എന്റെ അമ്മ എപ്പോഴും പറയും, “കുമാർ, ആ മീൻകൊട്ട ഞാൻ എടുത്തില്ലായിരുന്നുവെങ്കിൽ നമ്മൾ ഇതുവരെ എത്തുകയില്ലായിരുന്നു”. എന്നെ പ്രസവിച്ചതിന്റെ പിറ്റേ വർഷം മുതലാണ് അമ്മ മീൻ വിൽക്കാൻ തുടങ്ങിയത്. അതിനുശേഷം എന്നും എന്റെ ജീവിതത്തിൽ മീനുകളുണ്ടായിരുന്നു.
വീട്ടിൽ മുഴുവൻ മീനിന്റെ മണമായിരുന്നു. വീടിന്റെ ഒരു മൂലയ്ക്കൽ എപ്പോഴും ഒരു ചാക്ക് ഉണക്കമത്സ്യം തൂക്കിയിട്ടിരുന്നു. ആദ്യത്തെ മഴ കാർപ്പ് മത്സ്യത്തെയുംകൊണ്ടാവും വരിക. അമ്മ അതിനെ പാചകം ചെയ്യും. നല്ല സ്വാദുള്ള വിഭവമാണ് അത്. തണുപ്പിനെ അകറ്റാൻ ഉത്തമം. മുഴു മത്സ്യവും സേലാപ്പിയുംകൊണ്ട് കറി വെച്ചാൽ വീട്ടിൽ മുഴുവൻ സുഗന്ധം നിറയും.
കുട്ടിയായിരുന്നപ്പോൾ, മീൻ പിടിക്കാൻവേണ്ടി ഞാൻ ഇടയ്ക്കിടയ്ക്ക് സ്കൂൾ പോക്ക് മുടക്കും. എല്ലായിടത്തും വെള്ളമുണ്ടായിരുന്ന കാലമായിരുന്നു അത്. മധുരൈയിലെ ജവർഹർലാൽപുരത്ത് ഞങ്ങൾക്ക് കിണറുകളും പുഴകളും തടാകങ്ങളും കുളങ്ങളുമൊക്കെയുണ്ടായിരുന്നു. ജില്ലയിലാകമാനം. എന്റെ മുത്തച്ഛന്റെ കൂടെ ഞാൻ എല്ലാ കുളങ്ങളിലേക്കും പോകും. കൈയ്യിലൊരു തൂക്കുകൊട്ടയുമുണ്ടാകും. മീനിനെ വെള്ളത്തോടൊപ്പം അതിൽ പിടിക്കും. അരുവികളിൽ പോയി ചൂണ്ടയിടുകയും ചെയ്യും ഞങ്ങൾ.
