്ലാന്റുകൾ വർദ്ധിച്ചതോടെ, ഭൂഗർഭജലത്തിൽ ഉപ്പുരസം കൂടുതലായി, ഇത് ഇവിടത്തെ കാർഷിക പ്രവൃത്തികളെയും അതിലൂടെ മണ്ണിന്റെ സ്വഭാവത്തെയും ബാധിക്കുന്നുണ്ട്. “ഈയിടെയായി എനിക്ക് കളിമണ്ണ് കിട്ടാറില്ല”, ദില്ലി അണ്ണൻ പരാതിപ്പെടുന്നു.
കളിമണ്ണ് വാങ്ങുന്നതും ചിലവുള്ളതാണെന്ന് അദ്ദേഹം പറയുന്നു. “കളിമണ്ണ് കിട്ടാനായി ഞാൻ വീടിന്റെയടുത്തുള്ള സ്ഥലം കുഴിക്കും. എന്നിട്ട് മണ്ണിട്ട് മൂടും”, കളിമണ്ണിനേക്കാൾ ചിലവ് കുറവാണ് മണ്ണിന്.
അതിപ്പറ്റിലെ ഒരേയൊരു വിഗ്രഹനിർമ്മാതാവായതുകൊണ്ട്, കളിമണ്ണ് കിട്ടാനായി പൊതുസ്ഥലങ്ങൾ കുഴിക്കാൻ പഞ്ചായത്തുമായി വിലപേശുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. “വിഗ്രഹമുണ്ടാക്കുന്നതിൽ ഏർപ്പെട്ട 10, 20 കുടുംബങ്ങലുണ്ടായിരുന്നെങ്കിൽ തടാകങ്ങളുടേയോ കുളങ്ങളുടേയോ സമീപത്ത് കുഴിക്കാൻ അനുവാദം ചോദിക്കാമായിരുന്നു. പഞ്ചായത്ത് സൌജന്യമായി കളിമണ്ണ് ഞങ്ങൾക്ക് തന്നേനേ. എന്നാൽ ഇപ്പോൾ ഞാൻ മാത്രമേ ഉള്ളു. അതുകൊണ്ട് വ്യക്തിപരമായ ആവശ്യത്തിനായി ചോദിക്കാൻ ബുദ്ധിമുട്ടാണ്. അതിനാൽ ഞാൻ വീടിന്റെ ചുറ്റുവട്ടത്തുനിന്ന് കളിമണ്ണെടുക്കുന്നു”.
വിഗ്രഹമുണ്ടാക്കാനുള്ള നെല്ലിന്റെ തോട് കിട്ടാനും ഇപ്പോൾ എളുപ്പമല്ല. കൈകൊണ്ടുള്ള നെല്ലുനടൽ ഇപ്പോൾ വളരെ കുറവാണ്. “യന്ത്രമുപയോഗിച്ച് വിളവെടുത്താൽ, നെല്ലിന്റെ തോട് അധികം കിട്ടില്ല. നെല്ലിന്റെ തൊണ്ട് കിട്ടിയാലേ പണി ചെയ്യാൻ പറ്റൂ. ഇല്ലെങ്കിൽ ഇല്ല”, അദ്ദേഹം പറയുന്നു. “ഞാൻ അന്വേഷിച്ച് നടക്കും. കൈകൊണ്ട് നടീൽ ചെയ്യുന്നവരിൽനിന്ന് ഒപ്പിക്കും. പൂപ്പാത്രങ്ങളു അടുപ്പുകളും ഉണ്ടാക്കുന്നത് ഞാൻ നിർത്തി. ആവശ്യക്കാർ ധാരാളമുണ്ടെങ്കിൽ എനിക്ക് ഉണ്ടാക്കാൻ സാധിക്കുന്നില്ല”.