അരുവികളിലേക്ക് പോകാതിരിക്കാനായി അമ്മ പ്രേതകഥകൾ പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കും. എന്നാൽ തടാകങ്ങളിൽ എപ്പോഴും വെള്ളമുണ്ടായിരുന്നു. ഞങ്ങൾ സദാസമയവും അതിനെ ചുറ്റുപ്പറ്റിയാവും കഴിയുന്നുണ്ടാവുക. ഗ്രാമത്തിലെ മറ്റ് ആൺകുട്ടികളോടൊപ്പം ഞാൻ മീൻ പിടിക്കാൻ പോയിരുനു. 10-ആം ക്ലാസ്സ് പാസ്സായ വർഷം, വെള്ളം കുറഞ്ഞുതുടങ്ങി. തടാകത്തിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞുതുടങ്ങി. കൃഷിയേയും അത് ബാധിച്ചു.
ജവഹർലാൽപുരം എന്ന ഞങ്ങളുടെ ഗ്രാമത്തിൽ മൂന്ന് തടാകങ്ങളുണ്ടായിരുന്നു. ഒരു വലിയതും, ഒരു ചെറുതും പിന്നെ മരുതങ്കുളം എന്ന മറ്റൊന്നും. എന്റെ വീടിനടുത്തുള്ള വലുതും ചെറുതുമായ തടാകങ്ങൾ ലേലം ചെയ്ത് ഗ്രാമത്തിലെ ആളുകൾക്ക് പാട്ടത്തിന് കൊടുത്തിരുന്നു. അവരതിൽ മീനിനെ വളർത്തും. അതായിരുന്നു അവരുടെ ഉപജീവനം. തൈമാസത്തിൽ (ജനുവരി പകുതി മുതൽ ഫെബ്രുവരി പകുതിവരെ) രണ്ട് തടാകങ്ങളിലേയും മീനുകളെ വിരിയിച്ചെടുക്കുക. മീനിന്റെ സീസണായിട്ടാന് അതിനെ കണക്കാക്കുന്നത്.
തടാകത്തിൽനിന്ന് മീൻ വാങ്ങാൻ അച്ഛൻ പോകുമ്പോൾ ഞാനും കൂടെ പോവും. സൈക്കിളിന്റെ പിന്നിൽ ഒരു പെട്ടി കെട്ടിവെക്കും. 20-30 കിലോമീറ്റർ ദൂരെയുള്ള ഗ്രാമങ്ങളിൽവരെ ഞങ്ങൾ പോവും. മീൻ വാങ്ങാൻ.

മധുരൈ ജില്ലയിലെ കള്ളൻധിരി ഗ്രാമത്തിൽ ഗ്രാമീണർ മീൻ പിടിക്കുന്നു. മത്സ്യക്കൃഷിയിൽനിന്ന് വിളവെടുക്കുന്ന മാർച്ചുമാസത്തിലെ ഉത്സവാഘോഷങ്ങളുടെ ഭാഗമാണ് അത്
മത്സ്യക്കൃഷി വിളവെടുപ്പ് ഉത്സവങ്ങൾ മധുരൈ ജില്ലയിലെ വിവിധ ഗ്രാമങ്ങളിൽ നടക്കാറുണ്ട്. ആ സമയത്ത് സമീപഗ്രാമങ്ങളിൽനിന്നുപോലും ആളുകൾ തടാകങ്ങളിലെത്തി മീൻ പിടിക്കും. നല്ല മഴ കിട്ടാനും വിളവ് കിട്ടാനും എല്ലാവർക്കും സുഖം വരുത്താനുമായി അവർ പ്രാർത്ഥിക്കും. മീൻ പിടിച്ചാൽ നല്ല മഴ കിട്ടുമെന്നാണ് ആളുകളുടെ വിശ്വാസം. ആ ഉത്സവം നടത്തിയില്ലെങ്കിൽ വരൾച്ച ഉണ്ടാവുമെന്നും നാട്ടിലൊരു വിശ്വാസമുണ്ട്.
വിളവെടുപ്പിന്റെ കാലത്ത്, മീനിന് നല്ല ഭാരമുണ്ടാകാറുണ്ടെന്ന് അമ്മ എപ്പോഴു പറയും. അങ്ങിനെ വന്നാൽ, നല്ല ലാഭം കിട്ടുമെന്നാണ് അർത്ഥം. ജീവനുള്ള മത്സ്യത്തെ പിടിക്കാനാണ് ആളുകൾക്ക് കൂടുതലിഷ്ടം. സീസൺ അല്ലാത്തപ്പോൾ മത്സ്യത്തിന്റെ ഭാരം കുറവായിരിക്കും. പിടിക്കാൻ അധികം മീനുകളും ഉണ്ടാവാറില്ല.
മീൻ വിറ്റിട്ടാണ് ഗ്രാമത്തിലെ ധാരാളം സ്ത്രീകൾ നിലനിൽക്കുന്നത്. ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകൾക്ക് അതൊരു വരുമാനമാർഗ്ഗമാണ്.
മത്സ്യങ്ങളാണ് എന്നെ നല്ലൊരു ച്ഛായാഗ്രഹകനാക്കിയത്. 2013-ൽ ക്യാമറ വാങ്ങിയതിനുശേഷം, മീൻ വാങ്ങാൻ പോകുമ്പോഴൊക്കെ ഞാനത് കൊണ്ടുപോകാറുണ്ടായിരുന്നു. ചിലപ്പോൾ മീൻപിടിത്തത്തിന്റെ ഫോട്ടോകളെടുക്കുന്ന തിരക്കിൽ ഞാൻ മീൻ വാങ്ങാൻ മറന്നുപോകും. എല്ലാം മറന്നങ്ങനെ ഫോട്ടോകളെടുക്കുമ്പോളായിരിക്കും തിരിച്ചുവരാൻ വൈകുന്നതിന് ചീത്ത പറഞ്ഞുകൊണ്ടുള്ള അമ്മയുടെ ഫോൺ. ആളുകൾ മീൻ വാങ്ങാൻ കാത്തുനിൽക്കുന്നുണ്ടെന്ന് അമ്മ ഓർമ്മിപ്പിക്കുമ്പോൾ ഞാൻ ഓടിപ്പോയി മീൻ വാങ്ങിവരും.
തടാകത്തിൽ മനുഷ്യർ മാത്രമല്ല ഉണ്ടാവുക. പക്ഷികളും പശുക്കളുമൊക്കെ തടാകക്കരയിൽ കാണും. ഞാനൊരു ടെലി ലെൻസ് വാങ്ങി വെള്ളത്തിലെ ജീവികളുടെ ഫോട്ടോകൾ എടുക്കാൻ തുടങ്ങി. കൊക്കുകൾ, താറാവുകൾ, ചെറിയ പക്ഷികൾ എന്നിവയുടെ. പക്ഷികളെ കാണുന്നതും ഫോട്ടോ എടുക്കുന്നതും എനിക്ക് അത്യധികം സന്തോഷം നൽകി.
ഇന്നാകട്ടെ, മഴയുമില്ല. തടാകങ്ങളിൽ വെള്ളവുമില്ല. മത്സ്യങ്ങളും
*****

താൻ പിടിച്ച കമ്മ പാറൈ മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്ന സെന്തിൽ കാലൈ. ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അവന് ഇഷ്ടമാണ്
ക്യാമറ കിട്ടിയപ്പോൾ ഞാൻ മീൻപിടിത്തക്കാരെയും ഫോട്ടോ എടുക്കാൻ തുടങ്ങി. തടാകത്തിൽ വലയെറിഞ്ഞ് മീൻ പിടിക്കാറുള്ള പിച്ചൈ അണ്ണ, മൊക്ക അണ്ണ, കാർത്തിക, മരുതു, സെന്തിൽ കാലൈ എന്നിവരെ. അവരോടൊപ്പം വലയെറിഞ്ഞ് മീൻ പിടിക്കാൻ തുടങ്ങിയപ്പോൾ ഞാൻ പല കാര്യങ്ങളും മനസ്സിലാക്കി. അവരെല്ലാവരും മധുരൈ ഈസ്റ്റ് ബ്ലോക്കിലെ പുതുപാട്ടി ഗ്രാമത്തിലെ ഊരിൽനിന്ന് വരുന്നവരായിരുന്നു. ഏകദേശം 600 ആളുകൾ താമസിക്കുന്ന ഈ ഗ്രാമത്തിൽ 500-ഓളം ആളുകളും മീൻ പിടിക്കുന്നവരാണ്. അവരുടെ മുഖ്യവരുമാനമാർഗ്ഗവും അതാണ്.
തിരുനെൽവേലി, രാജപാളയം, തെങ്കാശി, കാരൈക്കുടി, ദേവകോട്ടൈ തുടങ്ങി വിദൂരത്തുള്ള നിരവധി സ്ഥലങ്ങളിലെ തടാകങ്ങളിൽ പോയി മീൻപിടിച്ചിട്ടുള്ള ആളാണ് 60 വയസ്സുള്ള സി. പിച്ചൈ എന്ന മുക്കുവൻ. 10 വയസ്സായപ്പോൾ, തന്റെ അച്ഛനിൽനിന്ന് അദ്ദേഹം സ്വായത്തമാക്കിയതാണ് ഈ മീൻപിടിത്തം. അച്ഛന്റെ കൂടെ വിദൂരസ്ഥലങ്ങളിൽ പോയി, ചിലപ്പോൾ കുറച്ചുദിവസം അവിടെ താവളമടിച്ച് മീൻ പിടിച്ചിരുന്നു അദ്ദേഹം.
“വർഷത്തിൽ ഞങ്ങൾ ആറ് മാസത്തോളം മീൻ പിടിക്കാൻ പോവും. ആ പിടിക്കുന്ന മീനൊക്കെ ഞങ്ങൾ വിറ്റ്, ബാക്കി വരുന്നത് ഉണക്കി സൂക്ഷിക്കും. വർഷം മുഴുവൻ അത് വിറ്റ് വരുമാനമുണ്ടാക്കാൻ സാധിക്കും”, പിച്ചൈ എന്നോട് പറഞ്ഞു.
മണ്ണിൽ കുഴിച്ചിട്ടിരിക്കുന്ന മുട്ടയിൽനിന്നാണ് നാടൻ മീനുകളൊക്കെ ജനിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. മഴയിൽനിന്നാണ് അവയ്ക്ക് പോഷണം കിട്ടുന്നത്. “ കെളുത്തി, കൊരവ, വാര, പാമ്പുപിടി കെണ്ടപുടി, വെളിച്ചി തുടങ്ങിയ നാടൻ ഇനങ്ങളൊക്കെ പണ്ടത്തെപ്പോലെ ഇന്ന് കിട്ടാറില്ല. പാടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികൾ തടാകങ്ങളിലേക്ക് ഊർന്ന് വെള്ളമൊക്കെ വിഷമയമായിരിക്കുന്നു. ഇന്ന് എല്ലാ മീനുകളെയും വളർത്തുകയാണ് ചെയ്യുന്നത്. അവയെ കൃത്രിമമായി ഉത്പാദിപ്പിക്കുന്നു. അത് തടാകങ്ങളുടെ ഫലഭൂയിഷ്ഠതയെ വീണ്ടും ഇല്ലാതാക്കുന്നു”, അദ്ദേഹം പറഞ്ഞു.
മീൻപിടിത്തം ഇല്ലാത്ത സമയത്ത് എൻ.ആർ.ഇ.ജി.എ.യുടെ കീഴിൽ (നാഷണൽ റൂറൽ എംപ്ലൊയ്മെന്റ് ഗ്യാരന്റ് ആക്ട് – ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) തോടുകൾ ഉണ്ടാക്കുക തുടങ്ങിയ ദിവസക്കൂലിക്കുള്ള തൊഴിലുറപ്പ് പണിക്ക് പിച്ചൈ പോകും. നൂറ് നാൾ പണി എന്നാണ് നാടൻ ഭാഷയിൽ അതിനെ വിശേഷിപ്പിക്കുക. കൈയ്യിൽ വരുന്ന ജോലി എന്നർത്ഥം.