വിഗ്രഹത്തിന്റെ അടിഭാഗത്തിന് നല്ല ബലവും ഉറപ്പും വേണം. അതിനാൽ വൈക്കോൽ, മണൽ, കളിമണ്ണ് എന്നിവയുടെ ഒരു ചേരുവയാണ് ദില്ലി അണ്ണൻ ഉപയോഗിക്കുന്നത്. വീടിന്റെ ചുറ്റുവട്ടത്തുഇന്നാണ് കളിമണ്ണ് അദ്ദേഹം സംഘടിപ്പിക്കുന്നത്. ‘ആദ്യം കളിമണ്ണ് ഉടച്ച്, കല്ലുകൾ അരിച്ചുമാറ്റി, വൃത്തിയാക്കി മണലും നെല്ലിന്റെ തൊണ്ടും കൂട്ടിച്ചേർക്കണം’


വിഗ്രഹത്തിന്റെ അടിഭാഗത്ത് കളിമണ്ണിന്റെയും വൈക്കോലിന്റെയും നെൽത്തൊണ്ടിന്റെയും ഒരു പാളികൂടി അധികം വെക്കുന്നു. ‘മുഴുവൻ ജോലിയും തണലത്തിരുന്നുവേണം ചെയ്യാൻ. സൂര്യവെളിച്ചത്തിന്റെ നേരെ താഴെ ഇരുന്ന് ചെയ്താൽ കളിമണ്ണ് ഉറയ്ക്കില്ല, പൊടിഞ്ഞുപോകും. വിഗ്രഹങ്ങൾ തയ്യാറായാൽ ചൂളയിലേക്കെടുത്ത് ചുടും’.
തന്റെ സമ്പാദ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നു. “ഗ്രാമത്തിൽനിന്ന് ഒരു വിഗ്രഹമുണ്ടാക്കാൻ എനിക്ക് കിട്ടുന്നത് 20,000 രൂപയാണ്. ചിലവെല്ലാം കഴിഞ്ഞാൽ, 4,000 രൂപ ശിഷ്ടംവരും. നാല് ഗ്രാമങ്ങൾക്കുവേണ്ടി വിഗ്രഹമുണ്ടാക്കിയാൽ എനിക്ക് 16,000 രൂപ സമ്പാദിക്കാം”.
ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള വേനൽക്കാലത്ത് മാത്രമേ ദില്ലി അണ്ണന് വിഗ്രഹങ്ങളുണ്ടാക്കാൻ സാധിക്കൂ. ആടിമാസത്തിൽ (ജൂലായ്) ഉത്സവം ആരംഭിക്കുമ്പോൾ വിഗ്രഹങ്ങൾ വാങ്ങാൻ ആളുകളെത്തും. “ആറേഴ് മാസമെടുത്ത് അദ്ധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒരു മാസത്തിൽ വിറ്റുപോകും. അടുത്ത അഞ്ച് മാസം പൈസയൊന്നും വരാനുണ്ടാവില്ല. വിഗ്രഹം വിറ്റാൽ മാത്രമേ പൈസ കിട്ടൂ”, മറ്റൊരു ജോലിയൊന്നും താൻ അന്വേഷിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ 7 മണിക്ക് അദ്ദേഹത്തിന്റെ ദിവസം ആരംഭിക്കും. എട്ടുമണിക്കൂർവരെ അത് നീളും. ഉണക്കാനിട്ട വിഗ്രഹങ്ങളിൽ എപ്പോഴും ഒരു കണ്ണുവേണം. അല്ലെങ്കിൽ അവ ചിലപ്പോൾ പൊട്ടിയേക്കാം. ജോലിയോടുള്ള തന്റെ ആത്മാർത്ഥത വെളിവാക്കുന്ന ഒരു കഥ അദ്ദേഹം എന്നോട് പറഞ്ഞു. “ഒരുദിവസം രാത്രി ശ്വാസം കിട്ടാൻ ബുദ്ധിമുട്ടി നല്ലവണ്ണം വേദനയനുഭവിച്ചു. രാവിലെ ഞാൻ ആശുപത്രിയിലേക്ക് സൈക്കിളിൽ പോയി. ഡോക്ടർമാർ എനിക്ക് ഗ്ലൂക്കോസ് കുത്തിവെച്ചു. എന്റെ സഹോദരൻ എന്നെ മറ്റൊരു ആശുപത്രിയിലേക്ക് സ്കാൻ ചെയ്യാൻ കൊണ്ടുപോയി. പക്ഷേ രാത്രി 11 മണിക്കേ സ്കാൻ ചെയ്യാൻ പറ്റൂ എന്ന് ജോലിക്കാർ പറഞ്ഞു”, ദില്ലി അണ്ണൻ പറഞ്ഞു. “വിഗ്രഹങ്ങൾ നോക്കേണ്ടതുള്ളതുകൊണ്ട് സ്കാൻ ചെയ്യാതെ തിരിച്ചുപോന്നു’വെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദില്ലി അണ്ണന്റെ കുടുംബത്തിന് 30 വർഷം മുമ്പ് കാട്ടുപള്ളി ഗ്രാമത്തിലെ ചെപാക്കം കോളനിയിൽ സ്വന്തമായി നാലേക്കർ ഭൂമിയുണ്ടായിരുന്നു ഒരുകാലത്ത്. ‘അന്ന്, എന്റെ വീട് ചെപാക്കം സിമന്റ് ഫാക്ടറിക്കടുത്തുള്ള ഗണേശക്ഷേത്രത്തിന്റെ സമീപത്തായിരുന്നു. കൃഷി ചെയ്യാനുള്ള സൌകര്യത്തിനായി, ഭൂമിയോട് ചേർന്ന് ഞങ്ങൾ ഒരു വീട് നിർമ്മിച്ചു. എന്ന് അദ്ദേഹം പറയുന്നു. ഭൂഗർഭജലത്തിൽ ലവണാംശം കൂടിയപ്പോൾ കൃഷി നിർത്തേണ്ടിവന്നു. അതിനുശേഷം വീട് വിറ്റിട്ടാണ് അതിപറ്റ് ഗ്രാമത്തിലേക്ക് വന്നത്.