ഇടത്ത്: വരാൽ മത്സ്യത്തെ പിടിച്ചുനിൽക്കുന്ന സി. പിച്ചൈ. വൈ. പുതുപട്ടി ഊരിലെ ഏറ്റവും പ്രശസ്തനായ മുക്കുവനാണ് മോക്ക. നാടൻ മത്സ്യയിനങ്ങളായ, ആര, കെണ്ടൈ, ഓതൈ കെണ്ടൈ, താർ കെണ്ടൈ തുടങ്ങിയ ഇനങ്ങൾ ഇപ്പോൾ ലഭ്യമല്ലെന്ന് അദ്ദേഹം പറയുന്നു
സീസൺ കഴിഞ്ഞാൽ തനിക്കും ദിവസക്കൂലിക്കുള്ള പണിയെടുക്കേണ്ടിവരുമെന്ന് 30 വയസ്സുള്ള മോക്ക പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഒരു ഹോട്ടലിൽ വിളമ്പാൻ നിൽക്കുന്നുണ്ട്. രണ്ട് മക്കളിൽ ഒരാൾ 3-ആം ക്ലാസ്സിലും മറ്റയാൾ 2-ആം ക്ലാസ്സിലും പഠിക്കുന്നു.
“എനിക്ക് പഠിത്തത്തിൽ താത്പര്യമുണ്ടായിരുന്നില്ല. പാടത്തെ പണിയും മറ്റ് കൂലിവേലകളും ചെയ്താണ് ജീവിച്ചത്. എന്നാൽ എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്നും അവർക്ക് നല്ല ജോലികൾ ലഭിക്കണമെന്നും എനിക്ക് അതിയായ ആഗ്രഹമുണ്ട്”, അമ്മ ചെറുപ്പത്തിലേ മരിച്ചതുമൂലം, അമ്മൂമ്മയുടെ സംരക്ഷണയിൽ ജീവിച്ച മോക്ക പറയുന്നു.
*****
കൈകൊണ്ട് മീൻപിടുത്ത വലകളുണ്ടാക്കുന്ന ആളാണ് മാൽകലായി. പൂർവ്വികരിൽനിന്ന് സ്വായത്തമാക്കിയതാണ് ഈ വിദ്യ. “ഞങ്ങളുടെ ഈ ഓതകാടൈ എന്ന ഗ്രാമത്തിൽ മാത്രമാണ് ഇപ്പോഴും മീൻ പിടിക്കാനുള്ള വലകൾ കൈകൊണ്ട് നിർമ്മിക്കുന്നത്. എന്റെ മുത്തച്ഛൻ ഉണ്ടാക്കിയതിൽനിന്ന് വളരെ വ്യത്യസ്തമാണ് ഇന്ന് ലഭ്യമായ വലകൾ. അന്ന്, അവർ തെങ്ങിന്റെ നാരുപയോഗിച്ച്, അത് പിരിച്ചായിരുന്നു വലകൾ നെയ്തിരുന്നത്”, 32 വയസ്സുള്ള അദ്ദേഹം പറഞ്ഞു. “വലയുണ്ടാക്കാനുള്ള കയറന്വേഷിച്ച് അവർ പോവും. ഗ്രാമത്തിൽ അതിന് വലിയ വിലയുണ്ടായിരുന്നു. മറ്റ് സ്ഥലങ്ങളിൽ മീൻ പിടിക്കാൻ പോവുമ്പോൾ ആളുകൾ ഇതും തങ്ങളുടെ കൈയ്യിൽ കരുതും.
“മീനും മീൻപിടിത്തവും ഞങ്ങളുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ്. ഞങ്ങളുടെ ഗ്രാമത്തിൽ ധാരാളം മീൻപിടിത്തക്കാരുണ്ട്. ഏതെങ്കിലും വിദഗ്ദ്ധനായ ഒരു മുക്കുവൻ മരിച്ചാൽ, ഗ്രാമം അയാളെ ആദരിക്കുന്നത്, അയാളുടെ ചിതയിൽനിന്ന് ഒരു മുളങ്കഷണമെടുത്ത് പുതിയ വലയുണ്ടാക്കാനുള്ള അടിത്തറ പാകിയിട്ടാണ്. ഈ ആചാരം ഇപ്പോഴും ഞങ്ങളുടെ ഗ്രാമത്തിലുണ്ട്.


ഇടത്ത്: മൽകാലൈയും (പശ്ചാത്തലത്തിൽ) സിംഗവും വെള്ളത്തിൽനിന്ന് വല വലിച്ചുകയറ്റുന്നു. വലത്ത്: വലകൾ വെള്ളത്തിൽനിന്ന് കയറ്റാൻ മുക്കുവർക്ക് തടാകത്തിലേക്ക് കൂപ്പുകുത്തേണ്ടിവരാറുണ്ട്
“തടാകത്തിലേക്ക് നോക്കിയാൽത്തന്നെ അതിനകത്തുള്ള മീനിന് എത്ര വലിപ്പമുണ്ടാകുമെന്ന് ഞങ്ങളുടെ ആളുകൾക്ക് പറയാൻ പറ്റും. അവർ കൈക്കുമ്പിളിൽ വെള്ളമെടുത്ത് നോക്കും. കലങ്ങിയതാണെങ്കിൽ, വലിയ മത്സ്യമായിരിക്കും അതിനുള്ളിൽ. തെളിഞ്ഞ വെള്ളമാണെങ്കിൽ, മീനുകളുടെ എണ്ണം അധികമുണ്ടാവില്ല.
“ഞങ്ങൾ മധുരൈ ജില്ലയുടെ എല്ലാ ഭാഗത്തും പോകാറുണ്ട് – തൊണ്ടി, കാരൈക്കുടി, ചിലപ്പോൾ കന്യാകുമാരിവരെ. ഇന്ത്യൻ മഹാസമുദ്രംവരേക്കും. തെങ്കാശിയിലെ എല്ലാ തടാകങ്ങളും ഞങ്ങൾ സന്ദർശിക്കും. അണക്കെട്ടുകളിലും പോവും. ചിലപ്പോൾ ഞങ്ങൾക്ക് 5 മുതൽ 10 ടൺവരെ മീൻ കിട്ടാറുണ്ട്. പക്ഷേ എത്ര കിട്ടിയാലും ഞങ്ങളുടെ ശമ്പളത്തിൽ മാറ്റമൊന്നുമില്ല.
“ഒരുകാലത്ത് മധുരൈയിൽ ഏകദേശം 200 തടാകങ്ങൾവരെ ഉണ്ടായിരുന്നു. എന്നാൽ, നഗരവത്കരണത്തിന്റെ വേഗം വർദ്ധിച്ചതോടെ അവയൊക്ക് അപ്രത്യക്ഷമായി. അതുകൊണ്ടാണ് ഞങ്ങൾക്ക് മീൻ പിടിക്കാൻ മറ്റ് സ്ഥലങ്ങളിലേക്ക് പോകേണ്ടിവരുന്നത്. തടാകങ്ങൾ അപ്രത്യക്ഷമാവുന്നതോടെ, അതിനെ ആശ്രയിക്കുന്ന ഞങ്ങളെപ്പോലുള്ളവരുടെ – പരമ്പരാഗതമായി മുക്കുവരായവരുടെ – ജീവിതത്തെയും അത് ബാധിച്ചുതുടങ്ങി. മത്സ്യവ്യാപാരികളെയും അത് ബാധിച്ചു.
“എന്റെ അച്ഛന് മൂന്ന് സഹോദരങ്ങളായിരുന്നു ഉണ്ടായിരുന്നത്. എനിക്കും. എല്ലാവരും ഈ തൊഴിലിലാണ്. എന്റെ വിവാഹം കഴിഞ്ഞു. 3 പെൺകുട്ടികളും ഒരു മകനുമുണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ പുതിയ തലമുറ സ്കൂളുകളിലും കൊളേജുകളിലും പോകുന്നുണ്ടെങ്കിലും അവർക്ക് ഇപ്പോഴും മീൻപിടിത്തത്തിൽ താത്പര്യമുണ്ട്. സ്കൂൾ, കൊളേജ് സമയം കഴിഞ്ഞാൽ അവർ മീൻ പിടിച്ച് സമയം ചിലവഴിക്കും”.