കളിമണ്ണിന്റെയും മണലിന്റേയും നെല്ലിന്റെ തൊണ്ടിന്റേയും ഒരു മിശ്രിതം. വടക്കൻ ചെന്നൈയുടെ തീരപ്രദേശങ്ങളിൽ ജലവൈദ്യുത പ്ലാന്റുകൾ ധാരാളമായി ഉയർന്നുവന്നതോടെ, ഭൂഗർഭജലത്തിൽ ലവണാംശം കൂടുകയും കളിമണ്ണും നെല്ലിന്റെ തൊണ്ടും കിട്ടാൻ ബുദ്ധിമുട്ട് നേരിടുകയും ചെയ്തു. ഇതുമൂലം ഈ ഭാഗത്തുള്ള കാർഷികപ്രവർത്തനങ്ങൾ കുറയുകയും നെല്ലിന്റെ തൊണ്ടിന് ദൌർല്ലഭ്യം നേരിടുകയും ചെയ്തു

വിഗ്രത്തിന്റെ കാലുകളിൽ ദില്ലി അണ്ണ മിശ്രിതത്തിന്റെ ഒരു പാളികൂടി തേച്ചുപിടിപ്പിച്ചു. എന്നൂർ കുപ്പം, മുഗതിവരെ കുപ്പം, താഴംകുപ്പം, കാട്ടുകുപ്പം, മേട്ടുകുപ്പം, പാൽത്തൊട്ടിക്കുപ്പം, ചിന്നകുപ്പം, പെരിയകുപ്പം ഗ്രാമങ്ങളിലേക്കൊക്കെ അദ്ദേഹത്തിന്റെ വിഗ്രഹങ്ങൾ പോകുന്നുണ്ട്
“ഞങ്ങൾ നാല് സഹോദരങ്ങളാണെങ്കിലും ഞാൻ മാത്രമാണ് ഈ പരമ്പരാഗത തൊഴിൽ ചെയ്യുന്നത്. ഞാൻ വിവാഹം കഴിച്ചിട്ടില്ല. ഈ പൈസകൊണ്ട് എങ്ങിനെയാണ് ഭാര്യയേയും മക്കളേയും പോറ്റുക?” എന്ന് ചോദിക്കുന്നു അണ്ണൻ. മറ്റ് തൊഴിലുകളിലേക്ക് താൻ പോയാൽ, മുക്കുവസമുദായത്തിന് വിഗ്രഹങ്ങളുണ്ടാക്കാൻ ആരുമുണ്ടാവില്ലെന്ന് അദ്ദേഹം ഭയപ്പെടുന്നു. “എന്റെ പൂർവ്വികരിലൂടെ എന്നിലേക്കെത്തിയതാണ് ഈ ജോലി. എനിക്കത് ഉപേക്ഷിക്കാൻ വയ്യ. ആ മുക്കുവർക്ക് വിഗ്രഹങ്ങളില്ലെങ്കിൽ, അവർ ബുദ്ധിമുട്ടും”.
വിഗ്രഹങ്ങളുണ്ടാക്കുന്നത് അദ്ദേഹത്തിന് കേവലം ഒരു തൊഴിൽമാത്രമല്ല. അതൊരു ആഘോഷമാണ്. തന്റെ അച്ഛന്റെ കാലത്ത്, ഒരു വിഗ്രഹത്തിന് 800-900 രൂപയായിരുന്നു വില എന്ന് അദ്ദേഹം ഓർമ്മിക്കുന്നു. വിഗ്രഹം വാങ്ങാൻ വരുന്നവർക്കൊക്കെ ഭക്ഷണം കൊടുക്കും. “ഒരു വിവാഹവീടുപോലെയായിരുന്നു അന്ന് വീട്”, അദ്ദേഹം ഓർമ്മിച്ചു.
ചൂളയിൽനിന്ന് പൊട്ടാതെ വിഗ്രഹങ്ങൾ പുറത്തെത്തുമ്പോൾ ദില്ലി അണ്ണ സന്തോഷിക്കുന്നു. ഈ കളിമൺ വിഗ്രഹങ്ങൾ അദ്ദേഹത്തിന്റെ കൂട്ടുകാരായിത്തീർന്നിരിക്കുന്നു. “ഈ വിഗ്രഹങ്ങളുണ്ടാക്കുമ്പോൾ കൂടെ ഒരാളുള്ളതുപോലെ ഒരു തോന്നലുണ്ടാവാറുണ്ട്. ഈ വിഗ്രഹങ്ങളോട് ഞാൻ സംസാരിക്കുകയാണെന്ന് തോന്നും. ഏറ്റവും ബുദ്ധിമുട്ടുള്ള കാലഘട്ടത്തിലും ഇവർ എന്നോടൊപ്പമുണ്ടായിരുന്നു. എന്നാൽ എന്റെ കാലശേഷം ആരാണ് ഇതൊക്കെ ഉണ്ടാക്കുക എന്ന ചിന്ത എന്നെ ആശങ്കപ്പെടുത്തുന്നു“, ദില്ലി അണ്ണൻ പറയുന്നു.

‘ഈ ജോലി പൂർണ്ണമായും തണലത്തിരുന്നുവേണം ചെയ്യാൻ, അതല്ലെങ്കിൽ അത് ഒട്ടില്ല. പെട്ടെന്ന് പൊട്ടിപോകും’, ദില്ലി അണ്ണൻ പറയുന്നു


ഇടത്ത്: അതിപറ്റിലെ വിഗ്രഹനിർമ്മാതാവ്, വിഗ്രഹങ്ങളുടെ അരികുകൾ മിനുസപ്പെടുത്താൻ വെള്ളം കൊണ്ടുവരുനു; അദ്ദേഹത്തിന്റെ പൂച്ച (വലത്ത്)

ആനകളും കുതിരകളുമാണ് വിഗ്രഹത്തിന്റെ അടിത്തറ; വെയിലിൽനിന്ന് സംരക്ഷിക്കാൻ അവയെ മൂടുന്നു