മധുരൈയിലെ ജവർഹർലാൽപുരം ഭാഗത്തുള്ള ചിന്ന കമ്മയുടെ (ചെറിയ തടാകം) തീരം. തടാകത്തിൽനിന്ന് മീൻ വാങ്ങാൻ, ഇതെഴുതുന്നയാൾ പോകാറുണ്ടായിരുന്നത് ഇവിടേക്കായിരുന്നു


ഇടത്ത്: അണക്കെട്ടിൽനിന്ന് വെള്ളം തുറന്നുവിട്ടാലാണ് തടാകം സജീവമാവുക എന്ന് പ്രദേശത്തെ മുക്കുവർ പറയുന്നു. വലത്ത്: മീൻപിടിത്ത വൈദഗ്ദ്ധ്യത്തിന് പ്രശസ്തനാണ് വൈ. പുതുപട്ടി ഗ്രാമത്തിലെ സി. പിച്ചൈ

വടക്കൻ മധുരൈയിൽ കുന്നത്തൂരിലുള്ള തടാകത്തിൽനിന്ന് മീൻ പിടിക്കാൻ തയ്യാറാവുന്ന മുക്കുവർ. മീൻ പിടിക്കാനും കൊണ്ടുവരാനുമുള്ള സാമഗ്രികൾ ചുമക്കാൻ അവർ ചെറിയൊരു ട്രക്ക് വാടകയ്ക്കെടുക്കുന്നു

കൂടുതൽ മീൻ പിടിക്കാൻ, മധുരൈയിലെ ജവഹർലാൽപുരത്തിലുള്ള തടാകത്തിന് ചുറ്റും നീങ്ങിക്കൊണ്ടിരിക്കുന്ന മുക്കുവർ

അവർ തടാകത്തിന്റെ ഏറ്റവും ആഴം കൂടിയ ഭാഗത്ത് മത്സ്യവലകൾ താഴ്ത്തിയിടുന്നു

വലിയ മീനുകളെ പിടിക്കാനുള്ള ശ്രമത്തിൽ ആഴങ്ങളിലെ വെള്ളം കലക്കുന്ന മുക്കുവർ

ജവർഹർലാൽപുരത്തെ വലിയ തടാകത്തിൽനിന്ന് വലകൾ വലിച്ചുകയറ്റുന്ന മുക്കുവർ. തടാകത്തിന്റെ അടിത്തട്ടിൽ കല്ലുകളും മുള്ളുകളുമുണ്ടെന്ന് മൊക്ക (ഇടത്തേയറ്റം) പറയുന്നു. ‘കാലിൽ മുള്ള് തറച്ചാൽ നടക്കാൻ പോലും സാധിക്കില്ല. അതുകൊണ്ട് വലയെറിയുമ്പോൾ ഞങ്ങൾക്ക് നല്ല ശ്രദ്ധ വേണം’

കുന്നത്തൂരുള്ള ചെറിയ തടാകത്തിന്റെ തീരത്തേക്ക് അവർ വലകൾ വലിച്ചുകയറ്റുന്നു

തടാകത്തിലെ അധികം ആഴമില്ലാത്ത സ്ഥലങ്ങളിൽ, താത്ക്കാലിക കൂരകളൊരുക്കി മീനുകളെ അതിനകത്ത് ശേഖരിച്ച് സൂക്ഷിച്ചുവെക്കുന്നു


കനാടി കട്‌ല മീൻ കൈയ്യിൽ പിടിച്ചുനിൽക്കുന്ന സി. പിച്ചൈ (ഇടത്ത്). താൻ പിടിച്ച കട്‌ല മീൻ കാണിക്കുന്ന രാമൻ (വലത്ത്)

റോഹു കെണ്ട മത്സ്യ കൈയ്യിൽ പിടിച്ചുനിൽക്കുന്ന എം. മരുദു

പകൽസമയത്ത് പിടിക്കുന്ന മീനുകളെയൊക്കെ മുക്കുവർ “ആപ്പ’ എന്ന് വിളിക്കുന്ന താത്ക്കാലിക സ്ഥലത്ത് വൈകീട്ടുവരെ ജീവനോടെ സൂക്ഷിക്കുന്നു. പിന്നീടതിനെ ചന്തയിൽ കൊണ്ടുപോയി ഫ്രഷായി വിൽക്കും