കന്നിസാമിയുടെ മുഖത്തിന് ആകൃതി കൊടുത്തുകൊണ്ട് ദില്ലി അണ്ണൻ പറയുന്നു, “വിഗ്രഹമുണ്ടാക്കാൻ തുടങ്ങുന്നതുമുതൽ, അത് തയ്യാറാവുന്നതുവരെ ഞാൻ ഒറ്റയ്ക്കാണ് പണിയെടുക്കുന്നത്. സഹായികൾക്ക് കൊടുക്കാനുള്ള പൈസയൊന്നും എന്റെ കൈയ്യിലില്ല’

ഉണങ്ങിക്കഴിഞ്ഞ വിഗ്രഹങ്ങൾ നിറം കൊടുക്കാൻ തയ്യാറായിരിക്കുന്നു


ഇടത്ത്: വെള്ളനിറത്തിൽ പെയിന്റടിച്ച കന്നിസാമി വിഗ്രഹങ്ങൾ. വലത്ത്: തന്റെ അദ്ധ്വാനഫലം ദില്ലി അണ്ണ കാണിച്ചുതരുന്നു. അതിപറ്റിന് ചുറ്റുവട്ടത്തുള്ള മുക്കുവസമുദായങ്ങൾക്കായി വിഗ്രഹമുണ്ടാക്കുന്ന ഒരേയൊരാളാണ് അദ്ദേഹം

അഞ്ച് തരം കന്നിസാമി വിഗ്രഹങ്ങൾ ദില്ലി അണ്ണ ഉണ്ടാക്കുന്നു


പണി തീർന്ന വിഗ്രഹങ്ങൾ അതിന്റെ സൃഷ്ടാവിനോടൊപ്പം (വലത്ത്)

വിൽക്കുന്നതിനുമുൻപ്, വിഗ്രഹത്തിനെ ഒരു വെള്ളത്തുണികൊണ്ട് ദില്ലി അണ്ണൻ മൂടുന്നു

അതിപറ്റിലെ ദില്ലി അണ്ണന്റെ വീട്ടിൽ അദ്ദേഹത്തിന്റെ കൈയ്യിൽനിന്ന് മൂടിപ്പുതച്ച വിഗ്രഹങ്ങൾ വാങ്ങുന്ന മുക്കുവർ

തോളത്ത് വിഗ്രഹങ്ങൾ ചുമക്കുന്ന മുക്കുവർ. ഇവിടെനിന്ന് അവർ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് ബോട്ടിൽ പോവും. പശ്ചാത്തലത്തിൽ, വടക്കൻ ചെന്നൈയിലെ ജലവൈദ്യുത പ്ലാന്റിനടുത്തുള്ള കോസസ്ഥലൈയാർ നദി

കന്നിസാമിയുടെ വിഗ്രഹങ്ങളുമായി ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോൾ ആചാരപരമായി പടക്കങ്ങൾ പൊട്ടിക്കുന്നു

ബോട്ടുകളിൽ കന്നിസാമി വിഗ്രഹങ്ങൾ കൊണ്ടുപോകുന്ന മുക്കുവർ

ഗ്രാമത്തിലേക്ക് മടങ്ങുന്ന ബോട്ടിലെ കന്നിസാമി വിഗ്രഹങ്ങൽ

ബോട്ടുകളിൽനിന്ന് വീടുകളിലേക്ക് വിഗ്രഹങ്ങൾ കൊണ്ടുപോകുമ്പോൾ ആർപ്പുവിളിക്കുന്ന മുക്കുവർ

എന്നൂർ കുപ്പം ഉത്സവാചാരങ്ങളുടെ ഭാഗമായി ദില്ലി അണ്ണൻ ഒരു കോഴിയെ ബലി കൊടുക്കുന്നു

ഗ്രാമാതിർത്തികളിൽ സ്ഥാപിക്കാൻ വിഗ്രഹങ്ങൾ തയ്യാറായിക്കഴിഞ്ഞു
പരിഭാഷ: രാജീവ് ചേലനാട്ട്