ജവഹർലാൽപുരത്തെ വലിയ തടാകത്തിൽ പതിവായി കാണുന്ന പക്ഷിയാണ് നീർ കാഗം

കുന്നത്തൂർ തടാകത്തിനടുത്തുള്ള ഒരു ചെറിയ പാറപ്പുറത്തിരുന്ന് ഉച്ചയൂണ് കഴിക്കുന്ന മുക്കുവർ

വീട്ടിലേക്ക് തിരിച്ചുപോവുന്ന മുക്കുവർ അവരുടെ വലകൾ, ചുമക്കാൻ പാകത്തിൽ, ഒരു കിഴിപോലെ കെട്ടി കൊണ്ടുപോകുന്നു

മുക്കുവർ അവരുടെ വട്ടത്തോണി കരയിലേക്ക് അടുപ്പിക്കുന്നു. അന്ന് പിടിച്ച മത്സ്യങ്ങൾകൊണ്ട് നിറഞ്ഞ് ഭാരമുള്ളതായിരിക്കുന്നു തോണി

വട്ടത്തോണിയിൽനിന്ന് മത്സ്യങ്ങളെ മറ്റ് ജില്ലകളിൽ വില്പനയ്ക്കായി ഐസ് പെട്ടിയിലേക്കാക്കുന്നു

ഒരുകാലത്ത് മധുരൈയിൽ ഏകദേശം 200ഓളം തടാകങ്ങളുണ്ടായിരുന്നെങ്കിലും, നഗരവത്ക്കരണത്തിന്റെ ഗതിവേഗം മൂലം, നിരവധിപേരുടെ ഉപജീവനാശ്രയമായിരുന്ന ആ ജലാശയങ്ങളൊക്കെ ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു

മീനുകൾ നിറച്ച ഐസ് പെട്ടികൾ മുക്കുവർ കുന്നത്തൂരിൽവെച്ച് ട്രക്കിലേക്ക് കയറ്റുന്നു. ഇനിയത് ചന്തയിലേക്ക് കൊണ്ടുപോകും

ജവർഹർലാൽപുരത്തെ വലിയ തടാകത്തിന്റെ കരയിൽ, മുക്കുവരിൽനിന്ന് നേരിട്ട് മീൻ വാങ്ങാൻ വലിയ ചാക്കുസഞ്ചികളുമായി കാത്തുനിൽക്കുന്ന പ്രാദേശിക മീൻ വില്പനക്കാർ

മത്സ്യബന്ധന സീസൺ കഴിയുകയും വെള്ളമൊക്കെ വറ്റിത്തുടങ്ങുകയും ചെയ്യുമ്പോൾ, കൊരവയും വരാലുമടക്കമുള്ള മത്സ്യയിനങ്ങൾ പിടിക്കാനായി മുക്കുവർ പമ്പുപയോഗിച്ച് വെള്ളം പുറത്തേക്കടിക്കുന്നു

കൊടികുളത്തെ വെള്ളം വറ്റിത്തുടങ്ങുമ്പോഴും ചെറിയ തടാകത്തിൽ മീനുകളുണ്ട്

മധുരൈയിൽ കിട്ടാവുന്ന ഏറ്റവും രുചികരമായ മത്സ്യയിനമാണ് ഉലുവ

മത്സ്യവിളവ് ആഘോഷത്തിനിടയ്ക്ക് തങ്ങൾ പിടിച്ച മീനുകൾ ഉയർത്തിക്കാട്ടുന്ന കല്ലൻധ്രി ഗ്രാമത്തിലെ ഒരു കുടുംബം
പരിഭാഷ: രാജീവ് ചേലനാട്ട്